തിമിർക്കുകെന്നിൽ
എന്തിനേറെക്കാലം? നമ്മൾ, മൂന്നോ നാലോ വാക്കടുപ്പം,
നൊന്തിണങ്ങിപ്പിണങ്ങുന്ന കലിപ്പിൻ താളം.
കുറുമ്പും കുശുമ്പുമായിക്കലമ്പുന്ന കെട്ട്യോളായി
വെറുക്കാതെ വിറപ്പിക്കുമിരുട്ടുമേളം.
കോലം കെട്ടിയാടും പാടും, കൂട്ടിന്നാത്മതരംഗമായ്
കൂലംകുത്തിയൊഴുകുന്ന കലാപകേളീ.
വേരാഴ്ത്തിയെന്നാത്മാവിലെ കവിതകളൂറ്റും പെണ്ണേ,
വേറെയാർക്ക്, നിനക്കു ഞാൻ, തിമിർക്കുകെന്നിൽ.
കണക്കറ്റു കലഹിച്ചും ചേർത്തു പുൽകിപ്പുന്നാരിച്ചും
തിണർക്കുന്ന ചുണ്ടു വീണ്ടും വിടാതെയുണ്ടും
പ്രണയത്തിൻ വിഭ്രമാന്തം നാവിൻതുമ്പിലിറ്റുന്നൊരു
നിണരസത്തുള്ളിയായി മാറട്ടെ ഞാനും.
https://www.amazon.in/dp/B08L892F68

Comments
Post a Comment