V K Leelamony Amma :: നമ്മളറിയാൻ

Views:


നമ്മളറിയാൻ

പറന്നെത്തി അദൃശ്യനായണുഭീകരൻ
നിറഞ്ഞാടിത്തിമിർക്കുന്നു ഭുവനമാകെ
അരങ്ങുകൾ തകർത്തവൻ ശരവേഗത്തിൽ
തുരക്കുന്നു നരവംശശ്വസനവ്യൂഹം.

കരുത്തോടെയെതിരിടാൻ സുസജ്ജരാകാൻ
കരുനീക്കാം കരുതലിൻ കളങ്ങൾ തേടാം.
സുരക്ഷയ്ക്കായ് കരം നന്നായ് ശുചിയാക്കേണം
സ്വരക്ഷയ്ക്കായ് അഭികാമ്യം മുഖകവചം.

അകംപൂകാം സ്വയം നമുക്കകലമാകാം
അടുക്കുവാനതു നമ്മെത്തുണയ്ക്കും നൂനം.
അനാദിയായ്ത്തുടരുന്ന ഭ്രമണദൗത്യം
അറിഞ്ഞെന്നാലകലത്തിൻപൊരുൾ തിരിയും.

വിശക്കുമ്പോൾ നിറയുവാൻ വിഭവമേറെ
അശിക്കണമരവയർ നിറയുവോളം
ഗതകാലം വിളമ്പിയ രുചിക്കൂട്ടുകൾ
ചിതമുള്ള മണമൂറുംരുചിവൈഭവം.

അഭിജ്ഞരെന്നതിഗർവ്വം നടിക്കുന്നോനും
അളവില്ലാവകകൂട്ടിയിളയ്ക്കുന്നോനും
അണുവോളം വകയില്ലാതിരപ്പവനും
അണുവിന്നു സമസ്തരും സഹജതുല്യർ.

മികവെന്തു്? തികവെന്തു്?പകയെന്തിനു്?
വകയെല്ലാമൊരുവകക്കുഴിവക്കോളം.
അകങ്ങളിൽ കുടിപാർക്കുമണുപ്രസരം
അറിയുവാൻ നമുക്കീശൻ തരുന്നിതെല്ലാം.

അടരാടിയടരുവാൻ തുനിഞ്ഞീടൊല്ലേ
അടരാതെ വിരിയട്ടേ! ഹൃദയസൂനം!
അഴലിന്റെ കനൽ വീണോരിടങ്ങൾ തേടാം
നിഴലായി ഉയിർചേർത്തു തണലായിടാം.

അകംനോവിൽപ്പുകയുന്ന വിചിത്രചിത്രം
അകക്കാമ്പു തെളിക്കുവാനുദിച്ച സത്യം!
"വസുധൈവ കുടുംബക"മതൊന്നു സത്യം!
വസുധയ്ക്കു തിരിയും ഈ 'വക'ഭേദങ്ങൾ.
     ******==*******==******
ലീലാമണി.വി.കെ.



No comments: