Views:
കല്യാണം കഴിക്കുന്നത് എന്തിന് ?
പ്രിയപ്പെട്ട എഡിറ്റർ,
കഴിഞ്ഞ ദിവസം താങ്കളും എന്നോട് ആ ചോദ്യം ചോദിച്ചു. കല്യാണം കഴിച്ചില്ലെങ്കിൽ ഇപ്പോ എന്താന്ന്. അല്ലെങ്കിൽ എന്തിനാ കല്യാണം കഴിക്കുന്നത് എന്ന്. ഞാനും ചിലരോടൊക്കെ ചോദിക്കാറുണ്ട്
''എന്തിനാ നിങ്ങൾ കെട്ടിയത്'' എന്ന്.
ചില സുഹൃത്തുക്കൾ അവരുടെ ഭാര്യമാർ വിളിക്കുമ്പോൾ ഫോൺ എടുക്കാതെ കട്ട് ചെയ്യാറുണ്ട്. അപ്പോഴാണ് ഞാൻ ഇങ്ങനെ ചോദിക്കാറ്. ഈ അടുത്ത് എന്‍റെ ഒരു സുഹൃത്ത് പറഞ്ഞു കല്യാണം കഴിക്കുന്നതൊന്നുമല്ല വിജയത്തിന്‍റെ മാനദണ്ഡമെന്ന്.
പണ്ട് MA യ്ക്ക് പഠിക്കുമ്പോൾ ഒരു സഹപാഠി പെൺകുട്ടി ചോദിച്ചു ''നീ പെണ്ണുകെട്ടീട്ട് എന്ത് കാട്ടാനാടാ'' എന്ന്. ഇനീം ചോദ്യങ്ങൾ തുടരും. അപ്പോൾ ഈ ലേഖനത്തിന്‍റെ ലിങ്ക് അയച്ചാൽ മതിയല്ലോ എന്ന് കരുതിയാണ് ഈ എഴുത്ത് .
ഒന്നാമതായി WIFE എന്നു വച്ചാൽ Worries Invited For Ever എന്നാണെന്നും Wonderful Instrument for Enjoyment ആണെന്നും ഞാൻ കരുതുന്നില്ല. ഭാര്യയ്ക്കും ഭർത്താവിനും മാത്രമേ പരസ്പരം 'എന്‍റേത്' എന്ന് പറയാൻ സാധിക്കൂ. മറ്റൊരു ബന്ധത്തിലും അങ്ങനെ ഒന്നില്ല.
എന്‍റെ അച്ഛൻ അനുജന്‍റേത്കൂടിയാണ് . അമ്മയും. ഇനി നാളെ എനിക്ക് ഒരു മകൻ ഉണ്ടായാൽ അവൻ എന്‍റെ ഭാര്യയുടേത് കൂടിയാണ്. പഠിപ്പിക്കുന്ന കുട്ടികൾ മറ്റ് അധ്യാപകരുടേത് കൂടിയാണ്. ഭാര്യ/ ഭർത്താവ് എന്ന് പറയുമ്പോൾ അങ്ങനെയല്ല. ഒരാൾ മറ്റേയാൾക്ക് മാത്രമാണ്.
എനിക്കും ജീവിതത്തിൽ എന്‍റേത് മാത്രമായ ഒരാൾ വേണം. അതു കൊണ്ട് ഞാൻ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു.രണ്ടാമത്തെ കാര്യം സാർ കുറച്ച് സൈക്കോളജിക്കലാണ്. ശരിയാണോ എന്നറിയില്ല . ആത്മവിശ്വാസം വളരെ കുറവാണ് എനിക്കെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് ഉയരക്കുറവ് തന്നതാണ്. കുരുട്ട് എന്നൊക്കെ വിളി കേട്ട് വളർന്നതാണ്. മറ്റൊന്നു കൂടി കേട്ടിട്ടുണ്ട്
'' ഈ പൊക്കത്തിൽ വലുതാവുമ്പോ നിനക്കാര് പെണ്ണ് തരും''.പെണ്ണിന് വേണ്ടാത്ത ഒരു ശരീരം. അതുകൊണ്ടാണ് ഈ ശരീരത്തെയും എന്നെയും എനിക്ക് വേണ്ടാതായത്. എന്ത് ചെയ്യാൻ നിനക്കുമ്പോഴും രണ്ട് വിചാരങ്ങൾ. എന്തിനാ ഇതൊക്കെ എന്നും എന്നെക്കൊണ്ട് ഒന്നിനും പറ്റില്ലാ എന്നും. എന്നിലെ മനശാസ്ത്രജ്ഞൻ കരുതുന്നത് ഒരു പെണ്ണു വന്നാലേ ഇത് മാറൂ എന്നാണ്.
സാർ ഇനിയത്തെ കാരണം. അതു പറയാമോ എന്നറിയില്ല. എനിക്ക് നല്ല ഭയമുണ്ട് സാർ. പുറത്താക്കപ്പെടുമോ എന്നും ഒറ്റപ്പെട്ടു പോകുമോ എന്നുമുള്ള ഭയം. എന്നും എന്‍റെ ജീവിതം നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ ചില ശക്തരുണ്ട്. ഒന്നുകിൽ ചതി അല്ലെങ്കിൽ ബലപ്രയോഗം ഇതിലൂടെ ഞാൻ തെരുവിലേയ്ക്ക് ഇറക്കപ്പെട്ടേക്കാം. അതില്ലാതാവണമെങ്കിൽ എനിക്ക് ഒരു കുടുംബം ഉണ്ടാവണം. എനിക്കു വേണ്ടി സംസാരിക്കാനും ആളു വേണം.
ആരേം കുറ്റപ്പെടുത്തുന്നതല്ല. എന്‍റെ ഈ മുപ്പത്തിമൂന്ന് വർഷത്തിനിടയിൽ care എന്ന കാര്യം ലഭിച്ചിട്ടില്ല. വീട്ടിൽ എല്ലാവർക്കും വേണ്ടി ഭക്ഷണം വയ്ക്കുന്നു. അതിലൊരോഹരി എനിക്കും ലഭിക്കുന്നു. എന്‍റെ ഇഷ്ടം എന്താന്ന് ആരും തിരക്കാറില്ല. മറ്റുള്ള എല്ലാവരുടേയും കാര്യങ്ങൾ നിറവേറ്റപ്പെട്ടതിനു ശേഷം എന്‍റെ കാര്യങ്ങൾ നടക്കുന്നു. അതിനൊരു മാറ്റം വരണം. അതിന് എനിക്കൊരു ഭാര്യ വേണം.
സ്നേഹിക്കുവാൻ എനിക്കും ആഗ്രഹമുണ്ട്. പ്രണയം എന്‍റെ മനസ്സിലുമുണ്ട് . സ്കൂൾ കോളേജ് സമയത്തൊക്കെ പെൺകുട്ടികളുടെ മുഖത്ത് നോക്കാൻ ഭയമായിരുന്നു. ഭയം മാറി വന്നപ്പോൾ ''കാക്കയ്ക്ക് വായ്പ്പുണ്ണ്'' എന്ന അവസ്ഥയായി സാർ. പിന്നെ എന്‍റെ ഒരു ഐശ്വര്യം വച്ച് ഒരു പെണ്ണിനെ ഒന്ന് നോക്കിയാൽ മതി അടുത്ത ആഴ്ച്ച അതിന്‍റെ കല്യാണമുണ്ണാം. അതു കൊണ്ട് വിവാഹശേഷം പ്രണയിക്കാം എന്ന് അങ്ങ് കരുതി. അത് തെറ്റാണോ ?
പിന്നെ നളചരിതത്തിലെ കാട്ടാളന്‍റെ അവസ്ഥയാണ് സാർ ഇപ്പോ. എപ്പോഴാണ് ഭസ്മമാകുന്നത് എന്നറിയില്ല. കാട്ടാളനും കലിയും ഞാനും എന്ന ഒരു കുറിപ്പ് പിന്നാലെ വരുന്നുണ്ട്. നളചരിതം ഒന്നൂടെ വായിക്കണം.
അവസാനത്തെ കാരണം. ങ്ഹാ അതിപ്പം കേട്ടു സുഖിക്കണ്ട. പ്രായം ഒത്തിരി ആയില്ലേ. നാണം ഇല്ലല്ലോ ഇതൊക്കെ ചോദിക്കാൻ. അയ്യേ.....!
ഇതെല്ലാം മോഹങ്ങളാണ് സാർ വെറും മോഹങ്ങൾ. ഒരു അനാഥന്‍റെ മോഹങ്ങൾ ഒരു വികലാംഗന്‍റെ സ്വപ്നങ്ങൾ. ഞാൻ പഠിച്ചത് വെറുതേ, എഴുതുന്നത് വെറുതേ, എന്തിന് ജീവിക്കുന്നതു പോലും വെറുതേയാണ് എന്ന് തോന്നുന്നു. കാരണം നമ്മുടെ ജീവിതം കൊണ്ട് നമ്മുടെ ശാരീരികവും മാനസികവുമായ വാഞ്ഛകളെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണ് ഓരോന്ന് ചെയ്യണത്. ഒരു വികലാംഗനാണ് ഞാൻ വലിയ പത്രാസ്സുള്ള ജോലിയില്ല. രക്തം കൊണ്ട് മാത്രം ബന്ധമുള്ള കുറേ പേരുണ്ടെങ്കിലും ആത്മബന്ധമുള്ള ആരുമില്ല. ആർക്കും വേണ്ടാത്ത എഴുത്ത്, വായന ഇങ്ങനെ കുറേ ദുശ്ശീലങ്ങൾ. ഒരു പെണ്ണിനെ ആഗ്രഹിക്കുന്നത് തെറ്റും വിവാഹം ചെയ്യാനാഗ്രഹിക്കുന്നത് മഹാപാപവും ആകുന്നു.
ഞാനറിയുന്നു സാർ ഈ ജീവിതം എന്‍റെ കൈവിട്ടു പോകുന്നത്
സ്നേഹപൂർവ്വം
അനു പി
--- നെല്ലിമരച്ചോട്ടില്‍
2 comments:
Nalla vaayana
നെല്ലിമരച്ചോട്ടിലെ പ്രിയ സുഹൃത്തേ....
കുറവുകൾ എല്ലാവർക്കും ആവോളമുള്ള സ്വത്താണ്. ചിലർക്കത് പുറമേ മറ്റ് ചിലർക്ക് ഉള്ളിലും.... പ്രണയ സുരഭിലവും കാവ്യ കാല്പനികതയും നിറഞ്ഞ തന്റെ ജീവിതപ്പാതയിലൂടെ കയ്യും മെയ്യും ചേർന്ന് നടക്കാൻ എത്രയും വേഗം ഓള് വന്നണയട്ടെ എന്നാശംസിക്കുന്നു... എഴുത്ത് ഗംഭീരം
Post a Comment