Anu P Nair :: നാട്ടിലിറങ്ങിയ കുറുക്കനും ഒരു കോഴിയും

Views:



പ്രിയപ്പെട്ട പത്രാധിപരെ,

മലയാളമാസിക ഓണ്‍ലൈന്‍ തകർക്കുവാണല്ലോ ? രണ്ട് ലക്ഷം വ്യൂവേഴ്സ് !! ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം . അഭിനന്ദനങ്ങൾ . ( എന്‍റെ ആർട്ടിക്കിൾസിനുള്ള പണം ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്യാം . ഇപ്പോൾ അനു സാർ ഗൂഗിൾ പേയിലും ലഭ്യമാണ്. ഇനി ചെക്കുമായി താങ്കൾ ഇത്രേം ദൂരം വണ്ടി ഓടിച്ച് വരേണ്ടതില്ല. )

കുറേ ആയല്ലോ ഒരെണ്ണം എഴുതിയയച്ചിട്ട് എന്ന് താങ്കൾ വിചാരിക്കുന്നുണ്ടാവും. രണ്ട് കാര്യങ്ങൾ കൊണ്ടാണ്. ഒന്നാമതായി പഴയ റേറ്റിന് ഇനി എഴുതണ്ട എന്ന് തീരുമാനിച്ചു. (അതിപ്പോൾ ഞാനങ്ങ് മാറ്റി. ഒന്നുമില്ലേലും താങ്കൾ അധ്യാപകനായിരുന്നല്ലോ. രക്തബന്ധത്തിൽ കാശിന്‍റെ കണക്ക് ഞാൻ പറയുന്നില്ല )

രണ്ടാമതായി നിന്നു തിരിയാൻ നേരം കിട്ടുന്നില്ല സാർ. ഒരു പുസ്തകവണ്ടി കാരണം. പുസ്തകവണ്ടി എന്താണെന്ന് താങ്കൾ അറിഞ്ഞിരിക്കുമല്ലോ . സ്കൂളുകളിൽ ക്ലാസ്സ് ലൈബ്രറികൾ തുടങ്ങണം . തിരുവനന്തപുരത്തെ എല്ലാ സ്കൂളിലെയും എല്ലാ ക്ലാസ്സിലും പുസ്തകത്തിനുള്ള കാശെത്തിക്കാൻ നിന്നാൽ സർക്കാര് പെട്ടു പോകും . അപ്പോ ആരുടേയോ തലയിൽ ഉദിച്ച ഐഡിയയാണ് ഈ പുസ്തകവണ്ടി . ആവശ്യമുള്ള പുസ്തകങ്ങൾ സ്കൂൾ നിൽക്കുന്ന പ്രദേശത്തെ ജനങ്ങളിൽ നിന്ന് പിരിക്കുക . ഐഡിയ ഈസ് ഗുഡ് ബട്ട് ലഗ് ഈസ് മൈൻ എന്ന ജഗതീടെ ഡയലോഗ് ഓർക്കുക (ഏത് സിനിമയിലെയായിരുന്നു ? )

എനിക്കീ പരിപാടി കേട്ടപ്പോൾ ഓർമ്മ വന്നത് പോട്ട് ലക്കിനെ കുറിച്ചാണ്. ഓഫീസിൽ എന്തേലും പരിപാടിയൊക്കെ നടക്കുമ്പോൾ ഭക്ഷണം അതിൽ പങ്കെടുക്കുന്നവർ  വീട്ടിൽ നിന്ന് കൊണ്ട് വന്ന് ഒരുമിച്ചിരുന്ന് കഴിക്കുന്ന പരിപാടി. ഭക്ഷണം കൊണ്ടുവരാൻ പറയുമ്പോൾ  മറ്റുള്ളവരുടെ  മുന്നിൽ നാറാതിരിക്കാൻ നമ്മൾ ഏറ്റവും മുന്തിയ വിഭവം തന്നെ കൊണ്ടുവരും. പക്ഷേ പുസ്തകങ്ങൾ ഇങ്ങനെ സ്വരൂപിക്കാൻ നിന്നാൽ എന്താണ് സംഭവിക്കുക സാർ?

ഒന്ന് ആർക്കും വേണ്ടാത്ത അലമ്പ് പുസ്തകങ്ങൾ ദാനം ചെയ്യപ്പെടും. പഴയ കോളേജു മാഗസിനുകൾ സുവനീറുകൾ ഓണപ്പതിപ്പുകൾ എന്നിവ ഇക്കൂട്ടത്തിൽപ്പെടും.

രണ്ട് കുട്ടികളുടെ നിലവാരത്തിന് യോജിക്കാത്ത പുസ്തകങ്ങൾ സംഭാവനയായി  കിട്ടും. ഒരു സ്കൂളിലെ എട്ടാം ക്ലാസ്സിലെ ലൈബ്രറിയിൽ ''മുസ്ലീം വർഗ്ഗീയതയുടെ ചരിത്രം'' എന്ന പുസ്തകം എത്തി. മറ്റൊരിടത്ത് ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് കിട്ടിയത് ''എങ്ങനെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പെൺകുട്ടിയെ വളയ്ക്കാം'' എന്ന പുസ്തകം.

ചുരുക്കത്തിൽ ക്ലാസ്സ് ലൈബ്രറികളെ ചവറ് പുസ്തകങ്ങൾ കൊണ്ട് നിറയ്ക്കാനുള്ള സൈക്കോളജിക്കൽ മൂവായി ഇത് മാറി .

'' കൊള്ളാവുന്ന വക്കീലൻമാരുടെ ആഫീസിൽ ആളു വന്നാ നിനക്കെങ്ങനാടാ മോഹനാ തിരക്കുണ്ടാവുന്നത്'' എന്ന് മോഹൻലാൽ ചോദിച്ചത് പോലെ പുസ്തകവണ്ടി വരുന്നതുകൊണ്ട് എനിക്കെങ്ങനെ തിരക്കുന്നു എന്ന് ചോദിക്കൂ സാർ . പറയാം .

മ്മടെ പ്രദേശത്തെ ഒരു പുസ്തകപ്രേമിയാണ് ഞാൻ. കുറേ വർഷങ്ങളായി ശേഖരിച്ചു വച്ച ചില ബുക്സ് ഉണ്ട്. വാങ്ങിയവയും അടിച്ചുമാറ്റിയവയും സമ്മാനം കിട്ടിയവയും ഒക്കെ ഉണ്ട്. പക്ഷേ ഇതൊക്കെ വയ്ക്കാൻ ആകെ ഉള്ളത് ഒരു ഷെൽഫും ഒരു റാക്കും . കുറേ എണ്ണം ഒഴിവാക്കിയില്ലേൽ പുതുതായി വാങ്ങുന്നവ വയ്ക്കാൻ ഒക്കില്ല. പുതിയ ഷെൽഫ് വയ്ക്കാൻ ആഭ്യന്തര വകുപ്പിന്‍റെ സമ്മതമില്ല . അപ്പോഴാണ് ദാ വരുന്നു പുസ്തകവണ്ടി .
മിനക്കെട്ടിരുന്നു സാർ. പുസ്തകങ്ങളെ തരം തിരിച്ചു .

ആവശ്യമില്ലാത്തതൊക്കെ മാറ്റിവച്ചു. ഒരു എൽ പി സ്കൂളിന്‍റെ പുസ്തകവണ്ടി വന്നു. കുറേ അത്യന്താധുനിക കവിതകൾ അതിലിട്ടു. പഴയ കുറേ കോളേജ് മാഗസിനുകൾ ഒരു up സ്കൂളിന് കൊടുത്തു. ഇനി Hട ന്‍റെ വണ്ടി വരാനുണ്ട്. പണ്ട് വാങ്ങിയ കുറേ 'സർട്ടിഫിക്കറ്റ് ഇക്കിളി പുസ്തകങ്ങൾ അവർക്കിരിക്കട്ടെ .

അതിന്‍റെ തിരക്കിലായിരുന്നു സാർ. ഷെൽഫ് വൃത്തിയാക്കി പൊടിയടിച്ചു തുമ്മലും തുടങ്ങി .

കഴക്കൂട്ടത്ത് എല്ലാവർക്കും സുഖമെന്ന് കരുതുന്നു. വൈകാതെ നേരിൽ കാണാം

സ്നേഹം
അനു പി

--- നെല്ലിമരച്ചോട്ടില്‍
-Anu P Nair
10-11-2019



No comments: