Views:
വാപ്പച്ചി
ഇല്ല വാപ്പച്ചിയെപ്പോൽ മറ്റൊരാൾ,
ഉള്ളതുണ്ടുളളത്തിലെഴും
സ്നേഹവായ്പറിയാതെ
പോയവന്‍ ഞാനും...
പരിക്കുകളേറിടും
ജീവിത പാച്ചിലിൽ,
കാലിടറുന്നൊരു
നേരമൊക്കെ,
ആത്മവിശ്വാസ-
മതൊന്നു കൊണ്ടായിടാം,
ആരോടും തോൽക്കാ-
തിരിപ്പതെന്നും
അറിയാനും പറയാനു-
മുള്ളു തുറക്കാനും
പിടി വാശിയാ-
യന്നു മാറി ഞാനും
വാശിക്കു നാശമാണെ-
ന്നോർത്ത് മെല്ലവേ
കാലിണ ചേർത്തു
വണങ്ങി നിൽക്കെ
ഉൾത്താരുലഞ്ഞു
കലങ്ങിക്കരഞ്ഞു ഞാൻ,
കണ്ണീരുകൊണ്ടന്നു
മാപ്പിരന്നു...
ഇനിയുള്ള നാൾകളിൽ
ആ പിതാവിൻ
മകനായ് തന്നെ ഞാൻ
ചേർന്നു നിൽക്കും,
ജീവനിതുള്ള നാ-
ളൊക്കെയും സത്കർമ്മ-
സാര പ്രതീക്ഷതൻ
പൂ വിരിക്കും.
ഒറ്റപ്പെടലെന്ന തോന്നലു
നീക്കി, ഞാൻ
ചുറ്റിപ്പിടിക്കും നിൻ
ജീവിതത്തെ,
കൂറ്റൻ തിരകൾ തൻ
സ്നേഹത്തലോടലായ്
കാലത്തിൻ മുന്നി-
ലിരമ്പി നിൽക്കും...
എൻ പേരിനൊപ്പം ഞാൻ,
നിൻ പേരു ചേർത്തു, നിൻ
അൻപിനെ,യെന്നെന്നും
ഓർത്തണയ്ക്കും...
No comments:
Post a Comment