Anoop P K :: മഞ്ചാടി ചെപ്പിനുള്ളിലൊരുക്കിയ വാങ്മയ ചിത്രങ്ങൾ

Views:

ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം

പൊള്ളുന്ന വാർത്തമാനകാല യാഥാർഥ്യങ്ങളോട് സമരസപ്പെടാൻ ബുദ്ധിമുട്ടുന്ന കവിയുടെ അന്ത:ക്ഷോഭം “മഞ്ചാടി” എന്ന ഈ കവിതയിലുടനീളം പ്രകടമാണ്. മഞ്ചാടിമണിയോളംപോന്ന തന്നിലെ സ്നേഹതാപങ്ങൾ തന്‍റെ ചുറ്റിലേക്കും പ്രസരിപ്പിക്കാനുള്ള കവിയുടെ അദമ്യമായ വാഞ്ഛ പ്രപഞ്ചസത്യങ്ങളോടുള്ള താദാത്മ്യം പ്രാപിക്കലായി മാറുമ്പോൾ, അനുവാചകന് നവ്യമായ ഒരനുഭൂതി തന്നെയാണ് ഈ കവിത  പ്രദാനം ചെയ്യുന്നത്.

ജീവിത സംഘർഷങ്ങൾ  കൈവെള്ളയിലിറ്റിച്ച നിണകണങ്ങൾ  മഞ്ചാടിയുടെ രൂപം പ്രാപിക്കുമ്പോൾ അതിന്‍റെ ശോണിമ തന്‍റെ ചുട്ടുവട്ടങ്ങളും കടന്നു ഈ പ്രപഞ്ചത്തിൽ ആകമാനം വ്യാപിച്ചിരിക്കുന്നു എന്ന സത്യം കവി തിരിച്ചറിയുന്നു. തന്‍റെ പ്രേയസിയുടെ നെറ്റിയിൽ  ചാർത്തിയ തിലകക്കുറിയുടെ അരുണിമ തരളമായ അവളുടെ ചെഞ്ചൊടികളും കവിൾത്തടങ്ങളും കടന്ന്, ചക്രവാളസീമകളെയും സ്പർശിക്കുന്നത് ഒരു ആത്മനിർവൃതിയോടെ കവി തിരിച്ചറിയുന്നു.

പ്രാപഞ്ചിക സത്യങ്ങൾ പങ്കയുടെ രൂപം പൂണ്ട് ശിരസ്സിന് മീതെ ചൂഴ്ന്നുനിൽക്കുന്നുണ്ടെങ്കിലും, ജന്മസാഫല്യങ്ങൾ  നൈമിഷികമാണ് എന്ന് തിരിച്ചറിയുന്ന കവി, ജീവിതമാകുന്ന പുസ്തകത്തിലെ താളുകൾ  എഴുതിത്തീരും മുൻപെ മറിഞ്ഞ് പോകാതിരിക്കാൻ അതിയായി ശ്രദ്ധിക്കുന്നുണ്ട്. 
തിളയ്ക്കുന്ന ടാറിൽ പുതഞ്ഞു പോയ കാലുകൾ കവിയുടെ ദൈന്യതയുടെ മൂർത്തഭാവമാണ് വിളിച്ചോതുന്നത്. ഉള്ളിലെരിയുന്ന ചൂളയും, ചുട്ടുപൊള്ളിക്കുന്ന യാഥാർഥ്യ  പരിസരങ്ങളും, അതിന്‍റെ തീവ്രത വർദ്ധിപ്പിക്കുമ്പോൾ, ഒരു പക്ഷേ രാവുകൾ പോലും നിദ്രാവിഹീനങ്ങളായി മാറുന്നുണ്ടാവാം കവിക്ക്. എങ്കിലും മഞ്ഞുകണങ്ങളുമായി വന്നെത്തുന്ന പുലർകാലയാമങ്ങൾ പൊഴിക്കുന്ന കുളിർമഴ അദ്ദേഹത്തിന് തെല്ലൊരാശ്വാസമേകുന്നു. 

ഇരുളിന്‍റെ അസ്തിത്വമുറങ്ങുന്ന പടർപ്പിൽ നിന്നും പ്രകാശത്തിന്‍റെ കിരണങ്ങൾ തേടി നീട്ടിയ നാമ്പുകളിൽ കുരുത്ത ഇത്തിരിപ്പൂവുകൾ പാണന്‍റെ പാട്ടിനും, താളവാദ്യങ്ങൾ ഉയിർ കൊടുത്ത നാദവീചികൾക്കും, ഭംഗം വരരുതെന്ന നിർബന്ധത്തോടെ നിശബ്ദം വന്ന് തേനുണ്ട തുമ്പികൾക്ക് ആശ്വാസമായെങ്കിലും, ഒടുവില്‍ വേട്ടക്കാരന്‍റെ ക്രൂരതയ്ക്ക് ഇരയായി വാടിത്തളർന്ന് പോവുന്നു. ചക്രവാളത്തിൽ മഞ്ചാടിയുടെ അരുണിമ പടരുന്ന സായംസന്ധ്യകളിൽ തന്‍റെ മോഹവല്ലരിയിൽ നിന്നുയിർകൊണ്ട കുസുമങ്ങൾ  വാടിപ്പോയെന്ന നഗ്നസത്യം തിരിച്ചറിയുന്ന കവി ഗദ്ഗദകണ്ഠനാകുന്നു,  മിഴികൾ നിറയുന്നതിനാൽ തന്നെ നോട്ടം വിറയ്ക്കുന്നു.  

സായംസന്ധ്യകളിലെ ഏകാന്തതയിൽ തപ്തമായ കവിഹൃദയം പിടക്കുന്നു. മഞ്ചാടിമണിയോളം പോന്ന, ചെമ്പരത്തിക്കും, ചെമ്പനീർപൂവിനും സ്വന്തമായ  ശോണിമയോടെ ജ്വലിക്കുന്ന തന്‍റെ മോഹരാഗങ്ങൾ, പ്രേയസിയുടെ തിരുനെറ്റിയിലും, അധരപുടങ്ങളിലും, കവിൾത്തടങ്ങളിലും മാത്രമല്ല കിനാവുകളുടെ  ചക്രവാള സീമകളോളം വാരിവിതറാൻ  കവി വെമ്പൽ കൊള്ളുന്നു.

യാത്ര പറയാതെ അടർന്ന് മാറിയ ബാഷ്പശകലങ്ങളെ ഓർത്ത് വ്യഥകൊള്ളാതെ അനന്തമായ നീലവിഹായസ്സിൽ രാഗമേഘങ്ങൾ പിന്നെയും ഒഴുകിക്കൊണ്ടേയിരുന്നു. ജീവിത സമരമുഖത്ത് വീണുപോയ ഭിക്ഷാംദേഹിയും, നഗ്നത വാരിപ്പുതച്ച വൃദ്ധരൂപങ്ങളും കവിയെ വേട്ടയാടുന്നു. ഈ നൊമ്പരക്കാഴ്ചകൾ ജീവിതത്തിന്‍റെ വ്യർത്ഥത കവിയെ ഓർമ്മിപ്പിക്കുന്നുണ്ടങ്കിലും, മോഹരാഗങ്ങളും പേറി തളർന്ന് തുടങ്ങിയ കാലുകളുമായി കവി തന്‍റെ പ്രയാണം തുടരുന്നു. മോഹസാഫല്യത്തിന്‍റെ ചൂളംവിളിക്കായി കാതോർത്തിരിക്കുന്ന കവി താൻ വഞ്ചിക്കപ്പെടുകയാണന്നും,  ഉച്ഛിഷ്ടങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂ എന്നും തിരിച്ചറിയുന്നു. ചുറ്റിനും കാവൽ നിലക്കുന്നത് കള്ളന്മാർ ആണെന്ന തിരിച്ചറിവ്, മൂല്യച്യുതി വന്ന സമകാലിക രാഷ്ട്രീയ, സാമൂഹിക അന്തരീക്ഷം കവിയിൽ  ഏല്പിച്ച ആഘാതത്തിന്‍റെ ആഴവും, പരപ്പും വ്യക്തമാക്കുന്നു.  ജീവിതത്തിന്‍റെ വ്യർത്ഥത കവിയിലുണർത്തുന്ന വിങ്ങൽ തീർത്തും പ്രസക്തമാണ്. മഞ്ചാടിമണിയുടെ ആകാരം പൂണ്ട ആ ഹൃദയതാപബാഷ്പത്തെ തന്‍റെ ചുറ്റുവട്ടത്തേക്കും കവി പ്രസരിപ്പിക്കുന്നു.

തിരികെട്ട നിലവിളക്കും, അതിന്‍റെ തണ്ടിലിഴയുന്ന ചുവന്ന ഉറുമ്പ് കൂട്ടവും, നമ്മുടെ നാടിന്‍റെ സാംസ്കാരികച്യുതിക്ക് കാരണഭൂതരായവരെ അടയാളപ്പെടുത്തുന്നു. പക്ഷപാതപരമായ ചിന്തകളും, ചർച്ചകളും, നടപടികളും മാത്രമേ എവിടെയും കാണാനാകുന്നുള്ളൂ. കൗമാരതൃഷ്ണകൾ പോലും കാരുണ്യവും, സേവനവും, മതാന്ധതയും മറ തീർത്ത വലക്കണ്ണികളുടെ പിടിയിലമരുമ്പോൾ, ചെളി പുരളുന്ന തന്‍റെ മോഹങ്ങളും, ദാഹങ്ങളും ചുടലക്കാട്ടിലേക്കുള്ള പ്രയാണത്തിലാണന്ന നഗ്നസത്യം കവി തിരിച്ചറിയുന്നു.
എന്നാൽ, അരുണോദയത്തിൽ ഉയരുന്ന സൂര്യഗായത്രികൾ കവി ഹൃദയത്തിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ ഉയിർകൊള്ളാൻ ഇടയാക്കുന്നു. ആർഷഭാരത സംസ്കാരം പകർന്ന് നല്കിയ നിത്യസത്യത്തിന്‍റെ രേണുക്കൾ തീർത്ഥ ബിന്ദുക്കളായി നിപതിക്കുമ്പോൾ, ഹൃദയത്തിൽ ചെഞ്ചോര ഇറ്റിച്ച, മൃതിയെപ്പുണരാൻ കാത്തിരുന്ന നിമിഷങ്ങൾ സമ്മാനിച്ച് കൊഴിഞ്ഞുപോയ സായംസന്ധ്യകളെ, വിസ്മൃതിയിലേക്ക് തള്ളിവിട്ട് കവി ആർഷഭാരതത്തിന്‍റെ ശാന്തിമന്ത്രങ്ങളിൽ തന്‍റെ സുരക്ഷിതമായ അഭയസ്ഥാനം കണ്ടെത്തുന്നു. തന്‍റെ അവാച്യമായ സ്നേഹരാഗങ്ങൾ,  അദ്ദേഹം താൻ പ്രണയിക്കുന്ന പ്രപഞ്ചത്തിലെ ഓരോ അണുവിലേക്കും പകർന്ന് നല്കുന്നു – അതിർ വരമ്പുകളില്ലാതെ, ചക്രവാള സീമകളോളം......  

ശ്രീ രജി ചന്ദ്രശേഖര്‍ മാഷിന്‍റെ തൂലികയിൽ നിന്ന് മഞ്ചാടിമണികൾ പോലെ ഇനിയുമനേകം കവിതകൾ ഉതിർന്ന് വീഴുമാറാകട്ടെ.

--- അനൂപ് പി . കെ. 



Manchadi Cover Art


ആലാപനങ്ങള്‍


ആസ്വാദനങ്ങൾ...



1 comment:

Unknown said...

നന്നായിരിക്കുന്നു ആശംസകൾ