Views:
മഞ്ചാടി
ചെഞ്ചോരയിറ്റുന്നു.
ഒരു തുള്ളികൊണ്ടു നിൻ നെറ്റിയിൽ പൊട്ട്,
ചൊടിയിലും കവിളിലും ചക്രവാളത്തിലും
രാഗത്തുടുപ്പ്,
ചെമ്പരത്തിക്കുമിച്ചെമ്പനീർപ്പൂവിനു-
മെന്തിനുമേതിനുമംഗരാഗം !
മേലെക്കറങ്ങുന്ന പങ്കയും മേശയിൽ
പാറുന്ന താളിലെ കൈവിരൽത്താളവും,
വീണു പിടയും കടക്കണ്ണൊളികളി-
ലൂളിയിടുന്നതാം ജന്മസാഫല്യവും,
പാദം പുതയും തിളയ്ക്കുന്ന ടാറിനെ
മൂടിത്തിമിർക്കുന്ന മഞ്ഞിൻ കണങ്ങളും,
തീച്ചൂളയുള്ളിലും ചുറ്റിലും നീറുന്ന
സൂര്യകിരണങ്ങൾ ചൊല്ലിയാടുന്നതും,
അങ്ങേച്ചരിവിലെ പച്ചിലക്കാട്ടിൽ നി-
ന്നിങ്ങോട്ടു പുഞ്ചിരിച്ചെണ്ടു നീട്ടുന്നൊരെൻ
കൊച്ചുമലരിലെ പൂന്തേൻ നുകരുവാ-
നൊച്ചയില്ലാതെ വന്നെത്തുന്ന തുമ്പിയും,
പാണന്‍റെ പാട്ടും, കടുന്തുടിത്താളവും
വീണയും വേടനും വാടിയപൂക്കളും
നോട്ടം വിറയ്ക്കുന്ന വാക്കും വിതുമ്പുന്നു
ദുഃഖമാണേകാന്ത സന്ധ്യകൾ!
ദുഃഖമാണേകാന്ത സന്ധ്യകൾ!
തപ്തമെന്നുള്ളും പിടയ്ക്കുന്നു,
മഞ്ചാടിപോലെന്‍റെ കൈവെള്ളയിൽ
സ്‌നേഹസ്വപ്‌നം ജ്വലിക്കുന്നു.
ഒരു തുള്ളികൊണ്ടു നിൻ നെറ്റിയിൽ പൊട്ട്,
ചൊടിയിലും കവിളിലും ചക്രവാളത്തിലും
രാഗത്തുടുപ്പ്,
ചെമ്പരത്തിക്കുമിച്ചെമ്പനീർപ്പൂവിനു-
മെന്തിനുമേതിനുമംഗരാഗം!
നാണയത്തുട്ടിനായ് നീട്ടിയ കൈകളും
നാണം മറയ്ക്കാത്ത വൃദ്ധനും വൃദ്ധയും
നാളെകളെന്നോ കരിഞ്ഞകിനാക്കളായ്
നാളുകളെണ്ണവെ, യാത്ര ചോദിക്കാതെ,
നീരവമൊട്ടു തിരിഞ്ഞൊന്നു നോക്കാതെ,
നീലവിഹായസ്സിൽ നീങ്ങുന്നു നീരദം.
തീരത്തിലെത്താത്ത ദാഹമോഹങ്ങളും
തീരാത്ത പൈദാഹ ദീനശാപങ്ങളും
താളം ചവിട്ടിത്തളർന്ന പാദങ്ങളും
പാളത്തിലൂടർദ്ധരാത്രിയിലെത്തുന്ന
വണ്ടിക്കു കാതോർത്തൊടുങ്ങുന്ന തേങ്ങലും
വഞ്ചിച്ചു പൊട്ടിച്ചിരിക്കുന്ന കൂട്ടരും
കള്ളന്‍റെ കാവലും കാടും കുടികളും
വെള്ളം കുതിർക്കാത്തോരുച്ഛിഷ്ട ഭാരവും
വേഗവും വാശിയും വല്ലാതെ വിങ്ങുന്നു
വ്യർത്ഥമാണാർത്തിക്കുതിപ്പുകൾ!
വ്യർത്ഥമാമാർത്തിക്കുതിപ്പിലെൻ
നെഞ്ചകം കത്തിക്കലമ്പുന്നു.
മഞ്ചാടിപോലെന്‍റെ കൈവെള്ളയിൽ
ഭൗമതാപം തിളയ്ക്കുന്നു.
ഒരു തുള്ളികൊണ്ടു നിൻ നെറ്റിയിൽ പൊട്ട്,
ചൊടിയിലും കവിളിലും ചക്രവാളത്തിലും
രാഗത്തുടുപ്പ്,
ചെമ്പരത്തിക്കുമിച്ചെമ്പനീർപ്പൂവിനു-
മെന്തിനുമേതിനുമംഗരാഗം!
തിരികെട്ടൊരോട്ടു നിലവിളക്കും, തണ്ടി-
ലിഴയുന്ന ചെമ്പനെറുമ്പിന്‍റെ കൂട്ടവും,
അക്ഷരം കുത്തിക്കുടലെടുക്കും തീക്ഷ്ണ-
പക്ഷപാതങ്ങളും ചിന്തയും സ്വാർത്ഥവും
വലക്കണ്ണിയുന്മദക്കൂത്തിൽ കുടുക്കി-
വലയ്ക്കുന്ന കൗമാരബുദ്ധിയും കാലവും
മ്ലേച്ഛം മതാന്ധം മുഖംമൂടി കത്തിയും
പേവിഷം ചാലിച്ച കാരുണ്യസേവയും
നെഞ്ചിടിപ്പും തകർത്താടുന്ന പാമ്പിന്‍റെ
പത്തിയും പശയിട്ട തോലും ചെരുപ്പും
ഇടതിങ്ങിവിങ്ങും നിരാശയും, പാഴ്‌ചെളി-
ചിടകെട്ടിമൂടും ശവപ്പറമ്പും, മണ്ണും,
കാരിരുമ്പുരുൾപൊട്ടിയുണരുന്നു നാമ്പുകൾ,
ആരണ്യമന്ത്രങ്ങൾ, അരുണോദയം, സൂര്യ-
ഗായത്രികൾ ജ്ഞാനപ്രകാശം പരത്തുന്നു.
ശക്തമാണീ ശാന്തി സംസ്‌കൃതി!
ശക്തമാണാർഷഗംഗോത്രികൾ
ധന്യമാം തീർത്ഥം തളിക്കുവാൻ.
മഞ്ചാടിപോലെന്‍റെ കൈവെള്ളയിൽ
നിത്യസത്യം തുടിക്കുന്നു.
ഒരു തുള്ളികൊണ്ടു നിൻ നെറ്റിയിൽ പൊട്ട്,
ചൊടിയിലും കവിളിലും ചക്രവാളത്തിലും
രാഗത്തുടുപ്പ്,
ചെമ്പരത്തിക്കുമിച്ചെമ്പനീർപ്പൂവിനു-
മെന്തിനുമേതിനുമംഗരാഗം!
Manchadi Cover Art
ആലാപനങ്ങള്‍
No comments:
Post a Comment