മനുഷ്യബന്ധങ്ങളുടെ ആഴങ്ങൾ തൊട്ടറിയുന്ന കഥകൾ
ജയന്‍ പോത്തന്‍കോട്
കഥാസ്വാദനത്തിന്‍റെ ഒരു വേറിട്ട വഴിയാണ് പണിമൂല ശ്രീനിയുടെ 'ഇഡ്ഡലി ക്ലബ്' സമ്മാനിക്കുന്നത്. ലളിതമായ വാക്കുകളും നാട്യങ്ങളില്ലാത്ത ഭാഷയും ഈ കഥകളെ മികച്ചതാക്കുന്നു. സന്തോഷവും ദു:ഖവും പ്രണയവും ഹാസ്യവും എല്ലാം ഈ കഥകളിലുണ്ട്. മനുഷ്യബന്ധങ്ങളുടെ ആഴങ്ങൾ തൊട്ടറിയാനും ഈ കഥകളിലൂടെ അനുവാചകർക്ക് കഴിയുന്നുണ്ട്.
'പ്രണയമാനിയ', 'ഒരു വാട്സ് ആപ്പ് പ്രണയത്തിന്‍റെ അന്ത്യം' എന്നീ കഥകൾ വായിക്കുമ്പോൾ ചാറ്റിങ്ങിലൂടെയുള്ള പ്രണയം ചീറ്റിങ്ങിലൊടുങ്ങുന്ന വർത്തമാന കാലത്തെ ഓർത്തു പോകും. വാർദ്ധക്യത്തിന്‍റെ തീവ്രവും അസ്വസ്ഥമാക്കുന്ന മുഹൂർത്തങ്ങളും വായനക്കാരന് അനുഭവിക്കാൻ 'ഇഡ്ഡലി ക്ലബ് 'എന്ന പ്രഥമ കഥ തന്നെ മതിയാകും. ഭൂതകാലങ്ങളിൽ ചെയ്തുപോയ അപരാധങ്ങളിൽ തപിക്കുന്ന ഒരു മകന്‍റെ മാനസാന്തരത്തിന്‍റെ മുഹൂർത്തങ്ങൾ നിറയ്ക്കുന്നു 'അച്ഛൻ 'എന്ന കഥ.
'കനലെരിയുന്ന കഥകൾ 'എന്ന ശീർഷകത്തോടെ ശ്രീ കാര്യവട്ടം ശ്രീകണ്ഠൻ നായർ എഴുതിയ ദീർഘമായ അവതാരിക ഇഡ്ഡലി ക്ലബിന് ചാരുതയേറുന്നു. കഥാകൃത്ത് എന്നതിലുപരി സാംസ്കാരിക പ്രവർത്തകൻ, കവി, അദ്ധ്യാപകൻ തുടങ്ങിയ നിലകളിലും ശ്രീനി ശ്രദ്ധേയനാണ്. പോത്തൻകോടിന്‍റെ സാംസ്കാരിക ഭൂമികയിൽ തനിക്കും ഒരിടമുണ്ടെന്ന് ശ്രീനി ഇതിനകം തെളിയിച്ചിട്ടുണ്ട്. സമാന്തര വിദ്യാഭ്യാസ രംഗത്ത് ദീർഘകാലം ഒരുമിച്ച് പ്രവർത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.' തകർന്ന വേളയിലും നിവർന്നിരിക്കാൻ 'പറഞ്ഞ ഉത്തമ സുഹൃത്ത്. ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ചതിനു ശേഷം കലാ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു നാടിന്‍റെ പ്രിയപ്പെട്ട ഈ കഥാകൃത്ത്. മറക്കാതെ ഒരു കോപ്പി എത്തിച്ചതിന് പ്രത്യേകം നന്ദി ! സൃഷ്ടിക്കും സൃഷ്ടികർത്താവിനും അഭിനന്ദനങ്ങൾ
പ്രഭാത് ബുക് ഹൗസാണ് ഇഡ്ഡലി ക്ലബിന്‍റെ പ്രസാധകർ.
No comments:
Post a Comment