Skip to main content

Aswathy P S :: ചെമ്പട്ടണിഞ്ഞ ചിന്താസരിത്ത്




വാരാന്ത്യത്തിലെ ഒരു സുദീർഘ തുണി അലക്കിനിടയിലുടനീളം മനസ്സിൽ പതഞ്ഞു പൊങ്ങിയ ചില ചെറു ചിന്തകൾ പങ്കുവയ്ക്കാനാണ് ശ്രമം. അതുകൊണ്ടുതന്നെ വായനയ്ക്കിടെ, അലക്കുസോപ്പിന്‍റെ രൂക്ഷഗന്ധവും അലക്കുബ്രഷിന്‍റെ ശബ്ദവും അസ്വസ്ഥത ഉണ്ടാക്കിയേക്കാം. സ്വാഭാവികം. ചിന്തയുടെ ഈ പശ്ചാത്തലം ചിന്തകളുടെ നിലവാരത്തെ ബാധിക്കുകയില്ല.

ഇനി പറയുന്ന കാര്യങ്ങളും കഥാപാത്രങ്ങളും യാദൃച്ഛികമല്ല. സാങ്കല്പികം തീരെയല്ല. നല്ല ഓജസ്സും തേജസ്സുമുള്ള ആൾ രൂപങ്ങൾ തന്നെ.

ആദ്യമേ പറയട്ടെ എഴുത്തിന് ആധാരം ഒന്നല്ല, ഒരുപാട് പേരാണ്. ചെമ്പട്ടെഴുതിയ കവി, കാളിയെ പട്ടുടുപ്പീച്ചണിയിച്ചൊരുക്കിയ നിരൂപകൻ, ഇവർക്ക് ആശംസകളേകിക്കൊണ്ട് കമന്‍റ് ബോക്സിൽ കാവ്യമെഴുതി ശ്രദ്ധേയരായവര്‍.

കവിതയുടെ ആസ്വാദനം വായിച്ചപ്പോൾ തന്നെ 'നിരൂപണം ഒരു കല തന്നെ' എന്ന ചിന്ത ബലപ്പെട്ടു. തുടർന്ന് ഉള്ളിലുരുണ്ടുകൂടിയത് അസ്വസ്ഥതയും തെല്ലമര്‍ഷവും. 'ഞാനിനി എന്തെഴുതും ?' ഈ കണിയാപുരത്തുകാർക്കൊക്കെ എത്രയെത്ര ഉത്തുംഗ മേഖലകൾ കവിതയിൽ ആവാഹിച്ച് അമ്മാനമാടായിരുന്നു. എന്‍റെ പതിവ് പ്രണയപ്രയോഗമെടുത്ത് പയറ്റിക്കളയുമെന്ന് കരുതിയില്ല.  ഈ പ്രണയവും ദാമ്പത്യവുമൊക്കെ ഞങ്ങൾ പിള്ളേര്‍ക്കായി ഒഴിച്ചിട്ട് കൂടായിരുന്നോ ? സ്വാർത്ഥചിന്ത !
(പ്രണയകവികൾ കോപിക്കരുതേ...)

അതിന് നിന്നോടാര് എഴുതാൻ പറഞ്ഞു ? എന്ന ചോദ്യം മനസ്സിൽ വരുന്നെങ്കിൽ ദയവുചെയ്ത് ചോദിക്കരുത്. കാരണം അത് ഞാൻ എന്നോട് തന്നെ ചോദിച്ചു കഴിഞ്ഞതാണ്. എന്നിട്ടും ചോദ്യമുയരുന്നുവെങ്കിൽ ഉത്തരമൊന്നുമാത്രം.. കമ്പിളി പുതപ്പ് 
ഇതു പറഞ്ഞെഴുത്ത് അല്ല, അറിഞ്ഞെഴുത്ത്, ഉള്ളു നിറഞ്ഞെഴുത്ത്.
അരച്ചത് തന്നെ വീണ്ടും അരച്ചാൽ മുഖത്ത് തെറിക്കുമെന്നതുകൊണ്ട് എന്‍റെ കവി - കാളി കാല്പനികാവിഷ്കാരത്തെ വേദനയോടെ ഞാൻ ഉള്ളിൽ അമർത്തുന്നു.

അരയ്ക്കലിന്‍റെ ശൈലി ഒന്നു മാറ്റി, മുഖത്ത് തെറിക്കാതെ, വീണ്ടും വീണ്ടുമരയ്ക്കാൻ വൈദഗ്ധ്യമുള്ളവരുണ്ട് എന്ന വസ്തുത വിസ്മരിക്കാതെ തന്നെ,
വിളിക്കുന്നു വീണ്ടുമെൻ വാഗ്ദേവിയെ
സ്മരിക്കുന്നു നീയെയ്ത സായകത്തെ
കൊതിക്കുന്നു വീണ്ടും അതേയായുധം
ഒരു രജി മാഷും കുറെ നിരൂപകരും കാരണം വാഗ്ദേവതയ്ക്ക് കിടക്കപ്പൊറുതിയില്ലേ എന്ന് വരാനിടയുള്ള ആക്ഷേപം മുൻകൂട്ടി കാണുന്നു. സഹർഷം സ്വാഗതം ചെയ്യുന്നു.

മഹാകാളി എന്നത് സർവ്വേശ്വരിയായ ദേവിയുടെ രൗദ്രഭാവമാണ്. അമ്മയുടെ നവരസങ്ങളും സർവ്വപാപങ്ങളും ഉൾച്ചേർന്ന മാതൃരൂപത്തെ ഇവിടെ സാഹിത്യത്തിന്‍റെ സർവ്വലോകത്തോട് ഉപമിക്കുന്നു. ആ മായിക പ്രപഞ്ചത്തിലേക്ക് ഒരു പകുതി വാതിൽ പാളി തുറന്ന് എത്തിനോക്കുക മാത്രം ചെയ്യുന്ന ഒരു കാവ്യഭക്തനാണ് താനെന്ന് താഴ്മയായി അറിയിക്കുകയാണ് കവി. കവിയുടെ കാവ്യവൈഭവം രുചിച്ചറിഞ്ഞ ഓരോ വായനക്കാരനു മുന്നിലും കവിയിവിടെ അങ്ങേയറ്റം വിനയാന്വിതനായി വിരാജിക്കുന്നു.

കവിതയിലെ ഭീതി ഈ വായനയില്‍ എഴുത്തിനോടും അക്ഷരങ്ങളോടുമുള്ള ആദരവായി പരിഗണിക്കാം ബഹുമാനത്തോടെ സാഹിത്യലോകത്തെ ആരാധിക്കുന്ന കവിയുടെ നിർമ്മല ഭക്തി വായനക്കാരനിലേക്ക് വ്യാപരിക്കുന്നത് ശ്രദ്ധേയം തന്നെ. ചെമ്പട്ടുടുത്ത ആ നാലുവരികൾ മനസ്സിലും നാവിലും തത്തിക്കളിച്ച സ്വാനുഭവം തന്നെ തെളിവായി നൽകുന്നു.

ക്യാപ്സ്യൂൾ കവിതയുടെ ഗണത്തിലേക്ക് രജി മാഷിന്‍റെ ഈ കവിതയെ തള്ളിവിടാൻ മനസ്സ് അനുവദിക്കുന്നില്ല. അതിന് മുതിരുന്ന അരസികന്മാരോട് കലഹിക്കുന്നുമില്ല.

അതെ ക്യാപ്സ്യൂൾ തന്നെ, മരുന്ന്. ഉറക്കഗുളികയല്ല, ഉത്തേജകം...
  • ഏതൊരാളിലും സാഹിത്യചിന്തകളെ ഉദ്ദീപിപ്പിക്കാൻ ഉതകുന്ന ഉത്തേജകം...
  • ഒരു സാധാരണക്കാരനെപ്പോലും ലാളിത്യം കൊണ്ട് വായനയിലേക്കടുപ്പിക്കുന്ന ദിവ്യൗഷധം...
  • ഒരു ശരാശരി വായനക്കാരന് പോലും നിരൂപണത്തിന് ധൈര്യം കൊടുക്കുന്ന ശക്തി മരുന്ന്... 
  • സാഹിത്യവിദഗ്ധരെ പോലും ഒരേസമയം സംക്ഷിപ്തതയും ആശയബാഹുല്യവും കൊണ്ട് അമ്പരപ്പിക്കുന്ന അത്ഭുത മരുന്ന്...
  • ചിലപ്പോഴെങ്കിലും മനസ്സിലെ നൊമ്പരചിന്തകളുടെ സ്ഥാനം കവരുന്ന വേദനസംഹാരി... 
ഇനി വരാം മോക്ഷമേകും കാലസരിത്തിലേക്ക്.

കവി ചെമ്പട്ടുടിപ്പിച്ച കാളിയെ, സർവ്വാഭരണ വിഭൂഷിതയായി അണിയിച്ചൊരുക്കി, നിരൂപണത്തിന്‍റെ ചുറ്റമ്പലത്തിലൂടെയെഴുന്നെള്ളിച്ച്, ആസ്വാദനത്തിന്‍റെ ശ്രീകോവിലിൽ കുടിയിരുത്തിയത്, സിദ്ദിക്ക് സുബൈര്‍ തന്നെ, നിസ്സംശയം.

