Anu P Nair :: ലൗ വിൻസ് റാണി ടീച്ചർ ഫെയിൽസ്

Views:



ലൗ വിൻസ് റാണി ടീച്ചർ ഫെയിൽസ്

കാട്ടുവിള ഗവർൺമെന്റ് യു പി സ്കൂളിന്‍റെ ഗേറ്റിനു മുന്നിൽ രണ്ട് നാല് ആറ് എട്ട് എന്ന ക്രമത്തിൽ ഒരു ആൾക്കൂട്ടം രൂപപ്പെട്ടു . വലിയ കാശ്കാരുടെ മക്കൾ പഠിക്കുന്ന സി ബി എസ് ഇ വിദ്യാലയങ്ങളെപ്പോലെ കൂറ്റൻ ഗേറ്റോ രൂക്ഷമായ നോട്ടവുമായി സെക്യൂരിറ്റിക്കാരനോ ഇല്ലാത്തതിനാൽ ആ സംഘത്തിന് എച്ച് എം ന്‍റെ മുറിയുടെ മുന്നിൽ വരെ എത്താൻ സാധിച്ചു . എച്ച് എം ന്‍റെ മുറി എന്നുപറഞ്ഞാൽ എച്ച് എം നും ആറ് അധ്യാപകർക്കും കൂടിയുള്ള മുറി . ആ മുറി അകത്തു നിന്ന് പൂട്ടപ്പെട്ട നിലയിൽ കാണപ്പെട്ടു .

മുൻകൂർ ജാമ്യമെടുക്കുന്നത് കുറ്റം സമ്മതിക്കുന്നതിന് തുല്യമായ ഏർപ്പാടാണല്ലോ . ഇവിടെ വാതിലും പൂട്ടി അകത്തിരിക്കുന്ന ഈ ഏഴ് മനുഷ്യാത്മാക്കളും സ്വയരക്ഷതേടിയതിനാൽ അറിഞ്ഞതെല്ലാം സത്യം തന്നെയെന്ന് ആൾക്കൂട്ടം ഊഹിച്ചു .

'' ടീച്ചറേ വാതിൽ തുറക്ക്'' പ്രതിപക്ഷ കക്ഷിയുടെ ബ്രാഞ്ച് സെക്രട്ടറി കൂടിയായ സംഘതലവൻ വാതിൽ മുട്ടി .

കുറ്റം ചെയ്തിട്ടു വാതിലും കുറ്റിയിട്ടിരിക്കുന്ന പ്രതികൾക്ക് അത്ര ബഹുമാനമൊന്നും വേണ്ട എന്ന രീതിയിൽ ഒരുവൻ ആക്രോശിച്ചു
'' എറക്കി വിടടീ അവളെ ''
''എട്ടും പൊട്ടും തിരിയാത്ത മക്കളോട് ഇങ്ങനാണോഡീ സംസാരിക്കുന്നത് ''
''ധൈര്യം ഉണ്ടെങ്കിൽ ഞങ്ങളോട് പാറയഡീ''

ഉച്ചയ്ക്കുശേഷം ടീച്ചർമാർ ക്ലാസ്സിൽ ചെല്ലാത്തതുകൊണ്ടും എച്ച് എം ന്‍റെ മുറിയ്ക്കു മുന്നിൽ ഈ ബഹളങ്ങൾ നടക്കുന്നതുകൊണ്ടും   ക്ലാസ്സ് മുറികളിൽ ഉഗ്രമൂർത്തികൾ സ്വൈര്യ വിഹാരം നടത്തി . ചിലർ പുറത്തു ചാടി .
'' മാമോ എന്ത് പറ്റി ?''
അഞ്ച് ഏ യിലെ അശ്വിൻ തന്‍റെ അയൽവാസിയായ കഞ്ചാവ് മോഹനനെ കണ്ടപ്പോൾ ചോദിച്ചു
''നിന്‍റെ ടീച്ചറ്മാരെ കൊറച്ച് വെവരം പഠിപ്പിക്കാൻ '' കഞ്ചാവ് പറഞ്ഞു . ശരിയാ ഇവറ്റകൾക്കിത്തിരി വെവരത്തിന്‍റെ കുറവുണ്ടല്ലോയെന്ന്  ഓർത്തുകൊണ്ട് അശ്വിൻ മൂത്രപ്പുര ലക്ഷ്യമാക്കി നീങ്ങി .

ഈ സമയം ആ മുറിയ്ക്കുള്ളിൽ ഏഴു മനുഷ്യത്മാക്കൾ എച്ച് എം സുധാമണി ടീച്ചറുടെ മേശയ്ക്ക് ചുറ്റും കൂടിയിരുന്നു . പുറത്തെ ബഹളങ്ങൾ മുറുകുമ്പോൾ എല്ലാവരും റാണി ടീച്ചറെ നോക്കി . ടീച്ചറുടെ മനസ്സ് രണ്ട് മണിക്കൂർ മുൻപ് നടന്ന സംഭവങ്ങളിലേയ്ക്ക്  പോയി . ഫ്രീ പിരിയഡ് ആയിരുന്നു .
**********************************
ഭർത്താവിന്‍റെ അനുജൻ ഗൾഫിൽ നിന്ന് വന്നപ്പോൾ സമ്മാനിച്ച സാരിയുടെ മാഹാത്മ്യം ഗസ്റ്റ് അധ്യാപികയായ മഞ്ജിമയോട് വിവരിക്കുകയായിരുന്നു ടീച്ചർ . അപ്പോഴാണ് വാതിക്കൽ നിന്നൊരു വിളി
'' ടീച്ചറേ..''
ഏഴാം ക്ലാസ്സിലെ കാർത്തികയും ലക്ഷ്മിയുമാണ് . ലക്ഷ്മിയുടെ മുഖം കടന്നൽ കുത്തിയ പോലുണ്ട്
''എന്താ പിള്ളേരേ ''
'' ടീച്ചറെയല്ല മഞ്ജിമ ടീച്ചറെയാ''
ചെറുതായൊന്ന്  ചമ്മി . ഇപ്പ വരാം ടീച്ചറേ എന്ന് പറഞ്ഞ് മഞ്ജിമ പിള്ളേരുടെ അടുത്തേയ്ക്ക് പോയി . അവർ മാറി നിന്ന് എന്തോ സംസാരിക്കുന്നു . മഞ്ജിമ പോയതിനെക്കാൾ വേഗത്തിൽ തിരിച്ചെത്തി .
'' ടീച്ചറേ പ്രശ്നം അൽപ്പം സീരിയസാണ് ''

ങ്ഹും പെണ്ണ് ചാടി തുള്ളി പോയപ്പോ എന്തായിരുന്നു . എക്സ്പീരിയൻസ് ഉള്ളവരെ ബഹുമാനിക്കാൻ പഠിക്കടീ എന്ന് മനസ്സിൽ പറഞ്ഞു .

മുഞ്ജിമ പ്രശ്നം പറഞ്ഞു . സത്യത്തിൽ കണ്ണു തള്ളിപ്പോയി . ഏഴാം ക്ലാസ്സിലെ സൂരജ് ലക്ഷ്മിയുടെ മുലയ്ക്ക് പിടിച്ചത്രെ .
'' വിളിക്കവനെ ''
മഞ്ജിമ പ്രതിയെ പൊക്കാൻ ക്ലാസ്സിലേയ്ക്ക് പോയി .
അഞ്ച് മിനിട്ടിനുള്ളിൽ പ്രതിയായ സൂരജും സാക്ഷികളായ സൽമാനും സനിത്തും ഹാജരാക്കപ്പെട്ടു .
'' ഞാൻ പിടിച്ചു ടീച്ചറെ '' സൂരജ്  സമ്മതിച്ചു .
''അവളെന്‍റെ ലൗവ്വറാ ടീച്ചർ''

കണ്ണു തള്ളാൻ ടീച്ചർമാർക്ക് ഒന്നല്ല ഒരായിരം കാരണങ്ങൾ !!
പാവം പയ്യൻ . ഇപ്പോഴത്തെ സിനിമകളും സീരിയലുകളുമൊക്കെ കണ്ട് ഇങ്ങനെയൊക്കെ പറയുകേം ചെയ്യുകേം ചെയ്യുന്നതാണ് . നല്ല ഒരു കൗൺസലിങ് നൽകാം . എല്ലാം സൂരജ് കേട്ടു നിന്നു. ഒടുവിൽ ഇങ്ങനെ ഉപസംഹരിച്ച് അവരെ പറഞ്ഞു വിട്ടു .

''എന്തായാലും ഇനി പെൺകുട്ടികളുടെ  ശരീരത്തിൽ  തൊടരുത് . വലിയ കുട്ടികളായി  . പെൺ പിള്ളേരെ ഉപദ്രവിച്ചാ ജയിലിലാ ''

*****************************""

'' ടീച്ചറെ പോലീസിനെ വിളിച്ചാലോ'' സംസ്കൃതം ടീച്ചർ ചോദിച്ചു .
എച്ച് എം പല്ലിറുമ്മി .
''ഞാനെന്തു ചെയ്തിട്ടാ'' എന്ന് റാണി ടീച്ചർ ആവലാതിപ്പെട്ടു .
''ദേ ടീച്ചറെ ഇതു നോക്കിയേ''
മഞ്ജിമ തന്‍റെ ഫോൺ എച്ച് എം നു കൊടുത്തു .
ഞെട്ടൽ .
'' പന്ത്രണ്ടു വയസ്സുകാരന് ടീച്ചർ കാമശാസ്ത്രം ഉപദേശിച്ചു'' ഒരു ഫേസ് ബുക്ക് പോസ്റ്റാണ് . 250 ലൈക്കുകൾ 28 ഷെയറുകൾ 203 കമന്റുകൾ .
കാട്ടുവിള യു പി എസിലെ അധ്യാപിക റാണി കുട്ടികളെ വഴിതെറ്റിയ്ക്കുന്നു . ആൺ കുട്ടികളോട് പെൺകുട്ടികളുടെ ശരീരഭാഗങ്ങളെ കുറിച്ച് പറഞ്ഞ് ഇവർ ഒരു തലമുറയെ നശിപ്പിക്കുന്നു . ഇങ്ങനെയുള്ളവള് മാര് പഠിപ്പിക്കുന്ന ഗവർൺമെന്റ് സ്കൂളുകൾ അടച്ചു പൂട്ടുക

എച്ച് എം പോസ്റ്റ് റാണി ടീച്ചറെ കാണിച്ചു . ടീച്ചർ തല കറങ്ങി വീണ അതേ സമയം തന്നെ എച്ച് എമ്മിന്‍റെ ഫോൺ ചിലച്ചു . എ ഇ ഓ കാളിങ് ..
വാതിൽ പൊളിഞ്ഞു വീഴുന്നു ...

**********************
റാണി ടീച്ചറിന്‍റെ ഉപദേശം കേട്ട ശേഷം സൂരജ് , സൽമാൻ സനിത്ത് എന്നിവർ പുറത്തേയ്ക്ക് വന്നു . അപ്പോൾ ദാ നിൽക്കുന്നു . സനിത്തിന്‍റെ അഛൻ . മോനുള്ള ചോറുമായി വന്നതാണ് പാവം . സനിത്ത് അഛന്‍റെ അടുത്തേയ്ക്കും  മറ്റുള്ളവർ ക്ലാസ്സിലേയ്ക്കും .

'എന്തിനാ ഓഫീസിൽ പോയത് നീ ' ആ പിതാവ് തിരക്കി . താൻ സൂരജിന് കൂട്ടുപോയതാണെന്നും അവനെ റാണി ടീച്ചർ വിളിപ്പിച്ചതാണെന്നും അവൻ അഛനോട്  പറഞ്ഞു .

''അവനെ എന്തിനാ വിളിപ്പിച്ചത് '' എന്ന് ആ പിതാവ് ചോദിച്ചു .
'' അതോ അത് പിന്നെ ... പെൺപിള്ളേരുടെ ചന്തീലും മൊലേലും ഒക്കെ പിടിക്കുമ്പോ സൂക്ഷിക്കണം എന്ന് പറയാൻ '' സനിത്ത് പറഞ്ഞു .

ആ പിതാവ് ഞെട്ടി . ഇങ്ങനെ ഒള്ളവള്മാരാണോ തന്‍റെ മകനെ പഠിപ്പിക്കുന്നത് . പ്രതികരിക്കണം . അയാൾ ആവേശത്തോടെ  പുറത്തേക്ക്  കടന്നു . ഒന്നു രണ്ടാളേം കൂട്ടി പ്രതിപക്ഷ പാർട്ടീടെ ഓഫീസിലെത്തി . യൂണിറ്റ് പ്രസിഡൻറുമായി കാര്യങ്ങൾ ചർച്ച ചെയ്തു .

'' അടിച്ചു തകർത്തേക്കാം എല്ലാം . അവന്‍റെ മേഡ ഒരു പൊതു വിദ്യാഭ്യാസം '' പ്രസിഡന്റ് ഉത്തരവിറക്കി

***************************
പിറ്റേ ദിവസം . 5 A (ഇന്നലെ വരെ റാണി ടീച്ചർ ക്ലാസ്സ് ടീച്ചറായിരുന്ന ക്ലാസ്സ് .)
ആദ്യ പിരിയഡ് . ടീച്ചർ ഇനിയും വന്നിട്ടില്ല .

''ഡാ ടീച്ചറ് ഇന്ന് വരത്തില്ലേ ?''
വിശ്വജിത്ത് അശ്വിനോട് ചോദിച്ചു .

' അപ്പോ നീ അറിഞ്ഞില്ലേ . ടീച്ചർ ഇനി വരില്ല . ടീച്ചറെ പുറത്താക്കി '

''അതെന്തിന് ?''

'' അത് ആ ഏഴാം ക്ലാസ്സിലെ ലക്ഷ്മി ചേച്ചിയും സൂരജ് അണ്ണനും ലവേഴ്സ് ആയിരുന്നു. അണ്ണൻ ചേച്ചീട മൊലയ്ക്ക് പിടിച്ചു . ടീച്ചറ് വഴക്ക് പറഞ്ഞു . അതു കൊണ്ട് ടീച്ചറെ മന്ത്രി ഡിസ്മിസ് ചെയ്ത് ''

''അതേതായാലും നന്നായി . ലവേഴ്സ് ആകുമ്പോ മുലേൽ പിടിക്കുമെന്നറിയാൻ പാടില്ലാത്ത  ടീച്ചറ് നമുക്കെന്തിനാ ?''


--- നെല്ലിമരച്ചോട്ടില്‍




No comments: