Skip to main content

Ameer Kandal :: യാത്ര




ബസ് കാത്ത് നില്‍ക്കുന്നത് പോലെ മുഷിഞ്ഞ ഒരു ഏര്‍പ്പാടുണ്ടോയെന്നായിരുന്നു സുകുമാരന്‍ മാഷിന്‍റെ മനസ്സില്‍ അന്നേരം പൊന്തിവന്ന ചിന്ത. 

പതിവില്‍ നിന്ന് വ്യത്യസ്തമായി സ്‌കൂളില്‍ നിന്ന് ഒരു മണിക്കൂര്‍ നേരത്തേ ഇറങ്ങി ബസ് സ്റ്റോപ്പിലെ തകരഷീറ്റ് വിരിച്ച വിശ്രമകേന്ദ്രത്തില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് അരമണിക്കൂറില്‍ കൂടുതലായി.  വണ്ടി കിട്ടിയാല്‍ തന്നെ നാട്ടിലെത്താന്‍ മുക്കാല്‍ മണിക്കൂര്‍ യാത്ര വേണം.  അവിടെന്ന് വീട്ടിലെത്തണമെങ്കില്‍ പിന്നെയും പത്തുപതിനഞ്ച് മിനിട്ട് നടക്കണം.

ചിലപ്പോഴങ്ങനെയാണ്.  അത്യാവശ്യത്തിന് വണ്ടീം വള്ളവും സമയത്തിന് കിട്ടത്തില്ല.  ആരോടെന്നില്ലാത്ത അരിശവും രോഷവും ഉരുണ്ടുകൂടി സുകുമാരന്‍ മാഷില്‍ മനംപുരട്ടാന്‍ തുടങ്ങി.

ഈ വര്‍ഷത്തെ കുട്ടികള്‍ക്കുള്ള പഠനയാത്രയുടെ ചുമതല വളരെ സന്തോഷത്തോടെയാണ് സുകുമാരന്‍മാഷ് ഏറ്റെടുത്തത്.  പഠനയാത്ര പോകുന്ന സ്ഥലങ്ങളാകട്ടെ നേരത്തെ പലതവണ ഒറ്റയ്ക്കും കൂട്ടുകാരോടൊപ്പവും സന്ദര്‍ശിച്ചിട്ടുള്ള സ്ഥലങ്ങളുമാണ്.  എങ്കിലും സ്‌കൂളിലെ കുട്ടികളെയും കൊണ്ട് യാത്രക്ക് പോകുമ്പോള്‍ അതിന്‍റെതായ ടെന്‍ഷനുണ്ടാവുക സ്വാഭാവികം.

ഓരോ കുട്ടിയേയും ഒരു പോറലുമേല്‍ക്കാതെ തിരികെ തങ്ങളുടെ രക്ഷിതാക്കളുടെ കൈയില്‍കൊണ്ട് ഏല്‍പ്പിക്കുന്നതുവരെ മനസമാധാനമുണ്ടാവുകയില്ല.  പഴയ കാലമൊന്നുമല്ലല്ലോ.... മാത്രവുമല്ല പിരിച്ചെടുത്ത തുകയ്ക്കകത്ത് ഇപ്പറഞ്ഞ സ്ഥലങ്ങളിലൊക്കെ സന്ദര്‍ശനം നടത്തി ടിക്കറ്റും ഭക്ഷണവും വണ്ടി വാടകയും താമസസൗകര്യവും ഒക്കെ തരപ്പെടുത്തി കുട്ടികളേയും സഹപ്രവര്‍ത്തകരേയും തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ പുകില് പിന്നെ വേറെയാ. 

ഇങ്ങനെയൊക്കെയാണെങ്കിലും എല്ലായ്‌പ്പോഴും യാത്രകള്‍ ഒരു ഹരമായി കാണുന്ന സുകുമാരന്‍ മാഷിന് സ്‌കൂളിലെ പഠനയാത്രയുടെ ചുമതല ഒരു ഭാരമായിരുന്നില്ല.

രാത്രി എട്ടരക്കാണ് വിനോദയാത്രക്കുള്ള കുട്ടികളെല്ലാം സ്‌കൂളില്‍ എത്തിച്ചേരാന്‍ അറിയിപ്പ് കൊടുത്തിട്ടുള്ളത്.  രക്ഷിതാക്കളും കുട്ടികളും എത്തുംമുമ്പ് സ്‌കൂള്‍ കോമ്പൗണ്ടില്‍ അഡീഷണല്‍ ട്യൂബ് ഇട്ട് വെളിച്ചം സംവിധാനിക്കാനും മിനി ആഡിറ്റോറിയം തുറന്ന് വരുന്നവരെ ഇരുത്തുവാനും പ്യൂണ്‍ വിക്രമന്‍ പിള്ളയെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.  യാത്രക്കുള്ള ഏതാണ്ടെല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.  കുറച്ച് ഫസ്റ്റ് എയ്ഡ് സാമഗ്രികള്‍ വാങ്ങണം.  വീട്ടില്‍ പോയി ലഗേജും രാത്രിക്കുള്ള ഭക്ഷണപ്പൊതിയും എടുത്ത് തിരികെ വരുന്ന വഴിയില്‍ കവലയിലെ സാബു മെഡിക്കല്‍സില്‍ നിന്നു വാങ്ങാം.  ഒരുക്കൂട്ടലുകള്‍ ഓരോന്നായി സുകുമാരന്‍ മാഷ് മനസ്സിലിട്ട് അയവിറക്കിക്കൊണ്ടിരുന്നു.

പൊടിമണ്ണ് പറത്തി പുകതുപ്പി നിലവിളിയോടെ ബസ് സ്റ്റോപ്പില്‍ നിന്ന് തെല്ല് മുന്നോട്ട് മാറി ബ്രേക്കിട്ട് നിന്ന ആനവണ്ടിയില്‍ സുകുമാരന്‍ മാഷ് ഓടിക്കയറി.  അത്രയൊന്നും തിരക്കില്ലാത്ത ബസില്‍ ഒഴിഞ്ഞ് കിടന്ന സൈഡ് സീറ്റില്‍ ഇരുപ്പുറിപ്പിച്ചു.  താഴ്ന്ന് കിടന്ന ഷട്ടര്‍ മേലോട്ട് പൊക്കി ക്ലിപ്പില്‍ ഉറപ്പിച്ച് സീറ്റില്‍ ചാരിയിരുന്നു.  പുറത്ത് നിന്നുള്ള കാറ്റ് സുകുമാരന്‍റെ അലസമായ മുടിയിഴകളെ കോതി ഒതുക്കിക്കൊണ്ടിരുന്നു.  പുറത്തെ കാഴ്ചകള്‍ പിറകിലേക്ക് ഒഴുകി കൊണ്ടിരുന്നു.  അപ്പോഴേക്കും സുകുമാരന്‍റെ ഉള്ളില്‍ വാപിളര്‍ന്ന് നില്‍ക്കുന്ന ഒരു കടല്‍ത്തിരമാല തെളിഞ്ഞു വന്നു.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സുകുമാരന്‍ മാഷ് ആദ്യമായി കന്യാകുമാരി കാണാന്‍ പോകുന്നത്.  അന്ന് സ്‌കൂളില്‍ നിന്നൊക്കെ വിനോദയാത്രക്ക് വര്‍ഷാവര്‍ഷം കന്യാകുമാരി കാണിക്കാനാണ് കൊണ്ടുപോയിരുന്നത്.  അഞ്ചാം ക്ലാസിലായിരുന്നപ്പോഴേ അഛനുമായി ചട്ടം കെട്ടിയതാ.  ഏഴിലാവുമ്പോള്‍ സ്‌കൂളിലെ വിനോദയാത്രക്ക് അയക്കണമെന്ന്. അഛനെ ഒന്നു സമ്മതിപ്പിച്ചെടുക്കാന്‍ എത്ര വേഷങ്ങളാ കെട്ടിയത്.  അഛനന്ന് കപ്പ കൃഷിയായിരുന്നു പണി.  എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കപ്പത്തടം നനക്കണം. പറമ്പിലെ മൂലെ കിണറ്റില്‍ നിന്ന് വെള്ളം കോരി കുടത്തില്‍ നിറക്കണം.  പിന്നെ തലച്ചുമടായി കൊണ്ടു വന്ന് ഓരോ കപ്പയുടെ മൂട്ടിലും ഒഴിക്കണം.  ഒരപ്പുരയുടെ മൂലയില്‍ കൂട്ടിയിട്ടിട്ടുള്ള ചാമ്പലും ഉണക്ക ചാണകവും കോരി തടത്തിലിടണം.  സ്‌കൂളുകഴിഞ്ഞെത്തിയാല്‍ അഛനോടൊപ്പം കൂടി ഇപ്പണിയൊക്കെ ചെയ്‌തെന്ന് വരുത്തിയത് അഛനെ ‘സോപ്പി’ടാനായിരുന്നല്ലോ. 

വിനോദയാത്രക്കുള്ള ഇരുപത്തിയഞ്ച് രൂപ തരപ്പെടുത്തി കുറുപ്പ് മാഷിന്‍റെ കൈയില്‍ കൊണ്ട് കൊടുക്കുമ്പോഴുണ്ടായ അനുഭൂതി ഒന്നുവേറെ തന്നെയായിരുന്നു.

സത്യത്തില്‍ ജീവിതയാത്രയില്‍ ഒത്തിരി ദൂരം താണ്ടിയെങ്കിലും സുകുമാരന്‍റെ മനസ്സില്‍ ഇപ്പോഴും തിരയടിച്ച് കൊണ്ടിരിക്കുന്ന ഒന്നാണ് അന്നത്തെ കന്യാകുമാരി യാത്ര.  പത്മനാഭപുരം കൊട്ടാരവും തൃപ്പരപ്പ് വെള്ളച്ചാട്ടവും വട്ടക്കോട്ടയുമൊക്കെ സന്ദര്‍ശിച്ച് വൈകുന്നേരത്തോടെയാണ് കന്യാകുമാരിയില്‍ എത്തിച്ചേര്‍ന്നത്.  കന്യാകുമാരി പെന്‍സിലും കക്കയും ചിപ്പിയും മുത്തുമാലയുമൊക്കെ എത്രയോ വര്‍ഷം വീട്ടിലെ ട്രങ്ക്‌പെട്ടിയില്‍ നിധിപോലെ സൂക്ഷിച്ചിരുന്നു.

കൂറ്റന്‍ കപ്പല്‍ കണക്കെ കടല്‍ നടുക്ക് തലയുയര്‍ത്ത് നില്‍ക്കുന്ന വിവേകാനന്ദപ്പാറയിലേക്ക് യാത്രക്കാരെയും കൊണ്ട് യന്ത്രം ഘടിപ്പിച്ച ബോട്ടുകള്‍ കടലിലൂടെ പായുന്നു.  ഒരു ബോട്ടില്‍ സുകുമാരനും കൂട്ടുകാരോടൊപ്പം കയറി ഇരിപ്പുറപ്പിച്ചു.  ബോട്ട് ഒരു മുരള്‍ച്ചയോടെ കറുത്ത തിരമാലകള്‍ക്ക് മുകളിലൂടെ ഉയര്‍ന്നുതാണ് മുന്നോട്ട് നീങ്ങാന്‍ തുടങ്ങി.  ബോട്ടിലിരുന്ന് അകലെയുള്ള വിവേകാനന്ദപാറയിലേക്ക് അത്ഭുതത്തോടെ കണ്ണുപായിച്ചു.  കടലിലേക്ക് നോക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല.  കാഴ്ചയുടെ അരിക് തെറ്റി കണ്ണ് കടലില്‍ വഴുതി വീഴുമ്പോഴേക്കും അടിവയറ്റില്‍ നിന്ന് ഒരു കാളലാണ്.  പെട്ടെന്നാണ് ഭീകരമായ ഒരു തിരമാല ബോട്ടിന്‍റെ ഭിത്തിയില്‍ വന്നിടിച്ചതും ബോട്ടൊന്നാടിയുലഞ്ഞതും.  മുടിയഴിച്ചിട്ടുറഞ്ഞു തുള്ളുന്ന യക്ഷികണക്കെ തിരമാലക്കൈകള്‍ ബോട്ടിനെ ഉലയ്ക്കുന്നു.  ഫൈബര്‍ ഭിത്തിയില്‍ വന്നിടിച്ച് ചിതറിത്തെറിച്ച തിരമാലക്കഷണങ്ങള്‍ സുകുമാരന്‍റെ ഇളംനെറ്റിയെ നോവിച്ച് ഉപ്പുരസം പകര്‍ന്ന് ഒലിച്ചിറങ്ങി.  കുഞ്ഞുതൊണ്ടകളില്‍ നിന്ന് നീണ്ട നിലവിളികള്‍ ഉയര്‍ന്ന് തുടങ്ങിയ നേരം അടുത്തിരുന്ന കുറുപ്പ് മാഷ് കുട്ടികളെ ചേര്‍ത്തുപിടിച്ചു.

‘ആരും പേടിക്കേണ്ട.... ഒന്നും സംഭവിക്കത്തില്ല.... എല്ലാവരും കണ്ണുകളടച്ചിരുന്നോളൂ.... അവരവരുടെ ദൈവങ്ങളെ വിളിച്ച് പ്രാര്‍ത്ഥിച്ച് പിടിച്ചിരുന്നോളൂ...’

കണ്ണുകള്‍ ഇറുക്കിയടച്ച സുകുമാരന്‍റെ അകതാരില്‍ അഛനുമമ്മയും ഒരായിരംവട്ടം തെളിഞ്ഞുകത്തി.

“മാഷേ.... ഇറങ്ങേണ്ട സ്ഥലമെത്തി.”  പിന്നില്‍ നിന്ന് കണ്ടക്ടറുടെ തോളില്‍ തട്ടിയുള്ള മുന്നറിയിപ്പിനോടൊപ്പം ബസിലെ ഇലക്ട്രിക് ബെല്ലും നീട്ടിമൂളി.  ഏറ് കിട്ടിയ നായയുടെ കുര പോലെ നിലവിളിച്ച് ബ്രേക്കിട്ട നിന്ന ബസ് സുകുമാരന്‍ മാഷിനെ പുറന്തള്ളി പുക തുപ്പി മുന്നോട്ട് പാഞ്ഞു.  മാഷാകട്ടെ ടാറിട്ട റോഡ് മുറിച്ച് കടന്ന് കവലയിലെ അച്ചുപിള്ളയുടെ പലചരക്ക് പീടികയുടെ ഓരം ചേര്‍ന്നുള്ള ഒതുക്കുകള്‍ ഇറങ്ങി അടക്കാമരങ്ങള്‍ നൃത്തം വെക്കുന്ന വയല്‍ വരമ്പിലൂടെ ചുവടുകള്‍ നീട്ടിവെച്ച് നടക്കാന്‍ തുടങ്ങി. 

വീട്ടില്‍ ചെന്ന് യാത്രക്കുള്ള ലഗേജുമെടുത്ത് തിരികെ സ്‌കൂളിലെത്താനുള്ള തിടുക്കമായിരുന്നു മനംനിറയെ.



Comments

  1. സർ
    ഇനിയും തുടരണം

    ReplyDelete
  2. സ്കൂൾ കാലഘട്ടം എല്ലാവർക്കും നനവുള്ളൊരോർമയാണ്. ആ ഓർമകളെ തൊട്ടുണർത്തിയ നല്ല കഥ. പി. ടി. മാഷ് തോളിൽ തട്ടി ഉണർത്തുന്നത് അജയനെ മാത്രമല്ല, വായനക്കാരനെക്കൂടെയാണ്. അമീർ കണ്ടൽ സാറിന് അഭിനന്ദനങ്ങൾ.....

    ReplyDelete
    Replies
    1. ഷാജൻ സർ
      മുകളിലെത്തെ കമൻ്റ് എൻ്റെ ചോക്കുകഷണം എന്ന കഥയെക്കുറിച്ചാണെന്ന് കരുതുന്നു. അതിലാണ് പി.ടി.മാഷും അജയനുമൊക്കെയുള്ളത്.
      ഒത്തിരി സ്നേഹം മാഷേ... ജയ് ഭീം
      - അമീർകണ്ടൽ

      Delete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...