Anu P Nair :: ഡേയ് എഡിറ്ററെ....

Views:

 

ഡേയ് എഡിറ്ററെ,

ഓ സോറി സാർ. പഴയ ടെക്കി ലൈഫ് ഓർത്തു പോയി. അതുകൊണ്ടാണ്  ഒരു റിട്ടയേർഡ് പീസായ താങ്കളെ 'ഡേയ്' എന്നൊക്കെ വിളിച്ചത്. ഇനി ഒന്നേന്നും പറഞ്ഞ് തുടങ്ങാം.

ബഹുമാനപ്പെട്ട എഡിറ്റർ,

അതെ ടെക്കിയായിരുന്നു ഞാൻ. കാലക്കേട് വന്ന് സാക്ഷാൽ പരമശിവനും ചെളിക്കുണ്ടിൽ കിടന്ന കഥ പണ്ട് ബാലരമയിൽ വായിച്ചിരുന്നു (താങ്കളെപ്പോലെ ഇതിഹാസങ്ങൾ അരച്ച് കലക്കി കുടിച്ച ആളല്ല ഞാൻ. നമ്മക്ക് ബാലരമയേ ഉള്ളൂ അന്നും ഇന്നും )

അപ്പൊ ഇനി പറയാൻ വന്ന കാര്യം പറയാം. ടെക്കി ലൈഫിൽ നിന്ന് ആറ്റികുറുക്കി എടുത്തതാണ്. പറയുമ്പോ എല്ലാം പറയണമല്ലോ ശുദ്ധ മുതലാളിത്തമാണ് ടെക്നോപാർക്കിൽ. സോഷ്യലിസം ഇല്ലേ ഇല്ല . പ്രത്യേകിച്ച് ടെക്കി സുന്ദരികൾക്ക് .

അല്ലേൽ അവൾ എന്നോടിങ്ങനെ ചെയ്യുമോ. എന്നോടു മാത്രം. അവൾ എന്നത് ഇവിടെ ഏകവചനം ആയെടുക്കരുത് എന്നഭ്യർത്ഥിക്കുന്നു .

ഞാൻ പാർക്കിൽ ജോലിക്കു ചെല്ലുമ്പോൾ എനിക്ക് ഒരു ഇരുപത്തിയഞ്ച് ഇരുപത്തിയാറ് വയസ്സ് പ്രായം. അവൾ കോളേജിൽ നിന്നിറങ്ങിയിട്ടേ ഉള്ളൂ . അവൾ വന്നു .

''ചേട്ടാ', ''ഇക്കാ' , ''ഏട്ടാ'' അവർ വിളിക്കുകയാണ്. എന്നെല്ല  22 ഉം 21 ഉം ഒക്കെ വയസ്സുള്ള നരിന്തു പയ്യമ്മാരെ. ഞാൻ കാത്തിരുന്നു. ഇപ്പോ എന്‍റെ അടുത്തുമെത്തും. ഈ കാണാൻ കൊള്ളാവുന്ന പെൺപിള്ളേര് ചേട്ടാ, ഏട്ടാ എന്നൊക്കെ വിളിക്കുന്നത് കേൾക്കാൻ തന്നെ എന്താ രസം. ഞാൻ കാത്തിരുന്നു സാർ. ദാ അവളെത്തി.

''ഡാ അനൂ''
മടുത്തു പോയി സാർ.

അമിതാഭ് ബച്ചന്‍റെ പൊക്കവും ഫഹദ് ഫാസിലിന്‍റെ ലുക്കും ഇല്ലാത്ത എല്ലാവരുടെയും വിധി ഇതു തന്നെ സാർ. അവർക്ക് ടെക്കി സുന്ദരികളുടെ ഏട്ടാ വിളി കേൾക്കാൻ യോഗമില്ല സാർ.

ഞാനൊക്കെ പതിനേഴ് വയസ്സു മുതൽ സാറെ വിളി കേട്ട് സുഖിച്ച് നടക്കുന്നതാ. ആ എന്നെയാണ് ഇരുപത്തിയാറാം വയസ്സിൽ ഇരുപത് കടന്നിട്ടില്ലാത്ത പെണ്ണുങ്ങൾ എടാ പോടാ എന്നൊക്കെ വിളിച്ചത്. 22 മാസം സഹിച്ചു സാർ.

ഈ ചിന്തകൾ അന്ന് എന്‍റെ സീനിയറായിരുന്ന ഒരുത്തനോട് പങ്കുവച്ചു. ആ തെണ്ടി ചെയ്തത് എന്താണെന്നോ . ചില കുട്ടികളെ കൊണ്ട് ചേട്ടാ, ചേട്ടാ എന്ന് കളിയാക്കി വിളിപ്പിച്ചു. എന്നെക്കാൾ പ്രായമുള്ള തൈക്കിളവികൾ വരെ വന്ന് ചോദിച്ചു .

അനുചേട്ടനെ ഇനി ഞാൻ ചേട്ടാണ് വിളിക്കണോ ? എന്ന്

എല്ലാം സഹിച്ചു സാർ . ആ കണ്ണീരുണങ്ങിക്കൊണ്ടിരിക്കുന്നു. സീനിയർ സാറുമ്മാരൊക്കെ എന്നെ സാറെ എന്ന് വിളിക്കുമ്പോൾ
''സാറുവിളി വേണ്ട സാറെ'' 
എന്ന് ഞാൻ പറയാറുണ്ട് . അവരൊക്കെ വിളിക്കുമ്പോൾ ഞാൻ ഓർക്കാറുണ്ട് എന്‍റെ ടെക്കിക്കാലം

ഇതൊക്കെ പരിഗണിച്ച് ആദ്യത്തെ ഡേയ് സംബോധന പൊറുക്കുമല്ലോ സാർ .

സ്നേഹം
അനു പി

--- നെല്ലിമരച്ചോട്ടില്‍
-Anu P Nair
16-11-2019



1 comment:

ardhram said...

പൊളിച്ചു