Raji Chandrasekhar :: കുഞ്ഞുമേഘങ്ങൾക്ക്...

Views:

വര :: Aswathy P S




വേട്ടപ്പേപ്പട്ടി-
ക്കൊടുങ്കാറ്റുകോളുകൾ
നഖമാഴ്ത്തി നീറ്റുമെന്‍ 
കുഞ്ഞുമേഘങ്ങൾക്ക്...

ഇവിടെ ഞാനുണ്ട്,
പ്രപഞ്ച ബോധത്തിന്‍റെ,
അണു കണിക, കവി.
ഒന്നല്ല, രണ്ടല്ല, നൂറായിരം കണിക
പൊട്ടിത്തെറിക്കു-
ന്നൊരുഗ്രവിസ്ഫോടനം.

അമ്മയും പെങ്ങളും ഭാര്യയും
പെൺമക്കള-
യലിൻ ചിരിക്കൂട്ടു ബാല്യങ്ങ-
ളൊക്കെയും ദേവിമാർ,
പൂജ്യരാണെന്നറിഞ്ഞും
ക്രൂരകാമാന്ധകാര-
ച്ചതിക്കൂട്ടൊരുക്കുവോർ,
വഞ്ചിച്ചു,
രാപകലൂരുകൾ ചുററുവോർ
നിങ്ങൾ,
ഇനി ശിക്ഷ,യേറ്റു വാങ്ങൂ.....

തെളിവില്ല, മൊഴിയില്ല,
സാക്ഷിയില്ലാ പിന്നെ
ശിക്ഷയെന്തെന്നൊരു
ധാർഷ്ട്യമോടെ,
എങ്ങോട്ടുപോകുന്നു,
നിൽക്ക്, നിങ്ങൾ !
വിധി കേൾക്കുക, ഞങ്ങടെ,
ഇന്നു തന്നെ.

കൊതിപ്പിച്ചൊതുക്കി -
ച്ചതിച്ചടക്കും
കുഞ്ഞു നോവാഴ-
മുയിർവെന്ത സത്യം,
കലിതുള്ളി,
ചെമ്പട്ട്, വാളും
ചിലമ്പുമായെത്തുന്ന
വാക്കെന്‍റെ ബോധ്യം.

മാപ്പില്ല,
വഞ്ചനയ്ക്കനിവാര്യമാം ശിക്ഷ
മരണമാണതു തേടിയെത്തും.

അവിടെയുമൊടുങ്ങില്ല,
കൂട്ടും തുണയുമായ്
പെയ്യും നുണക്കല്ലു-
പെരുമഴച്ചാർത്തിൽ
കുതന്ത്രം മെനഞ്ഞും
മറുവാക്കു ചൊല്ലി,-
പ്പഠിപ്പിച്ചൊരുക്കുന്ന രക്ഷകർ ആര്,
അവർക്കാർക്കുമേയില്ല മാപ്പ്!

വിധിന്യായ ഞാണൊലി
കണ്ണടച്ചലറുന്നു,
മാപ്പില്ല,
വഞ്ചനയ്ക്കനിവാര്യമാം ശിക്ഷ
മരണമാണതു തേടിയെത്തും.

വാശിയും വേഷവും
തെററിൽ മദിക്കുന്ന
വാദവും വേറിട്ടു മാറും.
മക്കൾ മരുമക്കൾ
ബന്ധുക്കളങ്ങനെ
വംശവും വേരറ്റു വീഴും.
ചീഞ്ഞളിഞ്ഞടിയും
കൃമി, കീടമാർക്കും
ചിലതൊക്കെ
ചിതൽ തിന്നു തീരും.

ദഹനാന്ത ചാര-
ച്ചിരിപ്പേച്ചു കേൾക്കൂ,
മാപ്പില്ല,
വഞ്ചനയ്ക്കനിവാര്യമാം ശിക്ഷ
മരണമാണതു തേടിയെത്തും.

വേട്ടപ്പേപ്പട്ടി-
ക്കൊടുങ്കാറ്റുകോളുകൾ
നഖമാഴ്ത്തി നീറ്റുമെന്‍ 
കുഞ്ഞുമേഘങ്ങൾക്ക്...

ഇവിടെ ഞാനുണ്ട്,
പ്രപഞ്ചബോധത്തിന്‍റെ
അണുകണിക, കവി.
ഒന്നല്ല, രണ്ടല്ല, 
നൂറായിരം കണിക
പൊട്ടിത്തെറിക്കുന്നൊ-
ന്നൊരുഗ്രവിസ്ഫോടനം.

വേട്ടപേപ്പട്ടി-
ക്കൊടുങ്കാറ്റുകോളുകൾ
നഖമാഴ്ത്തി നീറ്റുമെന്‍ 
കുഞ്ഞുമേഘങ്ങൾക്ക്...




ആലാപനങ്ങള്‍

  1. Anilkumar R, Loyola





കാമക്കൊടുങ്കാറ്റുകള്‍ പിച്ചിച്ചീന്തുന്ന കുഞ്ഞുമേഘങ്ങള്‍ക്ക്...





No comments: