കഥ
നോവ്
അന്നേരം ടീച്ചറിന്‍റെ കൺതടത്തിൽ കുമിഞ്ഞ് കൂടിയ കണ്ണീർ കുമിളകൾ മൊബൈൽ സ്ക്രീനിലേക്ക് ഇറ്റ് വീഴാൻ തുടങ്ങി.സ്ക്രീനിന്‍റെ നീലവെട്ടത്തിൽ തെളിഞ്ഞ് നിന്ന പട്ടുപാവാടക്കാരിയെ മറച്ച് മൂടൽമഞ്ഞ് കണക്ക് കണ്ണീർക്കണം സ്ക്രീനിലാകെ പരന്നൊഴുകി.
'ബീനടീച്ചറേ... ഒക്കെ വിധിയാണ് .. ഒന്നും നമ്മൾ വിചാരിക്കണ പോലെയല്ല കാര്യങ്ങൾ.. പിന്നെ ഒരു കണക്കിന് നോക്കിയാൽ... ഇത് നല്ലതിനായിരിക്കും .. കിടന്ന് വേദന തിന്നുന്നതിനേക്കാൾ.. ഭേദമല്ലേ...എല്ലാം ദൈവത്തിന്‍റെ നിശ്ചയമെന്ന് കരുതി സമാധാനിക്കുക....' ഓട്ടോയിൽ തൊട്ടടുത്തിരുന്ന രേണുക തന്‍റെ ഇടത് കൈ കൊണ്ട് ബീനയെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു.
'കാൻസറായിരുന്നല്ലേ.. ഇപ്പം എവിടെ നോക്കിയാലും ഈ സൂക്കേടേ കേൾക്കാനുള്ളൂ... ചെറുപ്പന്നോ വലുപ്പന്നോ..ന്നില്ല.. ആർസിസിയിലൊക്കെ പോയി നോക്കിയാ.. കൊച്ചു കുട്ടികളാ അധികവും...' ഡ്രൈവിംഗിനിടയിൽപിന്നിലെ കാഴ്ചകൾ തുറക്കുന്ന ചതുര കണ്ണാടിയിൽ കണ്ണെറിഞ്ഞും ഇരുവശങ്ങളിലേക്ക് തലചരിച്ചും ഓട്ടോ ഡ്രൈവർ പറഞ്ഞു.
സാരിത്തലപ്പ് കൊണ്ട് മുഖം തുടച്ച് ഉള്ളിലെ വിങ്ങലൊതുക്കി ബീന പുറത്തേക്ക് കണ്ണുകൾ പായിച്ച് സീറ്റിൽ ചാരിയിരുന്നു.
കോവിഡ് കാരണം സ്കൂൾ തുറക്കാതെയായതിൽ പിന്നെ പഠനം മാത്രമല്ല, സ്കൂൾ പ്രവർത്തനങ്ങൾ മൊത്തവും ഓൺലൈനായി മാറുകയായിരുന്നല്ലോ. ഗാന്ധിജയന്തിയും പരിസ്ഥിതി ദിനാചരണവും രക്ഷകർതൃ യോഗമൊക്കെ വാട്സ്ആപ്പിലും സൂമിലുമൊക്കെയായി മാറി. കുട്ടികൾ വീട്ടിലിരുന്ന് അവതരിപ്പിച്ചയക്കുന്ന പടങ്ങളും വീഡിയോകളും ചേർത്ത് വെച്ച് സ്കൂൾ പരിപാടിയായി അണിയിച്ചൊരുക്കുന്നത് മിക്കവാറും ബീനടീച്ചറാന്ന്. ഇക്കഴിഞ്ഞ കേളപ്പിറവി ദിനാചരണത്തിന്‍റെ സ്കൂൾ വീഡിയോ തയ്യാറാക്കലും ടീച്ചർ സ്വയം ഏൽക്കുകയായിരുന്നു. നിശ്ചയിച്ച സമയത്തിന് മുമ്പേ എഡിറ്റിംഗും മിക്സിംഗുമൊക്കെ പൂർത്തിയാക്കി നിറമനസോടെയാണ് സ്കൂൾ ഗ്രൂപ്പിലും മറ്റും വീഡിയോ പോസ്റ്റ് ചെയ്തത്.ഉച്ചയുറക്കത്തിന്‍റെ മുഷിപ്പ് മാറ്റാനായി മൊബൈൽ കയ്യിലെടുത്ത് വാട്സ് ആപ്പിലേക്ക് ചേക്കേറിയപ്പോഴാണ് ബീന തന്‍റെ സഹപ്രവർത്ത സുലു ടീച്ചറിന്‍റെ കമൻറും തൊട്ടു താഴെ ഒരു കുട്ടിയുടെ ചിത്രവും കാണുന്നത്.'ടീച്ചർ.. ഈ ഫോട്ടോയും കൂടി കേരളപ്പിറവി വീഡിയോയിൽ ഉൾപ്പെടുത്തണം. ഇന്ന് രാവിലെയാ ഫോട്ടോ അയച്ച് കിട്ടിയത്.' ടെക്സ്റ്റ് മെസേജിന് താഴെ തലയിൽ മുല്ലപ്പൂ ചൂടി പട്ട്പാവാടയും ജാക്കറ്റും അണിഞ്ഞ് നൃത്തം ചെയ്യുന്ന ആറ് ബി ക്ലാസിലെ രജിതമോളുടെ ചിത്രമാണ്.
'സുലു... വീഡിയോ കംപ്ലീറ്റാക്കി രാവിലെ പത്ത് മണിക്ക് തന്നെ എല്ലാ ഗ്രൂപ്പിലും പോസ്റ്റ് ചെയ്തു കഴിഞ്ഞല്ലോ. ഇത് നമുക്ക് അടുത്ത ഏതെങ്കിലും പ്രോഗ്രാമിൽ ആഡ് ചെയ്യാം.. ' ബീന ടീച്ചർ വോയ്സ് മെസേജായാണ് മറുപടി ഇട്ടത്.
സ്കൂളിലെത്തി പാഠപുസ്തവിതരണ ലിസ്റ്റും മറ്റും തയ്യാറാക്കാമെന്നുള്ള നിശ്ചയത്തിൽ ഇന്ന് രാവിലെ വാതിൽ പൂട്ടി വീട്ടുമുറ്റത്തേക്കിറങ്ങിയ നേരമാണ് ബീനയുടെ മൊബൈൽ വീണ്ടും ചിലച്ചത്. വാട്സ്ആപ്പ് തുറന്ന് സ്കൂൾ ഗ്രൂപ്പിലെത്തിയപ്പോൾ കാണുന്നത് മുല്ലപ്പൂ ചൂടിയ പട്ടുപാവാടയണിഞ്ഞ രജിതമോളുടെ അതേ ഫോട്ടോ .ചുവട്ടിൽ ഇറ്റാലിക് ഫോണ്ടിലുള്ള കറുത്ത അക്ഷരങ്ങൾ ടീച്ചറിന്‍റെ കണ്ണുകളിൽ ഇരുട്ട് കോരിയിട്ടു.'ആദരാഞ്ജലികൾ....' മനസ് ഒന്നു പിടഞ്ഞു. 'അയ്യോ.... രജിത മോളേ.....' കാലുകൾ നിലത്തുറക്കാതെ പാറി നടക്കുന്നത് പോലെ. ബീന ടീച്ചർ വരാന്തയിലെ ഇരുമ്പ് ഗ്രില്ലിൽ പിടിയുറപ്പിച്ച് പുറത്തെ വാതിൽപടിയിൽ ഇരുന്നു.
കഴിഞ്ഞ രണ്ടാഴ്ച മുമ്പത്രേ കടുത്ത പനിയുമായി രജിതയെ സമീപത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.പരിശോധനകൾക്കും ടെസ്റ്റുകൾക്കും ശേഷമാണ് ഡോക്ടർ രജിതയുടെ അഛനെ രഹസ്യമായി അറിയിച്ചത് 'മോൾക്ക് കാൻസറാണ്...
സ്വല്പം പഴക്കമുണ്ട്. മജ്ജ മാറ്റിവെക്കേണ്ടിവരും...'
ഇടിത്തീ പോലെയായിരുന്നു ആ വാക്കുകൾ അയാളിൽ പതിച്ചത്. ഓൺലൈൻ പഠനത്തിന് സ്കൂളിലെ ടീച്ചർമാർ വാങ്ങി നൽകിയ മൊബൈലിൽ മുഖമമർത്തി ആശുപത്രി കിടക്കയിൽ പുഞ്ചിരിച്ച് കിടക്കുന്ന മകളെ നോക്കി അയാൾ നെടുവീർപ്പിട്ടു. തന്‍റെ കുഴിഞ്ഞ കണ്ണുകളിൽ നിന്ന് ഒട്ടിയ കവിൾ തടത്തിലൂടെ ഒലിച്ചിറങ്ങിയ മനസ്സിന്‍റെ പിടച്ചിലിനെ അയാൾ മകൾ കാണാതെ തോർത്ത് കൊണ്ട് ഒപ്പി.
'എത്രയും വേഗം ശസ്ത്രക്രിയ ചെയ്യണം... കഴിവതും രണ്ട് മാസത്തിനകം ...' ഡിസ്ചാർജ് ചെയ്യുന്നേരം ഡോക്ടർ ഓർമ്മപ്പെടുത്തി.
ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ അവൾ പതിവിലും കവിഞ്ഞ് ഉഷാറായിരുന്നത്രേ. സ്കൂളിലെ ഹരിത ക്ലബ്ബിൽ അംഗമാകാൻ വീട്ടുവളപ്പിലെ കൃഷിത്തോട്ടത്തിന്‍റെ ഫോട്ടോയെടുത്തയക്കണമെന്ന് ടീച്ചർ അറിയിച്ച ദിവസം തന്നെ താൻ മതിലിനരികിൽ ചിരട്ടയിലും പ്ലാസ്റ്റിക് ഡബ്ബയിലും നട്ടുനനച്ച് വളർത്തിയിരുന്ന പത്ത് മണിപൂക്കളുടേയും പയർചെടിയുടേയും ഫോട്ടോകളെടുത്ത് എല്ലാവർക്കും മുമ്പേ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിൽ കേരളപ്പിറവി പരിപാടിക്ക് കേരളീയ വേഷത്തിൽ ഫോട്ടോയെടുത്ത് അയക്കണമെന്ന ടീച്ചറിന്‍റെ അറിയിപ്പ് രജിത കാണാതെ പോയതല്ല. ചുവന്ന ബോർഡറുള്ള കടുംപച്ച പട്ടുപാവാട പണയിലെ ഷീജാന്‍റിയുടെ വീട്ടിൽ നിന്ന് തുന്നി കിട്ടാൻ വൈകിയതായിരുന്നല്ലോ സമയത്ത് ഫോട്ടോ അയക്കാൻ കഴിയാതിരുന്നത്.
'ങാ... ടീച്ചർമാരേ... കൊച്ചിന്‍റെ വീട് എത്തിയേ... ദാ... ഈ ഇടവഴി കേറി ലേശം ഉള്ളിലോട്ട് പോണം... ഓട്ടോ കയറത്തില്ല...'
കരിങ്കൊടി കെട്ടിയ ഇലക്ട്രിക് പോസ്റ്റിന് സമീപം ഓട്ടോ ഒതുക്കി നിർത്തി ഡ്രൈവർ പറഞ്ഞു.കരിങ്കൊടിക്ക് ചുവട്ടിൽ രജിതയുടെ ചിരിച്ച മുഖം ഇളം വെയിലേറ്റ് തിളങ്ങുന്നു.
മുറ്റത്തെ ചിതറിയ ആൾക്കൂട്ടത്തിനിടയിലൂടെ ബീനടീച്ചർ രേണുകയുടെ കൈ പിടിച്ച് ചായംതേക്കാത്ത
താബൂക്ക് പാകിയ വാടകവീടിനകത്തേക്ക് കയറി.
അടക്കിപ്പിടിച്ചതേങ്ങലുകൾക്ക് നടുവിൽ നിലത്ത് വെള്ളപുതച്ച് കണ്ണ് ചിമ്മി കിടക്കുന്ന രജിതയുടെ കാൽച്ചുവട്ടിൽ ബീന നമ്രശിരസോടെ നിന്നു. പത്ത്മണി പൂക്കളെപോലെ അവളുടെ കുഞ്ഞ്മുഖത്ത് അപ്പോഴും പുഞ്ചിരി നിറഞ്ഞ് നിന്നിരുന്നു.
'ക്ലാസിലെവാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിറഞ്ഞോടികൊണ്ടിരുന്ന കേരളപ്പിറവി വീഡിയോയിൽ തന്‍റെ പട്ടുപാവാടയണിഞ്ഞ് നൃത്തം ചെയ്യുന്ന ഫോട്ടോ കാണാൻ ആ കുഞ്ഞിളം കണ്ണുകൾ ഒത്തിരി കൊതിച്ചിട്ടുണ്ടാകും...'
ബീനയുടെ ഇടനെഞ്ചിനെ ഞെരുക്കിയ നോവ് ഒരു തേങ്ങലായി പുറത്തേക്ക് തള്ളി. നിറമിഴിയിൽ നിന്നുതിർന്ന കണ്ണീർ പൂക്കൾ രജിതയുടെ കാൽപാദം മൂടിയ തൂവെള്ളപുടവയിൽ പത്തുമണിപ്പൂക്കൾ വിതറിക്കൊണ്ടിരുന്നു.
No comments:
Post a Comment