Ameer Kandal :: കോറെന്‍റൈന്‍

Views:

Photo by CDC on Unsplash

കഥ
കോറെന്‍റൈന്‍ :: അമീർകണ്ടൽ

അടച്ചിട്ട മുറിക്കുള്ളിലെ ഏകാന്ത വാസത്തിന്‍റെ  പതിനൊന്നാം നാളിലെത്തിയ ആദ്യ റെസൾട്ട് ജോണിന്‍റെ മുഖത്ത് തെല്ലൊന്നുമല്ല സന്തോഷം പടർത്തിയത്.
   
ദേശാതിർത്തികൾ താണ്ടി കൊറോണ പകർച്ചവ്യാധി നാട്ടിലെത്തുന്നതിന് മുമ്പേ കടല് കടന്നെത്തിയതാണ് ജോൺ സാമുവൽ. എയർ പോർട്ടിലെ തിട്ടൂരമനുസരിച്ച് വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറി തന്നെ കോറെൻ്റൈന്  തെരഞ്ഞെടുക്കുകയും ചെയ്തു. ഭാര്യയും മക്കളും തൊട്ടയൽവക്കത്തുള്ള പെങ്ങളും വീട്ടിൽ തടങ്കലിലുമായി.
   
ഇടയ്ക്കിടക്ക് ജനൽ പാളികൾ തുറന്ന് കർട്ടൺ വകഞ്ഞ് മാറ്റി ജോൺ കമ്പികൾക്കിടയിലൂടെ പുറത്തേക്ക് കണ്ണ് പായിക്കും. വീടിന്ന് മുന്നിലെ ആളൊഴിഞ്ഞ ടാറിട്ട റോഡും ഇലക്ട്രിക് പോസ്റ്റുകളും നിർനിമേഷനായി നോക്കി നിൽക്കുകയല്ലാതെ ജോണിന് വേറൊന്നും ചെയ്യാൻ കഴിയില്ലല്ലോ.
     
കിടപ്പുമുറിയിലെ ഈട്ടിത്തടിയിൽ കൊത്തുപണിഞ്ഞ  വാതിലിലെ സമയാസമയങ്ങളിലെ അമ്മച്ചിയുടെ മുട്ടിവിളിക്കലാണ് ഏക ആശ്വാസം. പുറത്ത് ഭക്ഷണപാത്രമെത്തിയിട്ടുണ്ടെന്ന മുന്നറിയിപ്പാണത്.

ജോണിന്‍റെ അമ്മച്ചി പെങ്ങളെ വീട്ടിൽ നിന്ന് തേങ്ങാപാലൊഴിച്ച കഞ്ഞിയോ  കപ്പ വേവിച്ചതോ ചക്കപുഴുങ്ങിയതോ ദോശയും ചമ്മന്തിയുമായോ വാതിലിൽ മുട്ടിവിളിക്കും
" എടാ ജോണേ... കൊണ്ട് വെച്ചീട്ടുണ്ടേ... എടുത്ത് കഴിച്ചേക്കണേ... "
പടികളിറങ്ങി ടൈൽ പാകി വെടിപ്പാക്കിയ മുറ്റത്തെ തിട്ടയോട് ചേർന്ന ടാപ്പ് തുറന്ന് കൈ കഴുകി ഗേറ്റ് കടന്ന് പോകുന്ന അമ്മച്ചി ചിലപ്പോഴൊക്കെ മുകളിലേക്ക് ഒന്നു നോക്കിയാലായി. അല്ലേലും അമ്മച്ചിയെന്നല്ല, ആർക്കും അത്രയ്ക്കങ്ങ് ഇഷ്ടമുള്ള കാര്യമല്ലല്ലോ ജോൺ ചെയ്തത്.
       
കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷമായി ദുബായിലെ എണ്ണ കമ്പനിയിലാണ് ജോൺ സാമുവൽ ജോലി നോക്കുന്നത്.  പ്രവാസ ജീവിതത്തിനിടയിൽ നാട്ടിലേക്ക് വിമാനം കയറാനുള്ള അവസരമൊന്നും ജോൺ പാഴാക്കാറുമില്ല. അതു കൊണ്ട് തന്നെ രണ്ട് വർഷം കൂടുമ്പോൾ കിട്ടുന്ന ഒരു മാസത്തെ ലീവാണെങ്കിലും ജോൺ നാട്ടിലെത്തിയിരിക്കും. വീട്ടുകാരും നാട്ടുകാരും ജോണിന്‍റെ വീക്ക്നെസുകളായിരുന്നല്ലോ. നാട്ടിലുള്ളപ്പോൾ ക്ലബ്ബ് പരിപാടികളിലും പുത്തൻതോപ്പ് മൈതാനത്തെ പന്തുകളിയിലും കലുങ്ക് മുക്കിലെ സായാഹ്ന ചർച്ചകളിലും ജോണിന്‍റെ സാന്നിധ്യം സജീവമായിരുന്നു.
   
തെക്കേപ്പുറത്തെ വാഴക്കൂട്ടത്തിൽ നിന്നുള്ള കാക്കകളുടെ കലമ്പലു കേട്ടാണ് ജനൽ കമ്പികൾക്കിടയിലൂടെ ഏത്തി നോക്കിയത്. ജോണിന്‍റെ അമ്മച്ചി ഒരു നെടുങ്കൻ ചക്കയും തോളിലേന്തി ഒതുക്കുകൾ കയറി മുറ്റത്തെത്തി
'അമ്മച്ചീ ... സൈമനേം.. ജോമോളേം ഗേറ്റ് നടയിൽ കൊണ്ട് വന്ന് ഒന്ന് കാണിക്കുമോ... അവർക്ക് കുറച്ച് ടോയ്സ് കൊണ്ടു വന്നിട്ടുണ്ട് .. ' 
ജോൺ താഴേക്ക് വിളിച്ചു പറഞ്ഞു.
'ജോണേ... നീ അടങ്ങിയൊതുങ്ങി അവിടെയെങ്ങാനും കിടക്ക് ... സമയമാവുമ്പോൾ കൊണ്ട് കാണിക്കാം...' 
അമ്മച്ചിയുടെ സ്വരത്തിൽ ജാഗ്രതക്കൂടുതൽ നിഴലിച്ചിരുന്നു.
   
ലീവിന്ന് നാട്ടിൽ വരുമ്പോഴൊക്കെ പതിവായി എയർപോർട്ടിലെത്തി കൂട്ടികൊണ്ട് വരാറുള്ള ജോസഫാകട്ടെ വിളിക്കുമ്പോഴൊക്കെ സ്വിച്ച് ഓഫാണ്. കെട്ട് പൊട്ടിക്കാത്ത സ്യൂട്ട് കേഴ്സിനുള്ളിലെ ബിയർ ബോട്ടിലുകൾ അവന്‍റെ നിർബന്ധമായിരുന്നല്ലോ. എന്തിനും ഏതിനും കൂടെ കൂടാറുള്ള ദാസപ്പനും സതീശനുമാകട്ടെ ഫോണെടുക്കാതെയായി. വീട്ടുകാരുമായോ കുടുംബക്കാരുമായോ ഒന്നു മനസമാധാനത്തോടെ ഒന്നിച്ചിരിക്കാൻ പോലും സമ്മതിക്കാതെ രാവേറെ പാർട്ടിയും പരിപാടികളുമായി തലയിലേറ്റി കൊണ്ട് നടന്നിരുന്ന മത്തായി ചേട്ടനും പരിവാരങ്ങളും ഇപ്പോൾ എവിടെയാണാവോ. നാട്ടിലെത്തിയെന്നറിഞ്ഞാൽ ചക്കപ്പഴത്തിൽ ഈച്ച പറ്റിയ മാതിരി ഓടിയെത്തിയിരുന്ന പിരിവ് കൂട്ടരേയും കാണാനില്ല .നാട്ടിലെ സകലരുടേയും കറവപ്പശുവായിരുന്ന ജോണിനെ ആർക്കും വേണ്ടാതായോ.
     
തുറന്നിട്ട ജനൽപാളി വലിച്ചടച്ച് നെടുവീർപ്പോടെ ജോൺ ഇളം നീലഷീറ്റ് വിരിച്ച ബെഡിലേക്ക് നിവർന്നു കിടന്നു. എത്ര പെട്ടെന്നാണ് ആരാലും തിരസ്ക്കരിക്കപ്പെട്ട ഒരു ഭീകരജീവിയായി താൻ പരിണമിച്ചെതെന്ന വികാരം ഉള്ളിൽ കിടന്ന് തിളച്ച് മറിയുന്നേരമായിരുന്നല്ലോ അമ്മച്ചി ഗേറ്റ് കടന്ന് റെസൾട്ടുമായി എത്തിയത്. അപ്പോഴേക്കും കൊറോണ  പുറത്തേക്കിറങ്ങി ഓടിമറഞ്ഞിരുന്നു.




No comments: