Sidheek Subair :: കാലടിപ്പാടുകൾ

Views:



കാലടിപ്പാടുകൾ


ജീവിതം ചാരുകസേരയിട്ടു
കാവലാ,യുമ്മറത്തിണ്ണ സാക്ഷി...
മങ്ങിയ കണ്ണിന്നകത്തു കാണും,
മങ്ങാത്തൊരുൻമദത്താളമേളം...

മാറാത്ത രോഗത്തടവു മാറ്റും
മോളുവന്നുത്തരവേകി ജാമ്യം
ചാറ്റൽ മഴക്കാറ്റുമേറ്റു മോഹം
ചാഞ്ചാടി പാഴില പോലെ നീങ്ങി...

ഉത്സവക്കാഴ്ചകൾ കണ്ടു കൂപ്പി,
ഉത്സാഹമേറിടും കുഞ്ഞുപോലെ,
സൗഗന്ധികങ്ങൾ വിടർന്നു ചുറ്റും,
സൗഭാഗ്യം അമ്മ നുകർന്നുണർന്നു...

നേർക്കാഴ്ച്ചയച്ഛന്നൊരുക്കിയമ്മ,
വാക്കിലയിട്ടു വിളമ്പി സദ്യ,
സന്തോഷ സ്വാദവരാസ്വദിച്ചു ,
സംതൃപ്തിയായി മകൾക്കുമപ്പോൾ...

"കാലമങ്ങേറെ കടന്നു പോകും,
കാലടിപ്പാടുകൾ മാഞ്ഞു പോകും"
കാറ്റൊരുതോന്നലായഞ്ഞു വീശി,
കാണുമോ മക്കളെൻ കൈ പിടിക്കാൻ...

വാർദ്ധക്യം വടിയൂന്നിയെത്തുമെന്നിൽ,
വർണ്ണപ്പകിട്ടിരുൾകാർന്നുതിന്നും,
എൻ മക്കളെന്നെയും കൊണ്ടു പോകും,
നൻമതന്നാഘോഷം പങ്കുവയ്ക്കും.




No comments: