Risha Sheikh :: മാനസീകാരോഗ്യം വ്യക്തികളിൽ

Views:
 

മാനസീകാരോഗ്യം വ്യക്തികളിൽ 


എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നേർന്നുകൊണ്ട്,  പ്രാർത്ഥനയോടെ  തുടങ്ങട്ടെ.

ഒരു വ്യക്തിയെ പരിപൂർണ്ണ ആരോഗ്യവാൻ എന്ന് വിളിക്കുന്നത് എപ്പോഴാണ്? അയാളുടെ ശരീരം അസുഖങ്ങൾ ഒന്നുമില്ലാത്ത ഒരു അവസ്ഥയിൽ നിലകൊള്ളുമ്പോൾ എന്ന് നമ്മൾ കേട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ മാനസികാസ്വാസ്ഥ്യം വന്നവരെ പരിപൂർണ ആരോഗ്യവാന്മാരായി നമ്മൾ കണക്കാക്കാറുണ്ടോ. ഒരു വ്യക്തിക്ക്  ശാരീരികമായി ആരോഗ്യം ഉണ്ടാകുകയും   മാനസികമായി ആരോഗ്യം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തെ നമുക്ക് പൂർണ്ണ ആരോഗ്യവാൻ എന്ന് പറയാൻ ആകുമോ. ഇല്ല എന്നാണെന്‍റെ വിശ്വാസം. മാത്രവുമല്ല അവിടെ ചികിത്സ ആവശ്യമെന്നും നമ്മൾ മനസിലാക്കുന്നു. അപ്പോൾ ശരീരത്തിനു ചികിത്സ വേണ്ടതുപോലെ മനസ്സിനും ചികിത്സ വേണമെന്ന് നമുക്കറിയാം. എന്നാൽ ശരീരത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നത് പോലെ തന്നെ മനസ്സിന്‍റെ ആരോഗ്യവും നിലനിർത്തുന്നത് പ്രധാനമാണെന്ന് നമ്മളിൽ എത്രപേർ മനസ്സിലാക്കുന്നുണ്ട്.

ആരോഗ്യം എന്നാൽ എന്താണ്?

നമ്മുടെ ശരീരത്തിനും മനസ്സിനും ഒട്ടും ഭാരമില്ലാത്ത പോലെ അനുഭവപ്പെടുകയും അതിനനുസരിച്ച് വളരെ എളുപ്പത്തിൽ കാര്യങ്ങളും മറ്റും ചെയ്യാനാകുകയും പറ്റുന്ന സ്ഥിതി വിശേഷത്തെയാണ് ആരോഗ്യം എന്നു പറയുന്നത്. അല്ലാതെ രോഗമൊന്നുമില്ലാത്ത ഒരു അവസ്ഥയെ അല്ല. ശാരീരികം, മാനസികം  എന്നിങ്ങനെ രണ്ടു രീതിയിലാണ് ഒരു വ്യക്തിക്ക് ആരോഗ്യവാനായി മാറാൻ സാധിക്കുക.അങ്ങനെ ഒരു അവസ്ഥയിൽ നമ്മൾ എത്തിച്ചേരണം എന്നുണ്ടെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്.നമ്മുടെ ഇന്നത്തെ ചിന്താവിഷയം മാനസികാരോഗ്യം എങ്ങിനെ കൈവരിക്കാനാകും എന്നുള്ളതാണ്.

മാനസികാരോഗ്യം എന്നാൽ...

മാനസികാരോഗ്യം എന്നാൽ മനസിനെ സമ്പൂർണ ആരോഗ്യത്തിൽ നിലനിർത്തുക എന്നാണ് ഉദ്ദേശിക്കുന്നത്. 

ഇനി എന്താണ് മനസ്സ്? അതിന്‍റെ ആരോഗ്യം നമ്മൾ എങ്ങനെയാണ് സംരക്ഷിക്കേണ്ടത്? അത് എവിടെ നിന്നാണ് തുടങ്ങേണ്ടത്? തീർച്ചയായും ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുക വളരെ ബുദ്ധിമുട്ടുള്ളതും സങ്കീർണമായതുമായ കാര്യം തന്നെ. അതിനേക്കാൾ സങ്കീർണം ആണല്ലോ നമ്മുടെ മനസ്സ്. അപ്പോൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്.

എന്താണ് മനസ്സ് ?

എന്താണ് മനസ്സ് എന്ന ചോദ്യത്തിൽ നിന്ന് തന്ന ആരംഭിക്കാം. ചില വ്യക്തികളോട് നമ്മൾ എന്തെങ്കിലും സഹായം ആവശ്യപ്പെടുമ്പോൾ അവർ തമാശയ്ക്ക് പറയാറുണ്ട് ചെയ്തു തരാൻ എനിക്ക് മനസ്സില്ല എന്ന്. ചിലരെ ചൂണ്ടിക്കാണിച്ചു എത്ര മഹാമനസ്കൻ ആണ് അദ്ദേഹം എന്നും. മനസ്സ് എന്ന ഒരു അവയവം നമ്മുടെ ശരീരത്തിൽ ഇല്ല എന്നുണ്ടെങ്കിൽ പോലും അതിന് അസ്തിത്വമുണ്ട് എന്ന് നമ്മൾ എല്ലാവരും വിശ്വസിക്കുന്നു. അതിനുള്ള ഉദാഹരണങ്ങളാണ് മേൽ പറഞ്ഞവ. നമ്മുടെ വികാരവിചാരങ്ങളും ചിന്തകളും അതിനെ ആസ്പദമാക്കി പല കാര്യങ്ങളും ചെയ്യാനും ചെയ്യാതിരിക്കാനും ഉള്ള ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അങ്ങിനെ എല്ലാം ഉൾക്കൊള്ളുന്ന മായാ പ്രപഞ്ചത്തെ  നമുക്ക് മനസ്സെന്ന് വിളിക്കാം. അതിനെ നമ്മുടെ ബുദ്ധി എന്ന് പറയാൻ വയ്യ. കാരണം അത് കുടികൊള്ളുന്നത് നമ്മുടെ തലച്ചോറിൽ അല്ല. നമ്മുടെ ഉടലിലും അല്ല. മറിച്ച് നാം എന്ന വ്യക്തിയിൽ ആണ്. അപ്പോൾ അങ്ങനെയുള്ള മനസ്സിന്‍റെ ആരോഗ്യം  ഉറപ്പു വരുത്താനായി ചെയ്യേണ്ട പ്രവർത്തികൾക്ക് നാം എവിടെ നിന്നു തുടക്കംകുറിക്കും. അതിനുത്തരം വളരെ ലളിതമാണ്. മനസ്സിന്‍റെ ആരോഗ്യം നിലനിർത്തുവാൻ ആയി ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങേണ്ടത് നമ്മുടെ മനസ്സിൽ നിന്ന് തന്നെയാണ്. ആ തീരുമാനം എടുക്കേണ്ടത് നമ്മുടെ മനസ്സു തന്നെ എന്നർത്ഥം. നേരത്തെ പറഞ്ഞ പോലെ നമ്മുടെ ബുദ്ധിയും അറിവും ഉപയോഗിച്ച് നമ്മുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ  നാം തീരുമാനങ്ങളെടുക്കുന്നത് മനസ്സ് കൊണ്ടാണ്. ഏറ്റവും സങ്കീർണത നിറഞ്ഞത് പോലെ തന്നെ നമ്മുടെ ഓരോരുത്തരുടെയും മനസ്സ് സുശക്തവും  ആണെന്ന് സാരം.

മാനസികാരോഗ്യവും ശാരീരികാരോഗ്യവും

മാനസികാരോഗ്യവും ശാരീരികാരോഗ്യവും വളരെ ബന്ധപെട്ടു  കിടക്കുന്നു. ശ്രദ്ധിച്ചിട്ടില്ലേ നമ്മുടെ മനസ്സിന് സുഖം ഇല്ലാതായാൽ നമുക്ക് പെട്ടെന്ന് തന്നെ തലവേദന വരുന്നതും, അതുപോലെ ചെറിയൊരു വേദന വലിയ വേദനയായ് അനുഭവപ്പെടുന്നതും. അതെല്ലാം നമുക്ക് തോന്നുന്നത് നമ്മുടെ ശരീരവും മനസ്സും തമ്മിൽ അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ടാണ്. ആരോഗ്യമുള്ള ശരീരത്തിൽ ആണ് ആരോഗ്യമുള്ള മനസ്സ് കുടികൊള്ളുന്നത് എന്ന് നമ്മൾ പറയാറുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിന്‍റെ ആരോഗ്യത്തെ നിലനിർത്തുവാനായി പാലിച്ചുപോരേണ്ട കാര്യങ്ങൾ നാം മനസ്സിലാക്കേണ്ടതുണ്ട്. ചിട്ടയായ ദൈനംദിന രീതിയും ഭക്ഷണ ക്രമീകരണങ്ങളും ഉണ്ടെങ്കിൽ അത് വളരെ എളുപ്പമാണ്. എളുപ്പമാണ് എന്ന് പറഞ്ഞത് കൊണ്ട് തെറ്റിദ്ധരിക്കരുത്. ആപേക്ഷികമായി അങ്ങിനെ പറഞ്ഞെന്നു മാത്രം. മനസ്സിനും ശരീരത്തിനും ഒരുപോലെ ആരോഗ്യം നൽകുന്ന ഒന്നാണ് വ്യായാമം. ദിവസവും അല്പം വ്യായാമം ചെയ്യുന്നത് ശരീരത്തിനെയും മനസ്സിനെയും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും.

മനസ്സിന്‍റെ ആരോഗ്യത്തിൽ നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിക്ക് വളരെയധികം പ്രാധാന്യമുണ്ട്. 

വീടിനകത്ത് ആയാലും പുറത്തായാലും വൃത്തിയും വെടിപ്പും  അടുക്കും ചിട്ടയുമുള്ള ഒരു അന്തരീക്ഷത്തിലാണ് നമ്മൾ ജീവിക്കുന്നത് എങ്കിൽ, അതിനു നമ്മുടെ മനസ്സിന് ഒരു പരിധിവരെ സുഖകരവും ശാന്തവുമായ ഒരനുഭൂതി പ്രദാനം ചെയ്യാനാകും. നമ്മൾ ചെയ്യുന്ന തൊഴിൽ, ഇടപഴകുന്ന ആളുകൾ, സംസാരിക്കുന്ന വിഷയങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ പോലും ഒരു പോസിറ്റീവ് എനർജി (അനുരോധ ഊർജ്ജം) പരിപാലിക്കാൻ ശ്രമിച്ചാൽ അത് നമ്മുടെ മനസ്സിന് ഏറെ ഗുണം ചെയ്യും. അതുകൊണ്ടാണ് നമുക്ക് ഇഷ്ടമുള്ള മേഖലയിൽ ജോലി തിരഞ്ഞെടുക്കാനും, ഇഷ്ടമുള്ള ആളുകളുമായി നല്ല വിഷയങ്ങൾ ചർച്ച ചെയ്യുവാനും മനശാസ്ത്ര വിദഗ്ധർ നിർദ്ദേശിക്കുന്നത്. നമ്മൾ സംസാരിക്കുന്നതും  പ്രവർത്തിക്കുന്നതുമായ കാര്യങ്ങൾ നന്മനിറഞ്ഞതാകാൻ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. 

നമ്മുടെ ഉള്ളിൽ നിന്ന് പുറത്തേക്ക് പ്രവഹിക്കുന്ന ഊർജ്ജം എന്താണോ, അതാണ് നമ്മിലേക്ക് തിരിച്ചുവരുന്നത്. 

ഒരു കാര്യം നടക്കില്ല നടക്കില്ല എന്ന് ചിന്തിച്ചു വീട്ടിൽനിന്നിറങ്ങി അത് നടക്കാതെ  വീട്ടിലേക്ക് തന്നെ തിരിച്ചെത്തുന്ന ചില സന്ദർഭങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടില്ലേ. അതിനു പിന്നിലെ കാരണം പ്രപഞ്ചത്തിൽ പരന്നു കിടക്കുന്ന ഈ അദൃശ്യ ശക്തിയാണ്.
ഇങ്ങനെയുള്ള പല കാര്യങ്ങൾ ചെയ്താലും ജീവിതത്തിൽ ചില വെല്ലുവിളികളെ നേരിടാനും തരണം ചെയ്യാനും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.  അപ്പോൾ അത്തരത്തിലുള്ള സാഹചര്യങ്ങളെ മറികടക്കാനുള്ള ഏക മാർഗം അവയെ ഓരോന്നിനെയും സന്ദർഭങ്ങൾ ആയി കണ്ടു അഭിമുഖീകരിക്കുക എന്നുള്ളതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ തീരുമാനമെടുക്കാനുള്ള ചിന്താശേഷി ശക്തിപ്രാപിക്കും. അതുപോലെ എടുത്ത തീരുമാനങ്ങളെ ദൃഢമാക്കാനും അതിൽ തന്നെ ഉറച്ചുനിൽക്കുവാനും നമ്മുടെ ബുദ്ധി നമ്മെ പ്രേരിപ്പിക്കും. മാത്രവുമല്ല  ഭാവിയിൽ ഇത്തരത്തിലുള്ള സന്ദർഭങ്ങൾ വരുമ്പോൾ അതിനെ നേരിടാൻ നാമറിയാതെ തന്നെ നമ്മുടെ തലച്ചോർ പരിശീലിക്കും. അത്തരം കാര്യങ്ങളെപ്പറ്റി ബോധവാന്മാർ ആകുമ്പോൾ നമ്മളിലെ ഭയം മെല്ലെമെല്ലെ കുറഞ്ഞു വരാൻ തുടങ്ങും. അതുകൊണ്ടുതന്നെ ജീവിതത്തിൽ അങ്ങനെയുള്ള പരിതസ്ഥിതികൾ വരുമ്പോൾ അതിനെക്കുറിച്ച് ബോധവാന്മാരായി ചിന്തിച്ചു പ്രവർത്തിക്കുക എന്നുള്ള ഒരു ധർമ്മമാണ് നമ്മൾ ചെയ്യേണ്ടത്. അല്ലാതെ പിന്തിരിഞ്ഞ് ഓടുകയല്ല. നല്ല വ്യക്തിബന്ധവും സുഹൃത്ത്ബന്ധവും നമുക്കുണ്ടെങ്കിൽ, അതും പ്രയോജനപ്പെടുക ഇത്തരം അവസരങ്ങളിലാണ്.

മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഉള്ള ഏറ്റവും നല്ല വഴി 

മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഉള്ള ഏറ്റവും നല്ല വഴി സംസാരിക്കുകയാണ്. ഇത് രണ്ട് തരത്തിൽ ചെയ്യാവുന്നതാണ്.
ഒന്ന് അവനുമായി സ്വയം സംസാരിക്കുക. ഇതെന്തു ഭ്രാന്താണ് പറയുന്നത് എന്ന് ഒരുപക്ഷേ നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ ദിവസവും അല്പം നേരം അവനവനുമായി ചിലവിടുകയും നമ്മുടെ പ്രതിബിംബത്തോട് സംസാരിക്കുകയും, ചെയ്യുന്നത് മനസിലെ അടഞ്ഞുകിടക്കുന്ന വാതായനങ്ങളെ തുറന്നിടുന്ന പോലെയാണ്. അവ നമുക്ക് ഉണർവു നൽകുകയും പുത്തൻ ആശയങ്ങങ്ങളെ മനസിലേക്ക് കടത്തി വിടുകയും ചെയ്യും. നമ്മുടെയൊക്കെ ഉള്ളിൽ ഒരു കുഞ്ഞുണ്ട്. ആ കുഞ്ഞിന്‍റെ പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കി അതിനൊരു പോംവഴി കണ്ടെത്തുകയും അവന് ആശ്വാസം പകരുകയും ചെയ്യുമ്പോൾ അത് നമുക്ക് തന്നെ ആശ്വാസജനകമാകുകയും തന്മൂലം നമ്മിലെ ആത്മവിശ്വാസത്തെ വർധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
സ്വയം തൃപ്തിപ്പെടുത്താൻ ആകാത്തവർക്ക് സ്വയം സ്നേഹിക്കുവാനും അങ്ങിനെ ചെയ്യാൻ കഴിയാത്തവർക്ക് മറ്റൊന്നിലും സന്തോഷം കണ്ടെത്താൻ ആവുകയും ഇല്ലെന്ന സത്യം നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ആശയവിനിമയത്തിന്‍റെ  രണ്ടാമത്തെ രീതി അടുത്ത സുഹൃത്തുക്കളോടോ നല്ല വ്യക്തിത്വങ്ങളോടോ  സംസാരിക്കുക എന്നതാണ്. 

പോസിറ്റീവ് ആയ വ്യക്തികളോട് സംസാരിക്കുമ്പോൾ നാമറിയാതെ അവരിലെ ആ പോസിറ്റീവ് എനർജി നമ്മുടെ ഉള്ളിലേക്കും പ്രവഹിക്കുന്നു. 

നമ്മുടെ വിഷമങ്ങൾ, ആകുലതകൾ ഇതെല്ലാം ചർച്ച ചെയ്യപ്പെടുമ്പോൾ നമുക്കുള്ളിലെ  ഭാരം പാതിയായി കുറയുകയും, ചില സമയങ്ങളിൽ നമ്മുടെ ഉള്ളിൽ ഇഴ കുഴഞ്ഞു കിടക്കുന്ന പ്രശ്നങ്ങൾക്ക് അത് ഉത്തരം നൽകുകയും ചെയ്യുന്നു. ഒരു വിഷമം വരുമ്പോൾ നമ്മുടെ വളരെ അടുത്ത ആരോടെങ്കിലും ഒന്ന് മനസ്സ് തുറക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് നമുക്ക് തന്നെ തോന്നാറില്ലേ. അത്തരത്തിലുള്ള കാര്യങ്ങൾ ഒരിക്കലും മനസ്സിൽ ചുമന്നുകൊണ്ട് നടക്കുന്നത് നമുക്ക് ഗുണകരമല്ല. അത് മറ്റൊരാളിനോട് തുറന്നുപറയുകയാണ് ഏറ്റവും നല്ലത്.  അവരുമായി ആരോഗ്യപരമായ സംവാദത്തിൽ ഏർപ്പെടുന്നതുകൊണ്ടും തെറ്റൊന്നുമില്ല. എന്നാൽ അവ അതിരു കടക്കാതെ ശ്രദ്ധിക്കണം എന്ന് മാത്രം.

മാനസിക പിരിമുറുക്കം ഒരു പരിധിയിൽ കൂടുതലായാൽ അവ നമുക്ക് തീർത്തും ദോഷം ചെയ്യും. ഡിപ്രഷൻ, ഉന്മാദം പോലുള്ള മാനസികസ്വാസ്ഥ്യങ്ങളിലേക്ക് അത് നമ്മെ കൊണ്ടെത്തിക്കും. ആത്മഹത്യാ പ്രവണത പോലുള്ളവ വളരെ ഗുരുതരമായ മാനസിക പ്രശ്നമാണ്.അത്തരം അവസ്ഥകൾ വരാതെ നോക്കുക എന്നുള്ളത് വളരെ അത്യാവശ്യവുമാണ്. അവനവനെ പറ്റിയുള്ള ബോധം നമുക്ക് എപ്പോഴും ഉണ്ടായിരിക്കണം. അങ്ങിനെയെങ്കിൽ ഇത്തരം സാഹചര്യങ്ങളിലേക്ക് ചെന്നെത്തുന്നതിന് വളരെ മുൻപേ തന്നെ അത് തിരിച്ചറിയാനും സ്വയം ഒരു  പരിഹാരം കണ്ടെത്താനും നമുക്ക് തന്നെയാകും. ഇനി അതിന് മറ്റൊരാളുടെ സഹായം കൂടിയേതീരൂ എന്നുണ്ടെങ്കിൽ നമുക്കൊരു മനശാസ്ത്ര വിദഗ്ധന്‍റെ സഹായം തേടാവുന്നതാണ്. നമുക്ക് ചുറ്റുമുള്ളവർക്കാണ് ഇത്തരത്തിൽ ഒരു അനുഭവം വരുന്നതെന്ന് മനസ്സിലാക്കിയാൽ അവരെ സഹായിക്കുക എന്നതും നമ്മുടെ കടമയാണ്. ഇനി നമുക്ക് അതിന് ആകുന്നില്ല എന്നുണ്ടെങ്കിൽ കുറഞ്ഞപക്ഷം അവരുടെ ബന്ധുക്കളെ ഈ കാര്യത്തെപറ്റി ബോധവാന്മാർ ആക്കുകയോ നല്ലൊരു മനശാസ്ത്ര വിദഗ്ദ്ധന്‍റെ  അടുത്തു  എത്തിക്കുകയോ ചെയ്തിരിക്കണം. നമ്മൾ അറിഞ്ഞുകൊണ്ട് ഒരു ജീവനും പൊലിഞ്ഞു പോകാൻ ഇടവരരുത് എന്ന് എപ്പോഴും ഓർക്കുക.

അങ്ങനെ നമ്മൾ സ്വയവും നമുക്കുചുറ്റുമുള്ളവരെയും നല്ല ചിന്തകളാലും നല്ല പ്രവർത്തികളാലും നിറയ്ക്കുമ്പോൾ, ജീവിതം കൂടുതൽ മനോഹരമാകുന്നു.  നാം നമ്മെ തന്നെ സ്നേഹിക്കാൻ പഠിക്കുന്നു. അതിലൂടെ മറ്റുള്ളവരെയും. അപ്പോൾ നമ്മുടെ ശ്രദ്ധാകേന്ദ്രം നമുക്ക് ചുറ്റുമുള്ള അവസരങ്ങളും  പരിഹാരങ്ങളുമായി മാറുന്നു.മാത്രവുമല്ല നമ്മുടെ മനസ്സിൽ നന്മ നിറക്കുമ്പോൾ സത്യത്തിൽ നാം നമ്മിൽ സ്നേഹമാണ് നിറയ്ക്കുന്നത്. അവിടെ ദൈവമാണ് കുടികൊള്ളുന്നത്. ദൈവം സ്നേഹമല്ലോ എന്ന തത്വശാസ്ത്രത്തെ പിന്തുടർന്ന് ആരോഗ്യമുള്ള നല്ലൊരു മനസിനുടമയാവാൻ ഉള്ള ശ്രമം തുടങ്ങാൻ ഓരോ വ്യക്തിക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.





10 comments:

Shahana Mv said...

Well said Risha ❤️❤️

Risha Sheikh said...

Thank you.💐

Unknown said...

Super risha

Unknown said...

Great ❣️

Risha Sheikh said...

thank you. comment cheytha aalude peru kanunnilla tto.. if possible next time muthal google account name add cheyyu.

MuRaD VP said...
This comment has been removed by the author.
MuRaD VP said...

nice❤️

Risha Sheikh said...

thank you

ANAGHA said...

Well Written ❤️❤️❤️

Risha Sheikh said...

Thank you Anagha