അവതാരിക
ഈ കൃതിക്ക് അവതാരിക എഴുതാന്‍ രജി മാഷ് എന്നോട് പറഞ്ഞത് എന്തു കൊണ്ടാണെന്ന് ഇപ്പോഴും ഒരു നിശ്ചയവുമില്ല. അവതാരിക എഴുത്തില്‍ എനിക്ക് ഒരു മുന്‍പരിചയവും ഇല്ല. എങ്കിലും മാഷിന്‍റെ സ്‌നേഹപൂര്‍വ്വമുളള അഭ്യര്‍ത്ഥനക്ക് മുന്നില്‍ ഞാന്‍ വഴങ്ങി. ഇത് വായിച്ചപ്പോള്‍ എനിക്ക് അദ്ഭുതപ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല. കാരണം പ്രണയത്തെക്കുറിച്ച് അത്രയേറെ ഞാന്‍ അറിഞ്ഞു ഇതിലൂടെ.
പ്രണയത്തിന് എത്രത്തോളം ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ കഴിയും? എത്ര സങ്കടങ്ങള്‍ പറയുവാന്‍ കഴിയും? സ്‌നേഹദൂരങ്ങളുടെ നെരിപ്പോടുകള്‍ എത്രയുണ്ടാകും? പ്രണയമെന്ന വാക്കിന്‍റെ ഭംഗിയാണ് അതിന്‍റെ ശക്തിയും അതിന്‍റെ ദൗര്‍ബല്യവും. മനുഷ്യനെ ഇത്രയേറെ അലസനും ചിന്താമഗ്‌നനുമാക്കിയിട്ടില്ല, വേറൊരു വികാരവും; ഇത്രയേറെ മനസ്സിന്‍റെ ഉളളറകളെ നൃത്തം ചെയ്യിച്ചിട്ടില്ല, മറ്റൊന്നും; എഴുതിപ്പിച്ചിട്ടില്ല; സ്‌നേഹിപ്പിച്ചിട്ടില്ല; സാന്ത്വനിപ്പിച്ചിട്ടില്ല. പ്രണയത്തിന്‍റെ ഓരങ്ങളുടെ മറ്റൊരു അറ്റത്താകട്ടെ വേര്‍പാടിന്‍റെ, നൈരാശ്യത്തിന്‍റെ, അസംതൃപ്തിയുടെ, ദ്വേഷത്തിന്‍റെ, പല ഭാവങ്ങളും ശിഷ്ടപത്രമായി ഭവിക്കുന്നു.
'കാറ്റും മലയും തമ്മില്‍' പ്രണയത്തിന്‍റെ പല തലങ്ങള്‍ നമുക്ക് കാട്ടിത്തരുന്നു. ഇത് വ്യത്യസ്തമായ പ്രണയക്കുറിപ്പുകളിലൂടെ നമ്മുടെ മനസ്സിലെ പ്രണയസങ്കല്പങ്ങള്‍ക്ക്, പ്രണയചിന്തകള്‍ക്ക്, നമ്മുടെ മനസ്സില്‍ മേയാന്‍ കുറച്ചു കൂടി സ്ഥലം ഉണ്ടാക്കിത്തരുന്നു. ഒരു വലിയ മലയുടെ മുകളില്‍ നില്‍ക്കുമ്പോള്‍ തലോടിപ്പോകുന്ന ഒരു കാറ്റിന്‍റെ കുളിര്‍മയും. ശീര്‍ഷകം തീര്‍ച്ചയായും വളരെ അനുയോജ്യമാണ്!
ചേര്‍ത്തെഴുത്ത് എന്ന സങ്കേതത്തിലൂടെ 74 പ്രണയവ്യാഖ്യാനങ്ങളാണ് ഇതില്‍. വിജയത്തെക്കാളേറെ പരാജയപ്പെടാന്‍ സാധ്യതയുള്ള ഒരു സങ്കേതമാണ് ഇത്. മൂലസൃഷ്ടിയുടെ സത്തയുള്‍ക്കൊണ്ട് എഴുതുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. പക്ഷെ ഇവിടെ എഴുതിയ 74 പേരും നല്ല ഭംഗിയായിത്തന്നെ വിഷയം കൈകാര്യം ചെയ്തു. അത് നിസ്സാരകാര്യമല്ല; ആ സര്‍ഗശേഷി പുസ്തകരൂപത്തില്‍ വരുന്നത് എഴുത്തിന്‍റെ വിജയം കൊണ്ടു തന്നെയാണ്.
രജി മാഷിന്‍റെ അതിസുന്ദരമായ വരികളോടൊപ്പം 74 ചിന്തകളായി ഇതിലെ ഓരോ കുറിപ്പും ഭവിക്കുന്നു. എഴുതിയവരെല്ലാവരും ആശയത്തിന്‍റെ വ്യാപ്തി കൊണ്ട് ഞെട്ടിച്ചു കളയുന്നു. ഭാഷയും ഭാവനയും നിറച്ച ഈ പ്രണയക്കുറിപ്പുകള്‍ വായനക്കാര്‍ക്ക് മികച്ച ഒരു വായനനാനുഭവം സമ്മാനിക്കട്ടെ എന്ന് ആശംസിക്കുന്നു. രജി മാഷിനും 74 എഴുത്തുകാര്‍ക്കും എഴുത്തിന്‍റെ ലോകത്ത് ഇനിയുമേറെ തിളങ്ങാന്‍ കഴിയട്ടെ!
No comments:
Post a Comment