Smitha R Nair :: ഒത്തുചേരൽ

Views:


ഒത്തുചേരൽ 
സ്മിത R നായർ

പതിവില്ലാതെ കണ്ണാടിയുടെ മുന്നിൽ നിന്ന് ഒളിഞ്ഞും, മറിഞ്ഞും നോക്കുന്ന സാജനെ കണ്ടു നിമ്മിക്ക് ചിരി പൊട്ടി. ഇതിയാനീ നാല്പതാം വയസ്സിൽ ഇനിയെന്ത് കണ്ടിട്ടാണോ?  കാക്ക നോക്കുന്ന പോലെ കിടന്ന് നോക്കുന്നെ?   

പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തികളിക്കുന്നത് അവൾ കണ്ടു പിടിച്ചു. 

"എപ്പോളാ അച്ചായാ പരിപാടി? "  
"അത് പതിനൊന്നു മണിക്ക്.. ഹോട്ടലിൽ എത്തിയാ മതി.. "    
"അവൾ വരുമോ, പഴയ കാമുകി? "  
 "ആ എനിക്കറിയില്ല.... വരുമാരിക്കും." 
"അതെന്താ നിങ്ങളുടെ ഗ്രൂപ്പിലില്ലേ."  
"ഇല്ല... നീ ഒന്ന് പോയേ...".

ഇതാ പെണ്ണുങ്ങളോട് മനസ്സു തുറന്നാലുള്ള കുഴപ്പം... 

"ഞാൻ പോണു  ഓഫീസിൽ ചെല്ലണം,  നേരത്തെ ഇറങ്ങും.."

വണ്ടി  ഓടിക്കുമ്പോൾ   ലിസിയുടെ മുഖം അയാളോർത്തു.. 
വിടർന്ന കണ്ണുകളും, കനത്ത ഇടതൂർന്ന മുടിയുമുള്ള ശാലീന സുന്ദരി.
കിലുക്കാം പെട്ടിയെപ്പോലെ എല്ലാവരോടും ഇടപഴകുന്നവൾ. 

മൂന്നു വർഷം ആ പ്രണയം അവളോട് പറയാനാവാതെ സൂക്ഷിച്ചു. ഡിഗ്രി അവസാന വർഷ പരീക്ഷ അവസാനിച്ച അന്ന് ധൈര്യം സംഭരിച്ചു. അവളോട്‌ പ്രണയം തുറന്നു പറഞ്ഞു.

"എനിക്കൊരു ജോലി കിട്ടുന്നത് വരെ കാത്തിരിക്കണം"        

മറുപടിയായി അവൾ പറഞ്ഞത്.. 

"നീയെന്താ ഇത്രയും കാലം   ഈ സ്നേഹം പറയാതിരുന്നേ... അങ്കിളിന്‍റെ വീട്ടിലാ ഞാൻ നിന്നിരുന്നേ.. അമ്മ വിദേശത്താ, അവിടെ നഴ്സ് ആണ്.. അച്ഛന്‍റെ മരണ ശേഷം അവിടുള്ള ഒരാളെ വിവാഹം ചെയ്തു..  റിസൾട്ട്‌ വന്നാലുടൻ താൻ അമ്മയുടെ അടുത്തേക്ക് പോവുകയാണ്... സോറി സാജാ." 

എന്‍റെ മനസ്സ് തുടിച്ചതവൾ കെട്ടില്ല.., നടന്നു മറയും വരെ അന്ന് നോക്കി നിന്നു...                                                  
ഓഫീസിൽ നിന്ന് ഉടനെ ഇറങ്ങി... ഹോട്ടലിൽ എത്തിയപ്പോളേ കോൺഫറെൻസ് ഹാൾ നിറഞ്ഞതായി കണ്ടു.. സ്ത്രീകൾ കൂടി  നിൽക്കുന്നു.. അവരുടെ ഇടയിലൂടെ  അയാൾ കണ്ണോടിച്ചു. അവൾ വന്നോ ആവോ.... ആകെ കോൺടാക്ട് ഉള്ളത് രമയോട് മാത്രമാണ്......  ഷിബു വിളിച്ചു പറഞ്ഞു 

"വന്നല്ലോ... വനമാല" 

എല്ലാവരുടെയും ശ്രദ്ധ അയാളിലേക്ക് തിരിഞ്ഞു... പ്രൗഢഭാവം പൂണ്ട ഒരു സ്ത്രീയിൽ കണ്ണുടക്കി... 

ലിപ്സ്റ്റിക് ഇട്ട ചുണ്ടുകൾ. ബോബ് ചെയ്ത നിറം ചാർത്തിയ മുടിയിഴകൾ... ഇതവളല്ലേ?  

അവളുടെ കയ്യിൽ തൂങ്ങി പത്തു വയസ്സോളം വരുന്നോരാൺകുട്ടി, നീലക്കണ്ണുകൾ... ചെമ്പൻ മുടി.. പെട്ടെന്ന് അവൾ അടുത്തേക്ക് വന്നു...  അയാളുടെ കൈ കൂട്ടിപ്പിടിച്ചു ഇxഗ്ലീഷ് ചുവയുള്ള മലയാളത്തിൽ സാജനോട് എന്തൊക്കെയോ ചോദിച്ചു. 

"വിദേശിയെത്തന്നെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാണ്, ഉടൻ മടങ്ങിപ്പോകും ജോലിത്തിരക്കാണ്... നാട്ടിൽ ഒരാവശ്യത്തിന് വന്നപ്പോൾ കൂടാമെന്ന് കരുതി.." 

എല്ലാവരും മുഖം മൂടികളഴിച്ചു വെച്ച് ആ പഴയ സഹപാഠികളായി... യാന്ത്രികമായി അയാളും....   ഇടയ്ക്കു തന്‍റെ നോട്ടം അവളിലേക്ക് പാളിപ്പോകുന്നത് അയാളറിഞ്ഞു...                        
പ്രോഗ്രാം നടക്കുമ്പോളും... സാജന്‍റെ മനസ്സ് കോളേജ് വരാന്തയിലും, അവളോടൊപ്പമുണ്ടായിരുന്ന ക്ലാസ്സ്‌ മുറിയിലുമായിരുന്നു.. ആ നുണക്കുഴികൾ വശ്യമായി അയാളെ നോക്കി പുഞ്ചിരിച്ചു  കൊണ്ടിരുന്നു., 

അയാൾ മുഖമമർത്തി കിടക്കാൻ കൊതിച്ച മുടിയിഴകളിലെ പനിനീർപുഷ്പത്തിന് അവളുടെ ചുണ്ടിന്‍റെ അതേ നിറമായിരുന്നു.....




No comments: