Yamuna Gokulam :: മഴ

Views:

ചൊരിയുന്ന മാരി തൻ ലാസ്യ നടനത്തിൽ
മിഴിയൊന്നു പായിച്ചു നിന്ന നേരം....
കുളിർ വീശിയെത്തുന്ന മന്ദസമീരനെൻ
കവിളിണ തഴുകി കടന്നു പോയി...

മാനത്ത് ചിരിതൂകി നിന്നൊരാ സൂര്യനും
വാർമുകിലുള്ളിൽ മറഞ്ഞു മന്ദം....
ആകെ തപിച്ചു വരണ്ടൊരു മണ്ണിലായ്
ജീവന്‍റെ നീരൊന്നു പെയ്തിറങ്ങി...

കുഞ്ഞിച്ചിറകു കുടഞ്ഞൊന്നൊതുക്കി തൻ
കൂടിന്‍റെയുള്ളിലൊതുങ്ങി പക്ഷി...
പത്രമൊതുക്കി ശിരസ്സു നമിച്ചങ്ങു
മാരിക്ക് സ്വാഗതമോതി വൃക്ഷം....

നിമിഷങ്ങളോരോന്നു മുന്നോട്ടു നീങ്ങവേ
ലാസ്യനടനത്തിൻ ഭാവം മാറി...
മാനത്തു പൂത്തിരി കത്തിച്ചു കൊള്ളിമീൻ
ദുന്ദുഭി നാദത്തിൻ വരവങ്ങോതി...

ദ്യോവു തൻ കാരുണ്യ വർഷമാം തുള്ളികൾ
ഭൂമി തൻ ദാഹമങ്ങാറ്റി നില്ക്കേ...
താണ്ഡവ നടനത്തിൻ തുടിതാളം കണ്ടങ്ങു
വിസ്മിത നേത്രയായ് നിന്നു ഞാനും...

മണ്ണിന്നു വിണ്ണേകും കാരുണ്യ മുത്തുകൾ
ജീവന്നുറവയായ് മാറീടവേ...
താരും തളിരുമണിഞ്ഞങ്ങീ പാരിടം
സൗരയൂഥത്തിൽ പരിലസിക്കും.




No comments: