Seena Navas :: കരുതലിൻ്റെ ആശയാവിഷക്കാരങ്ങൾ

Views:


രജി ചന്ദ്രശേഖർ എന്ന 'രജി മാഷ്' തന്റെ വരികളിലെന്നും പ്രണയ ഭാവം കെടാതെ സൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ പ്രണയ വരികളോട് ചേർന്നെഴുതിയ 75 എഴുത്തുകാരുടെ രചനകൾ പ്രണയത്തിന്റെ വിവിധ തലങ്ങളെ സ്പർശിക്കുന്നു.

ജീവിതത്തിലെ എല്ലാ തിരക്കുകൾക്കുമിടയിലും പ്രിയതമയോടൊത്ത് ചെലവഴിക്കുന്ന ചില സുന്ദര നിമിഷങ്ങളാണ് മാഷിന്റെ പ്രണയ വരികളായി ചിതറിത്തെറിച്ച് ഓരോ മനസ്സിലും കുടിയേറിയത്. പ്രണയം അന്യമായിപ്പോകുന്ന യാന്ത്രിക ജീവിതത്തിലെ ഓട്ടപ്പാച്ചിലുകൾക്കിടയിലും, കുറച്ചു നേരം പ്രിയപ്പെട്ടവളെ ചേർത്ത് നിർത്തി കവിളിൽ ഉമ്മ നൽകി കാതിൽ പതിയെ പ്രണയം പറയുന്ന  'ഒരുവന്റെ' കരുതലിന്റെ മനസ്സാണ് മാഷിന്റെ വരികൾ പങ്കുവച്ചത്.

അതേ കരുതലിന്റെ ഭാവനാപൂർണ്ണങ്ങളായ ആശയാവിഷ്ക്കാരങ്ങളാണ് ഇതിലെ ഓരോ രചനയും.

ആസ്വാദനത്തിന്റെ വേറിട്ട തലങ്ങൾ കാഴ്ചവയ്ക്കുന്ന രചനകളിൽ അരവിന്ദ് S.J യുടെ തുടരുന്ന പ്രതീക്ഷകൾക്ക് ആധാരമായിത്തീരുന്ന പ്രണയം വ്യത്യസ്തമാകുന്നു. പ്രണയം എന്നത് ഒരു വ്യക്തിയിലേക്ക് ഒതുങ്ങാതെ പ്രകൃതിയിലേക്ക്...മഴയിലേക്ക്, മഞ്ഞിലേക്ക്, കാറ്റിലേക്ക് ഒക്കെ വഴിതിരിച്ചു വിട്ടിരിക്കുന്നു ഈ വരികളിൽ. പ്രണയത്തിന്റെ വളരെ വിശാലമായ ഈ കാഴ്ചപ്പാടിൽ പ്രപഞ്ചത്തിലെ സകലജാലങ്ങളോടും കാത്തു സൂക്ഷിക്കുന്ന ഇഷ്ടം, സഹാനുഭൂതി ഇവ തന്നെയാണ് ആത്യന്തിക പ്രണയമായി വിവക്ഷിക്കുന്നത്. സഹജീവിയോട് കരുണയുള്ളവൻ ആർദ്രഹൃദയനായിരിക്കും. പ്രണയത്തിന്റെ നനവു പടർന്ന ഒരു ഹൃദയം...

അവിടെ നിന്ന് ആര്യ അരുണിന്റെ രചനയിലേക്ക് വരുമ്പോൾ കരിയും പുകയും നിറഞ്ഞ അടുക്കള തിരക്കുകൾക്കിടയിലും പ്രണയം പാകം ചെയ്യുന്ന പെൺമനസ്സിനെ കാണാം. പുകഞ്ഞ് കലങ്ങിയ കണ്ണുകളും കരിപുരണ്ട വിരലുകളും അവളുടെ ത്യാഗത്തിന്റെ നെറുകയിലണിഞ്ഞ സിന്ദൂരം തന്നെയെന്ന് മനസ്സിലാക്കുന്ന പ്രിയതമൻ ചേർത്തു പിടിച്ച് കരുതലിന്റെ ചുംബനങ്ങളേകുമ്പോൾ അവരിടങ്ങളിലേക്ക് ഒതുങ്ങി വരുന്നു പ്രണയം.ഒരേ ദിനചര്യകളിൽ വിരസമായിപ്പോകുന്ന മനസ്സിന്റെ ഊർജ്ജം വീണ്ടെടുക്കുന്ന നമ്മളിടങ്ങളാകേണ്ടതുണ്ട് ഓരോ പ്രണയമെന്നും ആര്യയുടെ വരികൾ ഓർമ്മപ്പെടുത്തുന്നു.

'പ്രണയം' എന്നത് മാസ്മരികമായ ഒരു സുഗന്ധമാണെന്നും അലങ്കാരങ്ങൾ എല്ലാം അഴിച്ചു വച്ചാലും നാട്യങ്ങളില്ലാത്ത ഹൃദയവികാരങ്ങൾ  കൽവിളക്കിലെരിയുന്ന തിരിപോലെ പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കുമെന്നും അനിൽ. R. മധുവിന്റെ വരികൾ പറയുന്നു. ആർദ്രവും ലോലവുമെങ്കിലും രൗദ്രവും ഭയാനകവുമാവാൻ മടിയില്ലാത്തതുമാണ് പ്രണയം എന്ന് പറഞ്ഞു വക്കുമ്പോൾ ചില സമകാലിക സംഭവങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു അത്.

ഒരു കടൽ ദൂരത്തിനപ്പുറം ജീവിതം തേടിപ്പോയ പ്രിയതമനോട് പറയാൻ ബാക്കിവച്ച പരിഭവങ്ങളുടെ തോരാമഴയാകുന്നു ഫസീല സൈനുവിന്റെ വരികളിലെ പ്രണയം. 

മൊഴികളായി കാതുകൊണ്ട് കേൾക്കുന്നതിനേക്കാൾ മിഴികളിൽ നിറഞ്ഞു തുളുമ്പി അനുഭവിച്ചറിയുന്നതായിരിക്കണം 'പ്രണയം' എന്ന് ഷിജിനയുടെ വരികൾ..

നാലാളെ കാണിക്കാനുള്ള കാട്ടിക്കൂട്ടലുകൾ അല്ലാതെ ജീവിത തിരക്കുകൾക്കിടയിലും നമ്മളെ മനസ്സിലാക്കുന്ന, ഏത് പ്രതിസന്ധി ഘട്ടത്തിലും ഒപ്പമുണ്ടെന്ന് ആശ്വാസമേകുന്ന സ്നേഹം, 'മുജ്ജന്മ സുകൃതം' തന്നെയെന്ന് വലിയ വീടൻ അടയാളപ്പെടുത്തുന്നു. 

അങ്ങനെ ഒരേ ആശയം ജീവിതത്തിന്റെ വിവിധ തലങ്ങളെ സ്പർശിച്ചു മുന്നോട്ട് പോകുമ്പോൾ വരികളുടെ ആസ്വാദ്യതക്കപ്പുറമുള്ള നേർക്കാഴ്ചകളും വ്യഥകളും ആർദ്രഭാവങ്ങളും കാട്ടിത്തരുന്നു ഓരോ രചനകളും.

_സീന നവാസ്.





No comments: