Lakshmi Changanara :: ഒറ്റത്തുരുത്തുകൾ

Views:

 



ഒറ്റത്തുരുത്തുകൾ 

ലക്ഷ്മി ചങ്ങണാറ


മനോരഥങ്ങളുടെ 

ഉന്നതങ്ങളിൽ നിന്നും 

ഒറ്റയടിക്ക് -

പുറന്തള്ളപ്പെട്ടവരെക്കുറിച്ച് 

എപ്പോഴെങ്കിലുമൊന്ന് 

വ്യാകുലപ്പെടണം. 

അവഗണനയുടെ പച്ചിലച്ചാറുകുടിച്ച്‌ വിശപ്പടക്കുന്നവരാണവർ . 


മാറ്റിനിർത്തപ്പെട്ടതിന്‍റെ

നിസ്സഹായതയും, ദൈന്യതയും

പാതിയടഞ്ഞ കണ്ണുകളിലുണ്ടാവും.. 

സ്വരങ്ങളിൽ,

അപേക്ഷിക്കപ്പെടലിന്‍റെ യാചനകളുണ്ടാവും.. 


ഉപേക്ഷിപ്പെടലിന്‍റെ

ഒറ്റത്തുരുത്തുകൾ

കയറാൻ ശ്രമിച്ച്‌, 

പടികളെണ്ണി, വിരലുകളെണ്ണി 

പരാജയമടഞ്ഞവർ 


പോകെപ്പോകെ 

ചുണ്ടുകൾക്കിടയിൽ 

വിഷാദമൊളിപ്പിച്ച്‌ 

നല്ലൊരു കാഴ്ച്ചക്കാരും ശ്രോതാക്കളുമാവും. 


ആകുലതകളും വ്യാകുലതകളും തന്നത്താൻ പങ്കുവച്ച്‌ 

വിധികൾക്ക് കാതോർക്കുന്നവർ.. 


സ്വപ്നങ്ങൾക്ക്,

ചിറകുമുളയ്ക്കുവാൻ വേണ്ടി 

യാഥാർത്ഥ്യത്തോട് - പടപൊരുതുമ്പോഴും .. 

അർദ്ധരാത്രിയിലെ 

പാഴ്ക്കിനാക്കൾക്ക് 

കാവൽ നിൽക്കുന്നുണ്ടാവും 


എന്തെന്നാൽ,

ഉപേക്ഷിക്കപ്പെടലിന്‍റെ ഒറ്റത്തുരുത്തുകളാണവർ 

അടിമുതൽ മുടിവരെ 

താളം തെറ്റിയ ഈണങ്ങളുടെ അപശ്രുതികളുണ്ടാവുമവരിൽ.. 


പിന്തള്ളപ്പെടും മുൻപേ

ഇരുട്ടിനെയവർ

തങ്ങളുടേതാണെന്ന്  പച്ചകുത്തിയിട്ടുണ്ടാവും 

ഒടുവിൽ ചിതയെരിയുമ്പോൾ  

മാത്രം കത്തുന്നൊരു തീറെഴുത്ത്. 


ഉപേക്ഷിക്കപ്പെടലിന്‍റെ ഒറ്റത്തുരുത്തുകളിൽ 

രാത്രിമാത്രം 

പെയ്യുന്നൊരുമഴയുണ്ട്.. 

നനഞ്ഞുകുതിർന്നാലും 

ഒരിക്കലുമുണങ്ങാനിടം കൊടുക്കാത്ത രാമഴ. 


ലക്ഷ്മി_ചങ്ങണാറ




No comments: