Jagan :: "ഇതും കഴിഞ്ഞു പോകും.....!"

Views:

Jagan

ഇന്ന് മാർച്ച് 31. മാനവരാശിക്ക് ഭീഷണിയായ കൊവിഡ്- 19 ന് ഹേതുവായ കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ ജന്മമെടുത്തിട്ട് ഇന്ന് മൂന്ന് മാസം തികയുന്നു. നമ്മുടെ സാമ്പത്തിക വർഷത്തിന്‍റെ അവസാന നാളിൽ, പുതിയ സാമ്പത്തിക വർഷം ഉദയം കൊള്ളുന്ന ഈ വേളയിൽ, മറ്റൊരു ലോക വിഡ്ഢിദിനത്തിനെ വരവേൽക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ ചില കാലിക പ്രാധാന്യമുള്ള ചിന്തകൾ......!

സമ്പത്ത് കൂടുന്നതിലെ നിരർത്ഥകത്വം ഓർമ്മിപ്പിക്കാനാകാം, ലോക വിഡ്ഢിദിനത്തിൽ തന്നെ സാമ്പത്തിക വർഷവും ആരംഭിക്കുന്നത്.

ഇനി ലോക ജനതയ്ക്കും, മാനവരാശിക്കും ഏത് കാര്യത്തിനും, ഏത് വിഷയത്തിനും കൊറോണയ്ക്കു മുൻപ്, കൊറോണയ്ക്ക് ശേഷം എന്ന് രണ്ട് കാലഘട്ടങ്ങളായി തിരിക്കേണ്ടി വരും.

ഈ കൊറോണാ കാലഘട്ടത്തിൽ, കൊറോണാ വൈറസിനെ കുറിച്ച്, അതിന്‍റെ വ്യാപനത്തെക്കുറിച്ച്, കൊവിഡ് രോഗബാധയെക്കുറിച്ച്, രോഗനിയന്ത്രണത്തെക്കുറിച്ച്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ ആപത്ഘട്ടം തരണം ചെയ്യാൻ അനുവർത്തിക്കുന്ന നയങ്ങളെക്കുറിച്ച്, ഈ ലോക്ക് ഡൗൺ നാളുകൾ ഫലപ്രദമാക്കുവാൻ സർക്കാരുകൾ പുറപ്പെടുവിക്കുകയും, നാം അനുസരിക്കില്ലെന്ന് വാശി പിടിക്കുകയും ചെയ്യുന്ന നിർദ്ദേശങ്ങളെക്കുറിച്ച്, അമേരിക്കയും, ഇറ്റലിയും, സ്പെയിനും അടക്കമുള്ള ലോകശക്തികളിൽ ചിലർ കൊറോണയെ നേരിട്ട് പരാജയപ്പെടുന്നതിനെ കുറിച്ച്, ചിലർ വിജയിക്കുന്നതിനെക്കുറിച്ച് ഒക്കെ കണ്ടും, കേട്ടും, വായിച്ചും, പഠിച്ചും നാം മടുത്തു കഴിഞ്ഞു.

ഇനിയും ഇന്നത്തെ പ്രഖ്യാപിത ലോക്ക് ഡൗൺ അവസാനിക്കാൻ ഇനിയും നീണ്ട പതിനാലു ദിനങ്ങൾ ബാക്കി......!

പ്രപഞ്ചത്തിലെ കോടിക്കണക്കായ സ്പീഷിസുകളിൽ ഏതിന്‍റേയും ക്രമാധികമായ വർദ്ധനവ് തടയുന്നതിനും, സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും, അവയുടെ ഗുണമേൻമ വർദ്ധിപ്പിക്കുന്നതിനും അഥവാ നിലനിർത്തുന്നതിനും പ്രകൃതി തന്നെ സ്വയം സ്വീകരിക്കുന്ന, പിഴവ് കൂടാതെ പ്രാവർത്തികമാക്കുന്ന ചില മാർഗ്ഗങ്ങളെ കുറിച്ചുള്ള ഒരു പഠനം കഴിഞ്ഞ ദിവസം കാണുകയുണ്ടായി.

അതിൽ പറയുന്നത് നിശ്ചിത കാലയളവിൽ പ്രളയം, നിപ, കൊറോണ മുതലായവപോലുള്ള സംഹാരശേഷിയുള്ള പ്രതിഭാസങ്ങൾ ഉണ്ടാകും എന്നാണ്. പക്ഷിമൃഗാദികളിൽ എല്ലാംതന്നെ ഇത്തരം നിയന്ത്രണമാർഗ്ഗങ്ങൾ ഉണ്ടാകുമത്രേ. ഇത്ര മാരകമായ കൊറോണ വൈറസ് ഉണ്ടായാലും, ഇതിലും മാരകമായ മറ്റ് എന്തെങ്കിലും വൈറസ് ഭാവിയിൽ ഉണ്ടായാലും, ഭൂമിയിൽ ഉള്ള മനഷ്യരുടെ എണ്ണത്തിൽ കുറവു വരുത്തി, ജനപ്പെരുപ്പം നിയന്ത്രിച്ച്, ഏത് പ്രതികൂല സാഹചര്യത്തേയും അതിജീവിച്ച് മുന്നേറാൻ ത്രാണിയുള്ള, ഏത് പ്രതിസന്ധിയേയും നേരിടാൻ പ്രാപ്തനായ മനുഷ്യരെ മാത്രം ബാക്കിയാക്കി അത്തരം വൈറസുകൾ (തൽക്കാലം) വിടപറയും എന്ന കാര്യത്തിൽ സംശയം വേണ്ടത്രേ.

ഭഗവദ് ഗീതയിൽ ഭഗവാൻ മറ്റൊരു വിധത്തിൽ പറഞ്ഞു വച്ചിട്ടുള്ളതും ഇതു തന്നെയല്ലേ.....?
"ഈ ലോകത്തിൽ ധർമ്മത്തിന് നാശം സംഭവിക്കുമ്പോൾ ഒക്കെ, അത് പുന:സ്ഥാപിച്ച് പ്രപഞ്ചത്തിന്‍റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി ഞാൻ അവതരിക്കുന്നു" 
എന്ന്.

വനാന്തരങ്ങളിൽ സിംഹം, കടുവ, പുലി മുതലായ താരതമ്യേന ഭീകരൻമാരായ ഹിംസ്ര ജന്തുക്കൾ അടക്കിവാഴുമ്പോഴും മാനും, മുയലും, മ്ലാവും അടക്കമുള്ള സാധുജീവികൾക്ക് വംശനാശം സംഭവിക്കാതെ നിലനിൽക്കുന്നത് മേൽവിവരിച്ച പ്രതിഭാസം വീഴ്ച കൂടാതെ നടപ്പാകുന്നതിനാൽ ആണത്രേ.
'Survival of the fittest ' എന്ന ഡാർവിയൻ സിദ്ധാന്തത്തിന്‍റെ കൃത്യമായ നടപ്പാക്കൽ......!

കൊറോണയുടെ പിതൃത്വം ചൈനയിൽ ആരോപിച്ച അമേരിക്കയേയും, അത് അമേരിക്കയ്ക്ക് തന്നെ നൽകിയ ചൈനയേയും നാം കണ്ടു. പൂർണ്ണ ബോദ്ധ്യമില്ലാതെ അതിനെക്കുറിച്ച് എന്തെങ്കിലും പറയുന്നത് ശരിയല്ലല്ലോ....?

ഒരുവേള ഈ ലോകം മുഴുവൻ പിടിച്ചടക്കാനുള്ള ദുര മൂത്ത് ഏതെങ്കിലും രാഷ്ട്രം 'ജൈവായുധം' എന്ന നിലയിൽ കൊറോണ വൈറസിനെ ഉപയോഗിച്ചു എന്ന് വിശ്വസിച്ചാൽ പോലും കുടത്തിൽ നിന്നും തുറന്നു വിടപ്പെട്ട ഭൂതത്തെ പോലെ, തുറന്നു വിട്ടവർ ശ്രമിച്ചിട്ടുപോലും മെരുങ്ങാൻ കൂട്ടാക്കാത്ത ശക്തി ആയി അവർക്കു നേരേ തന്നെ അത് തിരിഞ്ഞു എന്ന വസ്തുത ഇത്തരം 'ലോകശക്തികളെ' ഇരുത്തി ചിന്തിപ്പിക്കട്ടെ.
ഇനിയൊരിക്കലും ഇത്തരം ക്രൂരവിനോദം മാനവരാരിക്കു നേരേ പ്രയോഗിക്കുവാൻ ഒരു ശക്തിയും മുതിരാതിരിക്കട്ടെ.....!

  • ഈ ആപത്ഘട്ടത്തെ നേരിടാൻ, അരയും തലയും മുറുക്കി, സ്വന്തം സുരക്ഷിതത്വവും ജീവനും തൃണവൽഗണിച്ച്, സ്വന്തം കുടുംബത്തെ പോലും മറന്ന്, സ്വത്തം വീട്ടിൽ പോലും പോകാൻ കഴിയാതെ രാവും പകലും ആശുപത്രികളിൽ പണിയെടുക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യമേഖലയിലെ മറ്റ് ജീവനക്കാർ, സന്നദ്ധ സേവകർ, മുതലായവരുടെ സേവനത്തിന് അഭിനന്ദനങ്ങൾ നേരാനും, നന്ദി രേഖപ്പെടുത്താനും വാക്കുകൾ പോരാ.......!!
  • അതിർത്തിയിൽ സേവനം അനുഷ്ഠിക്കുന്ന നമ്മുടെ ജവാൻമാർ രാത്രിയിൽ കൊടും മഞ്ഞിൽ ഉറക്കമിളച്ചിരിക്കുന്നതിനാലാണ് നാം സുരക്ഷിതരായി നമ്മുടെ വീടുകളിൽ സകുടുംബം ഉറങ്ങുന്നതെന്ന് പറയുന്നതു പോലെ അന്വർത്ഥമാണ്, നമ്മുടെ ആരോഗ്യമേഖലയിൽ നിസ്വാർത്ഥ സേവനം അനുഷ്ടിക്കുന്ന സുമനസ്സുകളുടെ അർപ്പണബോധം മൂലമാണ് ഈ ലോക്ക് ഡൗൺ നാളുകളിൽ നാം 'എല്ലാം' അടച്ചു പൂട്ടി നമ്മുടെ വീടുകളിൽ ഇരിക്കുന്നത്. 
  • ജനങ്ങൾ പട്ടിണി കിടക്കാതിരിക്കാൻ, പ്രതികൂല സാഹചര്യത്തിലും ജീവൻ പണയം വച്ച് പലചരക്ക്, പച്ചക്കറി മുതലായ അവശ്യ സാധനങ്ങൾ വിപണനം ചെയ്യുന്ന വ്യാപാരികളുടേയും, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടേയും വിലപ്പെട്ട സേവനം നന്ദിപൂർവ്വം സ്മരിക്കുന്നു.
  • ജനങ്ങൾ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത് എന്ന സർക്കാർ നിർദ്ദേശം കൃത്യമായി പാലിക്കപ്പെടുന്നതിന്, യാതൊരു സുരക്ഷാമാർഗ്ഗങ്ങളുമില്ലാതെ, ഒരു നേർത്ത മാസ്കിന്‍റെ മാത്രം പിൻബലത്തിൽ, ജലപാനം പോലും ഇല്ലാതെ പൊരിവെയിലത്ത് നിരത്തുകളിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ത്യാഗപൂർണ്ണമായ വിലപ്പെട്ട സേവനം അവഗണിക്കാനാവില്ല. അവർക്ക് ഒരു ബിഗ് സല്യൂട്ട്.
ഇറ്റലിയിലും, ചൈനയിലും, സ്പെയിനിലും മറ്റും ചില പൊലീസ് ഉദ്യോഗസ്ഥർ ജനങ്ങളോട് ക്രൂരമായി പെരുമാറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടാകാം നമ്മുടെ പൊലീസ് ഉദ്യോഗസ്ഥരിൽ വളരെ ചുരുക്കം ചിലർ നമ്മുടെ നിരത്തുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചത് റിപ്പോർട്ട് ചെയ്യപ്പെട്ടത് വിസ്മരിക്കുന്നില്ല. പലവിധ സ്വഭാവങ്ങളും, സ്വഭാവ വൈകൃതങ്ങളും ഉള്ള വ്യക്തികൾ അടങ്ങിയ പൊതു സമൂഹത്തിന്‍റെ പരിഛേദം ആണല്ലോ പൊലീസ് വകുപ്പും എന്ന് നമുക്ക് ആശ്വസിക്കാം. ഇത്തരം പ്രവൃത്തികൾക്കെതിരേ സർക്കാർ അടിയന്തിര നടപടി സ്വീകരിച്ചത് അഭിനന്ദനമർഹിക്കുന്നു.

  • കൊറോണയും, കൊവിഡും കേരളത്തിലെ സാധാരണക്കാരൻ മുതൽ ലോകപോലീസ് ആയ അമേരിക്കയുടേയും, ലോകസാമ്പത്തിക ശക്തി ആയ ചൈനയുടേയും വരെ കണ്ണ തുറപ്പിക്കാൻ കാരണമാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം, പ്രാർത്ഥിക്കാം.
ഈ കൊറോണക്കാലത്ത് നമുക്ക് ജാതിയില്ല, മതമില്ല, വാഗ്വാദങ്ങളില്ല, പരസ്പരവിദ്വേഷമില്ല, സമരമില്ല, അമ്പലങ്ങളിലും, പള്ളികളിലും, മോസ്ക് കളിലും ജനമില്ല, കൂട്ടായ്മകൾ ഇല്ല, രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ല, ഇത് എന്റേത്, അത് നിന്‍റേത് എന്ന  ചിന്തയില്ല. ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള അതിർത്തിത്തർക്കങ്ങൾക്കു് തൽക്കാലം വിട, കരസേനയും, വ്യോമസേനയും, നാവികസേനയും ഒക്കെ വിശ്രമത്തിൽ. ടാങ്കുകൾ നിശ്ചലം, പീരങ്കികൾ നിശബ്ദം. പട്ടാള ട്രക്കുകളുടെ ഇരമ്പൽ ഇല്ല, സേനാവിമാനങ്ങളുടെ മുഴക്കമില്ല, നാവികക്കപ്പലുകൾ നങ്കൂരമിട്ടു കഴിഞ്ഞു. എല്ലാം നിശ്ചലം.         
എല്ലാം മറന്ന് ജീവൻ നിലനിന്നാൽ മാത്രം മതി എന്ന പ്രാർത്ഥനയോടെ ലോകം മുഴുവൻ സ്വന്തം മാളങ്ങളിൽ അടച്ചു പൂട്ടി ഇരിപ്പാണ്, ലോക്ക് ഡൗൺ കഴിഞ്ഞുള്ള ഒരു നല്ല നാളെയ്ക്കു വേണ്ടി.....!

പാതയോരത്ത് അന്തിയുറങ്ങുന്ന യാചകനേയും, ലോകസമ്പന്നൻ ആയ ബിൽ ഗേറ്റ്സിനേയും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളിലും യുക്തിപൂർവ്വം സ്ഥാപിച്ച്, എല്ലാം നേടി എന്ന് അഹങ്കരിച്ച് നടക്കുന്ന മനുഷ്യൻ വെറും നിസ്സാരൻ ആണെന്നും, ഒരു ജലദോഷപ്പനി പോലും താങ്ങാനോ പ്രതിരോധിക്കാനോ ത്രാണി ഇല്ലാത്ത വെറും കൃമി മാത്രമാണെന്നും ഓർമ്മിപ്പിക്കുന്ന പ്രപഞ്ചശക്തിക്ക് സ്വസ്തി.

മനുഷ്യൻ അഹങ്കരിക്കരുതെന്നും, നല്ല " മനുഷ്യൻ" ആകാനാണ് ശ്രമിക്കേണ്ടത് എന്നും ഉദ്ബോധിപ്പിക്കാൻ പ്രളയത്തിനു ശേഷം വീണ്ടും ഒരു കൊറോണ വേണ്ടി വന്നു.

നാം ഈ ആപത്ഘട്ടം തീർച്ചയായും തരണം ചെയ്യും, ഉറപ്പ്.       
"ഇതും കഴിഞ്ഞു പോകും.....!"
കൊറോണയ്ക് ശേഷം ഒരു പുതിയ പ്രഭാതം ഉദയം ചെയ്യും. ആ പ്രഭാതം എത്രയും വേഗം പൊട്ടി വിടരാൻ നമുക്ക് ഒന്നായി ശ്രമിക്കാം, പ്രാർത്ഥിക്കാം.

അപ്പോഴും ഇന്നത്തെ ദുരവസ്ഥ നമുക്ക് മറക്കാതിരിക്കാം.
പദവിയുടേയും, സമ്പത്തിന്‍റേയും, രാഷ്ട്രീയത്തിന്‍റേയും, അതിർത്തിയുടേയും ഒക്കെ പേരിൽ ഉള്ള വൈരം മറന്ന്, "ലോകാ സമസ്താ സുഖിനോ ഭവന്തു:" എന്ന പരിപാവനമായ മാർഗ്ഗത്തിലൂടെ  "വസുധൈവ കുടുംബകം" എന്ന ലക്ഷ്യത്തിൽ എത്താനാകട്ടെ നമ്മുടെ ഇനിയുള്ള ശ്രമം.

ഒടുവിലാൻ :
കൊറോണയുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് ചൈന എഴുപതു ശതമാനത്തോളം മുക്തമായി എന്നാണ് റിപ്പോർട്ട്. അതിനോടൊപ്പം ലോകത്ത് ഇന്ന് ഏറ്റവും ഡിമാന്റ് ഉള്ള മാസ്കുകളും, PEP കളും, വെന്റിലേറ്ററുകളും ഉൽപാദിപ്പിച്ച് മറ്റ് രാഷ്ട്രങ്ങളിലേക്ക് കയറ്റി അയയ്ക്കാൻ കെൽപുളള പുതിയ പുതിയ ഭീമൻ പ്ലാന്റുകൾ അടിയന്തിരമായി സ്ഥാപിച്ച് കൊറോണ വഴി ഉണ്ടായ പുതിയ ബിസിനസ് അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് അവരുടെ ശ്രമം.

പ്രതിസന്ധികളെ അവസരം ആക്കി മാറ്റാനുള്ള ബുദ്ധിയും, വിവേകവും,
നമുക്ക് കണ്ട് പഠിക്കാൻ പുതിയ പാഠവും....

31 - 03 - 2020



No comments: