Views:
കാത്തിരിപ്പിന്‍റെ നെടുനീളൻ അധ്യായങ്ങൾ...
(കവിത)
കാത്തിരിപ്പിന്‍റെ നെടുനീളൻ പകലുകളിലൊന്നിൽ ഒരു മഴ...
ദീർഘമായവ പെയ്തിറങ്ങിയത്
ഇന്നലെകളിലേക്കോ മറ്റോ ആയിരുന്നിരിക്കാം...
മഴ നേർത്തുനേർത്തൊടുവിലെത്തുള്ളിയും തോർന്നീടവേ
നെടുനീളൻ പാതയോരങ്ങളിലൊന്നിൽ നീ
പ്രത്യക്ഷയായതുമിന്നലെകളിലോ മറ്റോ ആയിരുന്നിരിക്കാം..
ഇളം വെയിലൊന്നിൽ നീ ചിരിച്ചതും
നനവാർന്ന മുടിയിഴകൾ
വെയിലിൽ വിരിച്ചുണക്കിയതു-
മെത്രയോ യുഗങ്ങൾക്കു പിന്നിലായിരിക്കാം...
നീലമിഴിയാഴങ്ങളിൽ വീണുഴറവേ
നീ തന്നൊരാദ്യ ചുംബനം വീണു പൊള്ളിയ പാടുകളു-
മേതോ ഇന്നലെകളിലേ
നെടുനീളൻ രാവുകളിലേതാവാം..
നിലാവുറങ്ങവേയുറങ്ങാതിരുന്നൊരാ
വെള്ളിനക്ഷത്രങ്ങൾ
നമ്മെ നോക്കുന്നുവെന്നാധിപൂ-
ണ്ടെൻ നെഞ്ചിൽ മെല്ലെയൊളിച്ചവളേ...
നിന്നെത്തിരയവേ കണ്ടു
ഞാൻ പിന്നോട്ട് വായിച്ച
നെടുനീളനധ്യായങ്ങളിലൊന്നിലായ്
മാനം കാണാതൊളിപ്പിച്ചൊരാ മയിൽപ്പീലിയൊന്ന്....
എഴുതിത്തീർന്നൊരാ നെടുനീളനധ്യായങ്ങൾ
തിരുത്തുവാനാവാത്തവണ്ണ-
മെന്നേയ്ക്കുമായാ തൂലികയെന്നിൽ നിന്നുമടർന്നിരിക്കുന്നു..
കാത്തിരിപ്പിന്റെ
നെടുനീളൻ പുതിയൊരധ്യായമൊന്നു
ഞാനെൻ രക്തവർണ്ണം നിറച്ച തൂലിക
കൊണ്ടെഴുതിത്തുടങ്ങിയിരിക്കുന്നു..
വരികളിലേക്കു നീ നിറയുന്നതും കാത്ത്....
No comments:
Post a Comment