Views:
സ്നേഹവും കടപ്പാടും ബാക്കി
ബഹുദൈവവിശ്വാസവും വിഭിന്നങ്ങളായ ആരാധനാരീതികളും ജീവിത സമ്പ്രദായങ്ങളും ആചാരങ്ങളും വ്യത്യസ്ത വേഷഭാഷാഭൂഷാദികളും ഒക്കെയുൾക്കൊള്ളുന്ന സാംസ്കാരിക ദേശീയതയാണ് നമ്മുടെ പാരമ്പര്യത്തിന്‍റെ ഉള്‍ക്കരുത്ത്. അത് എകശിലാമതങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും പോലും സ്നേഹത്തോടെ സ്വീകരിച്ചു പരിപോഷിപ്പിക്കുന്നു.
അധിനിവേശമോഹവുമായെത്തിയ പലരും പലതും നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിൽ സർവാത്മനാ ലയിച്ചു ചേർന്നിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷുകാർ സ്വാര്‍ത്ഥതാൽപര്യാർത്ഥം വിത്തുപാകിയ ഭിന്നിപ്പിന്‍റേയും വെറുപ്പിന്‍റേയും തിരുത്തപ്പെടേണ്ടുന്ന ആശയത്തെറ്റുകൾ ഇനിയും അവശേഷിക്കുന്നുമുണ്ട്. കാലഗതിയുടെ ഇത്തരം അവക്ഷിപ്തമാലിന്യങ്ങളെയും അലിയിപ്പിച്ചു തന്റെ ആത്മാവിന്റെ അംശമാക്കി മാറ്റാൻ കെല്‍പുള്ളതാണ് ഭാരതീയ സാംസ്കാരിക പാരമ്പര്യം. തിരുത്തപ്പെടേണ്ടവ തിരുത്തപ്പെടുക തന്നെ ചെയ്യും.
തങ്ങളുടേതു മാത്രമാണ് ശരി എന്ന ദുർവാശി നമ്മുടെ പാരമ്പര്യമല്ല. വൈവിധ്യങ്ങളെയും അഭിപ്രായവ്യത്യാസങ്ങളെയും സ്വീകരിക്കുകയും സമന്വയിപ്പിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ പാരമ്പര്യം.
കല, സാഹിത്യം, വിജ്ഞാനം തുടങ്ങി സമസ്തമേഖലകളിലും വ്യക്തികളിലും ഈ പാരമ്പര്യസവിശേഷത തെളിഞ്ഞുകാണാം. നിർഭയത്വമാണ് അതിന്‍റെ അന്തർധാര. ഉത്തരം മുട്ടിക്കലല്ല, ഉത്തരം കണ്ടെത്താനുള്ള ചോദ്യങ്ങളും വ്യാഖ്യാനങ്ങളുമാണ് അതിന്‍റെ പ്രാണവായു.
ചെമ്പട്ടിന്‍ ചിലമ്പൊലികളിലും ഈ പാരമ്പര്യം ശംഖൊലി മുഴക്കുന്നു. ആസ്വാദനത്തിന്‍റെ രണ്ട് പ്രവാഹങ്ങളും കവിതയും ലയിച്ചുചേരുന്ന ത്രിവേണീസംഗമം, പുസ്തകരൂപത്തിൽ ഒരുക്കിയ ശ്രീ അനിൽ ആർ മധു, പുണ്യതീര്‍ത്ഥങ്ങളായി വേറിട്ട ചിന്തകൾ പങ്കുവെച്ച നവപ്രതിഭകൾ, സിദ്ദീഖ് സുബൈർ, അശ്വതി പി എസ് - നിങ്ങൾ ത്രിമൂർത്തികൾ, മഹത്തായ സാഹിത്യ പാരമ്പര്യത്തിന്‍റെ സാർഥകമായ ഈടുവയ്പുകൾ.
കവി വെറും സാക്ഷി.
സ്നേഹവും കടപ്പാടും ബാക്കി...
1 comment:
സന്തോഷം മാഷേ
Post a Comment