ഒളിച്ചോട്ടം.
അമീർകണ്ടൽ
Photo Credit: https://www.britannica.com/science/lightning-meteorology
റെയിൻകോട്ട് എടുക്കാൻ മറന്നതിൽ അകമേ ശപിച്ച് കൊണ്ട് അയാൾ ബൈക്കൊതുക്കി വെയിറ്റിംഗ് ഷെഡിലേക്ക് കയറി നിന്നു. കുറച്ച് നാളായി വൈകുന്നേരങ്ങളിൽ മഴയാണല്ലോ. പൊടുന്നെനെയാണ് വെളിച്ചം മങ്ങി ഇരുള് പരക്കുന്നത്.വേനൽ മഴയായതിനാൽ നല്ല കുടുക്കവുമുണ്ട്.മഴയാകട്ടെ തൻ്റെ നീണ്ട കറുത്ത തലമുടി അഴിച്ചിട്ട് കലിതുളളും മാതിരി തിമിർക്കുന്നു. വെയിറ്റിംഗ് ഷെഡിൻ്റെ പടവുകളിൽ ഓളങ്ങൾ തീർത്ത് മഴവെള്ളം കുത്തിയൊലിച്ച് പായുന്നു. വിജനമായ ടാറിട്ട റോഡിൽ മഴത്തുള്ളികൾ ഉറഞ്ഞ് തുളളി സ്വൈരവിഹാരം നടത്തുന്നു. പൊടുന്നനെയാണ് മഴ മഞ്ഞ് മൂടിയ പാതയുടെ മറുകരയിൽ നിന്ന് ഒരു സ്ത്രീ റോഡ് മുറിച്ചുകടന്ന് ഷെഡിലേക്ക് ഓടിക്കയറിയത്.കുടയിൽ താങ്ങാത്ത മഴ അവരെ അടിമുടി നനച്ചിരിക്കുന്നു. കുട മടക്കി അവർ തൻ്റെ ഷാളിൻ്റെ തുമ്പറ്റം പിഴിഞ്ഞ് തല തുവർത്തി. നനഞ്ഞൊട്ടിയ ചുരിദാറിൻ്റെ താഴ്ഭാഗം കൂട്ടിപ്പിടിച്ച് പിഴിഞ്ഞു. നെറുകയിലെ സിന്ദൂരം ചോരപാട് കണക്കെ നെറ്റിയിലേക്ക് പടർന്ന് കിടക്കുന്നു. ഉത്സവ പറമ്പിലെ കമ്പക്കെട്ട് മാതിരി ഇടയ്ക്കിടക്കുള്ള മിന്നൽ പിണരിലെ വെള്ളവെട്ടത്തിൽ ഉത്ക്കണ്ഠ മുറ്റിയ അവരുടെ തുടുത്ത മുഖം മിന്നിക്കൊണ്ടിരുന്നു.
വെയിറ്റിംഗ് ഷെഡിൽ ആ സ്ത്രീയും അയാളും മാത്രമാണുണ്ടായിരുന്നത്.മഴ അതിൻ്റെ താണ്ഡവനൃത്തം തുടർന്നു കൊണ്ടിരുന്നു.പടിഞ്ഞാറെക്കടവിലേക്കുള്ള ലൈൻ ബസാണ് സ്ത്രീയുടെ പ്രതീക്ഷയെന്ന് അയാൾ മനസ്സിലാക്കി.അരക്കിലോമീറ്റർ അപ്പുറത്തെ കവലയിലെ തുണിക്കടയിലെ സെയിൽസ് ഗേളാണെന്നും അവർ അയാളോട് പറഞ്ഞു. ഇരുള് കൂടുതൽ കനത്തു കൊണ്ടിരുന്നു. ഇടയ്ക്കിടെയുള്ള മിന്നലും ഇടിയും അവർക്കിടയിൽ ഭീതി ജനിപ്പിച്ചു. ഇതിനിടയിൽ ആ സ്ത്രീ തൻ്റെ ലതർ ബാഗിൽ നിന്ന് ഒരു പൊതികെട്ട് പുറത്തെടുത്തു. തൻ്റെ വീട്ടിലേക്ക് കരുതിയിരുന്ന ഓറഞ്ചുകളായിരുന്നു അതിൽ. തൊലി പൊളിച്ച് ഓറഞ്ചിതളുകൾ ഓരോന്നായി കഴിച്ചു കൊണ്ടിരിക്കുന്നേരമാണ് അവർക്ക് മുന്നിലായി വെള്ളം തെറ്റിച്ച് ഒരു ജീപ്പ് ബ്രേക്കിട്ട് നിന്നത്. മുന്നിലിരുന്ന പോലീസുകാരൻ ഒരു കള്ളച്ചിരിയോടെ സ്ത്രീയെ ഒന്നാകെ ഉഴിഞ്ഞു. എന്നിട്ട് അയാളെ രൂക്ഷമായി നോക്കി.' പെരും മഴയത്ത് എന്തെടുക്കുവാടാ.. ഇവിടെ..? ങാ... സമയങ്ങള് മെനക്കെടുത്താതെ വീടുകളിൽ പോകാൻ നോക്ക്...' പോലീസുകാരൻ്റെ മഴക്കാറ് പോലെ ഇരുണ്ട മുഖത്തെ മഞ്ഞളിച്ച കണ്ണുകളോട് അയാൾക്ക് അറപ്പ് തോന്നി. വെള്ളം തെറ്റിത്തെറിപ്പിച്ച് ജീപ്പ് കിഴക്കോട്ട് പാഞ്ഞു പോയി.
മഴ അല്പം ശമിച്ച നേരം അയാൾ പോകാൻ ധൃതികൂട്ടി. നല്ല ഇടിയും മിന്നലുമുണ്ട്. ഇനിയും ഈ അസമയത്ത് ഇവിടെ നിൽക്കുന്നത് അത്ര പന്തികേടല്ലായെന്ന് അയാളുടെ മനസ് മന്ത്രിച്ചു. യാത്ര പറഞ്ഞ് അയാൾ മെല്ലെ പെയ്ത് കൊതിതീരാത്ത കുഞ്ഞു തുള്ളികൾക്കിടയിലേക്കിറങ്ങി. ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നേരം ആ സ്ത്രീ അയാൾക്ക് ഒരു നിഷ്ക്കളങ്ക ചിരി സമ്മാനിച്ചു.
രാവിലെ ബെഡ് കോഫിക്കൊപ്പം കൈയിൽ തടഞ്ഞ പത്രം മറിച്ച് നോക്കുന്നതിനിടയിലാണ് അയാൾ ശെരിക്കും ഞെട്ടിയത് .അയാളുടെ പെരുവിരലിൽ നിന്നും എന്തോ പെരുത്തു കയറുന്നത് പോലെ.
കാൻസർ രോഗിയായ ഭർത്താവിനേയും പത്ത് വയസ്സുള്ള മകളേയും ചോർന്നൊലിക്കുന്ന ഒറ്റമുറി വാടക വീട്ടിൽ തനിച്ചാക്കി ആ സ്ത്രീ വിധിയോടൊപ്പം ഒളിച്ചോടിയെന്ന്.
'ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു.' എന്ന ചരമ പേജിലെ വാർത്തയും സുന്ദരിയായ യുവതിയുടെ കളർഫോട്ടോയും നോക്കി നിശൂന്യമായ കണ്ണുകളോടെ അയാൾ വെറുങ്ങിലിച്ചിരുന്നു.
1 comment:
കഥ നന്നായി
അഭിനന്ദനങ്ങൾ
Post a Comment