Amithrajith :: മൗനം

Views:



മൗനം

നീയും,
നിന്‍റെ,
അകതാരിലെവിടെയൊ
പാര്‍ക്കുന്ന മൗനവും
ഭീരുവിന്‍റെ ഒളിത്താവളം.

കഴിവുകെട്ട കൈ മലർത്തല്‍
കാര്യപ്രാപ്തമല്ലാത്ത നിസ്സഹായത
ശത്രുവൊരുക്കിയ കുരുക്കില്‍
വാരിക്കുഴിയിൽ കുരുങ്ങി
കരയാന്‍ കഴിയാത്തത്.

വെട്ടി വീഴ്ത്തിയ സത്യങ്ങള്‍
വെടി വെച്ചൊതുക്കിയ 'വിപ്ലവം'
ചവിട്ടിത്താഴ്ത്തിയ ധര്‍മത്തിനരികെ
നീ പാലിച്ചതും, നിന്നിലൊളിപ്പിച്ചതും
നീ, ഒരുക്കിയ ചെളിക്കുണ്ടായിരുന്നു.

വിശന്ന കുഞ്ഞിന്‍റെ
തേങ്ങലുകൾ കേട്ടിട്ടും
വിടര്‍ന്ന പെണ്ണിന്‍റെ
രോദനം കേട്ടിട്ടും
വിലാസമില്ലാത്തവരുടെ
വേദന കണ്ടിട്ടും
നീ,
സൂക്ഷിച്ച ആ മൗനം
നീ,
ഒളിപ്പിച്ച കാപട്യമല്ലാതെന്ത് ?

ശത്രുവിന്‍റെ ശബ്ദഘോഷം
ശതാബ്ദങ്ങളുടെ ചരിത്രം
ശബ്ദമില്ലാത്തവന്‍റെ
വേദനയറിയാതെ, നിന്നിൽ
നീ തന്നെ ഒളിപ്പിച്ച മൗനത്തിനു
നീ പണിത ശവക്കുഴിയല്ലാതെന്ത് ?

അധിനിവേശം വിരിച്ച വല
ആരാച്ചാറൊരുക്കിയ കുരുക്ക്
അതിനിടയില്‍,
അര്‍ത്ഥമറിയാത്ത ഭക്തിയിൽ
ആചാരം തെറ്റാതെ, കാത്തതും
നീ പേറുന്ന അടിമത്വമായിരുന്നോ ?

ഇനിയെങ്കിലും...,
നീ ശബ്ദമാകുക
ഒതുക്കപ്പെടുന്നവര്‍ക്ക്,
ഇന്നെങ്കിലും...,
നീ ഓര്‍മപ്പെടുത്തുക
ഒടുങ്ങിത്തീരാത്തവര്‍ക്ക്,
ഇനിയെങ്കിലും...,
നീ സ്മരിക്കുക
ഒളിക്കാനിടമില്ലാത്ത നാടുകളും
ഓടാന്‍ വഴിയില്ലാത്ത നാളുകളുകളും.





No comments: