Views:
ഉയിര്‍
സിദ്ദീക്ക് സുബൈര്‍
എനിക്കു നിന്നെ കാണാൻ
കൊതിയേറുന്നൂ
ഇടയ്ക്കു നിൻ ചിരി വന്ന്
ഉരുൾപൊട്ടുന്നു
കനത്ത കൂരിരുൾ തിന്നും
വെയിൽ മേയുന്നു
ശ്വാസനാളം മരിക്കാത്ത
കവിത മൂളുന്നു...
ഒഴുക്കായ് നിലയ്ക്കാതെ
മൊഴി പായുന്നു
മൃതിയില്ലാ സ്മൃതിയെ ഞാൻ
തുഴയാക്കുന്നു
കിതപ്പേറ്റി കുഴഞ്ഞിട്ടും
മന,മാറ്റാതെ
തുണയില്ലാ കയത്തിലെൻ
പ്രാണനാഴുന്നു...
അടച്ചിട്ട മുറിയിൽ ഞാൻ
ഭ്രാന്തനാകുന്നു
മറപറ്റി മുഖം മൂടി
മറ മാറ്റുന്നു
കുരുക്കെല്ലാമഴിക്കുവാൻ
വഴികാണാതെ
പടവാളിൻ പാട്ടു വെട്ടി-
ക്കുതറീടുന്നു...
മരുന്നില്ലാരോഗമായി
നീ കാറുന്നു
മയക്കുവാൻ കുഴൽ വേരായ്
നീയാഴുന്നു
കലം കാട്ടിക്കയംമൂടി,
നീ വേവുന്നു
വിശപ്പിന്റെ കുരൽ പൊട്ടി
നീ പാടുന്നു
കരളടുപ്പിൽ വ്യഥക്കൊള്ളി
തിളയേറ്റുന്നു
കനൽ വെന്ത് കുടം തല്ലി
മിഴിനീറ്റുന്നു
തിളച്ച നിൻകരുത്തിനായ്
ദാഹമേറ്റുന്നു
പെണ്ണേ,യെന്നുയിരന്നം
നീയൂട്ടുന്നു...
--- Sidheekh Subair
No comments:
Post a Comment