K V Rajasekharan :: പാക്കിസ്ഥാനു നഷ്ടം. ഐസക്കിനു ദു:ഖം!

Views:

പാക്കിസ്ഥാനു നഷ്ടം.  ഐസക്കിനു ദു:ഖം!
കെ വി രാജശേഖരൻ
ലക്ഷം കോടി രൂപതരാം.  വേണ്ടെന്ന് ഇൻഡ്യ! 
കേരളത്തിന്‍റെ ധനകാര്യ മന്ത്രി ഡോ തോമസ്സ് ഐസക്കിന്‍റെ ഒരു ലേഖനത്തിന്‍റെ (മാതൃഭൂമി ഏപ്രിൽ 25) തലവാചകം! ഇൻഡ്യ അങ്ങനെ വേണ്ടെന്നുവെച്ചത് വിദേശനാണയ പ്രതിസന്ധിയിൽ കുത്തുപാളയെടുക്കേണ്ട ഗതിയിലെത്തിയ  പാക്കിസ്ഥാനെ കുടുക്കാനാണോയെന്നതാണ് അദ്ദേഹത്തിന്‍റെ ദുഃഖം.  

ആഗോളതലത്തിൽ തന്നെ പൊതുജനാരോഗ്യരംഗവും സാമ്പത്തിക രംഗവും പരിഹരിക്കാൻ വഴികാണാത്ത പ്രതിസന്ധിയിലാണ്.  ചെറുതും വലുതുമായ രാജ്യങ്ങളെല്ലാം നിവൃത്തികേടിന്‍റെ അന്തരീക്ഷത്തിൽ അകപ്പെട്ടിരിക്കുമ്പോൾ ഭാരതത്തിന് ഒരു ലക്ഷം കോടിരൂപയുടെ ലഭ്യസാദ്ധ്യതയെ നന്ദിപൂർവ്വം നിരാകരിച്ചതിൽ ഡോ ഐസക്കിനു ദു:ഖമോ അസൂയയോ പകയോ എന്തു വേണമെങ്കിലും ആകാം.
ആരെങ്കിലും പത്തു രൂപ എറിഞ്ഞു കൊടുത്താലും 
ഓടിച്ചെന്ന് എടുക്കേണ്ട അവസ്ഥയിലേക്ക് 
കേരള സംസ്ഥാനത്തെ  കോവിഡിനും വളരെ മുമ്പേ കൊണ്ടു ചെന്നെത്തിച്ച 
ധനകാര്യമന്ത്രിയിൽ നിന്ന് മറ്റൊന്നും ഇവിടാരും പ്രതീക്ഷിക്കുന്നുമില്ല. 
അതെന്തായാലും 2014നു ശേഷം അധികാരമേറ്റ നരേന്ദ്രമോദി സർക്കാർ ഭാരതത്തിന്‍റെ സാമ്പത്തിക മേഖലയിൽ കാലം ആവശ്യപ്പെടുന്ന ഘടനാപരവും വ്യാവഹാരികവുമായ ഭദ്രതയും ചലനാത്മകതയും പ്രയോഗതലത്തിലെത്തിച്ചതിൽ ഇന്നീ രാഷ്ട്രം അഭിമാനിക്കുന്നു.  അസാധാരണ ദുരിതഘട്ടങ്ങളിൽ പോലും ആ പേരും പറഞ്ഞ് 'കിട്ടുന്നതിങ്ങു പോരട്ടെ' എന്നു പറഞ്ഞു കൈനീട്ടാതെ, സ്വന്തം കാലിൽ നിന്നുകൊണ്ട് സഹായ സാദ്ധ്യതകളെ നന്ദിപൂർവ്വം നിരസിച്ചുകൊണ്ട്, തല ഉയർത്തി നിൽക്കുന്നെങ്കിൽ ഭാരതം അതിലഭിമാനിക്കും. അങ്ങനെ കരുത്തിന്‍റെ ഭാഷയിൽ സംസാരിക്കുവാനുള്ള ശക്തിനേടുവാനാണ്, ഭാരതം മോദിയെ പ്രധാനമന്ത്രിയാക്കിയതും നിർമ്മലാ സീതാരാമനെ ധനകാര്യമന്ത്രിയാക്കിയതും.  അവരതിൽ വിജയിച്ചുയെന്ന വസ്തുത വളഞ്ഞവഴിയിലൂടെയാണെങ്കിലും വെളിപ്പെടുത്തുകയെന്നത് ഒരു സഖാവിൽ നിന്നും ഒരിക്കലും പ്രതീക്ഷീക്കാവുന്നതല്ല. അബദ്ധ വശാലാണെങ്കിലും സത്യം പറഞ്ഞതിന് സഖാവ് ഐസക്കിന് ജനാധിപത്യഭാരതം നന്ദി പറയും.

