Jayan Pothencode :: പ്രണയത്തിന്‍റെ കടല്‍ച്ചുഴികള്‍

Views:



പ്രണയത്തിന്‍റെ കടല്‍ച്ചുഴികള്‍

പ്രണയത്തെ അതിന്‍റെ എല്ലാ തീവ്രതയോടെയും അടയാളപ്പെടുത്തുന്ന കവിതകളാണ് ശ്രീ സിദ്ദിഖ് സുബൈറിന്‍റെ ‘അഴിയാമഷി’ എന്ന കവിതാ സമാഹാരം.  പ്രണയ കവിതകള്‍ക്കുവേണ്ടിയാണ് കവി തന്‍റെ തൂലിക കൂടുതലും ചലിപ്പിച്ചിരിക്കുന്നത്.  കണ്ണുനീരായും മന്ദസ്മിതമായും പ്രണയത്തിന്‍റെ സൗന്ദര്യം നമുക്ക് ഈ കവിതകളില്‍ കാണാം.  ഒരുപക്ഷെ ‘പ്രണയത്തിന്‍റെ കടല്‍ച്ചുഴിയില്‍’ അകപ്പെട്ടുപോയ കവിയുടെ ജീവിതമാകാം ഈ കവിതകളില്‍.

പ്രണയത്തിലാണ് മനുഷ്യന്‍റെ ജീവിതം അനര്‍ഗളമായി പ്രവഹിക്കുന്നത്.  സാക്ഷാല്‍ പരമശിവന്‍പോലും പാര്‍വ്വതിയുടെ പ്രണയത്തിന് അടിമയായിരുന്നു. ‘പ്രണയം കൊണ്ടും ഘോരതപസ്സുകള്‍ കൊണ്ടും നീ എന്നെ വിലയ്‌ക്കെടുത്തിരിക്കുന്നു’എന്നാണ് കുമാരസംഭവകാവ്യത്തില്‍  പറയുന്നത്.

ജീവിതം സുന്ദരമാണ്, അതിന്‍റെ മധുവാണ് പ്രണയവും രതിയുമെന്ന് നിത്യകാമുകിയായ മാധവിക്കുട്ടി എഴുതിയിട്ടുണ്ട്.  ‘നീ ഉപേക്ഷിച്ചുപോയ ലോകമാണ് ദയനീയമെന്ന്’ കുമാരനാശാന്‍, നളിനിയിലും പറയുന്നു.
കവികളുടെ പേനയില്‍ നിന്നും പ്രണയത്തിനുവേണ്ടി ഒഴുകിയ അത്രയും മഷി മറ്റൊന്നിനു വേണ്ടിയും ചെലവഴിച്ചിട്ടുണ്ടാവില്ല.
ചെറുതും വലുതുമായ 24 കവിതകളുടെ സമാഹാരമായ ‘അഴിയാമഷി’- യുമായി  സിദ്ദിഖ് നമ്മുടെ കാവ്യപാരമ്പര്യത്തിലേയ്ക്ക് കടന്നു വന്നിരിക്കുന്നു. ‘അഴിയാമഷി’ പോലെ പ്രണയവും തന്‍റെ ഹൃദയത്തില്‍ പതിഞ്ഞതായി കവി പറയുന്നു.

തെരഞ്ഞെടുക്കുന്നതിന്‍ ചിഹ്നമായി,
കരള്‍വിരള്‍ത്തുമ്പില്‍പ്പതിഞ്ഞുനീയും,

പക്ഷേ

അഴിയാമഷിയായി പടരുമെന്നോതിയ
പ്രണയവും മാഞ്ഞുമറഞ്ഞു പോകും

അപ്പോഴും

മഷിയാഴമഴിയില്ല,കാലമെത്ര
മുഷിവേറ്റിയാലും വിളങ്ങിടും നീ...

എന്ന് എഴുതുമ്പോള്‍ കവിയിലെ കാമുകനെ, അവന്‍റെ തീരാത്ത മോഹങ്ങളെ നമുക്കീ കവിതയില്‍ കാണാം.

മൂന്നു പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിലാണ് കവിത എഴുതിത്തുടങ്ങിയതെന്ന് സിദ്ദിഖ് പറയുന്നു.  പിന്നെ അത് അനര്‍ഗളപ്രവാഹമായി, ശക്തമായ കുത്തൊഴുക്കായി മാറി.

മൂപ്പതിറ്റാണ്ടു ഞാന്‍ കാത്തിരുന്നു,
നീയുണര്‍ന്നുള്ളിലും കവിതമൂളാന്‍,
ജീവന്‍ തുളുമ്പിടും നാദമായി,
തൂലികത്തുമ്പില്‍ തുടിച്ചു പാടാന്‍...

ഉള്ളില്‍ തുളുമ്പിയ പ്രണയത്തേയും, വികാരത്തേയും ആര്‍ജ്ജവം തുടിക്കുന്ന വാക്കുകളില്‍ സിദ്ദിഖ് ആവിഷ്‌കരിച്ചിരിക്കുന്നു. കവി ഒരു പ്രണയത്തടവുകാരനായി മാറുന്ന കാഴ്ചയും ഈ പ്രണയമൊഴികളില്‍ നമുക്ക് കാണാം.

തന്‍റെ ഹൃദയത്തില്‍ തറച്ച പ്രണയത്തിനോടാണ് കവിക്ക് കൊതി...

വേദനിച്ചു
പിടിച്ചുലച്ചു.
പിഴുതെറിയാന്‍
കുതറിമാറാന്‍
കാരണങ്ങള്‍ കണ്ടെത്താന്‍
കഴിയുന്നില്ലവന്.
ഇന്ന്, തറച്ച ആ വേദനയാണ്
അവന്‍റെ തീരാത്ത കൊതി  (കൊതി)

പ്രണയത്തോളം ഹൃദ്യമായ മറ്റൊരു വികാരവുമില്ലെന്ന് കവി ഈ വരികളിലൂടെ സൂചിപ്പിക്കുന്നു.

ചോര തീരും നാള്‍ വരെ കുറിക്കാന്‍
വേറെ മഷി
വേണ്ട പ്രിയേ...  (മഷി)

സ്‌നേഹം നല്‍കലാണ് ജീവിതമെന്നും സ്‌നേഹിക്കുമ്പോഴേ ജീവിതമാകൂ എന്നും കവി പറയുന്ന വരികള്‍. വാക്കുകള്‍ കൊണ്ട് പ്രണയവും സ്‌നേഹവും കൊയ്‌തെടുക്കാനുള്ള സിദ്ദിഖിന്‍റെ മിടുക്കും ഈ കവിതയിലുണ്ട്.

നിനയ്ക്കാത്ത കുത്തൊഴുക്കായി
ചങ്കിന്‍ വാതില്‍ തകര്‍ത്തവള്‍,
ആഴത്തിലാഴ്ത്തും ചക്രച്ചാല്‍,
പ്രളയ പ്രണയമാണു നീ (പ്രളയം)

പ്രണയം പ്രളയമായി മാറുന്ന കാഴ്ചയും നാലുവരിയില്‍ സിദ്ദിഖ് കാണിച്ചു തരുന്നു.

ഓര്‍ത്തോര്‍ത്തെടുക്കുന്നൊ-
രോര്‍മകള്‍ക്കൊക്കെയും
നിന്‍ ഗന്ധം...
  കണ്ടു കണ്ടടുക്കും
കാഴ്ചകള്‍ക്കൊക്കെയും
നിന്‍ പൊന്‍മുഖം...    (നീയായിത്തീര്‍ന്നൊരെന്‍ മനം)

എന്നെഴുതുമ്പോള്‍ കവിയിലെ കാമുകനെ, അവന്‍റെ തീരാത്ത മോഹങ്ങളെ നമുക്ക് വായിച്ചെടുക്കാം.

രാവിന്‍റെ കംബളം
മൂടുമ്പോളെന്നെയും,
രാക്കുയില്‍ ഗീതമായ്
  മൂളിയോള്‍ നീ...     (പ്രണയ യാത്ര)

നിനവിലും കനവിലും കരുണയും തണലുമായി പ്രണയിനി സദാ തന്നോടൊപ്പം ഉണ്ടാകണമെന്നാണ് കവിയുടെ ആഗ്രഹം.  അവളുടെ പാട്ടുകേട്ട് ഉറങ്ങാനാണ് കവിക്കിഷ്ടം. പ്രണയിനിയെ പുണരാന്‍ കൊതിക്കുന്ന അക്ഷമനായ കാമുകനെ നമുക്കീ കവിതയില്‍ കാണാം.

ഏതോ ഒരു നഷ്ട പ്രണയത്തെ കുറിച്ചാണ് ‘നീയാണെനിക്കു പെണ്ണ്’ എന്ന കവിതയില്‍ കവി പരാമര്‍ശിക്കുന്നത്.  ഓര്‍മ്മകളില്‍ ഇപ്പോഴും ആ കാമുകി നിറഞ്ഞു നില്‍ക്കുന്നു. തന്‍റെ അവസാന കാലം വരെയും ആ പ്രണയിനിയെ ഓര്‍ക്കുമെന്നുള്ള സൂചനയും നല്‍കുന്നു.

പരിഭവം ചൊല്ലി നീ പോയതെന്തേ ?
പിരിയുവാനാകാതടുത്തതല്ലേ ?
മുത്തിനു വേണ്ടി ഞാന്‍ കാത്തിരിക്കും
മുത്തുപോലുള്ളില്‍ ഞാന്‍ കോര്‍ത്തുവയ്ക്കും...

പ്രണയിനിയെ പ്രാപിക്കാനുള്ള കവിയുടെ ആഗ്രഹത്തെയും നമുക്കീ കവിതയില്‍ കാണാം.

നീ കരള്‍ നീറ്റിടും
വേദനയെങ്കിലു
മെന്‍ ജ്വലനത്തിലി-
ന്നൂര്‍ജ്ജമാകാം  (നീറ്റിടും വേദന)

നിന്‍റെ ചിത്രം ഒന്നു മായ്ക്കാന്‍,
മേധ തുനിയുമ്പോള്‍
നിറമേഴും ചാര്‍ത്തിടും നീ
പ്രാണ മഴവില്ല്, എന്‍റെ
പ്രണയ മഴവില്ല്...    (നമ്മള്‍ കവിതയാകുന്നു)

അവളാണെന്‍ ജീവിത-
ചാരുത ധന്യത,
അവളാണെന്നാനന്ദ
പ്രണയ പ്രവാഹം... (പ്രണയാനന്ദം)

ഈ കവിതകളിലെല്ലാം തെളിയുന്നത് പ്രണയാതുരനായ കാമുകനെയാണ്.  പ്രണയത്തോളം മറ്റൊരു വികാരവുമില്ലെന്ന് കവി ഈ വരികളിലൂടെ സൂചിപ്പിക്കുന്നു.

പ്രണയ കവിതകള്‍ എഴുതുന്നതോടൊപ്പം മറ്റു വിഷയങ്ങളിലേയ്ക്കും തന്‍റെ തൂലിക ചലിപ്പിക്കാന്‍ കഴിയുമെന്ന് സിദ്ദിഖ് കാട്ടിത്തരുന്നു. സാമൂഹിക പ്രതിബദ്ധത ഏറെയുള്ള ഒരു വിഷയത്തെയാണ് സിദ്ദിഖ് ‘കാലടിപ്പാടുകള്‍’ എന്ന കവിതയിലൂടെ ഉന്നയിക്കുന്നത്.

ജീവിതം ചാരുകസേരയിട്ടു
കാവലാ,യുമ്മറത്തിണ്ണ സാക്ഷി..
മങ്ങിയ കണ്ണിന്നകത്തു കാണും
മങ്ങാത്തൊരുന്മാദത്താളമേളം

വീടിന്‍റെ ഏകാന്ത തളങ്ങളില്‍ പിടഞ്ഞൊളിക്കാനുള്ളതല്ല വാര്‍ദ്ധക്യമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ കവിത. വൃദ്ധ ജനങ്ങളെ പാടെ അവഗണിക്കുന്ന പുതു തലമുറയ്‌ക്കെതിരെയുള്ള പ്രതികരണം കൂടിയാണ് ഈ കവിത.

ഇല്ല വാപ്പച്ചിയെപ്പോല്‍ മറ്റൊരാള്‍,
ഉള്ളതുണ്ടുള്ളത്തിലെഴും
സ്‌നേഹ വായ്പറിയാതെ
പോയവന്‍ ഞാനും.

കരുതലും കരുത്തും നിറയുന്ന വാപ്പച്ചിയുടെ സ്‌നേഹം കവി ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നു.  കവിതയുടെ അവസാന ഭാഗത്ത് അച്ഛന്‍റെ പേരു കൂടി ചേര്‍ത്താണ് കവി ആ സ്‌നേഹരൂപത്തെ മാറോട് ചേര്‍ക്കുന്നത്.  ഒപ്പം വാര്‍ദ്ധക്യ കാലത്തെ ഒറ്റപ്പെടല്‍ എന്ന തോന്നല്‍ നീക്കി പിതാവിനെ സ്‌നേഹത്തലോടലായി  കാത്തുകൊള്ളുമെന്നും കവി അടിവരയിട്ടു പറയുന്നു.

എന്‍ പേരിനൊപ്പം ഞാന്‍,
നിന്‍ പേരു ചേര്‍ത്തു,നിന്‍
അന്‍പിനെ,യെന്നെന്നും ഓര്‍ത്തണയ്ക്കും.

കൃഷ്ണനോടുള്ള കവിയുടെ മനോഭാവം  ‘പീലി’  എന്ന കവിത കാട്ടി തരുന്നു.

പീലി നീ ചൂടി വന്നെന്‍ മനക്കണ്ണിലെ-
പീലിതന്‍ കാടായി ചേര്‍ന്നു നിന്നൂ.
.....................................................................
അന്നുതൊട്ടിന്നോളം കാണാന്‍ കൊതിച്ചതും
പൂര്‍ണ്ണശ്രീയാകും നിന്‍ മേനി മാത്രം!...
.......................................................................
ഇനിയുള്ള നാളുകളൊക്കെയും നിന്നെ ഞാന്‍
ഓര്‍ത്തോര്‍ത്തു മാറോടു ചേര്‍ത്തണയ്ക്കും...

ഭാരതീയരുടെ കാവ്യ സങ്കല്പങ്ങളില്‍ ഏറ്റവും ജനപ്രിയമാര്‍ന്നത് കൃഷ്ണ സങ്കല്പമാണ്.  ഏറ്റവുമധികം മാനുഷഭാവം പുലര്‍ത്തിയ സങ്കല്പവും കൃഷ്ണന്‍ തന്നെ. അങ്ങനെയുള്ള കൃഷ്ണനെ കണികണ്ടുണരാനാണ് കവിക്ക് മോഹം .

തോരാമഴയും തോരാ കണ്ണീരുമായി ഓണം മാറിയ കാഴ്ച ‘ഓണപ്പുലരിയില്‍’ എന്ന കവിതയിലൂടെ സിദ്ദിഖ് സാക്ഷ്യപ്പെടുത്തുന്നു.

ഉറ്റവര്‍ , കൂടപ്പിറപ്പുകള്‍, കൂട്ടമായാര്‍-
ത്തൊലിച്ചാര്‍ത്തരായ്, മണ്ണടിഞ്ഞു,
കുത്തൊഴുക്കൊക്കെയും കൊണ്ടുപോയെങ്കിലും
പൂക്കളമായവര്‍ പൂത്തു നില്‍ക്കും.   (‘ഓണപ്പുലരിയില്‍’)

ജാതി മത വൈരങ്ങളെ തള്ളി മാറ്റി മനുഷ്യര്‍ ഉജ്ജ്വലമായ മാനവികത ഉയര്‍ത്തിപ്പിടിച്ച നാളുകളായിരുന്നു പ്രളയകാലം.  ഏത് പ്രതികൂല അവസ്ഥകളേയും നിശ്ചയദാര്‍ഢ്യം ഉള്ള കേരളജനത മറികടക്കുമെന്നും കവി സൂചിപ്പിക്കുന്നു. കോര്‍ത്തുപിടിച്ച വിരലുകള്‍ ചേര്‍ത്ത് ഏതു മഹാപ്രളയത്തിലും കനിവിന്‍റെ പുതിയ കേരളം ഉയര്‍ത്താമെന്ന് കവി പ്രതീക്ഷിക്കുന്നു.

പ്രണയം നോവായി മാറുന്ന കാഴ്ച ‘ജ്വലനം’ എന്ന കവിതയില്‍ കാണാം. വര്‍ത്തമാനകാല പ്രണയങ്ങളില്‍ പെണ്‍കുട്ടികള്‍ കാമുകന്മാരുടെ കൊടും ക്രൂരതകള്‍ക്ക് ഇരയാകേണ്ടി വരുന്ന കാഴ്ച കവി രേഖപ്പെടുത്തുന്നു.

ആത്മാര്‍ത്ഥ സ്‌നേഹത്തിനില്ല കാമം,
ആത്മാവ് തൊട്ടെഴും ശുദ്ധ രാഗം,
കരളകത്തിന്‍ തീവ്ര ജ്വലനമാണ്
പെട്രോളിനാവില്ല തീ കൊളുത്താന്‍...

ഹിംസയും സ്ത്രീപീഡനവും നിരന്തരം ആവര്‍ത്തിക്കുന്ന ഈ കെട്ടകാലത്തെ സാമൂഹികാന്തരീക്ഷം കവിഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നു. പ്രണയത്തിന്‍റെ പേരില്‍ പെണ്‍കുട്ടികളെ പെട്രോള്‍ ഒഴിച്ചു കത്തിക്കുന്ന കാമുകന്മാര്‍ക്കുള്ള ചുട്ട മറുപടിയാണ് ഈ കവിത.  ഈ ചെറു കവിത നമ്മെ അമ്പരപ്പിക്കുക മാത്രമല്ല നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു.

‘കവിതയെ പ്രണയിച്ചതിന്’ എന്ന കവിതയില്‍ തന്‍റെ സര്‍ഗ്ഗശേഷിയെ വെറുപ്പോടെ കണ്ട ലോകരോട്  കവി ഇപ്രകാരം പറയുന്നു.

അണകെട്ടിയാറു തടഞ്ഞു വച്ചാല്‍
അലകടല്‍ നീയിങ്ങിരമ്പിയെത്തും
പിന്നെ,
കാളും പകയോടെ നോക്കി ലോകര്‍
കവിയെ കപിയെന്നു വേറെയാള്‍ക്കാര്‍-
കവിയെ കപിയെന്ന് വിളിക്കുന്നവരോട് പറയുന്നു
കരുത്തില്ലെതിര്‍ക്കുവാനുള്ളതെന്തെന്‍
പരുക്കേറ്റു പാടുമീ,പ്പേന മാത്രം
ശേഷം
അതിലൂറും മഷിയുടെ ശക്തി കണ്ടോര്‍
മതികെട്ടു സാദരം ചേര്‍ന്നു നിന്നൂ...
മനസ്സില്‍ നിന്നും ആട്ടിയോടിക്കേണ്ട ഒരു ദുര്‍ഭൂതമാണ് അസൂയ.

അഴിയാമഷി’യിലെ എല്ലാ കവിതകളിലേയ്ക്കും  കയറി ചെല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അക്ഷര വെളിച്ചം തേടിയുള്ള ഒരു കവിയുടെ യാത്രകളുടെ  ശുദ്ധമായ ആവിഷ്‌കാരമാണ് ഈ കവിതകള്‍.  കൊച്ചു വാക്കുകള്‍ കൊണ്ട്  വലിയ ലോകം തീര്‍ക്കുന്നുണ്ട് സിദ്ദിഖ് .  ആഖ്യാനത്തിന്‍റെ  ചാരുതകൊണ്ടും അനുഭവത്തിന്‍റെ തീഷ്ണത കൊണ്ടും  വായനയുടെ പുതുലോകം കാട്ടിത്തരുന്ന കവിതകളാണ് സിദ്ദിഖിന്‍റേത്. സര്‍ഗ്ഗ സൃഷ്ടിയുടെ പ്രസന്നതയും  പുതുമയും ഇതിലെ ഓരോ കവിതയിലും ഉണ്ട്.

കാവ്യസദസ്സുകളില്‍ സിദ്ദിഖ് ഇന്ന് നിറസാന്നിദ്ധ്യമാണ്. താളനിബദ്ധമായ കവിതകള്‍ എഴുതുവാനും ശബ്ദസൗന്ദര്യത്തോടുകൂടി അവ ആലാപനം ചെയ്യാനും സിദ്ദിഖിന് പ്രത്യേക കഴിവുണ്ട്.  പ്രണയത്തെ അതിന്‍റെ എല്ലാ തീവ്രതയോടെയും കവി ‘അഴിയാമഷി’യില്‍ അടയാളപ്പെടുത്തുന്നുണ്ട്.  പ്രണയവും കവിതയും ഒന്നാണ് സിദ്ദിഖിന്. നവമാധ്യമങ്ങളിലൂടെ കവിതയുമായി സിദ്ദിഖ് മുന്നേറുന്നുണ്ട്.  എന്‍റെ പ്രിയ സ്‌നേഹിതന്‍ സിദ്ദിഖിനും ‘അഴിയാമഷിക്കും’ എല്ലാ ഭാവുകങ്ങളും നേരുന്നു.



ജയന്‍ പോത്തന്‍കോട്
കണ്‍മണി ഭവന്‍
പോത്തന്‍കോട്
9446559210








1 comment:

ardhram said...

സന്തോഷം മാത്രം ഈ കരുതൽ സ്നേഹ കരുതൽ