Arneer Kandal സ്ഫടികത്തളികയിലെ മുല്ലമൊട്ടുകൾ

Views:

കഥ
സ്ഫടികത്തളികയിലെ മുല്ലമൊട്ടുകൾ


 ഇരുവശത്തും ഈരണ്ട് അറകളോട് കൂടിയ ഇരുമ്പ് മേശമേലിരുന്ന സാംസംഗിന്‍റെ  മൊബൈൽ സ്ക്രീൻ മുറിയിലാകെ നിലാവ് പരത്തി അലറിക്കരയുന്നത് കേട്ടാണ് മീര ടീച്ചർ ഉണർന്നത്. ഇളംപച്ചയിൽ ചുവന്ന പൂക്കൾ പ്രിന്‍റ് ചെയ്ത ജനൽ കർട്ടനുകൾ പങ്കായകാറ്റേറ്റ് ഓളംവെട്ടുന്നു. കിടക്കയുടെ വലത് ഭാഗത്തായി കൈയെത്താവുന്ന അകലത്തിലായിരുന്നു മേശ ഇട്ടിരുന്നത്. കിടന്ന കിടപ്പിൽ മീര കൈയെത്തി മൊബൈലെടുത്ത് അലാറം ഓഫാക്കി. 

തലേന്ന് രാത്രി തന്നെ തന്‍റെ മൊബൈലിൽ അലാറം സെറ്റ് ചെയ്തിരുന്നു. ഒരുപക്ഷേ രാവിലെ എഴുന്നേൽക്കാൻ വൈകിയാൽ പണി പാളുമെന്ന് മീര ടീച്ചർക്ക് നല്ലബോധ്യമായിരുന്നു. പുറത്ത് മഴ പെയ്യുന്നു. ബെഡ് റൂമിനോട് ചേർന്ന് ചായ്ച്ചിറക്കിയ കാർപോർച്ചിലെ ചുവന്ന ചായം പൂശിയ തകരഷീറ്റിൽ മഴത്തുള്ളികൾ നൃത്തം ചവിട്ടുന്നതിന്‍റെ താളം  ലിംഗ്ഫാനിന്‍റെ  മുരൾച്ചയേയും കവച്ച് വെച്ച് കാതുകളിൽ ഈണം മീട്ടുന്നു. മേല്മൂടിയ പുതപ്പ് ഒന്നുകൂടി തലവഴി പുതച്ച് ചുരുണ്ടുകൂടി കിടന്നുറങ്ങാൻ വല്ലാതെ കൊതിപ്പിക്കുന്ന നനുനനുത്ത പ്രഭാതം. 

മൊബൈൽ വീണ്ടും ചിലക്കാൻ തുടങ്ങിയ നേരം കിടക്കയിൽ നിന്നും മീര മടിയോടെ എഴുന്നേറ്റു. പതിവിൽ നിന്ന് വ്യത്യസ്തമായി വീട്ടിൽ നിന്ന് നേരത്തേ ഇറങ്ങണം. സാധാരണഗതിയിൽ സ്കൂളിലേക്കാണെങ്കിൽ ഇത്ര വെളുപ്പാൻ കാലത്തേ എഴുന്നേൽക്കേണ്ട കാര്യമില്ല. ഇന്നും നാളെയും സിറ്റിയിലെ സെൻട്രൽ സ്കൂളിലേക്കാണല്ലോ പോകേണ്ടത്. അധ്യാപകർക്കുള്ള ശാക്തീകരണ പരിശീലന ക്ലാസ് നടക്കുകയാണവിടെ. കൃത്യമായി പങ്കെടുക്കണമെന്നു മാത്രമല്ല കൃത്യസമയത്തു തന്നെ എത്തിച്ചേരേണ്ടതുമുണ്ട്. പത്ത് മണിക്കുമുമ്പ് തന്നെ എത്തണമെങ്കിൽ എട്ട് മണിക്കേ വീട്ടിൽ നിന്ന് ഇറങ്ങണം. സിറ്റിയിലേക്കുള്ള യാത്രയാവുമ്പോൾ രണ്ട് ബസ് മാറിക്കയറണം. ട്രാഫിക് ജാം ... പോരാത്തതിന് രാവിലെയുള്ള തിരക്കേറിയ സമയം. എല്ലാം പരിഗണിക്കണമല്ലോ.

തുറന്നിട്ട അടുക്കള ജാലകജാളിയിലൂടെ പുറത്തേക്ക് ശരവേഗത്തിൽ പാഞ്ഞ ട്യൂബ് വെളിച്ചത്തിൽ മഴത്തുള്ളികൾ വെട്ടിത്തിളങ്ങി. കദളി വാഴയും കറിവേപ്പിലച്ചെടിയും കലപില കൂട്ടി തിമിർക്കുന്ന മഴയിൽ നനഞ്ഞൊട്ടി വിറകൊള്ളുന്നു. ഇനിയുള്ള മൂന്ന് മണിക്കൂർ വിലപ്പെട്ടതാണ്. ജയേട്ടനും അനന്തുവും അശ്വതിയും എഴുന്നേറ്റ് വരുമ്പോഴേക്ക് ആറര കഴിയും. അതിനിടയിൽ ബ്രേക്ക്ഫാസ്റ്റ്,  ഉച്ചക്കുള്ള ഭക്ഷണക്കൂട്ടുകൾ എല്ലാം ഒരുക്കണം. എണ്ണയിട്ട യന്ത്രം കണക്കെ മീര അടുക്കളയിൽ നിന്ന് വർക്ക് ഏരിയയിലേക്കും വർക്ക് ഏരിയയിൽ നിന്ന് സ്റ്റോർ റൂമിലേക്കും കരയിലകപ്പെട്ട മീനിനെപ്പോലെ പിടച്ചോടിക്കൊണ്ടിരുന്നു.

കണക്കുകൂട്ടലൊന്നും പിഴക്കാതെ എട്ടുമണിക്ക് തന്നെ വീട്ടിൽ നിന്നും പുറപ്പെടാൻ സാധിച്ചതിൽ മീര ടീച്ചർക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഗേറ്റ് ചാരി റോഡിലേക്കിറങ്ങിയ നേരം ഗേറ്റിനോട് ചേർന്നുള്ള മതിൽ തൂൺകട്ടിക്ക് മുകളിലേക്ക് കുടപോലെ പടർത്തിയിട്ടിരുന്ന മുല്ലവള്ളിയിൽ നിന്ന് നാലഞ്ച് പൂക്കൾ ഇറുത്തെടുത്ത് തന്‍റെ ലതർ ബാഗിനു പുറത്തെ അറയിലിട്ടു. 

ചെറുപ്പം മുതലേ മുല്ലപ്പൂവിനോട് വല്ലാത്തൊരു ഇഷ്ടമായിരുന്നല്ലോ മീരക്ക്. മീര ടീച്ചർ ബസ് സ്റ്റോപ്പിലേക്ക് ഒരു ദീർഘനിശ്വാസത്തോടെ നടന്നു. മക്കളെ രണ്ടുപേരെയും സ്കൂൾ വണ്ടിയിൽ കയറ്റി വിടാമെന്ന് ജയേട്ടൻ ഏറ്റിട്ടുണ്ട്. അല്ലേലും പുള്ളിക്കാരൻ അങ്ങനെയാണ്. സാഹചര്യങ്ങളും സന്ദർഭങ്ങളും കണ്ടറിഞ്ഞ് കാര്യങ്ങൾ നിർവ്വഹിക്കാനും സഹായിക്കാനും ഒപ്പമുണ്ടാവാറുണ്ട്.

ഹൈസ്കൂൾ അധ്യാപികയായി ജോലി കിട്ടിയപ്പോൾ തന്നെ വീട്ടുജോലിക്ക് ഒരാളെ തരപ്പെടുത്തുന്നതിനെക്കുറിച്ച് ജയൻ മീരയോട് ആലോചിച്ചതാണ്. മീരയായിട്ടാണല്ലോ അത് വേണ്ടെന്ന് വെച്ചത്. വേണ്ടപ്പെട്ടവർക്ക് സ്വന്തം കൈകൊണ്ട് വച്ചുവിളമ്പി കൊടുക്കുന്നതിന്‍റെ ഒരു തൃപ്തി വേറൊന്നിന്നും കിട്ടില്ലല്ലോ ... മീര ടീച്ചറിന്‍റെ ഫിലോസഫി വേറെ ലെവലായിരുന്നു.

ബി.എഡ് പരീക്ഷയുടെ റിസൾട്ട് വന്ന് അടുത്ത കോഴ്സിനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കിടയിലാണ് മീരയും ജയകുമാറുമായുള്ള വിവാഹം നടന്നത്. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹം. ജയകുമാറാകട്ടെ നാട്ടിൽ അറിയപ്പെടുന്ന കുടുംബത്തിലെ ഏക ആൺതരി, എന്നു മാത്രമല്ല പഞ്ചായത്ത് ഡയറക്ടറേറ്റിൽ ഗുമസ്ഥന്‍റെ പണിയും. മനപ്പൊരുത്തവും ജാതകവും ജാതിയും കുലവുമെല്ലാം ഒത്തിണങ്ങിയത് മാത്രമല്ല, ജയകുമാറിന്‍റെ സർക്കാർ ഉദ്യോഗം കൂടിയായിരുന്നു മീരയുടെ അഛനെ സന്തോഷിപ്പിച്ചത്. മകളെ സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നത് അച്ഛൻ്റെ ആഗ്രഹമായിരുന്നല്ലോ.