ഇന്‍റർ നാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) അൻപതു ലക്ഷം കോടിയുടെ സ്പെഷ്യൽ ഡ്രോയിങ്ങ് റൈറ്റ്സ് (എസ്സ് ഡി ആർ) അന്തർദേശീയ വിപണിയിലിറക്കുവാനുള്ള നിർദ്ദേശത്തെ ഭാരതം എതിർത്തതാണ് ഡോ ഐസക്ക് ചർച്ചയ്ക്കെടുത്ത വിഷയം.

എല്ലാ രാജ്യങ്ങൾക്കും   ഐഎംഎഫിൽ ഉള്ള ഓഹരി പങ്കാളിത്തത്തിന് ആനുപാതികമായ തുക എസ്സ് ഡി ആറിന്‍റെ രൂപത്തിൽ അതത് രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾക്ക് കരുതൽ മൂലധനശേഖരം ശക്തിപ്പെടുത്തുവാൻ വേണ്ടി നൽകുകയെന്നതായിരുന്നു നിർദ്ദേശം. അതിൽ പ്രസക്തമായ ഒരു കാര്യം അമ്പത് ലക്ഷം കോടിയുടെ എസ്സ് ഡി ആർ അന്തർ ദേശീയ വിപണിയിലേക്കിറക്കിയാലും അതിന്‍റെ സിംഹഭാഗവും  അമേരിക്കയ്ക്ക് ലഭിക്കുമായിരുന്നു. ചൈനയും ജപ്പാനും ഇൻഡ്യയും പാക്കിസ്ഥാനും അടങ്ങുന്ന അംഗരാജ്യങ്ങൾക്കെല്ലാം ആനുപാതികമായ വീതവും ലഭിക്കുമായിരുന്നു. എന്നിട്ടും അമേരിക്കയും ഇൻഡ്യയും അതിനെ എന്തുകൊണ്ട് എതിർത്തൂയെന്നതാണ് കേരള ധനകാര്യമന്ത്രിയുടെ ചോദ്യം. എന്തുകൊണ്ട് അമേരിക്ക എതിർത്തൂയെന്നത് അമേരിക്കയുടെ വേണ്ടപ്പെട്ടയാളെന്ന് പൊതു സമൂഹം കണക്കാക്കുന്ന ഡോ തോമസ്സ് ഐസക്കും അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങളോട് കമ്പോടു കമ്പ് ചേർന്നു നിൽക്കുന്ന നിരീക്ഷണങ്ങൾ നേരത്തേതന്നെ നടത്തിയിട്ടുള്ള 'ദി വയർ' എന്ന ഓൺലൈൻ പ്രസിദ്ധീകരണവും അന്വേഷിച്ചുകൊള്ളട്ടെ.

 (അമേരിക്കൻ പൗരനായ സിദ്ധാർത്ഥ് വരദരാജൻ മുഖ്യ ചുമതലക്കാരനായ 'വയർ' എന്നും ഭാരതത്തിന്‍റെ താത്പര്യങ്ങൾക്ക് മുഖം തിരിച്ചു നിൽക്കുന്ന ഓൺലൈൻ പ്രസിദ്ധീകരണമാണെന്നതും അവരുടെ ചോദ്യങ്ങൾ ആർക്കു വേണ്ടിയാണെന്നതും ഈ നാട്ടിലെ പൊതുസമൂഹത്തിനറിയാം).

എന്നാൽ ഭാരതത്തിന്‍റെ നിലപാട് ആനുകാലിക അന്തർ ദേശീയ സാഹചര്യങ്ങളും ഈ രാജ്യത്തിന്‍റെ ദേശീയ താത്പര്യങ്ങളും കണക്കിലെടുത്തു തന്നെയായിരുന്നു.  ഉത്തരം തേടുന്നവർ ആദ്യം കണക്കിലെടുക്കേണ്ട വസ്തുത ഐഎംഎഫിൽ ഇക്കാര്യത്തിനു തീരുമാനം എടുക്കുവാൻ എൺപത്തിയഞ്ചു ശതമാനം വോട്ടു നേടണം. അമേരിക്കയ്ക്കു മാത്രം എൺപത്തി ആറര ശതമാനം വോട്ടുള്ളതുകൊണ്ട് ഭാരതം നിശ്ശബ്ദമായിരിക്കുകയോ അനുകൂലിക്കുകയോ ചെയ്താലും നിർദ്ദേശം തള്ളുമായിരുന്നു.  എന്നാൽ അവിടെയൊരു അഴകൊഴമ്പൻ നിലപാടിനു പോകാതെ ആ നിർദ്ദേശത്തെ ഭാരതം കൃത്യമായി എതിർത്തു. അങ്ങനെ വലിയ അളവിൽ ധനലഭ്യതയ്ക്ക് ഇടവരുത്തിയാൽ, ഉദ്ദേശിച്ച കാര്യങ്ങൾക്കല്ലാതെ ചില രാജ്യങ്ങൾ അതിനെ ഉപയോഗിച്ച് അപകടകരമായ പാർശ്വ ഫലങ്ങൾക്കിടവരുത്തുമെന്ന സാദ്ധ്യതയാണ് ധനകാര്യമന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ ഐഎംഎഫ്  സ്റ്റിയറിംഗ് കമ്മറ്റിയിൽ ഭാരതത്തിന്‍റെ നിലപാടു വ്യക്തമാക്കിക്കൊണ്ട് സൂചിപ്പിച്ചത്.

പാക്കിസ്ഥാൻ പോലെയുള്ള രാജ്യങ്ങൾ കിട്ടുന്ന സഹായം കൊറോണയുമായി ബന്ധപ്പെട്ട അടിയന്തര പ്രശ്നങ്ങൾക്ക് ഉപയോഗിക്കാതെ ലോകത്തിലേക്ക് പൊതുവെയും ഭാരതത്തിലേക്ക് വിശേഷിച്ചും തീവ്രവാദം കയറ്റി അയക്കാൻ വഴിമാറ്റി ചിലവഴിച്ച് അപകടകരമായ പാർശ്വഫലത്തിനിടവരുത്തുമെന്ന്   അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയിട്ടാണ് ഭാരതം അങ്ങനെ ഒരു നിലപാടെടുത്ത്.

ഭാരതത്തെ തകർക്കുവാനുള്ള നിരന്തര കുതന്ത്രങ്ങളിൽ ഏർപ്പെടുന്ന രാജ്യമാണ് പാക്കിസ്ഥാൻ.
  • സാർക്കു രാജ്യങ്ങളെ ഒന്നിച്ചിരുത്തി യോജിച്ചു കൊറോണയെ നേരിടാനുള്ള വഴി ഭാരതം ഒരുക്കിയപ്പോൾ അതിൽ പങ്കെടുക്കുവാനുള്ള മര്യാദ പോലും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കാട്ടിയില്ല.  
  • പകരം പ്രധാനമന്ത്രിമാരുടെ കൂട്ടായ്മയിലേക്ക് താഴത്തെ ശ്രേണിയിൽ പെടുന്ന പ്രതിനിധിയെയാണ് പറഞ്ഞുവിട്ടത്. 
  • അവിടെ കശ്മീർ പ്രശ്നം ഉയർത്തി തങ്ങളുടെ വൃത്തികെട്ട മുഖം തുറന്നു കാണിക്കുകയും ചെയ്തു.  
  • അതിനുശേഷവും ഭാരതത്തിന്‍റെ അതിർത്തിയിലൂടെ തീവ്രവാദികളെയും കൊറോണാ ബാധിതരെയും കടത്തിവിട്ട് ഭാരതത്തിനെതിരെ അനവസരത്തിലും ഒളിപ്പോർ ആക്രമണങ്ങൾ അഴിച്ചു വിടുകയാണ് പാക്കിസ്ഥാൻ ചെയ്യുന്നത്. 
  • അതിർത്തിയിലെ സാഹസങ്ങളും തുടരുന്നു. 
അങ്ങനെയുള്ള പാക്കിസ്ഥാന്‍റെ താത്പര്യം, ഐഎംഎഫ് എസ്സ്ഡിആർ വിഷയത്തിൽ, സംരക്ഷിക്കാൻ തയാറാകാതിരുന്നതിന് ഭാരതത്തെ വിമർശിക്കുന്ന ഡോ തോമസ്സ് ഐസക്കിന്‍റെയും 'വയറിന്‍റെയും' മറ്റും തനിനിറം പൊതുസമൂഹം തിരിച്ചറിയണം.

തന്‍റെ നിലപാടിനെ ന്യായീകരിക്കുവാൻ ഡോ ഐസക്ക് പറയുന്നത് ഭാരതം പണ്ട് മൂന്നാം ലോക രാജ്യങ്ങളുടെ നേതൃത്വം വഹിച്ചൂയെന്നതാണ്.  ഇവിടെ അദ്ദേഹം ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കണം.
  • ചേരിചേരാനയം തലയ്ക്ക് പിടിച്ച ഭാരതത്തിന് 1962 ലെ ചൈനീസ് അക്രമണസമയത്ത് ആരും സഹായിക്കാനില്ലായിരുന്നു.  
  • ചേരിചേരാനയം ഉപേക്ഷിച്ച് സോവിയറ്റ് യൂണിയനോട് കരാർ ഉണ്ടാക്കിയതുകൊണ്ടാണ് 1971 ൽ ബംഗ്ളാദേശ് യൂദ്ധ കാലത്ത് അമേരിക്കയുടെയും ചൈനയുടെയും ഭീഷണികളെ ഭാരതത്തിന് അതിജീവിക്കാൻ കഴിഞ്ഞത്.  (സോവിയറ്റു ബന്ധത്തിലൂടെ ഭാരതം ചെന്നു ചാടിയ കുരുക്കുകൾ കണക്കിലെടുക്കുമ്പോഴും ഇക്കാര്യം വേറിട്ടു നിൽക്കുന്നു). 
  • അതുപോലെ മൂന്നാം ലോകം എന്നു പറഞ്ഞ് നാം ചേർത്തു നിർത്തിയിട്ടുള്ളവരിൽ ഉൾപ്പെട്ടവരും അവരുടെ മതരാഷ്ട്രങ്ങളുടെ കൂട്ടായ്മയിലെത്തുമ്പോൾ ഭാരതത്തിനെതിരു നിൽക്കുന്ന അനുഭവങ്ങൾ ഇന്നും തുടരുന്നു.  
അതുകൊണ്ട് പുതിയ ഭാരതഭരണകൂടം രാജ്യ താത്പര്യം സംരക്ഷിച്ചു കൊണ്ട് ലോകസമാധാനത്തിനും മാനവരാശിയുടെ സമഗ്രവികസനത്തിനും ഉതകുന്ന നയതന്ത്ര ബന്ധങ്ങളും നിലപാടുകളും സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകുന്നു. നരേന്ദ്രമോദിയുടെ ഭാരതം ശരിവഴിയിലാണെന്ന് ലോകം തിരിച്ചറിഞ്ഞ് അംഗീകരിക്കുകയും ചെയ്യുന്നു.

ലക്ഷം കോടിയുടെ ധനസഹായം ഭാരതം വേണ്ടെന്നു വെച്ചതിലാണ് കേരള ധനകാര്യമന്ത്രി അസ്വസ്ഥനാകുന്നതെങ്കിൽ അദ്ദേഹം ഓർക്കണം,
  • ഐഎംഎഫ് എസ്സ്ഡിആർ വർദ്ധനയുടെ നിർദ്ദേശം അങ്ങനെ ലഭിക്കുന്ന തുക ആവശ്യമുള്ള രാജ്യങ്ങൾക്ക് ഡോളർ പോലെ ഉപയോഗിച്ച് തങ്ങളുടെ വിദേശവിനിമയ പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യം വെച്ചായിരുന്നു.  
  • അല്ലാതെ ആഭ്യന്തര മേഖലയിൽ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ 'വിതരണം' ചെയ്യാൻ അംഗരാജ്യങ്ങൾക്ക് സൗകര്യമൊരുക്കുന്ന ഒരു ധനസഹായ പാക്കേജൊന്നുമായിരുന്നില്ല. 
  • വിദേശ മൂലധന കരുതൽ ശേഖരം പര്യാപ്തമായ തോതിലുള്ള ഭാരതത്തിന് വിദേശവിനിമയ രംഗത്ത് പ്രതിസന്ധിയില്ലായെന്നതുകൊണ്ടു തന്നെയാണ് ഡോ ഐസക്ക് പറഞ്ഞ ലക്ഷം കോടി എസ്സ്ഡിആർ  നേടിയെടുക്കുവാൻ വേണ്ടി രാജ്യ താത്പര്യം നഷ്ടപ്പെടുത്തുവാൻ നരേന്ദ്രമോദി സർക്കാർ തയാറാകാതിരുന്നത്. 
അങ്ങനെ കിട്ടുന്നതും വാങ്ങി 
വളഞ്ഞ വഴിയിലൂടെ വകമാറ്റി ചിലവാക്കുന്നതിന് വഴിതേടുന്നത് 
ഇന്നത്തെ കേരള ധനകാര്യമന്ത്രിയുടെ രീതിയായിരിക്കാം.

പക്ഷേ നരേന്ദ്രമോദി സർക്കാറിന്‍റെ രീതി അതല്ല. ഒപ്പം തന്നെ, നിലനിൽക്കുന്ന സാമ്പത്തിക  സമ്മർദ്ദങ്ങളെ നേരിടുവാനുള്ള ശക്തി രാജ്യത്തിനുണ്ടെന്ന വസ്തുതയും ഭാരതത്തിന്‍റെ ഇക്കാര്യത്തിലുള്ള നിലപാടിന് അടിസ്ഥാനമായിയെന്നതു വ്യക്തം.

നിലനിൽക്കുന്ന കോവിഡ് ഭീഷണിയേയും തത്ഫലമായി ഉയർന്നവരുന്ന ആഗോള സാമ്പത്തിക വെല്ലുവിളികളെയും നേരിടുന്നതിന് ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളുമായും സജീവ സഹകരണത്തിന്‍റെ പാതയാണു ഭാരതം സ്വീകരിച്ചത്. പക്ഷേ ഭാരതത്തിനകത്താണെങ്കിലും പുറത്താണെങ്കിലും  സാമ്പത്തിക സഹായങ്ങൾ നൽകുന്നതിനുള്ള ഇടപെടലുകളിൽ സുതാര്യത ഉറപ്പാക്കണമെന്ന പക്ഷത്താണ് ഭാരതം.
വേണ്ടത്ര, വേണ്ടയിടത്ത്, വേണ്ടപ്പോൾ, വേണ്ടതുപോലെ എത്തണം എന്ന നിർബന്ധം ഭാരതസർക്കാറിനുണ്ട്. 
അക്കാര്യം ഉറപ്പുവരുത്തണമെങ്കിൽ ഈ വക സന്ദർഭങ്ങളെ ഉപയോഗിച്ചു കൊണ്ട് പുര കത്തുമ്പോൾ വാഴ വെട്ടാൻ വരുന്നവരെ കരുതിയിരിക്കേണ്ടിവരും.

അതിന്‍റെ പ്രത്യക്ഷ ഉദാഹരണം കേരളത്തിന്‍റെ ധനകാര്യമന്ത്രി തന്നെ കാട്ടിത്തന്നിട്ടുണ്ട്. 
പ്രളയം പോലെയുള്ള സന്ദർഭങ്ങളിൽ കേന്ദ്രസർക്കാരും കേരളത്തിലെ പട്ടിണി പാവങ്ങളുൾപ്പടെയുള്ളവരും നൽകിയ സംഭാവനകൾ വകമാറ്റി ചിലവഴിച്ചു. സംസ്ഥാനത്തെ കടത്തിൽ മുക്കി. കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ട് കൊറോണയ്ക്കു വളരെ മുമ്പ് തന്നെ ഖജനാവ് കാലിയാക്കി.  
കൊറോണയെ നേരിടാൻ വിവിധ പാക്കേജുകളുമായി ഭാരത സർക്കാരും റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യയും മറ്റും മുന്നോട്ടു വരുമ്പോൾ അതുമായി ബന്ധമില്ലാത്ത സംസ്ഥാന സർക്കാരിന്‍റെ മുൻ ബാദ്ധ്യതകൾ പരിഹരിക്കാനുള്ളത് വല്ലതും കിട്ടുമോയെന്നു പ്രതീക്ഷിച്ചു കൈ നീട്ടിയാൽ ഭാരത സർക്കാരിന്‍റെ ഭാഗത്തുനിന്നും വിട്ടുവീഴ്ചയുണ്ടാകില്ല.

അതു പോലെതന്നെയാണ് അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക സഹായങ്ങൾ നൽകുമ്പോൾ പാക്കിസ്ഥാൻ പോലുള്ള രാജ്യങ്ങൾ അങ്ങനെ ലഭിക്കുന്ന അധിക മൂലധനം അവരുടെയിടങ്ങളിലെ പട്ടിണിപ്പാവങ്ങളുടെ ദുരിതമകറ്റാൻ ഉപയോഗിക്കാതെ ഭീകരപ്രവർത്തനങ്ങൾക്കുളള സാമ്പത്തിക സ്രോതസ്സാക്കി മാറ്റുവാനുള്ള സാദ്ധ്യത കണക്കിലെടുത്തതും   ലോകത്തിൽ ആ സന്ദേഹം പങ്കുവെക്കുന്നവരോടൊപ്പം നിന്നുകൊണ്ട് സ്വന്തം നിലപാട് രൂപപ്പെടുത്തുവാൻ ഭാരതം തയാറായതും. അവിടെയും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതാകും ഭാരതത്തിന്‍റെയും ലോകത്തിന്‍റെയും താത്പര്യത്തിനുതകുന്നതെന്ന ബോദ്ധ്യമാണ് ദേശീയ ഭരണകൂടത്തെ നയിച്ചത്.

ഇക്കാര്യത്തിൽ പാക്കിസ്ഥാനുണ്ടായ നഷ്ടവും, അതുമൂലം ചൈനയ്ക്കുണ്ടാകുന്ന പാക് സഹായ ബാദ്ധ്യതയുടെ വർദ്ധനവും അല്ലാ ഭാരതത്തിലെ പൊതുസമൂഹത്തെ ചിന്തിപ്പിക്കുന്ന വിഷയം.
ആ നിലപാട് ഭാരതത്തിന്‍റെ ദേശീയ താത്പര്യങ്ങളെയും ലോകഹിതത്തെയും എങ്ങനെ ബാധിക്കുമെന്നുള്ളതാണ് രാജ്യം കണക്കിലെടുക്കുന്നത്. 
അവിടെയും പാക്ക് താത്പര്യമാണ് ഡോ ഐസക്കിനും  സഹയാത്രികർക്കും പ്രധാനമെങ്കിൽ കാലം അവർക്ക് മറുപടി നൽകിക്കൊള്ളും.

(ലേഖകൻ ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്. ഫോൺ: 9497450866)



No comments: