Bindu Narayanamangalam ::കാമിനിയുടെ മഴമണം മന്ദ്രമധുരം മീട്ടുന്ന വിതപ്പാട്ട്.

Views:


ആധുനികതയുടെ പൊടിപടലങ്ങൾ പൊതിയുന്ന നഗര - നശ്വരമേളങ്ങളിൽ നിന്നൊഴിഞ്ഞ്, ഒരു കവി.

സ്വച്ഛസുന്ദരമായ ഗ്രാമബോധത്തിലേക്കാഴ്ന്നിറങ്ങി, ഹൃദയരാഗം തുളുമ്പുന്ന സംഗീതത്തിന്‍റെ കാണാപ്പുറങ്ങൾ തേടുന്ന നിഷ്ക്കളങ്ക പ്രണയം..

കാമിനിയുടെ മഴമണം മന്ദ്രമധുരം മീട്ടുന്ന വിതപ്പാട്ട്.

ഇത്രയൊക്കെ മതി കവിയേയും കവിതയേയും കോർത്തിണക്കി ഒരു അനശ്വരപ്രണയകഥ മെനഞ്ഞെടുക്കാൻ.

അല്ലെങ്കിൽ തന്നെ നമ്മുടെ സ്വഭാവം അതാണല്ലൊ. ഒരാണിനേയും പെണ്ണിനേയും ഒരുമിച്ചു കണ്ടാൽ, രഹസ്യബന്ധങ്ങളെന്തൊക്കെയോ ആരോപിച്ച്, അന്വേഷിച്ച് ഒരുതരം വെപ്രാളപ്പാച്ചിൽ.

ഈ കവിത വായിച്ചപ്പോൾ എനിക്കും അങ്ങനെയൊരു ഉൾക്കിടുങ്ങലൊക്കെയുണ്ടായി. പിന്നീടാണ് കാര്യം മനസ്സിലായത്.

നിഗൂഢമായി കാവ്യസൗന്ദര്യത്തെ ആദരിക്കുന്ന കവി, ലൗകികതയുടെ മായാപ്രപഞ്ചത്തിൽ നൈമിഷകമായി പെയ്തൊലിച്ചു പോകുന്ന തുരുമ്പെടുത്ത വികാരങ്ങളെ അവഗണിച്ചുകൊണ്ട്, ഇത് പാഴൊച്ചയല്ലെന്നും കാമാന്ധതയുടെ കലമ്പലല്ലെന്നും ബോധമനസ്സിന്‍റെ താളം തെറ്റിത്തെറിക്കുന്ന ഭ്രാന്തിൽ നുരയ്ക്കുന്ന പുലമ്പലുകളല്ലെന്നും വ്യക്തമാക്കുകയാണ്‌.

പരിശുദ്ധിയുടെ സംഗീത സാന്ദ്രമായ മാത്രകളാണ് വിതപ്പാട്ടു മൂളുന്നത്.

കടിച്ചാൽ പൊട്ടാത്ത വാക്കുകളുടെ പുലിമുട്ടുകളടുക്കി ആസ്വാദനത്തെ അലോസരപ്പെടുത്തുന്നവനല്ല കവി. കരക്കാറ്റിന് കടലിലെ തിരകളോടും തിരകൾക്ക് കടലിനോടുമുള്ള അനവദ്യസുന്ദരമായ പാരസ്പര്യം, ആശങ്കകളില്ലാത്ത പങ്കവയ്ക്കലാണ്. തിരമാലകൾ കരയെ പുൽകി പതഞ്ഞു നിറഞ്ഞ് തിരികെപ്പോകുന്നതു പോലെ, അയത്നലളിതമായി അനുവാചകന്‍റെ മനസ്സിനെയും നനുനനുത്ത പ്രണയത്തിരകളായി കവിത തഴുകിയൊഴുകുന്നു.

എപ്പോഴും ശുഭാശംസകൾ വഴിഞ്ഞൊഴുകുന്ന സഖിയുടെ മാണിക്യവീണാവരര വങ്ങൾ പകരുന്ന കരിമ്പിന്‍റെ മാധുര്യം വാക്കുകളിലാവാഹിച്ചൊരുക്കിയ വരമ്പത്തിരുന്നാണ് വയൽക്കാറ്റു കൊള്ളാൻ കവി ക്ഷണിക്കുന്നത്.

കവിത കണ്ണാടി കാണിക്കുന്ന നാട്ടിൻ പുറത്തിന്‍റെ ശാലീനതയും കുലീനതയും ഇവിടെ കാർശ്യത്തിനും കരുത്തു പകരുന്നു.




No comments: