Ameer Kandal :: പാചകപ്പുര വാതിൽക്കൽ മന്ദസ്മിതം തൂകി ....

Views:



പാചകപ്പുര വാതിൽക്കൽ മന്ദസ്മിതം തൂകി ....


1

'ബീനുജീ'
എല്ലാവരാലും ആദരവോടെയാണ് അവരെ വിളിച്ചിരുന്നത്. ഹിന്ദിയിൽ ആളുകളെ പേരിനൊപ്പം 'ജി' ചേർത്ത് വിളിക്കുന്നത് ആദരസൂചകമായിട്ടാണല്ലൊ. കണിയാപുരം ഗവ.യു.പി.സ്കൂളിലെ ഹിന്ദി അധ്യാപിക ബീനു ടീച്ചർ അറിയപ്പെട്ടിരുന്നത് ബീനുജി എന്നാണ്. സാധാരണ ഗതിയിൽ ഹിന്ദി അധ്യാപക കൂട്ടത്തിനിടയിൽ ജി ചേർത്ത് വിളിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ സഹപ്രവർത്തകർ മാത്രമല്ല, സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും സുഹൃത്തുക്കൾ വരെ ബിനുജി എന്നാണ് അവരെ വിളിച്ചിരുന്നത്.

ഒന്നാം ക്ലാസിലെ ഹിന്ദി കാണാത്ത കൊച്ചുകുട്ടി വരെ ബീനുജി എന്നു വിളിക്കുന്നത് കേട്ടപ്പോൾ ഒരിക്കൽ കൗതുകത്തിന് ചോദിച്ചു ജി എന്നത് ഇൻഷ്യലാണോയെന്ന്. എന്നല്ല. ഒരുവേള അങ്ങനെ തന്നെയാണ് മനസ്സിലാക്കി വെച്ചിരുന്നത്. 

ഏതോ ഒരു ഫോം പൂരിപ്പിക്കുന്ന അവസരത്തിലാണ് ബീനു. G എന്നെഴുതിയ എന്നെ ടീച്ചർ  തിരുത്തിച്ചത്. 

"മാഷേ... എന്‍റെ ഇൻഷ്യൽ ജി അല്ല.. എൽ ആണ്... " 
"അല്ലേലും ടീച്ചറിന് ഒരെല്ല് കൂടുതലാണ് ട്ടോ... " 
എന്‍റെ ക്ലീഷേ തമാശ കേട്ടുള്ള ആ വെളുക്ക ചിരിയിൽ സൗഹൃദത്തിന്‍റെ നിലാവ് പതിഞ്ഞിരുന്നു.
       
തെക്കൻ കേരളത്തിൽ അധ്യാപകർക്കിടയിൽ 'മാഷ്' വിളി അപൂർവ്വമാണ്. എന്നാൽ എന്നെ മാഷേ എന്ന് വിളിച്ചിരുന്ന അപൂർവ്വം ടീച്ചർമാരിൽ ഒരാളാണ് ബീനുജി. ആ വിളിക്കൊരു പ്രത്യേക ചന്തമാണ്. അല്ലേലും മാഷ് വിളിക്കൊരു വല്ലാത്ത അഴകാണല്ലോ.
                    
അധ്യാപക പരിശീലന വേദിയിലൂടെയാണ് ബീനുജി യെ പരിചയപ്പെടുന്നത്. ഉപജില്ലയിലെ വിദ്യാലയങ്ങളിലെ അധ്യാപകരെല്ലാം ഒത്തുചേരുന്ന വേദിയാണത്. ഹിന്ദി അധ്യാപിക എന്ന നിലയിൽ നന്നായി ഭാഷ കൈകാര്യം ചെയ്തിരുന്ന ഒരാളായിരുന്നു അവർ. സ്വഛന്ദമായി ഒഴുകുന്ന പുഴ പോലെ ഹിന്ദിയിലുള്ള ആ സംസാരം ഇച്ചിരി അസൂയയോടെയല്ലാതെ കേട്ടിരിക്കാൻ കഴിയില്ല.

2

കണിയാപുരം സ്കൂളിലെത്തിയപ്പോഴാണ് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞത്. കേവലം ഒരു അധ്യാപിക  എന്നതിനുപരി സ്കൂളിന്‍റെ മുക്ക്മൂലകളിൽ വരെ ശ്രദ്ധ പതിപ്പിച്ചിരുന്ന  കൈകാര്യദർശി കൂടിയായിരുന്നു അവർ. ഏത് കാര്യവും വളരെ ചിട്ടയായും വൃത്തിയായും ചെയ്യണമെന്ന വാശിയുള്ളയാളായിരുന്നു ബീനുജി. അല്ലേലും സ്കൂൾ ഒരു വീട് പോലെയായിരുന്നല്ലോ അവർക്ക്. ആൺകുട്ടികളുടെ ഹെയർ സ്റ്റൈൽ മുതൽ പെൺകുട്ടികളുടെ ഡ്രെസ്സിംഗിൽ വരെ അവരുടെ ശ്രദ്ധ പതിയും. ക്ലാസ് റൂമിലെ ഇളകിയ ടൈൽ മുതൽ മൂത്രപ്പുരയിലെ ടാപ്പ് ലീക്ക് വരെ പ്രശ്നപരിഹാരങ്ങളായി ഏറ്റെടുത്തതും  സ്കൂളിനെ സ്വന്തം വീടോ അതിനപ്പുറമോ ആയി കണ്ടിരുന്നത് കൊണ്ട് തന്നെയാണ്.
          
സ്കൂളിലെ ഉച്ചഭക്ഷണത്തിന്‍റെ ചുമതല അവരുടെ കരങ്ങളിലായിരുന്നു.

ആയിരത്തിയഞ്ഞൂറോളം വരുന്ന കുട്ടികൾക്കുള്ള ദിവസേനയുള്ള ഉച്ചഭക്ഷണ വിതരണം, പാൽ, മുട്ട, പ്രീ പ്രൈമറിക്കാർക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണ കണക്ക്, അടുക്കള, പാചകത്തൊഴിലാളികൾ, വിറക്, പലവ്യജ്ഞനങ്ങളുടെ സ്വരുക്കൂട്ടൽ .....  എത്ര വെടിപ്പോടെ, എത്ര മനോഹരമായാണ് ഒരു കാരണോത്തിയെ പോലെ ഇതൊക്കെ അവർ കൈകാര്യം ചെയ്തിരുന്നതെന്നോർക്കുമ്പോൾ അതിശയം തോന്നുന്നു .
         
കാര്യങ്ങൾ ഏതായാലും അതിലെ കൃത്യത മാത്രമല്ല, അത് നീതിപൂർവ്വം നടക്കണമെന്നുള്ള ആത്മാർത്ഥത കൊണ്ടാവണം ചിലപ്പോഴൊക്കെ ചിലതിലൊക്കെ കർക്കശ നിലപാടെടുത്തിരുന്നു. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടിൽ ഉറച്ച് നിൽക്കുക എന്നത് ബീനുജിയുടെ വ്യക്തിത്വത്തിന്‍റെ അടയാളമായിരുന്നു. പറയേണ്ടത് മുഖത്ത് നോക്കി പറയാൻ ആരുടേയും ഇഷ്ടാനിഷ്ടങ്ങൾ അവർക്ക് ഒരു തടസ്സമായിരുന്നില്ല .
                
നിലപാടുകളിൽ കാർക്കശ്യം പുലർത്തിയിരുന്നപ്പോഴും ഉള്ളിൽ ആർദ്രതയുടേയും സ്നേഹത്തിൻ്റേയും സൗഹാർദ്ദത്തിൻ്റേയും മലർവാടിയൊരുക്കിയിരുന്നു അവർ.

3

ചിലപ്പോഴൊക്കെ കണ്ണുരുട്ടിയും ശകാരിച്ചും കുട്ടികളോട് പെരുമാറിയിട്ടുണ്ടെങ്കിൽ അത് അവരെ നേർവഴിക്ക് നടത്തണമെന്നുള്ള നന്മയും വാത്സല്യവും ഒന്നു കൊണ്ട് മാത്രമായിരുന്നു. എന്നല്ല അച്ചടക്കത്തിന്‍റെ കാര്യത്തിൽ ബീനുജിക്ക് കണിശതകൾ ഏറെയായിരുന്നു. അത് കൊണ്ട്തന്നെ ബീനുജി  വാതിൽക്കൽ വന്ന് നിന്നാൽ മതി ബഹളമയമായ ക്ലാസ് റൂം ടപ്പേന്ന് ശാന്തമാകും. എന്നു മാത്രമല്ല, ചില ടീച്ചർമാരൊക്കെ ബീനുജിയുടെ പേര് പറഞ്ഞാണ് കുട്ടികളെ അടക്കിയിരുത്തിയിരുന്നത്.
        
സ്കൂളും പ്രവർത്തനങ്ങളും തന്‍റെ സന്തോഷങ്ങളായി കണ്ടിരുന്ന ബീനുജി ഒത്തിരി കനവുകളും നോവുകളും ഉള്ളിലൊതുക്കിയിരുന്നു. ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ടീച്ചർ നിരവധി ജീവിതവൈതരണികളെ അതിജീവിച്ചത് അവരുടെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ്. ജീവിത യൗവ്വനത്തിൽ കൂട്ടായും തണലായും നിന്ന ഭർത്താവിന്‍റെ അകാല വിയോഗവും വർഷങ്ങൾ നീണ്ട വൈധവ്യവും സമ്മാനിച്ച വ്യഥകൾ കുഴിച്ചുമൂടിയിരുന്നത് സ്കൂളിലെ കുട്ടികളോടൊത്തുള്ള അധ്യാപനത്തിലും സന്തോഷങ്ങളിലുമായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് നടന്ന പുനർവിവാഹം ജീവിതത്തിൽ പുതു വസന്തങ്ങൾക്ക് നിറം പകരുമെന്ന് അവർ കിനാവ് കണ്ടിരുന്നു.
ചികിത്സയും പ്രാർത്ഥനകളും നിറഞ്ഞ മാതൃത്വത്തിനായുള്ള നീണ്ട കാത്തിരിപ്പിനിടിയിൽ മുളപൊട്ടിയ ജീവന്‍റെ തുടിപ്പുകൾ അവരുടെ കനവുകളിൽ മഴവില്ല് നിറച്ചിരുന്നു.

ഒടുവിൽ.....
രണ്ടിളം പിഞ്ചോമനകളെ
ഈ ഭൂമിമാതാവിന്‍റെ കൈകളിലർപ്പിച്ച് ....
ബീനുജീ....

ഫെബ്രുവരിയിലെ അവസാന വെളളിയാഴ്ച സ്റ്റാഫ് റൂം ഒഴിഞ്ഞ നേരംനോക്കി പതിയെ വന്ന് മാർച്ച് മാസത്തെ സ്റ്റാഫ് ഫണ്ട് അഡ്വാൻസായി തന്ന്, ടീച്ചറമ്മക്കുള്ള യാത്രയയപ്പ് യോഗത്തിൽ ഞാനുണ്ടാവില്ലായെന്ന് പറഞ്ഞ് പിരിഞ്ഞത്..
എല്ലാം നേരത്തേ അറിഞ്ഞ് കൊണ്ടായിരുന്നു.. ല്ലേ...

4

ഗേറ്റ് നടയിലെ
ആ പാചകപ്പുര വാതിൽക്കൽ മന്ദസ്മിതം തൂകി സ്വാഗതമോതാൻ
ഇനിയുണ്ടാവില്ല... ല്ലേ....

മരണം ....
നിന്നെ വെറുതെയല്ല ആളുകൾ കോമാളിയെന്ന് വിളിക്കുന്നത്.
രംഗബോധമില്ലാത്ത കോമാളി ....






No comments: