Views:
മനസ്സില്‍ ഒരു കുളിര്‍മഴ
സ്മിത ആര്‍ നായര്‍
അവളുടെ ഇൻബോക്സിൽ ആ ചെയിൻ അണിഞ്ഞ കൈത്തണ്ട ഉള്ള പ്രൊഫൈലിൽ നിന്ന് തുരുതുരെ മെസ്സേജുകൾ വന്നു കൊണ്ടിരുന്നു. അപർണക്ക് ദേഷ്യം വന്നു.
ഇന്നിത് എത്രാമത്തെ തവണയാണ്. ബ്ലോക്ക് ചെയ്താലോ? അല്ലെങ്കിൽ വേണ്ട മൈൻഡ് ചെയ്യാതിരിക്കാം. ആദർശ് എന്നാ ട്രൂ കോളറിൽ ഉള്ളത്. ഇന്ന് തന്‍റെ പിറന്നാൾആണെന്ന് അയാൾ എങ്ങനെ അറിഞ്ഞോ?
കാണാമറയത്ത് ഒരാളിരുന്നു തന്നെ പ്രേമിക്കുന്നു. ഓർക്കാൻ സുഖമുണ്ട്, പക്ഷേ വിവാഹ ആലോചന വരുമ്പോൾ എന്ത് പറയും? ഒരിക്കലും തമ്മിൽ കാണാതെ അയാൾ ആരാണെന്ന് പോലും അറിയാതെ...മനസ്സിന്‍റെ ഏതോ ഒരു കോണിൽ ആ അപരിചിതനോട് അല്പം ഇഷ്ടം പൊടിച്ചു തുടങ്ങിയിട്ടുണ്ട്.
അവളുടെ ചിന്തകൾക്ക് കടിഞ്ഞാണിട്ട് കൊണ്ട്
"മോളെ ഇതൊന്നു ശരിയാക്കിത്തരുമോ"
ഒരു ചേടത്തിയുടെ ചോദ്യം മുഴങ്ങി.
"ഇങ്ങു തരൂ അമ്മേ നോക്കട്ടെ.
അക്ഷയ കേന്ദ്രത്തിൽ ജോലിക്കാരിയാണ് അവൾ. എപ്പോഴും തിരക്കാണവിടെ. എല്ലാവരോടും സൗമ്യമായി പെരുമാറുന്നത് കൊണ്ട് അവിടെ വരുന്നവർക്ക് വലിയ കാര്യമാണ്.
പെൻഷൻ ആയേപ്പിന്നെ അച്ഛൻ വീട്ടിലുണ്ടെപ്പോഴും. ചേച്ചി വിവാഹശേഷം കുടുംബമായി, ഡൽഹിയിൽ സ്ഥിരതാമസം. അമ്മ ഇടയ്ക്കു അവിടെപ്പോയി നിൽക്കാറുണ്ട്. അച്ഛൻ വൈകിട്ട് ഇച്ചിരി നേരത്തെ ഇറങ്ങാൻ പറഞ്ഞു. എവിടേലും പോകാനായിരിക്കും, വൈകിട്ട്.നല്ല നേരമാണേൽ സിനിമ കാണാൻ കൊണ്ട് പോകും. കുറച്ചു ദിവസമായി പൃഥ്‌വിയുടെ സിനിമ കാണണമെന്ന് പറഞ്ഞിട്ട്.
ലേഖ ചേച്ചിയോട് ചോദിച്ചിട്ട്, സ്കൂട്ടിക്കടുത്തേക്ക് ചെന്നു.... ഒരു മൂളിപ്പാട്ട് ഒക്കെ പാടിയാണ് ഓടിച്ചത്.
ഗേറ്റിനടുത്തു ചെന്നപ്പോൾ ഒരു പുതിയ കാർ കണ്ടു. വണ്ടി പതിയെ റോഡിൽ ഒതുക്കി വീടിന്‍റെ പിറകിൽക്കൂടി കയറി. അമ്മ ചായ എടുക്കുന്നു.
"ആരാമ്മേ വന്നത്".
"നീ എത്തിയോ, ഒരു കൂട്ടരാ നിന്നെ കാണാൻ.. "
"എന്നോടാരും ചോദിച്ചില്ല.. എനിക്ക് വയ്യാ "
"പെണ്ണേ അച്ഛൻ കേൾക്കണ്ട... നിന്നെ അറിയാം ചെറുക്കന്‍റെ അമ്മക്ക്..ഇവിടെ അടുത്ത് തന്നെയാ വീട്, ആ housing കോളനി ഇല്ലേ.. ഗ്രീൻ മൗണ്ട് അവിടെ. അക്ഷയ കേന്ദ്രത്തിൽ വന്നപ്പോൾ മുതൽ അറിയാമെന്നു... അവർ അവിടുന്ന് നമ്പർ സംഘടിപ്പിച്ചു അച്ഛനെ വിളിച്ചായിരുന്നു."
"ആരാണാവോ?
"പയ്യന് ഇഷ്ടമായാൽ കല്യാണം ഉടനെ വേണമെന്ന്, ലീവ് കുറവാത്രെ ഇന്നാ കാപ്പി കൊണ്ടു കൊടുക്കാൻ."
അവൾ മടിയോടെ ട്രേ കയ്യിലെടുത്തു.
"ദാ ഇതാ, ഞങ്ങളുടെ മോൾ ".
രണ്ടു ചെറുപ്പക്കാരും, അച്ഛനുമമ്മയും,, ഓ ഇതാ ആന്റിയല്ലേ ചന്ദ്രിക...
ആയമ്മ സ്നേഹത്തോടെ ചിരിച്ചു. കാപ്പി വാങ്ങുന്ന ആളുടെ കൈ എവിടെയോ കണ്ടു നല്ല പരിചയം....
പെട്ടെന്ന് അവളുടെ മനസ്സിൽ ആ പ്രൊഫൈൽ മിന്നി മാഞ്ഞു. ആ ചെയിൻ ഇട്ട കൈ. ആ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി.
"മോളെ ശരിക്കു നോക്കിക്കോ, ഇതാ ആദർശ്, ഞാൻ മോളുടെ നമ്പർ ഇവന് കൊടുത്തിരുന്നു, കേട്ടോ കാണുമ്പോൾ അറിഞ്ഞാൽ മതീന്ന് ഇവൻ പറഞ്ഞോണ്ടാ മോളേ"
ആദർശ് അവളെ നോക്കി വശ്യമായി ചിരിച്ചു. അവരുടെ മാത്രം മനസ്സിൽ ചില ഓർമ്മകൾ തേൻ കിനിഞ്ഞു. അവളുടെ മനസ്സിൽ ഒരു കുളിർ മഴ പെയ്തു.... പിന്നങ്ങോട്ട് ജീവിതത്തിലും...
1 comment:
കൊള്ളാം
Post a Comment