Ameer Kandal :; ഉത്തരവാദി

Views:

..... എന്താ സ്റ്റാഫ് റൂമിലൊരു കൂട്ടം.  രാവിലെ തന്നെ മീറ്റിങ്ങോ?...

ചാക്കോ മാഷ് തന്‍റെ ബൈക്ക് സ്ഥിരം വെക്കുന്ന ലൈബ്രറി കെട്ടിടത്തിന്‍റെ ഓരം ചേര്‍ന്നുള്ള തകിട് ഷീറ്റ് വിരിച്ച ഷെഡില്‍ ഒതുക്കിയിട്ട് നേരെ സ്റ്റാഫ് റൂമിലേക്ക് നടന്നു. 

സമയം ഒമ്പത് അമ്പതേ ആയിട്ടുള്ളൂ.  ഇനിയുമുണ്ട് ബെല്ലടിക്കാന്‍ പത്ത് മിനിട്ട്.  രാവിലെ തന്നെ സ്‌കൂള്‍ വിസിറ്റിന് വല്ല ടീമും വന്നോ..... അടിയന്തിര മീറ്റിംഗ് കൂടാന്‍ എന്തെങ്കിലും പുതിയ പ്രശ്‌നങ്ങളും വല്ലതുമുണ്ടായോ... നടത്തത്തിന്‍റെ കിതപ്പിനൊപ്പം ചാക്കോ മാഷിന്‍റെ മനസ്സിലും പലമാതിരി ചിന്തകള്‍ തികട്ടി കൊണ്ടിരുന്നു.

ങാ... എത്തിയോ.... മാഷിനേയും കാത്തിരിക്കുകയായിരുന്നു.  എന്താ മാഷേ.... ഒരു ഉത്തരവാദിത്വമൊന്നുമില്ലേ...?  മാഷിനെപോലുള്ള മുതിര്‍ന്ന അധ്യാപകര്‍ ഇങ്ങനെയായാല്‍ പിന്നെ എന്തുചെയ്യും...? 

ഹെഡ്മാസ്റ്റര്‍ കലിപ്പിലാണ്.  കാര്യം മനസ്സിലാകാതെ ചാക്കോ മാഷ് വാതില്‍ക്കരികില്‍ അകത്തേക്ക് കയറണോ കയറണ്ടേ എന്നറിയാതെ മിഴിച്ചുനിന്നു.

ഒന്നു ബിയിലെ ക്ലാസധ്യാപിക മഞ്ജുള മേശപ്പുറത്ത് തലചായ്ച്ച് ഏങ്ങിക്കരയുന്നു.  സ്റ്റാഫ് സെക്രട്ടറി സഹദേവന്‍ അവരെ ആശ്വസിപ്പിക്കാനെന്നോണം എന്തൊക്കെയോ പുലമ്പുന്നുണ്ട്.  ചാര്‍ട്ട് എഴുതാനും ഉച്ചഭക്ഷണ കണക്ക് എഴുതാനും സഹായം തേടി മിക്കപ്പോഴും പിന്നാലെ കൂടുന്ന സൂസന്ന ടീച്ചര്‍ തന്‍റെ ചുവന്ന ഫ്രെയിമുള്ള കണ്ണടക്കിടയിലൂടെ തുറിച്ചു നോക്കുന്നു. 

‘മാഷേ... മാഷിനല്ലായിരുന്നോ ഇന്നലെ ഇവിടെ നടന്ന കലോത്സവത്തിന്റെ ചാര്‍ജ്....’
സൂസന്നയുടെ ചോദ്യത്തിന് മറുപടി പറയാനായി ചാക്കോ മാഷ് വരണ്ട തൊണ്ടക്കുഴി ഉമിനീരിറക്കി പരുവം വരുത്തി മുന്നോട്ടാഞ്ഞതാണ്.  അപ്പോഴേക്കും റോസി ടീച്ചര്‍ എഴുന്നേറ്റ് കഴിഞ്ഞിരുന്നു.  ആപ്പിള് പോലുള്ള നാഭിച്ചുഴി വെളിപ്പെടുത്തി മാറിക്കിടന്ന തന്‍റെ സാരിയുടെ മുന്താണി വലിച്ച് നേരെയാക്കി മുന്നിലെ ഡെസ്‌കില്‍ കൈകളൂന്നി പ്രസ്താവിച്ചു,

“ചാക്കോ സാറേ... സാറിനെ പോലുള്ളവര്‍ക്കിത് ചേര്‍ന്നതല്ല”.

“അല്ലേലും പാവം മഞ്ജുള ടീച്ചറിനോട് ഇത് വേണ്ടായിരുന്നു.” 
എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ തൊട്ടടുത്തിരുന്ന സഫിയ ടീച്ചറിന്‍റെ കമന്‍റ്
.
കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാകാതെ ഞെരിപിരി കൊണ്ട് നില്‍ക്കുകയായിരുന്നു ചാക്കോ. 

‘എന്താ കാര്യം.... വളച്ച് കെട്ടില്ലാതെ ഒന്നു തെളിച്ച് പറയിന്‍.’ 
തെല്ലുറക്കെ ചാക്കോയുടെ ശബ്ദം പ്രതിധ്വനിച്ചു.

അതെ.... മഞ്ജുള ടീച്ചറിന്‍റെ ക്ലാസിലെ കുട്ടിക്ക് ഇന്നലെ കഥാകഥനത്തിന് അവസരം കിട്ടിയില്ല.  അത് തന്നെ കാര്യം.  കഥ പറഞ്ഞ് തീരുംമുമ്പോ മാഷ് കര്‍ട്ടനിട്ടു.  അവന്‍റെ അഛന്‍ ഇന്ന് ഇവിടെ പരാതിയുമായി വന്നു.
സഫിയ ടീച്ചര്‍ തിരിച്ചടിച്ചു. 

“അങ്ങേര് വന്ന് മഞ്ജുള ടീച്ചറെയാ ചീത്തവിളിച്ചത്.”  സ്റ്റാഫ് സെക്രട്ടറി
സഹദേവന്‍റെ പിന്തുണയും മഞ്ജുളയ്ക്കനുകൂലം. 

“ആരായാലും ചെയ്യുന്ന ഡ്യൂട്ടിയോട് കുറച്ചൊക്കെ ഉത്തരവാദിത്വം വേണം.  അത്രയേയുള്ളൂ.... ഇനിയെങ്കിലും ശ്രദ്ധിക്കുക.”  ഹെഡ്മാസ്റ്റര്‍ ഉപസംഹരിച്ച് സഭ പിരിഞ്ഞു.

സ്‌കൂളിലെ കലോത്സവം നടത്തിക്കൂട്ടിയ പാട് ചാക്കോ മാഷിനേ അറിയൂ... കലോത്സവത്തിലെ ഇനം തിരിച്ച് കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കല്‍, നോട്ടീസ്, മൈക്ക്, സ്റ്റേജ്, സര്‍ട്ടിഫിക്കറ്റ്, കര്‍ട്ടന്‍ എന്ന് വേണ്ട മൊട്ടുപിന്‍ വരെ സംഘടിപ്പിച്ച് പരിപാടി നടത്തിക്കൂട്ടാനൊക്കെ ചുക്കാന്‍ പിടിച്ചത് ചാക്കോ തന്നെയായിരുന്നല്ലോ... അല്ലേലും മാങ്ങയുള്ള മാവിനേ കല്ലേറ് കിട്ടത്തുള്ളൂ.  മനസ്സില്‍ ചില അസ്വസ്ഥതകള്‍ രൂപപ്പെട്ടെങ്കിലും തന്‍റെ സ്വതസിദ്ധമായ പുഞ്ചിരികൊണ്ട് എല്ലാം മറച്ച് പിടിച്ച് ചാക്കോ മാഷ് പതിവ് പരിപാടികളില്‍ മുഴുകി.

വൈകുന്നേരത്തെ ബസ് ഡ്യൂട്ടി ചാക്കോ മാഷിനായിരുന്നു.  ഏതാണ്ടെല്ലാവരും സ്‌കൂളില്‍ നിന്ന് പോയിക്കഴിഞ്ഞിരുന്നു.  ആകെയുള്ള രണ്ട് സ്‌കൂള്‍ ബസുകളിലും കുട്ടികളെ കയറ്റി വിട്ട് ചാക്കോ വീട്ടിലേക്ക് പോകാനായി ബൈക്കിനരികിലേക്ക് നടക്കുമ്പോഴാണ് രണ്ട് എയിലെ സനൂഷ് ഓടിക്കിതച്ചെത്തിയത്. 

സാറേ.... ബസ് പോയോ...?

വൈകുന്നേരം നേരത്തേ വീട്ടിലെത്തി വീട്ടുകാരത്തിയേയും പിള്ളേരേം കൊണ്ട് ഒരു സിനിമക്ക് പോകാമെന്ന് ചട്ടം കെട്ടിയിരുന്നതാണ്.  പലകാരണങ്ങളാല്‍ പലയാവര്‍ത്തി മാറ്റിവെച്ച് അവസാനം തീരുമാനിച്ചുറപ്പിച്ച ദിവസമാണിന്ന്.

‘എവിടെപ്പോയിക്കിടന്നടാ.... ഇത്രയും നേരം’ എന്ന് ചോദിക്കണമെന്ന് തോന്നിയതാണ്.  പെട്ടെന്ന് കുത്തിയൊലിച്ച് വന്ന ദേഷ്യം കടിച്ചമര്‍ത്തി ചാക്കോമാഷ് സനൂഷിന്‍റെ തോളില്‍ തട്ടി സമാധാനിപ്പിച്ചു. 

“സാരമില്ല ബസ് പോയെങ്കില്‍ പോട്ടേ.... നമുക്ക് ബൈക്കില്‍ പോകാം... സനൂഷിനെ വീട്ടിലെത്തിച്ചിട്ടേ ഞാന്‍ പോകുന്നുള്ളൂ.... എന്താ...”

സത്യത്തില്‍ സ്‌കൂള്‍ വിട്ട് കുട്ടികളെല്ലാം ബസില്‍ കയറുന്നതിനിടയില്‍ സനൂഷിന് വെളിക്കിറങ്ങാന്‍ മുട്ടിയതാണ് കാര്യം. ബാത്ത്‌റൂമില്‍ പോയി കാര്യം സാധിച്ച് തിരിച്ചു വരുമ്പോഴേക്കും ബസ് പോയിക്കഴിഞ്ഞിരുന്നു.

ചാക്കോ സനൂഷിനേയും കൂട്ടി അവന്‍റെ വീട്ടരികിലെത്തി.  അമ്മയേയും
അഛനേയും കൂടാതെ നാട്ടുകാരും ബന്ധുക്കളും ഒക്കെയായി ഒരു ചെറിയ കൂട്ടമുണ്ട് വീട്ടുമുറ്റത്ത്.  ചാക്കോ ബൈക്ക് ബ്രേക്കിട്ട് നിര്‍ത്തിയപാടെ കൂട്ടത്തില്‍ വെള്ള ഷര്‍ട്ടും വെള്ളമുണ്ടും തോളില്‍ തോര്‍ത്തും ചാര്‍ത്തിയ മധ്യവയസ്‌കന്‍ മുന്നോട്ടാഞ്ഞ് തെല്ലുറക്കെ ആരാഞ്ഞു.

“മാഷേ.... ഒരു ഉത്തരവാദിത്വമൊന്നുമില്ലേ.... കുഞ്ഞിനെന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അതിന് ആര് സമാധാനം പറയും....”

കുട്ടിയെ ഒരു പോറലുമേല്‍ക്കാതെ വീട്ടിലെത്തിച്ചതിന് ഒരു നല്ല വാക്കിനായി ചാക്കോയുടെ ചെവികള്‍ വെറുതെ കൊതിച്ചു.  മനസ്സിലെ അമര്‍ഷവും സങ്കടവും ഉള്ളിലൊതുക്കി ചാക്കോമാഷ് വീട്ടിലേക്ക് തിരിച്ചു.

വൈകിയെത്തിയ ചാക്കോമാഷിനെ വീട്ടില്‍ കാത്തിരുന്നതും പരിഭവങ്ങളുടെ വാറോലകളായിരുന്നു. 

“അല്ലേലും അച്ചായനിപ്പോള്‍ വീട്ടുകാര്യങ്ങളില്‍ ഒരു
ഉത്തരവാദിത്വവുമില്ലല്ലോ.... എത്ര നേരമായന്നോ പിള്ളേരിവിടെ ഒരുങ്ങി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്... ഫോണ്‍ ചെയ്താലൊട്ട് എടുക്കത്തുമില്ല.....”

കാര്യങ്ങള്‍ വിസ്തരിച്ചു കൊണ്ടിരിക്കാന്‍ സമയം ഒട്ടുമേ അനുവദിക്കുന്നില്ലായെന്ന തിരിച്ചറിവില്‍ ചാക്കോ കെട്ട്യോളേം കുട്ടികളേം കൂട്ടി പൊടുന്നനേ സിനിമക്ക് വിട്ടു.

പട്ടണത്തിലെ ‘ധന്യ’ കൊട്ടകയില്‍ കയറി മെഗാസ്റ്റാറിന്‍റെ സൂപ്പര്‍ ബ്ലസ്റ്റര്‍ സിനിമയും കണ്ട് ദം ബിരിയാണിയും വാങ്ങിക്കഴിച്ച് വീട്ടില്‍ തിരികെയെത്തിയപ്പോള്‍ രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു. 

വീട്ടിനകത്ത് കയറി ചാക്കോ ഡ്രോയിംഗ് റൂമിലെ ടേബിള്‍ ലൈറ്റിന്‍റെ സ്വിച്ചില്‍ വിരലമര്‍ത്തി.  ചുറ്റുമുള്ള ലോകം സുഖസുഷുപ്തിയിലേക്ക് വഴുതി വീഴുന്നേരം ചാക്കോമാഷ് അടുത്ത പകലിലേക്കുള്ള ടീച്ചിംഗ്
പ്ലാനിംഗിന്‍റെ കയങ്ങളില്‍ മുങ്ങിത്താഴുകയായിരുന്നു.






No comments: