Views:
Image Credit :: Photo by Matthew T Rader on Unsplash
എതിര്
നേരിതാണ്, നീറും
നെരിപ്പോടെരിയുന്ന
വേരെല്ലുപൊടിയു -
ന്നൊരോർമ്മയാണ്...
ഒരുതുടം ശാന്തിനുകർ-
ന്നുന്മത്തരാകുവാൻ
മരുപച്ചതേടുവോർ,
കാണുന്നതോ കാനൽ-
ജലക്കാഴ്ച മാത്രം...
വെറുപ്പും പിണക്കവും
ഭ്രാന്തും നുരഞ്ഞേറി
പിറവിയും ബന്ധവും
വെറുതെ, എൻ മോദമേ-
സത്യ,മെന്നുഴറി-
പ്പതയുന്ന ജൻമങ്ങൾ...
കൃത്യമായെ,ന്നെത്തുമെ-
ന്നറിയാത്ത പുലരികൾ,
സന്ധ്യകൾ ഇരുണ്ടു
കൊഴിയുന്നു, സ്വപ്നങ്ങൾ
വന്ധ്യത പുൽകി, മൂക
ഭീതിയായ് പടരുന്നു...
ഒഴിയാത്ത ചഷകങ്ങൾ,
ദാരിദ്ര്യക്കുണ്ടുകൾ
വഴികളിൽ പേത്തെറിവാളുകൾ,
ഞെട്ടുന്ന നിദ്രകൾ
പൊട്ടിത്തെറിക്കും കരളടുപ്പും
രുചികളും
ഞെട്ടറ്റു മൊട്ടുകൾ
വിതുമ്പും മിഴികളും...
മേയാത്ത മേടുകൾ,
ചോരുന്നൊരേടുകൾ
കായുന്നകത്തളം
നൊമ്പരത്തിണ്ണയും...
ചിറകിനായ് കേഴും, കുഞ്ഞു-
കിനാവുകൾ താലിയും
പിൻവിളി,യമ്മയു-
ണർത്തുന്നുവെന്നെയും...
താരാട്ടു തൊട്ടിലി-
ന്നീണങ്ങളോർത്തു ഞാൻ,
പാരാകെ പുതുപ്പാട്ടു
വെട്ടമായ് തീർത്തു ഞാൻ,
കുഴഞ്ഞാടിയാടും വരികൾ,
തിരുത്തി ഞാൻ,
അഴകാളുമിളംചിരി-
ക്കൂട്ടായ് കുരുത്തു ഞാൻ
അരുതാത്തതൊക്കെയും
കാറ്റിൽ പറത്തി ഞാൻ
കരുതലിൻ കവിതകൾ
വീണ്ടും ചുരത്തി ഞാൻ
അരുമകൾക്കൊരുമയാം
തായ് മൊഴിചേർത്തുഞാൻ
ഒരു നവവാഴ് വിന്‍റെ
അർഥവും കോർത്തു ഞാൻ...
അതിർവരമ്പിട്ടു നാം,
ലഹരി പ്രവാഹത്തിൻ
എതിർ ദിശയാക്കണം
നിത്യമീ ജീവിതം...
No comments:
Post a Comment