Anil R Madhu :: പ്രണയഭാവം

Views:

 

പ്രണയഭാവം
അനിൽ ആർ മധു

ആലാപനം :: സൂരജ് പ്രകാശ്

പ്രണയം മൊഴിഞ്ഞു മയങ്ങുന്ന കണ്ണുകൾ, 
താളമിട്ടാടി രമിക്കുന്ന കയ്യുകൾ, 
ഭാവം തിമിർക്കും മനക്കാമ്പിനുള്ളിലെ, 
നാദം ശ്രവിക്ക നീ...

പൊള്ളുന്ന നോവിന്‍റെ വിങ്ങലും തങ്ങലും, 
പൊട്ടിയകന്ന കനപ്പിച്ച നൊമ്പരം, 
പൊയ്മുഖം പേറി നടക്കുന്നൊരിഷ്ടവും, 
പെയ്തൊഴിയാത്ത കാർ കോളിന്‍റെ കാന്തത, 
കാലം നടുക്കി നടത്തും പരിഭവം...

ചിന്തുകൾ പൊട്ടാത്ത സൗരഭ്യ സൂനവും, 
ചന്തം നിറഞ്ഞാടുന്ന വൈഭവം, 
തൽപമൊരുക്കി ചിരിക്കും കിലുക്കവും, 
മൊട്ടിട്ട മോഹപ്പെരുമഴക്കാലവും, 
ചിത്തം തുടിച്ചതിൽ ആടി തുടിക്കുന്ന 
ചിന്തകൾ കൈവിട്ട സൗഗന്ധ സൂനവും...

പ്രാണനെ പ്രേയസിയായി നിനച്ചതും, 
പ്രാണൻ പ്രണയിനിക്കായിട്ടു നൽകിയും, 
കാലം കടങ്കഥയാക്കിയ ചിത്രവും, 
ചിത്ര ചരിത്രവും, 
എത്ര നാൾ..., എത്ര നാൾ...

ലോലത വെട്ടി വിഴുങ്ങി, 
അമരത്വമേകി വിതുമ്പീ..., 
പ്രാണനെന്നുൽഘോഷമോടെ തപിച്ചു, 
കരതാരിൽ പൊയ്മുഖം ആകെ മറച്ചൂ, 
തുടിക്കുന്ന സ്വപ്ന സ്വരങ്ങൾ മറന്നു, 
പിടയ്ക്കുന്ന പ്രാണന്‍റെ നീറും നിലവിളി
കേൾക്കാതെ നിൽക്കയും

നിന്‍റെയും ഓമനപ്പേരെന്ത് പ്രണയമോ...

പൊട്ടിത്തകർന്നിടനെഞ്ചൊന്നു പൊട്ടിയ 
മൊട്ടിട്ട മോഹ പ്രണയം മറക്കുമോ, 
നെഞ്ഞിന്‍റെയുള്ളു നിറഞ്ഞൊന്നു നീറിയ 
നഷ്ട സുഗന്ധക്കൊതികൾ മറക്കുമോ?

നല്ലവഴികളും നല്ലിളം കാറ്റുമായ് 
വല്ലാത്ത ചങ്ങാത്തമേകിയതോർക്കുമോ?

ആർക്കിനി ആരുടെ ചങ്ങാത്തമെന്നതു 
ഓർക്കുവാനൊട്ടു കഴിയാതിരിക്കുമോ?

സല്ലാപ സൽക്കാര സൗമനസ്യങ്ങളിൽ, 
വല്ലാതെ വല്ലായ്മ കാട്ടിയതോർക്കുമോ?

ഓർമ്മ പെറുക്കി പെറുക്കിപ്പെരുക്കുക, 
ഓരോ നിമിഷ ദളവും നിറയ്ക്കുക, 
മൊട്ടുകളായി നിറയട്ടെ നിത്യവും, 
സ്വപ്ന സൂനങ്ങളായി പുലരുവാൻ...

--- അനിൽ ആർ മധു




No comments: