കഥ :: Ameer Kandal :: വാട്സ്ആപ്പ്

Views:

 തലക്കുമുകളിൽ ഫുൾ സ്പീഡിൽ കറങ്ങി കൊണ്ടിരുന്ന ഫാനിന്‍റെ ചുവട്ടിലും അയാൾ വിയർത്തൊലിക്കുന്നുണ്ടായിരുന്നു. പകുതിയിലേറെയും കഷണ്ടിയായ തല കുമ്പിട്ട് അയാൾ പ്രസിഡന്‍റിന്‍റെ മുന്നിൽ സോഫയിൽ അമർന്നിരുന്നു. പ്രസിഡന്‍റിനെ കൂടാതെ സോഫയുടെ അങ്ങേതലക്കലും ചുറ്റുമുള്ള കസേരകളിലും വേറെക്കുറച്ച് പേർ കൂടി ഇരിക്കുന്നുണ്ട്.

ഫൽഗുണൻ സാറേ .. ഇനിയിപ്പം വിഷമിച്ചിട്ടോ ... കരഞ്ഞിട്ടോ കാര്യമൊന്നുമില്ല.  കഴിഞ്ഞത് കഴിഞ്ഞു. ആർക്കായാലും ഒരബദ്ധമൊക്കെ പറ്റും.  പ്രസിഡന്റ്

സദാശിവൻ നായർ അയാളെ ആശ്വസിപ്പിച്ച് കൊണ്ടുപറഞ്ഞു. ഒന്നും ഉരിയാടാതെ ഫൽഗുണൻ തലകുമ്പിട്ട് തന്നെയിരുന്നു.

ഏതാണ്ട് മുന്നോറോളം കുടുംബങ്ങൾ ചേർന്നുള്ള കരിയിൽ റസിഡൻസ് അസോസിയേഷന്‍റെ സെക്രട്ടറിയായി ഫൽഗുണൻ തെരഞ്ഞെടുക്കപ്പെട്ടത് ഇക്കാല

യളവിലാണ്. ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽ സൂപ്രണ്ടായി വിരമിച്ചതിന് ശേഷം ഒന്നൊന്നര കൊല്ലമായി, വീട്ട് വളപ്പിൽ അല്ലറചില്ലറ കൃഷിപ്പണികളൊക്കെ ചെയ്ത് ഒതുങ്ങിക്കൂടി വരികയായിരുന്നു. റസിഡൻസിലെ എല്ലാ കുടുംബാംഗങ്ങളേയും ചേർത്ത് ഒരു വാട്സപ്പ് ഗ്രൂപ്പുണ്ടാക്കുകയെന്നത് സദാശിവൻ നായർ പ്രസിഡന്റായുള്ള അസോസിയേഷന്‍റെ തീരുമാനമായിരുന്നു. അതിനായി സെക്രട്ടറി ഫൽഗുണനെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഫൽഗുണൻ അഡ്മിനായി പലജാതി പലവർണ പലഗുണഗണങ്ങളുള്ള ആണും പെണ്ണുങ്ങളുമായി മുന്നോറോളം പേരടങ്ങുന്ന കരിയിൽ റസിഡൻസ് വാട്പ് ഗ്രൂപ്പ് നിലവിൽ വന്നു.

അസോസിയേഷന്‍റെ അറിയിപ്പുകളും വിശേഷങ്ങളും മാത്രമല്ല, അടുക്കള മുതൽ അന്താരാഷ്ട്രതലം വരെയുള്ള വാർത്തകളും ചിത്രങ്ങളും വീട്ടുകാർ തമ്മിലുള്ള ചാറ്റിംഗുകളും ഒക്കെയായി ഗ്രൂപ്പ് സജീവമായിരുന്നു. എന്തേ ഇങ്ങനെയൊരു ഗ്രൂപ്പ് നേരത്തേയുണ്ടായില്ല എന്നായിരുന്നു റസിഡൻസിലെ പല പെണ്ണുങ്ങൾക്കും അതിശയം.

ഇന്നലെ രാവിലെ മുതലാണ് കാര്യങ്ങളൊക്കെ കുഴഞ്ഞ് മറിഞ്ഞത്. അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം രമണന്‍റെ ഫോൺ കോളാണ് ആദ്യം ഫൽഗുണന്‍റെ നെഞ്ചിടിപ്പ് കൂട്ടിയത്. “ സാറേ.. എന്താ പണിയാ ചെയ്തത് ... പെണ്ണുങ്ങളും കുട്ടികളുമൊക്കെയുള്ള ഗ്രൂപ്പല്ലേയിത് ... സാറേ .. ഇത് ആകെ കുഴപ്പമാകും. സാറിന് ഇത്രക്ക് ബോധ്യമില്ലേ ... “ രമണാ ... നീ മനുഷ്യനെ വട്ടാക്കാതെ കാര്യം പറ. ഫൽഗുണൻ ഇടയിൽക്കയറി ആകുലപ്പെട്ടു. “ സാറേ ... സാറിന്‍റെ മൊബൈലിൽ നിന്ന് കുറേ വീഡിയോകൾ റസിഡൻസ് ഗ്രൂപ്പിൽ വന്ന് കിടപ്പുണ്ട്. ഫൽഗുണൻസാറേ.... ഇതൊക്കെ സൈബർ കുറ്റമാ ...  അഴിയെണ്ണാൻ ഇത് മതി... " രമണന്‍റെ ഫോൺ കട്ടായി. ഫൽഗുണൻ ഇടിവെട്ടേറ്റവനെപ്പോലെ സ്തബ്ധനായി ഇരുന്നുപോയി. പെടുന്നനേ കയ്യിലെ ഫോൺ വീണ്ടും ചിലക്കാൻ തുടങ്ങി. പ്രസിഡന്റ് സദാശിവനാണ്.

 " സാറേ ... നാണക്കേടായല്ലോ ... ഇതൊക്കെയെടുത്ത് റസിഡൻസ് ഗ്രൂപ്പിലാണോ ഇടുന്നത്. ഇനിയിപ്പം എന്തൊക്കെ പൊല്ലാപ്പുകളാണാവോ .."  ഒരു കയ്യബദ്ധം പറ്റിപോയി. എന്‍റെ മാനം രക്ഷിക്കണം ...  റിയലി സോറി ..

ഫൽഗുണൻ കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു. കയ്യിലിരുന്ന ഫോൺ താഴേക്ക് ഊർന്ന് വീണത് ശ്രദ്ധിക്കാതെ അയാൾ കസേരയിൽ മലർക്കെ ചാഞ്ഞു കിടന്നു.

തള്ളപ്പൂച്ചയിൽ നിന്ന് ഒറ്റപ്പെട്ട പൂച്ചക്കുഞ്ഞിനെപ്പോലെ അയാളുടെ സാംസംഗ് എസ് സെവൺ മൊബൈൽ നിലത്ത് കിടന്ന് അലറിക്കൊണ്ടിരുന്നു. “മരിച്ചാൽ മതിയായിരുന്നു. ഭൂമി പിളർന്ന് തന്നെ വിഴുങ്ങിയിരുന്നെങ്കിൽ ... നാട്ടുകാരെ താനിനിയെങ്ങനെ ഫേസ് ചെയ്യും ...' 'ഫൽഗുണന് തന്നോട് തന്നെ ആത്മനിന്ദ തോന്നി. റൂമടച്ച് പിന്നെ ഒറ്റയിരിപ്പായിരുന്നു.

" ഫൽഗുണാ ... ഈ കുന്ത്രാണ്ടോന്ന് പറഞ്ഞാ .. ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലേൽ ആപ്പിലാവും. അന്നേ ഞാനിത് തന്നോട് പറഞ്ഞതാ ... "  അസോസിയേഷൻ ഖജാൻജി ഫിലിപ്പോസ് ഇരുന്ന ഇരുപ്പിൽ ഒന്നു മുന്നോട്ടാഞ്ഞു പറഞ്ഞു.

"വാവിട്ട വാക്കും കൈവിട്ട ആയുധവും മൊബൈൽ വിട്ട മെസേജും തിരിച്ചെടുക്കാൻ പാടാ ...''  സോഫായുടെ അങ്ങേതലക്കലിരുന്ന അഷ്റഫ് കൂട്ടിച്ചേർത്തു.

“ ഏത് നശിച്ച സമയത്താണോയെന്തോ അങ്ങനെയൊക്കെ സംഭവിച്ചത് ...  ഒന്നും മനഃപൂർവ്വമായിരുന്നില്ല.... "  ഇരുകൈകളും തന്‍റെ തലയ്ക്കിട്ടടിച്ച് ഫൽഗുണൻ പിറുപിറുത്തു.

ഫൽഗുണന്‍റെ കൈകൾ ചേർത്ത് പിടിച്ച് സദാശിവൻ നായർ വിഷയത്തിന്‍റെ ഗൗരവത്തിലേക്ക് കടന്നു .“ നമ്മുടെ ട്യൂട്ടേഴ്സ് ലൈനിലെ ഫ്ളാറ്റ് നമ്പർ പതിമൂന്നിലെ ശിവരാമനാണ് പരാതി ഉന്നയിച്ചിട്ടുള്ളത്. പത്ത് ഇരുന്നൂറ് പേരുടെ ഒപ്പും ശേഖരിച്ചിട്ടുണ്ട്. സൈബർ സെല്ലിലൊന്നും പരാതിപ്പെടാതെ അവനെ തടഞ്ഞിട്ടുണ്ട്. തത്കാലം ഫൽഗുണൻ സാറ് സെക്രട്ടറി സ്ഥാനം രാജിവെച്ച് കുറച്ച് നാള് മാറി നിൽക്കണം ... സംഗതി വഷളാവാതിരിക്കാൻ അതായിരിക്കും കൂടുതൽ നല്ലത്..."

പ്രസിഡന്‍റിന്‍റെ വാക്കുകൾ ചുടുമണൽക്കാട്ടിലെ മഴക്കാറ്റ് പോലെ ഫൽഗുണനെ തലോടികൊണ്ടിരുന്നു. അപ്പോഴേക്കും പരന്ന ബേസിനിൽ ആവി പറക്കുന്ന ചായകപ്പുകളുമായി ഫൽഗുണന്‍റെ ഭാര്യ രമണി കടന്നുവന്നു.  "ഇന്നലെ രാവിലെ മുതൽ ഇന്ന് ഈ സമയം വരെ ഒരിറക്ക് പച്ചവെള്ളം ഇങ്ങേര് കുടിച്ചിട്ടില്ലാ ... " രമണി തന്‍റെ ഉള്ളിലെ സങ്കടം കടിച്ചിറക്കി ബേസിൻ ടീപോയിൽ വെച്ചു. ഒരു കപ്പ് ചായയെടുത്ത് അഷ്റഫ് ഫൽഗുണന് നേരെ നീട്ടി.“ ഫൽഗുണൻ സാറേ .. വന്നതും പോയതുമൊക്കെ ഇരിക്കട്ടെ. നിങ്ങൾ ചായ കുടിക്കിൻ ... ''

ചായ കുടിച്ച് പ്രസിഡൻ്റും കൂട്ടരും ഫൽഗുണൻ്റെ വീട്ടിൽ നിന്നിറങ്ങി. അവർക്ക് മുന്നിലായി ഫൽഗുണനും പുറത്തിറങ്ങി. പൊടുന്നനെ അയാൾ തൻ്റെ കൈയ്യിലിരുന്ന മൊബൈൽ ഫോൺ സിമൻറ് കല്ല് പാകിയ മുറ്റത്ത് ഊക്കോടെയെറിഞ്ഞു. ചില്ല് പൊട്ടുന്ന ശബ്ദത്തിൽ പല കഷണങ്ങളായി അത് പൊട്ടിച്ചിതറി. ചിതറിത്തെറിച്ച മൊബൈൽ ബാറ്ററിയെ തൻ്റെ കാൽച്ചുവട്ടിലിട്ട് ഞെരിച്ചമർത്തി. 

 ''ഹൊ.. ഇപ്പോഴാണ് സുഹൃത്തുക്കളേ.. എനിക്കൊന്നു ശ്വാസം നേരേ കിട്ടിയത്...." ചുറ്റും മിഴിച്ച് നിന്നവരോടായി ഫൽഗുണൻ കണ്ഠമിടറി പറഞ്ഞു.




No comments: