Views:
ഹരിത കേരളം
ഹരിത കേരളം, മഹിത കേരളം,
മലയാള മനസ്സു പാടി സരള കേരളം .
കേരങ്ങൾ കേളി പാടി കഥകളിയാടി
കേളികൾ കൂടിയാടി കൂട്ടുകൂടി നാം.
മലരുകൾ മകരന്ദ മധുരിമ നൽകി
മലനിരകൾ ഹരിനാമ കീർത്തനം പാടി.
കച്ചമുണ്ട് ചേലിൽ ചുറ്റി കളവാണികൾ
കളകാഞ്ചി മണികാഞ്ചി പാട്ടുകൾ മീട്ടി.
ഹംസകാന്തി മിന്നി നിന്നു ഹരിതഭൂവിതാ
ഹിംസ വേണ്ട , സ്വസ്ഥമായി സജ്ജരായിടാം.
മനസ്സുകളും സരസ്സുകളും ഹരിതമാകണേ
വചനങ്ങൾ,വയമ്പു ചേർന്നു,മധുരമാകണേ.
വാഹിനികൾ, വയലുകൾ , രാജവീഥികൾ
പാരിജാത പൂവു പോലെ പരിലസിക്കട്ടെ.
ഹരിതഭൂവാം കേരളഭൂ ദൈവഭൂവല്ലോ
മനിതർ നമ്മൾ 'ഹരിതകങ്ങൾ' മലയാളികൾ.
കോമളമാം കേരളമേ കോൾമയിർ കൊള്ളൂ
ഭാരതാംബ നിന്നെ നോക്കി ഭാവന നെയ്യും.
വാരിധിയിൽ , വാർമഴയിൽ , വാർമഴവില്ലിൽ
നീ ചന്തമൊത്ത ചിന്തുമേന്തി കാന്തി ചിന്തിടൂ.
ഞാനുമിന്നു നിങ്ങളുമായി നമ്മളായിടാം
ഞങ്ങളിന്നു നന്മ ചേർത്തു വെൺമയാക്കിടാം,
ഉണ്മയുള്ള കൺമണികൾ കേരളമാകേ ,
ഉജ്ജ്വലരാം വെൺമണികൾ പ്രഭ ചൊരിയട്ടെ
ജൈവപ്രഭ ചൊരിയട്ടെ,ജൈവപ്രഭ വിടരട്ടേ !
--- ആനന്ദക്കുട്ടൻ മുരളീധരൻ നായർ
മലയാള കവിത സാഹിത്യ ഗ്രൂപ്പ് നടത്തിയ കവിതാ രചനാ മത്സരത്തിൽ ഒന്നാം സമ്മാനം കിട്ടിയ കവിത.വിഷയം -ഹരിത കേരളം.
No comments:
Post a Comment