ഓരോ വരിക്കും വാക്കുകൾക്കും നൽകിയ വ്യാഖ്യാനവും വർണ്ണനയും ശക്തിസ്വരൂപിണിയുടെ ദിവ്യതേജസ്സിനും അംഗലാവണ്യത്തിനും അലങ്കാരമായി. വിവിധ തലങ്ങളിലൂടെയുള്ള, വ്യത്യസ്ത ദിശകളിലൂടെയുള്ള വീക്ഷണം കാളിയുടെ എഴുന്നെള്ളത്തിന് ആനയുമമ്പാരിയും ആയി.

ഇവിടെ ഒരേ പ്രക്രിയ മൂന്നു തരത്തിൽ നടക്കുന്നു.
  • സര്‍വപ്രദായിനിയായ കാളിയെ ഉപാസിക്കുന്ന കവി, കാളിയുടെ ഉള്ളിലും...
  • തന്‍റെ ചിന്തകളെ പട്ടുടുപ്പിച്ചുയരത്തിലെത്തിച്ച നിരൂപകന്‍ കവിയുടെ  മനസ്സിലും...
  • കവിതയുടെ ആശയം സ്വാംശീകരിക്കാൻ പണിപ്പെടുന്ന മറ്റു വായനക്കാരെ ആസ്വാദനത്തിൽ ആറാടിച്ച നിരൂപകൻ വായനക്കാരന്‍റെ മനസ്സിലും...
ചിരപ്രതിഷ്ഠ നേടുന്ന അസുലഭ സുന്ദര കാഴ്ച.

വാതിൽ തുറക്കുന്ന കാളി, വാതിലിനിപ്പുറം അക്ഷമയോടെ കാത്തു നിൽക്കുന്ന കവി, അവരറിയാതെ അവരെ വീക്ഷിക്കുന്ന വായനക്കാരൻ -  എത്ര സുന്ദര വാങ്മയചിത്രം.. എത്ര സൂക്ഷ്മമായ ആസ്വാദനതലം...  ഇവർ മൂവരുമറിയാതെ അവരുടെ ചലനങ്ങളും ചിന്തയും നിരീക്ഷിച്ചു നിൽക്കുന്ന നിരൂപകന്‍റെ ചിത്രംകൂടി ക്യാൻവാസിലേക്ക് വരച്ചു ചേർക്കുകയാണ് ഈ നിരൂപണത്തിന്‍ നിരൂപണശ്രമത്തിലൂടെ. എങ്കിൽ മാത്രമേ ആ വാങ്മയചിത്രം പൂർണ്ണത കൈവരിക്കുകയുള്ളു.

എന്താണ് ഇവിടെ സംഭവിച്ചു കണ്ടത്. ഒരു വിത്തിനുള്ളിൽ ഒളിച്ചിരുന്ന ജീവന്‍റെ നാമ്പ് ക്ഷണനേരംകൊണ്ട് പടർന്നുപന്തലിച്ച് വൻമരമായതുകണ്ട  കണ്ണുകളിലെ അമ്പരപ്പ്. ഈ വന്മരത്തിൽ കാതലില്ലാത്ത പാഴ്ശാഖകൾ ഒന്നുപോലുമില്ല  എന്നതാണ്  ആശ്ചര്യത്തിന്‍റെ മുഖ്യഹേതു. ഓരോ ചെറിയ ചില്ലയിൽ പോലും ആശയങ്ങളുടെ പച്ചപ്പ്,  വ്യാഖ്യാനങ്ങളുടെ ഫലസമൃദ്ധി.

മാഷിന്‍റെ,  ളീ - പ്രാസ സൗന്ദര്യം ചൊരിയുന്ന ചതുര്‍ വരി കവിത, ഒരു ചിപ്പിയിൽ അടയ്ക്കപ്പെട്ട കാവ്യസാഗരമാണ്. അതിന്‍റെ ആഴങ്ങളിൽനിന്നും വിദഗ്ധമായി മുങ്ങിത്തപ്പിയെടുത്ത മണിമുത്താണ് മോക്ഷമേകും കാല സരിത്ത്.

അന്‍സര്‍ പാച്ചിറയുടെ സംശയം, അക്ഷരാര്‍ത്ഥത്തില്‍ പ്രസക്തം തന്നെ.
ആരാണ് കേമൻ
  • മഹാകാവ്യത്തെ ചെപ്പിലൊളിപ്പിച്ച കവിയോ 
  • ഒളിപ്പിച്ചതൊക്കെയും തെളിവോടെ തെരഞ്ഞുപിടിച്ചയാളോ
കാവ്യവൈഭവത്തിന്‍ മത്സരം മുറുകട്ടെ...
ഞങ്ങൾ വായനക്കാർക്കതുതന്നെ ആനന്ദം, ആസ്വാദ്യം.

ഈ മാജിക്കിന് ഞങ്ങളൊന്നായ് വിളിക്കുന്നു രജിചന്ദ്ര സിദ്ദിഖ് സുബൈരം.

രജി മാഷിന്‍റെ കാളിയുടെ ചെമ്പട്ടിന്‍ ഞൊറികളിൽ തങ്കനൂലുകൊണ്ട് ലളിതം, സുന്ദരം, ആശയനിബിഡം എന്നീ വാക്കുകൾ തുന്നിച്ചേർക്കുവാനും ഒപ്പം സിദ്ദിഖ് സാറിന്‍റെ മോക്ഷസരിത്തിലേക്ക് വിശാലവീക്ഷണം, വിസ്മയജനകം, എന്നീ വാക്കുകൾ എഴുതിയ കടലാസ് തോണി ഇറക്കാനുമുള്ള ആഗ്രഹം പങ്കുവയ്ക്കുകയാണ്.
എന്തൊക്കെ പറഞ്ഞാലും രജി മാഷേ, സിദ്ധിക്ക് സാറേ  നിങ്ങൾ അയോഗ്യത തെളിയിച്ചിരിക്കുന്നു. 
ചെടി നനയ്ക്കുവാനും വാഹനമോടിക്കുവാനും വെടിപറത്തിരിക്കാനുമൊക്കെ നിങ്ങൾ അയോഗ്യരാണ്. കാരണം അതിനൊക്കെയും മറ്റ് ഒരായിരം പേർ ഉണ്ടാകും. എന്നാൽ നിങ്ങളെപ്പോലെ മനസ്സ് പായിക്കാൻ അവയൊക്കെയും അക്ഷരങ്ങളായി ആവിഷ്കരിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ.

മറ്റൊരജ്ഞാത സഹൃദയന്‍റെ ആശംസാവാചകം കടമെടുത്തു പറയട്ടെ, നിങ്ങൾക്കിനി വിശ്രമിക്കാനവകാശമില്ല. 
നിങ്ങളുടെ തൂലികയ്ക്കിനി  ഇടവേളകൾക്കനുവാദമില്ല...

ചിന്ത ചുരത്തുക, എന്നും എപ്പോഴും എഴുതുക, നിത്യം നിരന്തരം.....

ആശംസകൾ നേരുന്നു

ചേര്‍ത്തു വായിക്കാന്‍

Comments

  1. എഴുത്തിന്, ആസ്വാദനത്തിന് ,പഴകിയ വഴിവിട്ട് ,പുത്തൻ വീഥികൾ നിർമ്മിച്ച് ,വാക്കിന്റെ ശക്തി ഗോപുരമായ ,ബഹുമാനപ്പെട്ട അശ്വതി ടീച്ചർക്ക് നന്ദിയും സ്നേഹാദരവും എന്നും എന്നെന്നും.....

    ReplyDelete
  2. കവിതയുടെ മാത്രമല്ല ആസ്വാനത്തിന്‍റേയും ആസ്വാദനം...

    ReplyDelete
  3. എഴുത്ത് ചിന്തയാണ്, ചിന്തകളെ എഴുത്തായി മാറ്റി അനുവാചക ഹൃദയം കീഴടക്കുന്ന അപൂർവ്വത സൃഷ്ടിക്കുകയാണ് അശ്വതി, അല്പം പോലും രസം ചോരാതെ. വേറിട്ട ചിന്തകളും എഴുത്തും,കാവ്യ വായനയിൽ വേറിട്ട ഇടം തീർക്കുകയാണശ്വതി. എഴുത്തിന്റെ ശക്തി അറിയുന്നു. വിരാജിക്കയതിൽ.

    ReplyDelete
  4. ആനന്ദം ആകാശത്തോളം... അത് പകരുന്ന ഊർജ്ജം... പറഞ്ഞറിയിക്കാൻ പണിപ്പെടുകയാണ്. നന്ദി പറയുന്നില്ല എഴുത്തിലേക്ക് ആനയിച്ച അനിൽ സാറിനോട്. സ്നേഹാദരങ്ങൾ.

    ReplyDelete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...