Views:
കരുതൽ
--- അമീർ കണ്ടൽ
രാത്രി എട്ടരക്കുള്ള ദുബൈ എയർലൈൻസിലുള്ള തിരിച്ച് പോക്കിന് മുമ്പ് ഒരു സംഗതി കൂടി പൂർത്തിയാക്കാനുണ്ട്. തിരുവല്ലാപുരത്തെ ഓൾഡ് ഏജ് ഹോമിലൊന്ന് തല കാണിക്കണം.
തൻ്റെ മൊബൈൽ ആപ്പിൽ കുറിച്ചിട്ട ഡെയ്ലി പ്ലാനിംഗിലൂടെ രവി കണ്ണ് പായിച്ചു. രണ്ട് ദിവസത്തെ ലീവിൽ നാട്ടിലെത്തിയാൽ ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ ഇങ്ങോട്ടുള്ള ഫ്ലൈറ്റ് യാത്രക്കിടെ തയ്യാറാക്കിയിരുന്നു. തറവാട് വീട്ടിലെ വാടകക്കാരുടെ എഗ്രിമെൻ്റ് പുതുക്കണം. ബാങ്കിലെ എൻ.ആർ.ഐ അക്കൗണ്ട് സംബന്ധമായ ക്ലിയറൻസ് നടത്തണം. വൃദ്ധസദനത്തിലെ മേട്രനെ കണ്ട് ഒരു തുക സംഭാവന നൽകണം.
തൻ്റെ മെർസിഡസ് ബെൻസ് കാർ തിരുവല്ലാപുരം കവലയിലെ വളവ് ചുറ്റി കലുങ്ക് കഴിഞ്ഞുള്ള വലത് നിരത്തിലൂടെ കയറ്റം കയറി കുരിശു കാലിൻ ചുവട്ടിൽ കൈവെള്ളയിൽ ഉണ്ണിയേശുവിനെ താലോലിക്കുന്ന കന്യാമറിയത്തിൻ്റെ മുന്നിൽ നേരിയ ശബ്ദത്തോടെ നിന്നു. ഇടത് വശത്തെ മതിൽ കെട്ടിനകത്താണ് ശാന്തി വൃദ്ധസദനം.
രവി കാറിൽ നിന്നിറങ്ങി മുന്നിലെ പടവുകൾ കയറി. വർഷങ്ങൾക്ക് മുമ്പുള്ള അതേ കെട്ടുകാഴ്ചകൾ തന്നെ. പുതുതായി ഗേറ്റിനോട് ചേർന്ന് ഒരു കമാനം പണിതിട്ടുണ്ട്.
അവസാനമായി അമ്മയുടെ മുഖം ഒന്നു കാണാനോ മരണാനന്തരചടങ്ങിൽ സംബന്ധിക്കാനോ തനിക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. പടവുകൾ കയറുമ്പോൾ ഉള്ളിൽ ചെറിയൊരു നീറ്റൽ കൊളുത്തി വലിച്ചു. കുട്ടികളുടെ പഠിപ്പും തൻ്റെ ബിസിനസ് തിരക്കുകളും അമ്മക്ക് അറിയാവുന്നതാണല്ലോ. അയാൾ സ്വയം മനസ്സിനെ ആശ്വസിപ്പിച്ചു.
"ങാ.. രവി സർ..വരൂ... സാറിനെ ഏല്പിക്കാനായി മരിക്കുന്നതിന് മുമ്പ് അമ്മ ഒരു പൊതി തന്നിരുന്നു. അത് താങ്കളെ ഏല്പിക്കാനാ ഇവിടം വരെ വരാൻ നിർബന്ധിച്ചത്... ബുദ്ധിമുട്ടായതിൽ ക്ഷമിക്കണം." മേട്രൻ രവിയെ അകത്തേക്ക് ക്ഷണിച്ചു.
അമ്മയുടെ മരണം കഴിഞ്ഞ മാസമായിരുന്നു. ഏഴെട്ട് കൊല്ലമായി ഇവിടെത്തെ അന്തേവാസിയായി കഴിയുകയായിരുന്നു. അഛൻ്റെ മരണശേഷം അവർ കുറേ വർഷം ഒറ്റക്കായിരുന്നല്ലോ. ഏക മകനായ തന്നോടൊപ്പം ദുബായിലെ ഫ്ലാറ്റിൽ വന്ന് താമസിക്കാൻ അമ്മക്കാണെങ്കിൽ ഇഷ്ടവുമില്ലായിരുന്നു. ശിഷ്ടകാലം അഛൻ്റെ കാലടികൾ പതിഞ്ഞ മണ്ണിൽ കഴിച്ച് കൂട്ടണം. അത് മാത്രമായിരുന്നു അമ്മയുടെ ഏക ആഗ്രഹം.
"സർ... ഇത് താങ്കളെ തന്നെ ഏല്പിക്കണമെന്ന് പറഞ്ഞാ അമ്മ കണ്ണടച്ചത് ... മരിക്കുന്നതിന് മുമ്പ് ആ അമ്മ താങ്കളെ ഒന്നു കാണാൻ വല്ലാതെ കൊതിച്ചിരുന്നു... "
ന്യൂസ് പേപ്പറിൽ പൊതിഞ്ഞ പൊതികെട്ട് മേട്രൻ അയാൾക്ക് കൈമാറി.
തെല്ല് ആകാംക്ഷയോടെ അയാളത് തുറന്നു. റബ്ബർ ബാൻ്റിട്ട അടുക്കി വെച്ച നോട്ടുകെട്ടുകൾ.
''മാസാമാസം അമ്മക്ക് കിട്ടി കൊണ്ടിരുന്ന വിധവാ പെൻഷനാ.."
അയാളുടെ മുഖത്ത് തെളിഞ്ഞ സംശയത്തിൻ്റെ വടുക്കുകൾ ശ്രദ്ധിച്ച് മേട്രൻ പറഞ്ഞു.
അയാൾ ആ പൊതിക്കെട്ട് ഒരു കുഞ്ഞിനെയെന്നോണം കൈകളിൽ വാരിയെടുത്തു. അയാളുടെ കൈകളിലിരുന്നു അത് വിറയ്ക്കാൻ തുടങ്ങി. തൊണ്ടയിൽ കുടുങ്ങിയ തേങ്ങലിനെ ചവച്ചിറക്കുന്നതിനിടയിൽ തൻ്റെ കാഴ്ചയെ മറച്ച കണ്ണീർ ഉറവയിൽ നോട്ടുകെട്ടുകൾ കുതിർന്നു. അന്നേരം രവിയുടെ കൈകളിലിരുന്നു വിറകൊണ്ടത് വാത്സല്യം തുടിക്കുന്ന തൻ്റെ അമ്മയുടെ മുഖമായിരുന്നു.
https://www.yourquote.in/raji-chandrasekhar-efi7/quotes/krut-amii-knntt-krth-caption-baam6n
2 comments:
അമീർ കണ്ടൽ എഴുതിയ കരുതൽ എന്ന കഥ നന്നായി. പുതിയ ശൈലി യാണ്.എളുപ്പം വായിച്ചു പോകാൻ കഴിയുന്നുണ്ട്.
ആശംസകൾ
മലയാളത്തിനും കഥാകൃത്തിനും
ഒത്തിരി സ്നേഹവും നന്ദിയും .
_ അമീർകണ്ടൽ
Post a Comment