Views:
സന്യാസോ നിർമ്മലം ജ്ഞാനം
ആചാര്യസ്വാമികൾ സന്യാസിക്ക് നല്കിയ നിർവ്വചനമാണ്. കാഷായം ധരിക്കുന്നതോ മൊട്ടയടിക്കുന്നതോ അല്ല സന്യാസം; മറിച്ച് ആത്മജ്ഞാനമത്രേ സന്യാസം.
ആത്മജ്ഞാനം സ്വയം അറിയൽ മാത്രമല്ല സമസ്ത ചരാചരജ്ഞാനമാണ്. ഉള്ളു കൊണ്ടുള്ള ഉൾക്കൊള്ളൽ.
മലയാളത്തിലെ 'അവസാനത്തെ മഹാകവി' അക്കിത്തം വിട പറയുമ്പോൾ സന്യാസിയായ ഒരു കവിയാണ് സമാധിയാകുന്നത്. ഭാരതീയകാവ്യ പരമ്പരയിലെ ബ്രഹ്മജ്ഞാനിയായ ശ്രേഷ്ഠൻ. കാവ്യജീവിതം സന്യാസജീവിതമാക്കിയ രാമായണകർത്താവിനും ഭാരത കാരനും പിൻ തുടർച്ചയായി വന്ന പുണ്യമാനസൻ.
അക്കിത്തവും വിഷയമാക്കിയത് മനുഷ്യചിത്ത വ്യാകുലതകളായിരുന്നു, പ്രകൃതിയെ ഇത്രയധികം ആരാധിച്ച ഒരു കവി അപൂർവ്വമത്രേ. ഭാരതീയവേദപാരമ്പര്യം ഉദ്ഘോഷിക്കുന്ന പ്രാപഞ്ചിക ജീവിതമെന്ന ഉദാത്ത ആശയത്തെ അക്കിത്തം മുറുകെ പിടിച്ചു. നമ്മുടെ ആദിമ ഗ്രന്ഥങ്ങൾ മുന്നോട്ടു വച്ച കാലമാറ്റങ്ങൾക്കു പോലും പരുക്കേല്പിക്കാനാകാത്ത ആശയസമൃദ്ധി അക്കിത്തം കവിതകൾ അതേ നിലയ്ക്ക് ആവാഹിച്ചു.
അക്കിത്തം പക്ഷേ അനീതികളോട് സമരസപ്പെട്ടില്ല 'മാനിഷാദാ' എന്ന് ശക്തിയുക്തം വിളിച്ചു പറയാനായി ആ തൂലിക എട്ടുപതിറ്റാണ്ടും ഉണർന്നിരുന്നു.
നമ്മുടെ വേദ സംസ്കാരം വിനിമയം ചെയ്യുന്ന ആശയങ്ങൾ വൈദേശിക ശീലങ്ങൾക്ക് തികച്ചും പരിചിതമല്ലാത്ത 'മനുഷ്യനെ മനീഷിയാക്കുകയെന്ന' ഉദ്ബോധനമത്രേ. അവിടെ കവിയെന്നത് ചക്രവർത്തിയാണ് - അവനു മുന്നിൽ സകല അധികാര കേന്ദ്രങ്ങളും വണങ്ങി നില്ക്കും. അത്രയ്ക്ക് ഗരിമ പുലർത്തുന്ന ഋഷിവര്യനാണ് കവി. അക്കിത്തം പൂർണമായും അങ്ങനെ ഒരു ചക്രവർത്തിയായിരുന്നു.
കാലത്തെ കടന്നുപോകാൻ കെല്പില്ലാത്ത സകല സിദ്ധാന്തങ്ങൾക്കും മേലെയാണ് നമ്മുടെ ജ്ഞാന സമ്പുഷ്ടിയെന്നും പൈതൃക സമ്പത്തെന്നും ഗ്രഹിച്ച കാവ്യകാരൻ. അദ്ദേഹം മുന്നോട്ടുവച്ച ആശയ സംഹിതകൾ പുത്തനായി അനുഭവപ്പെടുമ്പോൾത്തന്നെ അതിന്റെ ആന്തരാർഥങ്ങൾ പ്രാചീന ഭാരതീയ വിജ്ഞാന സ്രോതസ്സുകളുടെ ഭണ്ഡാരസമൃദ്ധി ഉൾക്കൊള്ളുന്നു. കാവ്യജീവിതത്തെ തപസാക്കിയ അക്കിത്തം കിട്ടിയ വരങ്ങൾ കാവ്യ കൈരളിക്ക് സ്വാർഥമോഹമില്ലാതെ, സ്വകാര്യ സ്വത്താക്കാതെ അനുസ്യൂതം ദക്ഷിണയായി അർപ്പിച്ചു കൊണ്ടേയിരുന്നു.
'ഹന്ത വെളിച്ചമേ, നിന്നെത്തിരഞ്ഞ ഞാ-
നെന്തിരുളൊക്കെചവിട്ടി നീക്കി'
അക്കിത്തത്തിന്റെ ദർശനിക ചിന്തയ്ക്ക് മകുടോദാഹരണമാകുന്ന വരികൾ.
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്ക് നമ്മെ നയിച്ച കവി, യുഗങ്ങൾ മാറിയാലും ചൈതന്യവത്തായി മനുഷ്യവംശത്തിന് മുന്നിൽ ഉൺമയുടെ തിരിനാളം തെളിക്കാൻ പിറവിയെടുക്കുന്ന ഗാനമാധുരി.
പ്രിയദർശനൻ ഒ.എസ്.
PRIYADARSANAN OS,
PULIPRA, PVRA102, NR.TECHNOPARK MAIN GATE,
KAZHAKUTTAM
MOB-8281971573
No comments:
Post a Comment