സത്യത്തിൽ സ്വഛന്ദമായ ഒരു പുഴപോലെ ഒഴുകി കൊണ്ടിരുന്നു മീര ടീച്ചറിന്‍റെ കുടുംബജീവിതം. അല്ലലും അലട്ടലുമില്ലാത്ത ജീവിതയാത്രയിൽ മീര-ജയകുമാർ ദമ്പതികൾക്ക് കൂട്ടായി എൽകെജിയിലും രണ്ടിലും പഠിക്കുന്ന രണ്ട് മക്കളായി. സ്വന്തമെന്ന് പറയാൻ സാമാന്യം തെറ്റില്ലാത്ത വീടായി. മീരയെ സംബന്ധിച്ച് ഏറെ മോഹിച്ച അധ്യാപകജോലിയും നേടാനായി. അതും നാട്ടിലെ സർക്കാർ സ്കൂളിൽ തന്നെ. ആനന്ദലബ്ധിക്കിനിയെന്തുവേണം?

ബസിറങ്ങി സ്റ്റേഷന്‍റെ മുന്നിലെ സ്റ്റേഡിയം റോഡിലെ വലത് വശത്തെ രണ്ടാമത്തെ മുടുക്ക് റോഡിലൂടെ നടന്ന് മീര ടീച്ചർ സെൻട്രൽ സ്കൂളിന്‍റെ മുന്നിലെത്തി. കവാടത്തിൽ അധ്യാപക പരിശീലനത്തിന്‍റെ ബഹുവർണബാനർ കെട്ടിയിരിക്കുന്നു. സ്കൂൾ മുറ്റം കടന്ന് വലത് വശത്തെ മെയിൻ ബിൽഡിംഗിന്‍റെ മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപത്തെ നോട്ടീസ് ബോർഡിനടുത്തേക്ക് നടന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കാനെത്തിയ ടീച്ചർമാരുടെ ഒരുകൂട്ടം അവിടെയുണ്ട്. മീരയും അവരിൽ ഒരാളായി കൂട്ടത്തിൽ ലയിച്ചു.

മെയിൻ ബിൽഡിംഗിന്‍റെ പിന്നിലുള്ള മിനി ആഡിറ്റോറിയത്തിലായിരുന്നു ട്രെയിനിംഗ് പരിപാടി. ഉദ്ഘാടനവും പരിചയപ്പെടലുമൊക്കെയായി ഉച്ചവരെയുള്ള ശാക്തീകരണം ഇഴഞ്ഞ് നീങ്ങി. കാന്‍റീനിലെ കപ്പയും മീൻ വറുത്തതും കൂടിയുള്ള ഉച്ചയൂണിന് ശേഷമുള്ള സെഷൻ രണ്ട് മണിക്ക് തന്നെ ആരംഭിച്ചിരുന്നു. ട്രെയിനിംഗ് ഹാളിന്‍റെ ഇടതുവശത്തായി ഫാനിന്‍റെ ചുവട്ടിൽ തന്നെ ഇരുപ്പുറപ്പിച്ചതിനു പിന്നിൽ മീര ടീച്ചർക്ക് തക്കതായ കാരണമുണ്ടായിരുന്നു. പറ്റുമെങ്കിൽ ഒന്നു ഉറങ്ങാമെന്നുള്ള ചിന്തയായിരുന്നു മനസ്സിൽ. ഡയസിൽ ക്ലാസെടുക്കാനായി കടന്നുവന്ന കണ്ണട വെച്ച താടിക്കാരനാണ് മീര ടീച്ചറുടെ ചിന്തക്ക് ഭംഗം വരുത്തിയത്. നല്ല പരിചയമുള്ള മുഖം. ശബ്ദവും അതേ. വർഷങ്ങൾക്കു മുമ്പ് ബി.എഡിനു കൂടെ പഠിച്ച സണ്ണിയാണ്. സണ്ണി തോമസ് അന്നേ മിടുക്കനായിരുന്നല്ലോ. കോളേജിലെ മാഗസിൻ എഡിറ്റർ. വേദികളിൽ വാക്കുകൾ കൊണ്ട് പെരുമഴ പെയ്യിക്കുന്ന പ്രാസംഗികൻ. കവിത എഴുതുക മാത്രമല്ല ത്രസിപ്പിക്കുന്ന ശബ്ദത്തോടെ ചൊല്ലിയിരുന്ന കലാകാരൻ. ആരെയും ആകർഷിക്കുന്ന പെരുമാറ്റവും ഇടപെടലും. വശ്യമായ പുഞ്ചിരിയും വിനയവും കാത്തു സൂക്ഷിച്ച സഹപാഠി. സത്യത്തിൽ സണ്ണി കോളേജിൽ ഒരു ഹീറോ തന്നെയായിരുന്നു.

ചെറുപ്പത്തിൽ തന്നെ അപ്പനും അമ്മയും നഷ്ടമായ സണ്ണി വളർന്നതും പഠിച്ചതുമൊക്കെ പട്ടണത്തിലെ അനാഥാലയത്തിലായിരുന്നു. ബി.എഡിന്‍റെ ടീച്ചിംഗ് പ്രാക്ടീസ് വേളയിലാണ് സണ്ണിയുമായി മീര കൂടുതൽ അടുക്കുന്നത്. ഒരേ സ്കൂളായിരുന്നല്ലോ ഇരുവരും ടീച്ചിംഗ് പ്രാക്ടീസിന് സെന്‍ററായി തെരഞ്ഞെടുത്തത്. 

റെക്കോർഡുകൾ തയ്യാറാക്കാനും ടീച്ചിംഗ് പ്ലാൻ തയ്യാറാക്കാനും സഹായിയായി മീരക്കൊപ്പം സണ്ണിയും സണ്ണിക്കൊപ്പം മീരയുമുണ്ടായിരുന്നു. യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ സണ്ണി എഴുതിയ കവിതക്കായിരുന്നു മലയാളം കവിതാലാപനത്തിൽ ഒന്നാം സ്ഥാനം. അത് ചൊല്ലിയതാകട്ടെ മീരയും. സണ്ണിയുടെ വക ഒരു കൈക്കുടന്ന മുല്ലമൊട്ടുകളായിരുന്നു സ്നേഹസമ്മാനമായി മീരക്ക് കിട്ടിയത്. അന്ന് രാത്രി മുഴുവൻ സീറോ വാൾട്ട് ബൾബിന്‍റെ അരണ്ട
വെളിച്ചത്തിൽ മാദകഗന്ധം പരത്തി കിടപ്പുമുറിയിലെ ജനാലപ്പടിയിൽ സ്ഫടികത്തളികയിൽ നീരാടിയിരുന്ന ആ മുല്ലമൊട്ടുകൾ മീരയുടെ കണ്ണുകൾക്ക് കുളിര് പകർന്നുകൊണ്ടിരുന്നു. അവസാനമായി സണ്ണിയെ കണ്ട ദിവസം ഇന്നും മീര ടീച്ചറിന്‍റെ മനസ്സിൽ പച്ചപിടിച്ച് കിടപ്പുണ്ട്. 

ജയകുമാറുമായുള്ള വിവാഹം നിശ്ചയിച്ചതിൽ പിന്നെ വിവാഹ ക്ഷണകത്തു
മായാണ് സണ്ണിയെ കാണാൻ അഛനൊപ്പം കോൺവെന്‍റിൽ എത്തിയത്. ബഹുവർണ ചെമ്പരത്തിച്ചെടികളും റോസാച്ചെടികളും അലങ്കരിക്കുന്ന വിശാലമായ മുറ്റത്തിന്‍റെ തെക്കേ മൂലയോട് ചേർന്നുള്ള ചായ്പിലായിരുന്നു സണ്ണി താമസിച്ചിരുന്നത്. ഓട് പാകിയ ചായ്പ്പിന്‍റെ വരാന്തയിലെ തിട്ടയിൽ നിരയായി വെച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള മൺചട്ടികൾ നിറയെ കുറ്റിമുല്ലച്ചെടികൾ തഴച്ചു നിൽക്കുന്നു. വെളുത്ത കുഞ്ഞിപ്പൂക്കൾ നിറഞ്ഞപുഞ്ചിരി സമ്മാനിച്ച് പരിസരമാകെ നറുമണം പരത്തുന്നു.

കല്യാണക്കുറി വാങ്ങി തെല്ല് നേരം നിശബ്ദനായി നിന്ന സണ്ണി ചുണ്ടിലെ ചിരി മായാതെ നോക്കാൻ വൃഥാ ശ്രമിക്കുന്നുണ്ടായിരുന്നു. ക്ഷണക്കത്ത് തുറന്നു നോക്കുകയോ തന്‍റെ വരൻ ആരാണെന്നോ അന്വേഷിച്ചില്ല. എന്നെന്നും മീരക്ക് നല്ലത് മാത്രം വരട്ടെയെന്ന് അനുഗ്രഹിച്ചപ്പോൾ സണ്ണിയുടെ ശബ്ദം ഇടറിയിരുന്നോ? പിന്നെ തിരിഞ്ഞൊരുനടത്തമായിരുന്നു. ഒന്നും ഉരിയാടാതെ, എങ്ങോട്ടെന്നില്ലാതെ ഒറ്റപ്പെട്ടവനെപ്പോലെ സണ്ണി വരാന്തയിലെ ഇടനാഴിയിലൂടെ നടന്നകലുകയായിരുന്നു. അല്ലേലും സണ്ണി എന്നും ഒറ്റക്കായിരുന്നല്ലോ.

രണ്ട് മണിക്കൂർ നീണ്ട് നിന്ന സണ്ണി തോമസിന്‍റെ മോട്ടിവേഷൻ ക്ലാസ് സമാപിച്ചത് നീണ്ട കരഘോഷത്തോടെയാണ്. ഒന്നു നേരിൽ കാണാനും സംസാരിക്കാനും മീരയുടെ ഉള്ളം തുടിച്ചു. ക്ലാസ് കഴിഞ്ഞിറങ്ങിയ സണ്ണി ധൃതിയിൽ കാറിൽ കയറിപ്പോകുന്നത് ട്രെയിനിംഗ് ഹാളിന്‍റെ വരാന്തയിലെ തൂൺ കട്ടിയുടെ മറവിൽ നിന്ന് മീര ടീച്ചർ നിർനിമേഷയായി നോക്കി നിന്നു.

ബസ് സ്റ്റേഷനിലേക്കുള്ള സ്റ്റേഡിയം റോഡിലേക്ക് നടക്കുന്ന വഴിയിൽ കൂടെയുണ്ടായിരുന്ന സൗദ ടീച്ചറാണ് മൊഴിഞ്ഞത് 

“സണ്ണിസാർ ആളൊരു സംഭവം തന്നെ..ല്ലേ.. ടീച്ചറേ ... അപാര അറിവ് തന്നെ ... പുള്ളിക്കാരൻ ഇതുവരേയും പെണ്ണ് കെട്ടീട്ടില്ലെന്നാ പറയണത്. പഠിക്കുന്ന സമയത്ത് കോളേജിൽ ഏതോ പെണ്ണുമായി കട്ട പ്രണയത്തിലായിരുന്നുപോലും. ജാതി വേറെയായതുകൊണ്ട് പെണ്ണിന്‍റെ വീട്ടുകാര് എതിരായി. പെണ്ണിനെ വേറെ കെട്ടിക്കുകയും ചെയ്തു..... " 

സൗദ ടീച്ചറിന്‍റെ തോരാമൊഴി കർണപുടങ്ങളിൽ താണ്ഡവനൃത്തം ചവിട്ടുന്നത് പോലെ. മീര ടീച്ചറിന്‍റെ മനക്കോണിൽ പുകഞ്ഞുകൊണ്ടിരുന്ന അസ്വസ്ഥതകൾക്ക് കൂടുതൽ കനം വെക്കാൻ തുടങ്ങി. ഉരുണ്ട് കൂടിയ വിങ്ങലുമായി തെക്കോട്ടുള്ള ചുവപ്പും മഞ്ഞയും ചായം തേച്ച തിരക്കേറിയ സൂപ്പർ ഫാസ്റ്റ് ബസിനുള്ളിൽ കയറിക്കൂടി. തന്‍റെ തോളിൽ വിശ്രമിക്കുകയായിരുന്ന ലതർ ബാഗിലെ പുറത്തെ അറയിൽ ടിക്കറ്റിനായി ചില്ലറ പരതുന്നേരം മുറ്റത്തെ മുല്ലവള്ളിയിൽ നിന്നും രാവിലെ ഇറുത്തിട്ട കുഞ്ഞിപ്പൂക്കൾ കൈവെള്ളയിൽ മൃദുമുത്തം നൽകാൻ തിരക്കുകൂട്ടുകയായിരുന്നു.





1 comment:

Kaniya puram nasarudeen.blogspot.com said...

കഥ നന്നായി
അഭിനന്ദനങ്ങൾ