Views:
ജയിച്ചതാര്, തോറ്റതാര്...
ധന്യ ജി സുരേഷ്
ഇരുപത് വർഷങ്ങൾക്കിപ്പുറമാണ് കോളേജ് റീയൂണിയൻ സെറ്റ് ചെയ്തത്. എല്ലാവരും കുട്ടികളും കുടുംബങ്ങളുമായി തിരക്കിട്ട ജീവിതം നയിക്കുമ്പോഴും ആ ഒരുദിവസത്തിൽ അവിടെ വന്നു ചേരാൻ ആരും കൂട്ടാക്കാതിരുന്നില്ല. പഴയ ഓർമ്മകളിലേക്ക് എല്ലാവരും ഒന്നുകൂടെ തിരിച്ചു പോകാൻ ഒത്തുകൂടുകയാണ്.
എന്നാൽ കൂടെപഠിച്ച സഹപാഠികളെ കാണാൻ വേണ്ടി മാത്രമായിരുന്നില്ല ദേവനാരായണൻ അവിടെ എത്തിച്ചേർന്നത് . ജീവനേക്കാളേറെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും തന്‍റെ സ്നേഹത്തിന്‍റെ ആഴം മനസ്സിലാക്കാതെ വഞ്ചിച്ചിട്ടു പോയ മായ .... അവളെ കാണാൻ വേണ്ടി കൂടി ആയിരുന്നു .
അവൾ പോയെങ്കിലും അവൻ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് അവൾക്ക് തെളിയിച്ചു കൊടുക്കണം. ഇന്നവൻ ജീവിതത്തിൽ വിജയിച്ച ഒരു മനുഷ്യനാണെന്ന് അവളെ ബോധിപ്പിക്കണമെന്നത് അവന്‍റെ വാശി കൂടിയാണ് .
ഒട്ടുമിക്കപേരും എത്തിച്ചെർന്നു കഴിഞ്ഞു. പഴയ ഓർമ്മകളിൽ മുഴുകി തമ്മിൽ കളിയാക്കിയും കഥകൾ പറഞ്ഞും എല്ലാവരും ഒരിക്കൽ കൂടി ആ കോളേജിൽ പഠിച്ച വിദ്യാർത്ഥികളായി മാറുകയായിരുന്നു.
ദേവനാരായണൻ സംസാരത്തിൽ മുഴുകി നിൽക്കുമ്പോഴായിരുന്നു ഒരുവൻ പറഞ്ഞത്, ടാ അത് നമ്മുടെ മായ അല്ലെ ...? ദേവ് തിരിഞ്ഞു നോക്കി, അതെ അതവൾ തന്നെയാണ് മായ.
എത്രയൊക്കെ ദേഷ്യമാണ് അവളെ ഓർക്കുമ്പോൾ അവനുള്ളതെങ്കിലും വർഷങ്ങൾക്കിപ്പുറം കാണുമ്പോൾ അവന് അവളെ നോക്കി ചിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
മായ എല്ലാവരോടും മിണ്ടുകയും കാര്യങ്ങൾ തിരക്കുകയും ചെയ്തു . ദേവിനോട് മാത്രം അവൾ ഒന്നും മിണ്ടിയതുമില്ല. മായയോട് ദേവും ഒന്നും മിണ്ടിയില്ല.
ദേവ് അവളെ ഒത്തിരി നേരം നോക്കി നിന്നു. ഇന്നവൾ ആ പഴയ തൊട്ടാവാടി പെണ്ണല്ല. ആരെയും പേടിയില്ലാത്ത ഒരു ജീവിതം പോലെ ദേവിന്‍റെ കണ്ണുകൾക്ക് അവളെ അന്ന് കണ്ടപ്പോൾ തോന്നി.
അപ്പോഴും അവൻ ചിന്തിച്ചു , എന്തുകൊണ്ടായിരുന്നു അന്ന് അവൾ എന്നിൽ നിന്നും അകന്നുമാറിയത്. എന്തിനാണ് അന്നവൾ ഏറെ വേദനിപ്പിച്ചുകൊണ്ട് എന്നിൽനിന്നും പോയ്മറഞ്ഞത്.
അതിനുത്തരം ചോദിച്ചിട്ട് അന്നവൾ നൽകിയിട്ടുമില്ല, സ്വയം അതിനുള്ള ഉത്തരം കണ്ടെത്താൻ അവനിന്നോളം കഴിഞ്ഞിട്ടുമില്ല.
ഒരു കാര്യവുമില്ലാതെ അവനിൽ നിന്ന് ഒഴിഞ്ഞു മാറിയതുകൊണ്ടാണ് അവനിന്നും മായയോട് ദേഷ്യം.
ഹായ് ദേവ് .... ആലോചനയിൽ മുഴുകി നിന്ന ദേവ് പെട്ടന്ന് തിരികെ വന്നു. അവനെ വിളിച്ചത് മായ ആയിരുന്നു .
തിരിച്ചവനും പറഞ്ഞു,
ഹലോ ...
സുഖമാണോ നിനക്ക് ..?
അതെ സുഖം , നിനക്കോ ...?
മ്മ് സുഖം ...
നിശബ്ദതയിൽ മുഴുകിയ നിമിഷങ്ങളായിരുന്നു പിന്നെ കുറച്ചു നേരത്തേക്ക് ...
നിശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് മായ പറഞ്ഞു.
വിരോധമില്ലെങ്കിൽ നമുക്ക് ഒന്നു നടന്നാലോ.
ഹാ ഓക്കേ എന്നവനും പറഞ്ഞു.
ഇരുവരും നടന്നടുത്തത് പണ്ട് അവർ ഒന്നിച്ച് വന്നിരിക്കാറുള്ള വാകമരത്തിന്‍റെ ചുവട്ടിലായിരുന്നു. വേനൽ ആയതുകൊണ്ട് ഇലകൾ പൊഴിച്ച് ചുവന്നു പൂത്തുലഞ്ഞു നിൽക്കുവായിരുന്നു ആ മരവും .
വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ മായ ദേവിന്‍റെ കുടുംബത്തെപ്പറ്റി തിരക്കി. വളരെ അഭിമാനത്തോടെയും അഹങ്കാരത്തോടെയും തന്നെ അവന്‍റെ കുടുംബത്തെ അവൾക്ക് പരിചയപ്പെടുത്തി .
അവൾ ടീച്ചർ ആണ് പേര് കണ്ണകി, മക്കൾ രണ്ടുപേർ ഒരാണും ഒരു പെണ്ണും ആനന്ദും , ദർശനയും ഒരാൾ ഒൻപത്തിലും ഒരാൾ ആറിലും പഠിക്കുന്നു.
മായ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവൻ ഏറെ സന്തോഷപൂർവ്വമാണ് ഓരോ കാര്യങ്ങളും പറയുന്നത്.
ഏറെനേരത്തെ സംഭാഷണത്തിനൊടുവിൽ മായയുടെ ജീവിതത്തെപ്പറ്റി തിരക്കി അവൻ ...
നിവർത്തിയിട്ടിരുന്ന സാരിയുടെ തുമ്പ് അവൾ കൈകൊണ്ട് പിടിച്ച് ചുറ്റിയെടുത്തിട്ട് അവൾ ഒന്നു ചിരിച്ചുകൊണ്ട് പറഞ്ഞു
ഭർത്താവ്, കുടുംബം കുട്ടികൾ അങ്ങനൊന്നും എന്‍റെ ലൈഫിൽ പറയാൻ ഇല്ല.
ഒരു ഞെട്ടൽ എന്നവിധം ദേവ് ചോദിച്ചു,
അപ്പൊ നീ ഇതുവരെ കല്യാണം...... മുഴുവൻ ചോദിക്കുന്നതിനു മുൻപ് തന്നെ അവൾ പറഞ്ഞു
അതേടോ ഇല്ല.
അവനുപിന്നീട് എന്ത് ചോദിക്കണമെന്നോ പറയണമെന്നോ അറിയാത്തൊരു അവസ്ഥയായി .
ദേവിന് ഒന്നും മനസ്സിലായില്ല, അവൻ നോക്കുമ്പോൾ മായ പുഞ്ചിരിക്കുന്നത്. മാത്രമേയുള്ളു.
കുറച്ചു നേരത്തെ മൗനത്തിനു ശേഷം മായ ദേവിനോട് ചോദിച്ചു. നീ എന്നെ വെറുത്തിട്ടുണ്ടല്ലേ. ഇല്ലെന്ന് അവളോട് പറയാൻ അവന്‍റെ മനസാക്ഷി അനുവദിച്ചില്ല, അവൻ മറുപടിയൊന്നും തന്നെ നൽകിയില്ല.
മായ വീണ്ടും തുടർന്നു. നിനക്കോർമ്മയുണ്ടോ ഈ കോളേജിന്‍റെ സ്റ്റെപ്പിൽ നിന്നും ഞാൻ താഴേക്ക് വീണത്. വലിയൊരു വീഴ്ച്ചയിൽ ഞാൻ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്നു. പക്ഷെ അന്ന് എന്‍റെ വിധി ദൈവം മാറ്റി മറിച്ചു. വൈകാതെ തന്നെ ഡോക്ടർമാർ കണ്ടെത്തി എനിക്ക് ഭാവിയിൽ ഒരമ്മയാകാൻ കഴിയില്ലെന്നുള്ള സത്യം.
ആ വെളിപ്പെടുത്തലുകൂടി കേട്ടപ്പോൾ ദേവ് ഞെട്ടിപ്പോയിരുന്നു .
ഒട്ടും പതറാത്ത സ്വരത്തിൽ തന്നെ മായ വീണ്ടും തുടർന്നു.
അന്നിതൊന്നും തുറന്നു പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു . ഒരുപക്ഷെ ഞാൻ എല്ലാം തുറന്നു പറഞ്ഞിരുന്നുവെങ്കിൽ നീ എന്നെ ഉപേക്ഷിക്കില്ലായിരുന്നു.
പക്ഷെ ഞാൻ അന്ന് ആലോചിച്ചത് നിന്‍റെ കുടുംബത്തെപ്പറ്റിയാണ്. നിന്റെ കുട്ടികളെ കാണാനും കൊഞ്ചിക്കാനും ആഗ്രഹിക്കുന്ന ഒരമ്മയുടെയും അച്ഛന്റെയും ആഗ്രഹത്തെ കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല . നിന്നോടൊന്നും തുറന്നു പറയാതെ സ്വയം അകന്നു മാറുക എന്നല്ലാതെ മറ്റൊരു വഴിയും എനിക്കന്ന് അറിയില്ലായിരുന്നു .
പിന്നീട് തുടർന്നുള്ള പഠനവും ജോലിയുമൊക്കെ ആയി ജീവിതം കടന്നു പോയി . ഞാൻ കല്യാണം കഴിക്കാതെ ഒരു ജീവിതത്തെപ്പറ്റി ചിന്ദിക്കില്ലെന്ന് വാശിപിടിച്ചു നിന്ന യേട്ടനെക്കൊണ്ട് സമ്മതിപ്പിച് അവന്റെ കല്യാണം കഴിഞ്ഞു , മൂന്നു കുട്ടികൾ . രണ്ടു വർഷങ്ങൾക്കുമുമ്പ് അമ്മ മരിച്ചു , എന്നെ ഓർത്ത് ആ പാവം ഒത്തിരി ദുഃഖിച്ചിട്ടുണ്ട് . പിന്നീട് ഒരു ജീവിതം നഷ്ട്ടമായെന്നൊരു വേദനയൊന്നും എനിക്കില്ല.
പക്ഷെ ഇന്ന് ഞാൻ ഏറെ സന്തോഷിക്കുന്നു ദേവ് . ഞാൻ പോയെങ്കിലും നീയൊരു തോൽവിയായി മാറിയില്ല . കുടുംബമായി സന്തോഷത്തോടെ ജീവിതം നയിക്കുന്നു . അതായിരുന്നു ഞാൻ ആഗ്രഹിച്ചതും .
ഒന്നും പറയാൻ കഴിയാതെ ദേവ് ഞെട്ടലോടെയും ദുഃഖത്തോടെയും എല്ലാം കേട്ടുനിന്നു .
സത്യത്തിൽ അവളായിരുന്നു എന്നേക്കാൾ വേദനിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ അവന്റെ മനസ്സ് ഏറെ വേദനിച്ചു . എനിക്കിന്ന് കൂടെ കൂട്ടായും തണലായും ഒരാളുണ്ട് , പക്ഷെ അവൾ .... ഇന്നും അവൾ ഏകയാണ്.
ഹലോ ദേവ് എന്താ ആലോചിക്കുന്നത് മായ അവനെ ഒന്നുകൂടി ഉണർത്തിക്കൊണ്ട് ,
വരൂ... ഒരു കള്ള ചിരി ആ മുഖത്തു വരുത്തിക്കൊണ്ട് പറഞ്ഞു. നമുക്ക് അങ്ങോട്ട് ചെല്ലാം ഇല്ലേൽ വേറെന്തെങ്കിലും പറഞ്ഞുണ്ടാക്കും അവർ.
ഹാ.. വരൂ ... ,
ദേവും മായയും അവിടേക്ക് നടന്നു നീങ്ങുമ്പോൾ ദേവ് ഈശ്വരനോട് മനസ്സിൽ ചോദിച്ചു. ഈശ്വരാ ഇവിടെ സ്നേഹത്തിനു മുന്നിൽ തോറ്റതും ജയിച്ചതും ആരാണ്.
ദേവ് ഒരിക്കൽ കൂടി മായയുടെ മുഖത്തു നോക്കി അവളുടെ ചുണ്ടിൽ അപ്പോഴും ആ പുഞ്ചിരി മാഞ്ഞു പോയിട്ടില്ലായിരുന്നു. അവനോർത്തു ഈ ചിരിക്കുള്ളിലെ ഉത്തരം എന്തായിരിക്കും ...?
മായ സന്തോഷവതിയാണെന്ന് പറയാൻ കഴിയില്ല. സ്വയം ദുഖിച്ചില്ലാതാകുന്നു അവൾ.
ആരെയും സത്യാവസ്ഥ എന്തെന്നറിയാതെ ഒരിക്കലും കുറ്റപ്പെടുത്താൻ പാടില്ല . എല്ലാവർക്കും ഉണ്ടാകും അവരവരുടെതായ ശരികൾ. തങ്ങൾക്കു മാത്രം മനസ്സിലാകുന്ന, ബോധ്യമാകുന്ന ചില സത്യാവസ്ഥകൾ .....
https://www.yourquote.in/the-bluelight-pen-bdhbb/quotes/sneehttinumunni-jyicctaar-toorrrrupooyt-aar-9j8eg
No comments:
Post a Comment