പ്രണയമേ, നീ തിമിർക്കുകെന്നിൽ!
ജയശ്രീ സി കെ
ശ്രീ രജിചന്ദ്രശേഖർ എന്ന ഞങ്ങളുടെ
പ്രിയപ്പെട്ട മാഷിന്റെ പ്രണയഗീതികളെക്കുറിച്ച് ഇവിടെക്കുറിക്കുകയാണ്. സർഗ്ഗപ്രതിഭയും
വാഗ്വിലാസവും കൊണ്ട് അനുഗൃഹീതനായ അദ്ദേഹത്തിന്റെ 36 പ്രണയകവിതകളുടെ സമാഹാരമായ തനിച്ചു
പാടാൻ എന്ന പുസ്തകത്തിൽക്കൂടി
സഞ്ചരിച്ച്, ആ പ്രണയത്തെ വായിച്ചെടുക്കാനുള്ള ഒരു എളിയ ശ്രമമാണിത്.
പ്രണയം എന്ന മൂന്നക്ഷരത്തിലേയ്ക്ക്
ഈ പ്രപഞ്ചത്തിലെ മുഴുവൻ അനുഭൂതികളെയും ആവാഹിച്ചെടുത്തിരിക്കുകയാണ് കവിയിവിടെ! നിഷ്കളങ്കമായ,
പ്രതിഫലേച്ഛയില്ലാത്ത, മാംസനിബദ്ധമല്ലാത്ത രാഗം തന്നെയാണ് അദ്ദേഹത്തിന് പ്രണയം. ആത്മാവ്
ആത്മാവിനെ തൊട്ടറിയുന്ന ഉദാത്തമായ പ്രണയ സങ്കല്പം! കവിതയും വാക്കും കാറ്റും മലയും എന്നുവേണ്ട
എല്ലാം സവിശേഷമായ രചനാവൈഭവത്താൽ അതിലുൾച്ചേർത്തിരിക്കുന്നു.
ജീവിതത്തിൽ ഇരുൾവന്ന് മൂടുമ്പോഴും
പ്രണയം പൂർണ്ണേന്ദുവായി ഉദിക്കുമെന്നും, പൗർണ്ണമിപ്പാലൊഴുക്കുമെന്നുമുള്ള പ്രതീക്ഷയുടെ
പൊൻകിരണങ്ങൾ പുന്നാര
പൈങ്കിളിയേ എന്ന ആദ്യഗീതം
തന്നെ നമുക്ക് സമ്മാനിക്കുന്നുണ്ട്. ഒരു
മന്ദഹാസത്തിലെത്തുമ്പോൾ ഒരു
മാത്ര പ്രണയിനി വന്നു വിളിക്കുമ്പോൾ നിഴലുകൾ മൂടിയ, കവിയുടെ രാഗവാനത്തിൽ മഴവില്ലിന്റെ
പീലി നീർത്തി മയിലുകൾ ആനന്ദനൃത്തമാടുന്ന അതിസുന്ദര ദൃശ്യത്തിനും വായനക്കാർ സാക്ഷ്യം
വഹിക്കുന്നു. പ്രണയത്തിന്റെ കൈവിരൽത്താളവും കവിയുടെ ജീവിത താളവും ഒന്നാകുന്ന ഇന്ദ്രജാലം
താളം എന്ന കവിതയിൽ നാം അനുഭവിച്ചറിയുന്നുമുണ്ട്.
പ്രണയത്തിന്റെ ഏറ്റവും ഉദാത്തമായ
മുഖം ദർശിക്കണമെങ്കിൽ തിമിർക്കുകെന്നിൽ എത്തിച്ചേരണം. കലഹിച്ചും ഇണങ്ങിയും പിണങ്ങിയും
പരസ്പരം പഴിചാരിയുമൊക്കെ ജീവിതം മുന്നോട്ടു പോകുമ്പോഴും ആ ദമ്പതിമാരെ ചേർത്തു നിർത്തുന്ന
ശക്തിയായി പ്രണയം അവർക്കിടയിൽ തിമിർത്താടുന്നത് അത്ഭുതാവഹമാണ്. ഏത് വൈരുദ്ധ്യങ്ങളെയും
തിരിച്ചറിയാനാവാത്ത വിധം ലയിപ്പിച്ചെടുക്കാൻ പ്രണയത്തിനു മാത്രമേ കഴിയൂ എന്ന ആത്യന്തികസത്യമിവിടെ
കൂടുതൽ മിഴിവാർന്നതാകുന്നു.
എല്ലാ പ്രപഞ്ചപ്രതിഭാസങ്ങളിലും പ്രണയം
കണ്ടെത്താനുള്ള മാഷിന്റെ കഴിവ് അന്യാദൃശമാണ്. പ്രണയം പങ്കുവയ്ക്കാൻ ഇണ തുണയായുള്ളപ്പോൾ
തന്റെ ജന്മം ധന്യമാണെന്ന കവിയുടെ ആത്മവിശ്വാസം നമ്മൾ
പ്രണയമാണ് എന്ന കവിതയിൽ വായനക്കാർ
തിരിച്ചറിയുന്നു.
കവിക്ക് തന്റെ പ്രണയിനിയോടുള്ളത്
ഇന്ദ്രിയാതീതമായ പ്രണയമാണെന്ന തുറന്നു പറച്ചിൽ നടത്തുന്ന തേന്മഴക്കൂടുകൂടാം പ്രണയത്തെക്കുറിച്ചുള്ള കവിയുടെ ദർശനം തന്നെയാണെന്ന്
പറയാം.
പ്രണയിനിയുടെ ഇഷ്ടങ്ങൾക്ക് വഴങ്ങി,
അവളോട് സമരസപ്പെട്ട് തന്റെ ജീവിതവഴിയിൽ നടന്നു നീങ്ങുന്ന കവിയാണ് ദേഷ്യപ്പെടല്ലേയിൽ. പരസ്പരം മനസ്സിലാക്കാനോ, വിട്ടുകൊടുക്കാനോ
തയ്യാറാകാത്ത പങ്കാളികൾ ദാമ്പത്യ ബന്ധങ്ങൾ കാറ്റിൽപ്പറത്തുന്ന ഇക്കാലത്ത് വേറിട്ട വായനാനുഭവം
നൽകുന്ന കവിതയാണിത്.
ക്ഷണിക്കു
പെണ്ണേ എന്ന കവിതയിൽ കവി ഏറെ
പ്രണയാർദ്രനാകുന്നതു കാണാം. ദുഃഖങ്ങളും ദുരിതങ്ങളുമൊക്കെ മാറി, ജീവിതം ആനന്ദനിർഭരവും
പ്രണയപൂർണ്ണവുമാകുമെന്ന് പ്രതീക്ഷിക്കുന്നുമുണ്ട്.
പ്രണയത്തെ ആർക്കും ഒരിക്കലും തടുത്തു
നിർത്താനാവില്ലെന്ന് കവി വിശ്വസിക്കുന്നു. തനിച്ചു
പാടാൻ എന്ന ഈ കൃതിയുടെ തന്നെ
പേരുള്ള കവിതയിൽ
ഒരു രാവുമായ്ചു പൊൻകതിരുകൾ വിരിയിക്കു-
മൊരു നോട്ടമീ ജന്മ നേർവെളിച്ചം
അതുപോരു,മേതിരുൾപാതയും താണ്ടുവാ-
നിതുപോലെ,യെന്നും തനിച്ചു പാടാൻ...
എന്ന് പാടുമ്പോൾ, പ്രണയിനിയുടെ ഒരു കടാക്ഷത്തിൽപ്പോലും
സാഫല്യം കണ്ടെത്താൻ കവി മനസ്സിനു കഴിയുന്നു. ആഗ്നേയ
വീണയിൽ എത് ജീവിത സാഹചര്യങ്ങളും
തരണം ചെയ്യാൻ പ്രണയത്തെ കൂട്ടുപിടിക്കുന്ന കവിയെയും കാണാം.
സമാഹാരത്തിലെ അവസാന കവിതയായ കൊടുങ്കാറ്റുപോലെയിലെത്തുമ്പോൾ കെട്ടഴിച്ചുവിട്ട ഒരു കൊടുങ്കാറ്റായി
പ്രണയം അതിന്റെ ഉന്മാദാവസ്ഥയിൽ എത്തിയിരിക്കുന്നു.
പ്രണയം ഒരു പുതിയ വികാരമല്ല, അതിന്
സൂര്യനോളവും ചന്ദ്രനോളവും കാറ്റിനോളവും മലയോളവും തന്നെ പഴക്കമുണ്ട്. എന്നാൽ
കന്യകയ്ക്കു നവാനുരാഗങ്ങൾ
കമ്രശോണസ്ഫടിക വളകൾ
എന്ന് വൈലോപ്പിള്ളി പറയും പോലെ, ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കപ്പെടാവുന്ന
വികാരമായി, വില്പനച്ചരക്കാക്കുന്ന ഈ കാലത്ത്, ഉദാത്തമായ പ്രണയ സങ്കല്പത്തെക്കുറിച്ചുള്ള
തുറന്നു പറച്ചിലുകളാണ് ഈ പുസ്തകത്തിലെ ഓരോ കവിതയും! അവയോരോന്നായി വായിച്ചു പോകുമ്പോൾ
മാഷിന്റെ കവിതയുടെ കൈ പിടിച്ച് വായനക്കാരും ആ പ്രണയപ്പാലാഴിയിൽ അലിഞ്ഞു ചേരുന്നു. മറ്റൊരു
അനശ്വര പ്രണയ കാവ്യമായി പുനർജ്ജനിക്കാൻ!
ജയശ്രീ സി കെ
No comments:
Post a Comment