Views:
അംബേദ്ക്കറും കോൺഗ്രസ്സും തീണ്ടാപ്പാടകലവും
കെ വി രാജശേഖരൻ
ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് വഴിയിലുയർത്തിയ തന്‍റെ തടസ്സങ്ങളെയെല്ലാം അതിജീവിച്ചു കൊണ്ടാണ് ഡോ ഭീംറാവ് റാംജി അംബേദ്കര്‍, സ്വതന്ത്രഭാരതത്തിനായി ഭരണഘടന തയാറാക്കുവാനുള്ള കോൺസ്റ്റിറ്റുവൻറ് അസംബ്ലിയുടെ പടികയറിയത്. സ്വന്തം തട്ടകമായ ബോംബെയിൽ നിന്ന് വിധാൻ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച് ഭരണഘടനാ നിർമാണസഭയിലെത്തുവാൻ അദ്ദേഹം നടത്തിയ ശ്രമത്തെ കോൺഗ്രസ്സ് 'പല്ലും നഖവും ഉപയോഗിച്ച്' എതിർത്തു പരാജയപ്പെടുത്തി. അംബേദ്കറുടെ പരാജയം ആഘോഷിച്ചു കൊണ്ട് കോൺഗ്രസ്സ് നേതൃത്വം നടത്തിയ പ്രഖ്യാപനം അദ്ദേഹം ആ സമിതിയിലുണ്ടാകരുതെന്ന പാർട്ടിയുടെ ദൃഢനിശ്ചയത്തിന്‍റെ തോതറിയിക്കുന്നു. ഭരണഘടനാ നിർമ്മാണ സഭക്കുള്ളിലേക്ക് ഡോ ഭീംറാവ് അംബേദ്കറെ പ്രവേശിപ്പിക്കില്ലെന്നുമാത്രമല്ല സഭാഗൃഹത്തിന്‍റെ വാതിലുകളും ജനലുകളും വരെ അടച്ചു കഴിഞ്ഞുയെന്നാണ് ജവഹർലാൽ നെഹ്രു അദ്ധ്യക്ഷനായിരുന്ന കോൺഗ്രസ്സ് നടത്തിയ പ്രഖ്യാപനം.
പക്ഷേ തീയിൽ കുരുത്തത് എവിടെയാ വെയിലത്തു വാടുക?അക്ഷരം പഠിക്കാൻ ചെന്ന പള്ളിക്കുടത്തിന്‍റെ പഠനമുറിക്കുള്ളിലേക്ക് പ്രവേശനം അനുവദിക്കപ്പെട്ടിട്ടില്ലായിരുന്നു. വരാന്തയിൽ പഴംചാക്കുമിട്ടു പഠിച്ചു വളർന്നു. (ആ ചാക്ക് ഓരോ ദിവസവും പഠനം കഴിഞ്ഞു വീട്ടിലേക്ക് കൊണ്ടു പോകുകയും വേണമായിരുന്നു). വിദ്യാർത്ഥികൾക്ക് കുടിക്കാൻ പൊതുവായി വെച്ചിരുന്ന വെള്ളം സ്വയം എടുത്തു കുടിക്കാൻ അനുവാദമില്ലായിരുന്നു. കുടിവെള്ളവും ഗ്ലാസ്സും തൊട്ട് 'അശുദ്ധമാക്കുക' അരുതാത്തതായിരുന്നു. സ്കൂളിലെ പ്യൂൺ വെള്ളം ഒഴിച്ചു കൊടുത്താൽ മാത്രം. ദാഹജലം കിട്ടുന്ന ഹൃദയം നുറുങ്ങുന്ന അനുഭവം. (പിന്നീട് അക്കാലത്തെ ഓർമ്മകൾ കുറിച്ചപ്പോൾ 'നോ പ്യൂൺ, നോ വാട്ടർ' - 'പ്യൂണില്ല, വെള്ളോമില്ല!' - എന്നാണ് രേഖപ്പെടുത്തിയത്).
ആ സ്കൂൾ വരാന്തയിൽ തുടക്കം കുറിച്ച് അറിവിന്‍റെ അനന്തത അടിയുറച്ച കാൽവെപ്പുകളോടെ നടന്നുകയറിയ ഡോ ഭീംറാവ് അംബേദ്കറുടെ മുമ്പിലാണ് മോഹൻ ദാസ് കരംചന്ദ് ഗാന്ധിയുടെ 'വഴിയിലൂടെ സഞ്ചരിച്ചിരുന്ന' ജവഹർലാൽ നെഹ്രുവിന്‍റെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് ഭാരതത്തിന്‍റെ ഭരണഘടനാ നിർമ്മാണ സമിതിയുടെ വാതിലുകളും ജനലുകളും അടച്ചു പൂട്ടിയത്.
അന്ന്, ബംഗാളിലെ നാമശൂദ്രർ അടങ്ങുന്ന പിന്നോക്ക ജനവിഭാഗത്തിന്‍റെ ജനകീയശക്തിയാണ് അംബേദ്കർക്കെതിരെയുള്ള കോൺഗ്രസ്സ് ധിക്കാരത്തെ വെല്ലുവിളിച്ചത്. ബാരിസ്റ്റർ ജ്യോതീന്ദ്രകുമാർ മണ്ഡൽ വിധായക് സഭയിലെ തന്‍റെ അംഗത്വം രാജിവെച്ച് അംബേദ്കർക്കു മത്സരിക്കുവാൻ അവസരമൊരുക്കി. അങ്ങനെ ബംഗാളിൽ മത്സരിച്ചു ജയിച്ചു. തല ഉയർത്തി ക്കൊണ്ട് തന്നെ ഭാരതത്തിലെ അധ:സ്ഥിത ജനവിഭാഗത്തിന്‍റെ അതിശക്തനായ വക്താവ്, ഭാരതീയ ദേശീയതയെ കുറിച്ചു തനിക്കുള്ള മൗലിക ബോദ്ധ്യത്തിൽ ഇളക്കത്തിനിടം കൊടുത്തിട്ടില്ലാത്ത മഹാപ്രതിഭ, ലോകം അതുവരെ കണ്ട ഭരണഘടനകളെ പഠിച്ച് അപഗ്രഥിച്ച് സമത്വവും സാതന്ത്ര്യവും സാഹോദര്യവും ധാർമ്മിക അടിത്തറ നൽകുന്ന ഒരു മഹത്തായ ഭാരത ഭരണഘടനയുടെ വിശാലമായ ചട്ടക്കൂടും ഉള്ളടക്കവും ഉള്ളിൽ ധരിച്ചിരുന്ന ഡോ ഭീംറാവ് അംബേദ്കർ, ഭരണഘടനാ നിർമ്മാണ സഭയുടെ ഉള്ളിൽ തന്‍റെ ഇരിപ്പിടം ഉറപ്പിച്ചു. ഡോ ശശി തരൂർ തന്‍റെ 'ദി ഗ്രേറ്റ് ഇൻഡ്യൻ നോവലിൽ' കൗരവരുടെ പാർട്ടി എന്നു വിശേഷിപ്പിച്ച കോൺഗ്രസ്സിന്‍റെ നേതൃത്വത്തിന്‍റെ പ്രഭാവത്തിലുള്ള സഭ പിന്നീട് കടന്നുപോയത് കൗരവ സഭയിലേക്ക് ദൂതുമായി ഭഗവാൻ ശ്രീകൃഷ്ണൻ കടന്നെത്തിയ അനുഭവത്തിലൂടെയാണ്. ഒരു പക്ഷേ തരൂരിന്‍റെ പുസ്തകത്തിലെ ഭീഷ്മർ (മഹാത്മജി) ഭരണാധികാരി അന്ധനായ ധൃതരാഷ്ട്രരോട്(ജവഹർലാൽ നെഹ്റു) തടികൂടുതൽ കേടാകാതിരിക്കൻ പറഞ്ഞു കൊടുത്ത ഉപായവുമാകാം. ഭരണഘടന തയാറാക്കലിന്‍റെ ദൗത്യം ഡോ അംബദ്ക്കറുടെ ചുമലുകളിലായി. അങ്ങനെ സ്വതന്ത്രഭാരത്തിന് സകാരാത്മകവുമായ സക്രിയവും വരുംകാലവെല്ലുവിളികൾക്കൊപ്പം വളരുവാൻ കെല്പുള്ളതുമായ ഒരു ഭരണഘടനയുടെ ചട്ടക്കൂടും ഉള്ളടക്കവും ലഭിച്ചു.
1950 ജനുവരി 26 നു പുതിയ ഭരണഘടന നിലവിൽ വന്നു. അംബേദ്കർ തന്‍റെ ജീവിതം കൊണ്ട് ഭാരതത്തിനു നൽകാവുന്ന ഏറ്റവും ശ്രേഷ്ഠമായ സംഭാവന നൽകിക്കഴിഞ്ഞു. പാലം കടന്നപ്പോൾ തന്നെ കൂരായണന്മാരുടെ മനസ്സിൽ കുന്നായ്മ വളർന്നു. ആ ഭരണഘടനയുടെ അടിസ്ഥാനത്തിൽ 1952ൽ നടന്ന ഒന്നാമത് ലോകസഭാ തിരഞ്ഞെടുപ്പിൽ ഡോ അംബേദ്കറും ബോംബെ നോർത്തിൽ നിന്ന് മത്സരിക്കാൻ തയാറായി. തലമറന്ന് എണ്ണ തേക്കാത്തവരുടേതായിരുന്നൂ ലോകമെങ്കിൽ അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയെന്നതായിരുന്നു സ്വാഭാവിക നീതി. പക്ഷേ ജവഹർലാൽ നെഹ്രുവിന്‍റെ കോൺഗ്രസ്സ് ആ നിയോജകമണ്ഡലത്തിൽ കയ്യും മെയ്യും മറന്ന് കഠിന പരിശ്രമം നടത്തി അംബേദ്കറെ പരാജയപ്പെടുത്തി. 1954 ൽ ഭിന്ദ്രാ നിയോജക മണ്ഡലത്തിൽ ഒഴിവു വന്നതിനെ തുടർന്നുണ്ടായ ലോകസഭാ ഉപതിരഞ്ഞെടുപ്പിലും അംബേദ്കർ മത്സരിക്കാൻ തയാറായി. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ പ്രചാരക് മാനനീയ ദത്തോപന്ത് ഠേംഗഡി അദ്ദേഹത്തിന്‍റെ പ്രധാന തിരഞ്ഞെടുപ്പ് സഹായിയായി ഒപ്പം ഉണ്ടായിരുന്നു. പക്ഷേ നെഹ്രുവിന്‍റെ കോൺഗ്രസ്സ് അന്നും അദ്ദേഹത്തെ പരാജയപ്പെടുത്തി ലോക സഭയുടെ പടിക്കു പുറത്തു നിർത്തി.
പക്ഷേ അങ്ങനെ ഡോ അംബദ്കറെ സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും നിരന്തരം തിരഞ്ഞെടുപ്പുകളിൽ തോൽപ്പിച്ച കോൺഗ്രസ്സ് തന്നെ ചില പരിഗണനകളും നൽകിയില്ലേ എന്നൊരു മറു ചോദ്യവും കോൺഗ്രസ്സിനും നെഹ്രുവിനു വേണ്ടി വാദിക്കുന്നവർ ഉയർത്താനിടയുണ്ട്. അവരുടെ ചോദ്യത്തിനുത്തരം അംബദ്കറുടെ പല പരസ്യ നിലപാടുകളും കോൺഗ്രസ്സിനെ അലോസരപ്പെടുത്തുന്നതായിരുന്നു എന്നിരിക്കലും അവയെ സാധാരണ പ്രതീക്ഷിക്കാവുന്ന തീവ്രതയോടെ കോൺഗ്രസ്സ/നെഹ്രു പക്ഷം വിമർശിച്ചിട്ടില്ലായെന്നത് ഓർത്തെടുത്താൽ ലഭിക്കും. അവയിലേറ്റവും പ്രധാനമായവയിലൊന്ന്
അതുപോലെ തന്നെയാണ്
- ഗാന്ധി വധവുമായി വീര വിനായക് ദാമോദർ സവർക്കറെ കള്ളക്കേസിൽ കുടുക്കാൻ കുതന്ത്രങ്ങൾ മെനഞ്ഞ നെഹ്രു ക്യാബിനറ്റിൽ അംഗമായിട്ടു പോലും സത്യത്തോടൊപ്പം നിൽക്കാൻ അന്ന് നിയമ മന്ത്രിയായിരുന്ന അംബേദ്കർ തയാറായതാണ്.
- സവർക്കർക്കു വേണ്ടി കേസു വാദിച്ചിരുന്ന അഭിഭാഷകൻ എൽ പി ബൊപാത്കറുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തുവാനും സവർക്കറുടെ നിരപരാധിത്വം അടിവരയിട്ടു പറഞ്ഞു കൊണ്ട് കേസിൽ വീരസവർക്കറുടെ നിപരാധിത്വം തെളിയിക്കപ്പെടുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചതുമാണ്.
- ക്രൂരമായ ഗാന്ധിവധത്തിൽ വധശിക്ഷ വിധിക്കപ്പെട്ട നഥൂറാം ഗോഡ്സെയ്ക്കു വേണ്ടി ദയാഹര്‍ജി സമർപ്പിച്ചാൽ താനിടപെടാമെന്ന സന്ദേശം അംബേദ്കർ അഭിഭാഷകൻ വഴി ഗൊഡ്സെയ്ക്കു നൽകാൻ തയാറായത്. ഗോഡ്സെയ്ക്കു താത്പര്യമുണ്ടെങ്കിൽ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാൻ നോക്കാമെന്നായിരുന്നു അംബേദ്കർ നൽകിയ സൂചന.
'ദയവായി, എന്‍റെ മുകളിൽ ദയ അടിച്ചേൽപ്പിക്കരുത്. എന്നിൽ കൂടെ എനിക്ക് സ്ഥാപിക്കണം, ഗാന്ധിയൻ അഹിംസയെ തൂക്കിലേറ്റിയിരിക്കുന്ന വെന്ന്'.ആ വാക്കുകൾ കേട്ട് അംബേദ്കർ ഞെട്ടിയെങ്കിലും ഗോഡ്സയെ പ്രകീർത്തിച്ചുകൊണ്ടു പിൻവാങ്ങിയെന്നാണ് ചരിത്രം വെളിപ്പെടുത്തുന്നത്.
അതുപോലെ തന്നെയാണ്
- മോഹൻ ദാസ് കരംചന്ദ് ഗാന്ധിയെ ലോകം മുഴുവനും ഗാന്ധിജിയെന്നത് മഹാത്മജിയെന്നും വിളിച്ചുകൊണ്ടിരുന്നപ്പോഴും മിസ്റ്റർ ഗാന്ധിയെന്നതിനപ്പുറം സംബോധന ചെയ്യാൻ അംബേദ്കർ തയാറാകാതിരുന്നത്.
- 1947ൽ ബ്രിട്ടീഷുകാർ ഇൻഡ്യ വിട്ട് സ്വാതന്ത്ര്യം നൽകുന്നതിന് മഹാത്മജിയെയും കോൺഗ്രസ്സിനെയുംകാളധികം നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ യും ഇൻഡ്യൻ നാഷണൽ ആർമിയുടെയും പങ്കാണുണ്ടായതെന്നത് ആധികാരിക വ്യക്തികളുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ആവർത്തിക്കാനുള്ള ചങ്കുറപ്പ് അംബേദ്കർ കാട്ടി.
അവിടെയാണ് അംബദ്കറെ നിരന്തരം അവഗണച്ചിരുന്ന നെഹ്രു-കോൺഗ്രസ്സ് പക്ഷവും അദ്ദേഹത്തെ ആദ്യമായി ലോകസഭാതിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ നെഹ്രു പക്ഷത്തിനു സമാന്തരമായി പടയ്ക്കിറങ്ങിയ കമ്യൂണിസ്റ്റു പക്ഷവും ഭാരതത്തെ അട്ടിമറിക്കുവാൻ അംബേദ്കറെയും കൂട്ടു പിടിക്കാൻ ശ്രമിക്കുന്ന ജിഹാദി പക്ഷവും അവർക്കോരുരത്തർക്കുമെതിരെ ആ വലിയ മനുഷ്യൻ വിട്ടുവീഴ്ചയില്ലാതെ നടത്തിയ നിശിതവിമർശനങ്ങളേ പോലും ലജജയില്ലാതെ വിഴുങ്ങിയതിന്‍റെ രഹസ്യം കുടികൊളളുന്നത്.
അംബദ്കറുടെ പാരമ്പര്യം നെഞ്ചിലേറ്റിയ ഭാരതത്തിലെ അടിസ്ഥാന ബഹുജന സമാജത്തിന്‍റെ ശക്തിയാണ് അദ്ദേഹത്തോട് ഉള്ളിൽ പക സൂക്ഷിക്കുമ്പോളും സ്വയം പത്തി താഴ്ത്തി നിർത്താൻ അവരെ നിർബന്ധിതരാക്കുന്നത്. ആ ശക്തിയെ ഹിന്ദുവിരുദ്ധ വർഗീയതയ്ക്കും ദേശവിരുദ്ധ രാഷ്ട്രീയത്തിനും ഉപകരിക്കാവുന്ന ശക്തിയായി ദുരുപയോഗം ചെയ്യുകയെന്നതാണ് അവരുടെ ദുഷ്ടലാക്ക്,.
അംബദ്കറുടെ പാരമ്പര്യം നെഞ്ചിലേറ്റിയ ഭാരതത്തിലെ അടിസ്ഥാന ബഹുജന സമാജത്തിന്‍റെ ശക്തിയാണ് അദ്ദേഹത്തോട് ഉള്ളിൽ പക സൂക്ഷിക്കുമ്പോളും സ്വയം പത്തി താഴ്ത്തി നിർത്താൻ അവരെ നിർബന്ധിതരാക്കുന്നത്. ആ ശക്തിയെ ഹിന്ദുവിരുദ്ധ വർഗീയതയ്ക്കും ദേശവിരുദ്ധ രാഷ്ട്രീയത്തിനും ഉപകരിക്കാവുന്ന ശക്തിയായി ദുരുപയോഗം ചെയ്യുകയെന്നതാണ് അവരുടെ ദുഷ്ടലാക്ക്,.
ആ വക രാഷ്ട്ര വിരുദ്ധ തന്ത്രങ്ങൾക്ക് തടയിടാൻ അംബേദ്കറുടെ കണ്ടെത്തലുകൾ സത്യസന്ധമായി പഠിച്ചറിയണം. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യം മാത്രം സ്വതന്ത്രമായാൽ പോരാ. രാജ്യത്തെ ജനങ്ങളും സ്വതന്ത്രമാകണമെന്നതായിരുന്നു അംബേദ്കറുടെ ലക്ഷ്യം. ജനങ്ങൾ എന്നു പറഞ്ഞപ്പോൾ ജാതി വ്യവസ്ഥയിൽ അധ:സ്ഥിതരായിരുന്നു അദ്ദേഹത്തിന്‍റെ നിർവചനത്തിൽ പ്രധാനം. അവരുടെ മോചനത്തിന് ജാതി/വർണ്ണ വ്യവസ്ഥ ഇല്ലാതാകണം. അങ്ങനെയില്ലാതാകണമെങ്കിൽ ഹിന്ദുധർമ്മത്തിൽ ജാതി/വർണ്ണ വ്യവസ്ഥയെ നിലനിർത്തുന്ന ചിന്തയുടെ അടിത്തറ പൊളിച്ചടുക്കണമെന്ന് അദ്ദേഹം നിഷ്കർഷിച്ചു. ആ വക ചിന്തകളുടെ അടിത്തറ ഹിന്ദു ധർമ്മത്തിന്‍റെ നിലനിൽപ്പിന് അനിവാര്യമല്ലെന്നു തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ ദാർശനിക ബോദ്ധ്യം. അക്കാര്യത്തിലൊന്നും കോൺഗ്രസ്സിനും ഗാന്ധിജിക്കും താത്പര്യമില്ലെന്നതായിരുന്നു അദ്ദേഹത്തിന് അനുഭവങ്ങളിൽ നിന്നു ബോദ്ധ്യമായത്. അതുകൊണ്ടു തന്നെ ബ്രിട്ടീഷുകാർ ഇൻഡ്യ വിട്ടാലും തദ്ദേശീയരായ പുതിയൊരു വരേണ്യ വിഭാഗം ഭരണത്തിലാകുമെന്നും അധഃസ്ഥിതരുടെ സ്വാതന്ത്ര്യം വീണ്ടും അകലെയാകുമെന്നും അംബേദ്കർ ഭയന്നു. ചരിത്രം അതു ശരിയാണെന്ന് തെളിയിച്ചു.
പാലാഴിമഥനം കഴിഞ്ഞ് അമൃത് ലഭിച്ചപ്പോൾ അസുര പക്ഷം അത് കൈവശപ്പെടുത്തിയതുപോലെ സ്വാതന്ത്ര്യാനന്തര ഭാരതവും ഒരു കുടുംബത്തിന്‍റെ യും അവരെ ചുറ്റിപറ്റി നിന്നവരുടെയും മേച്ചിൽപ്പുറമായി മാറി.2014ൽ മാത്രമേ ജനപക്ഷത്തിലേക്ക്, ഭരണാധികാരത്തിന്‍റെ അമൃതകുംഭം പൊതുജനസമൂഹത്തിന് ഫലപ്രദായി തിരിച്ചു പിടിക്കാനായുള്ളു. അന്നാരംഭിച്ചൂ, എല്ലാവരോടുമൊപ്പം, എല്ലാവർക്കും വേണ്ടി, എല്ലാവരുടെയും വിശ്വാസം അംഗീകരിച്ചുകൊണ്ടുള്ള ജനാധിപത്യ വികസനമാതൃക. ആ വഴിയിലൂടെ നനരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അതിവേഗം മുന്നോട്ടു പോകുക മാത്രമാണ് ഡോ ഭീംറാവ് അംബേദ്കറുടെ ലോകവീക്ഷണം യാഥാർത്ഥ്യമാക്കുവാൻ ഭാരതം ചെയ്യേണ്ടത്. അതാണ് ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് ഡോ ഭീംറാവ് അംബേദ്കറുടെ മുന്നിൽ വരച്ചിട്ട തീണ്ടാപ്പാടകലത്തിന്‍റെ അതിർരേഖ എന്നെന്നേക്കുമായി മായിക്കുവാനുള്ള മാർഗം.
(ലേഖകൻ ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്. ഫോൺ: 9497450866)
No comments:
Post a Comment