Views:
Sudhakaran Chanthavila |
മലയാള കവിതയുടെ വഴി എങ്ങോട്ട് ?
ആര്‍ക്കും കയറി നിരങ്ങാവുന്ന സാഹിത്യര०ഗമായി കവിത മാറി. കവിതയെ മലീമസപ്പെടുത്തിയതില്‍ മുഖ്യപങ്ക് നമ്മുടെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ക്കു തന്നെ. അതില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞുനില്ക്കാനാവില്ല. കവിതയെന്തെന്നറിയാത്തവര്‍ കവിത എഡിറ്റുചെയ്താലുണ്ടാകുന്ന ഗതികേടില്‍ അകവികളായ അധികം പേര്‍ മഹാകവികളായി അംഗീകരിക്കപ്പെട്ടു.
പദബോധമോ ഭാഷാശുദ്ധിയോ ശയ്യാഗുണമോ തുടങ്ങി യാതൊന്നും കാവ്യരചനക്ക് അടിസ്ഥാനഗുണങ്ങളല്ലെന്നുവന്നു.പുതുകവിത.....പുതുകവിത എന്ന ആലങ്കാരികത്വം പറഞ്ഞ് കുറേ അല്പജ്ഞാനികള്‍ അഹങ്കരിക്കുന്നു. ഇന്നുവായിച്ച കവിത...ഇന്നലെ വായിച്ച കവിത....ഈ ആഴ്ച വായിച്ച കവിത എന്നെല്ലാം പറഞ്ഞ് ചില പേരെടുത്ത കവികളും അവരുടെ വാലുതൂങ്ങികളും നിരൂപണത്തിന്‍റെ ബാലപാഠമറിയാത്ത അഭിനവനിരൂപകരും പതിവ് വഴി തുടരുന്നു. സാമൂഹ്യമാധ്യമത്തിലൂടെ എഴുതാനുള്ള സ്വാതന്ത്ര്യമുള്ളതിനാല്‍ ആ സ്വാതന്ത്ര്യത്തെ പരമാവധി ദുരുപയോഗപ്പെടുത്തുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.
സ०ഗീതത്തില്‍നിന്ന്...താളത്തില്‍നിന്ന് നമ്മുടെ കവിതയെ രക്ഷിച്ചു എന്നതാണ് പുതുകവിത ചെയ്ത ഏറ്റവും വലിയ നേട്ടം എന്ന് ഒരു മുഖ്യധാരാമാധ്യമകവി ഈയടുത്തദിവസം ഒരു പുസ്തകപ്രകാശനത്തില്‍ പ്രസംഗിച്ചതു കണ്ടു.
- അതു മാത്രമാണോ കവിതയുടെ വഴി ?
- കവിതയില്ലാതെയുള്ള ജഡസമാനമായ വാക്കുകളണിനിരത്തിയാല്‍ കവിതയാകുമോ ?
- പാശ്ചാത്യര്‍ ഉടുക്കുന്നതുപോലെയും ഉണ്ണുന്നതുപോലെയും മലയാളികള്‍ ആയിത്തീരണമെന്ന ശാഠ്യമെന്തിന് ?
- നമ്മുടെ കവിത നമ്മില്‍ നിന്നാണ് വരുന്നത്. അതു ലോകകവിതയുടെ ഭാഗമാവുമ്പോള്‍ ലോകകവിതയെ അന്ധമായി അനുകരിക്കണമെന്നാണോ പറയുന്നത് ?
ഇപ്പോള്‍ സാങ്കേതികവിദ്യയുടെ വരവോടെ കവിതയെ വെറും പാട്ടുകച്ചേരിയാക്കി കാശുണ്ടാക്കുന്ന കാവ്യാഭാസകരെകൊണ്ട് ഒരുഭാഗത്ത് കോലാഹലം സ്യഷ്ടിക്കുമ്പോള്‍ ആരും വായിക്കാത്ത കവിതകള്‍കൊണ്ട് ബുദ്ധിജീവിനാട്യം കാണിക്കുന്നവര്‍ മറുഭാഗം കയ്യടക്കുന്നു.
ഇവിടെ നശിക്കുന്നത് കവിതമാത്രമാണ്.പ്രിയപ്പെട്ട മാധ്യമസിഡിക്കേറ്റുകവികളേ....മാധ്യമചങ്ങാത്തമുള്ള നിരൂപകരേ.....നിങ്ങള്‍ ആലോചിക്കുക......മലയാള കഥ ഏറെ സമ്പന്നവും സജീവവുമാണിന്ന്. കാരണം മാറുന്ന കഥയിലും കഥ നിലനില്ക്കുന്നു എന്നതാണ്.
കവിതയില്‍നിന്ന് അകന്നുപോയത് കവിതയാണെന്നും ആ കവിതയെ തിരിച്ചുപിടിച്ചാലേ കവിത രക്ഷപ്പെടുകയുള്ളുവെന്നും വേഗത്തില്‍ മനസിലാക്കണം.
ഇല്ലെങ്കില്‍ നല്ല കാവ്യാസ്വാദകര്‍ മുന്‍കാലത്തെ നല്ല കവിതകളിലേക്കുതന്നെ തിരിച്ചുപോകും.ഒന്നോ രണ്ടോ കവിത എഴുതി ഒരുപിടി അവാര്‍ഡും വാങ്ങി അഹങ്കരിക്കുന്നവര്‍ നമ്മുടെ പൂര്‍വകാലപന്ഥാവിലേക്ക് ഒന്നെത്തിനോക്കുക. നിത്യവിസ്മയങ്ങളായ കവിതകളുടെ ഭണ്ഡാരം തന്നെ നമുക്കുണ്ട്. ആ കവിതകള്‍ക്കു മുമ്പില്‍ നാം ആരാണ്....എന്താണ് എന്നു തിരിച്ചറിയാനുള്ള സാമാന്യബോധം കവികള്‍ ആര്‍ജിക്കുക. ക്ലിക്കുകളും ഗ്രൂപ്പുകളും സംഘങ്ങളും കവിതയെ വളര്‍ത്തുന്നില്ല. മറിച്ച് കവികളായി നടിക്കുന്നവര്‍ക്ക് ഇടം കിട്ടുന്നു എന്നുമാത്രം.
(കവിയും ഒരുമ പത്രാധിപരുമാണ് ശ്രീ സുധാകരൻ ചന്തവിള, )
No comments:
Post a Comment