Views:
മഴ തകർത്തുപെയ്തു തോർന്നപ്പോൾ പതിനൊന്നു മണി കഴിഞ്ഞു.ടെലിവിഷൻ ഓഫാക്കി ഞാൻ റൂമിലേക്ക് നടന്നുകയറി. അനിയൻ വിനു കൂർക്കം വലിച്ചുറങ്ങുന്നു. ഞങ്ങൾ രണ്ടു പേരും ഒരു മുറിയിലാണ് ഉറങ്ങുന്നത്.ബനിയനിട്ടിട്ടും നല്ല തണുപ്പ്. ഞാൻ ലൈറ്റിടാതെ പതുക്കെ ഒരു ടീ ഷർട്ടുമെടുത്തിട്ട് കട്ടിലിന്‍റെ കീഴിൽ മടക്കി വെച്ചിരുന്ന ഡിപ്ളാേമാറ്റിക് ബാഗുമെടുത്ത് മെല്ലെ കതകു തുറന്ന് വെളിയിലേക്കിറങ്ങി. അതെന്ത് ബാഗ് എന്ന് ചിന്തിച്ച് വശംകെടണ്ട."നിറപറ കുത്തരിയുടെ വലിയ സഞ്ചി"യാണ് സംഭവം. ഒരു ഗുമ്മിനങ്ങ് പറഞ്ഞുവെന്നേയുള്ളു.
ഒരു അധോലോക ഓപ്പറേഷനു വേണ്ടിയുള്ള തയ്യാറെടുപ്പിനാണ് സഞ്ചി കരുതിയത്. അടുത്ത വീട്ടിലെ തോമാച്ചന്‍റെ വീടിനു പിറകിൽ പൈനാപ്പിൾ ധാരാളം നട്ടുവളർത്തിയിട്ടുണ്ട്. വിളഞ്ഞ് മഞ്ഞിച്ചു നിൽക്കുന്നതു കാണാൻ തന്നെ നല്ല ഭംഗിയാണ്. തോമാച്ചൻ റിട്ടയേർഡ് ക്യാപ്റ്റനാണ്. വർഷങ്ങളായി ഞങ്ങളുമായി പിണക്കത്തിലാണ്. അടുക്കളയിൽ കോഴിയെ എറിഞ്ഞതിനെ തുടർന്നുള്ള കശപിശയിൽ തുടങ്ങിയ ബഹളത്തിനെത്തുടർന്നുള്ള ശത്രുത.
തോമാച്ചന് രണ്ട് പെൺമക്കൾ ഉണ്ട്. മൂത്തവൾ ഡയാന പൂനയിൽ ഫിലിം ഇൻസ്റ്റിട്ടിൽ പഠിക്കുന്നു. ഇളയവൾ മെറിൻ ഡിഗ്രിക്ക് പഠിക്കുന്നു. തമ്മിൽ സംസാരിക്കാത്തവരോട് പൈൻ ആപ്പിൾ വാങ്ങുന്നത് ശരിയല്ലല്ലോ. വിഷമരുന്നൊന്നും അടിക്കാതെയുള്ള ഈ നാടൻ പൈനാപ്പിൾ കഴിക്കാൻ രാത്രിയിലിറങ്ങി രണ്ടെണ്ണം ഒടിച്ചെടുക്കുക എന്നതേ മാർഗ്ഗമുള്ളു. കൊറോണയൊക്കെയല്ലേ മാസ്ക്കൊക്കെ വെച്ചാണ് ഇറങ്ങിയത്.തന്നെയുമല്ല പെട്ടെന്ന് തിരിച്ചറിയുകയുമില്ലല്ലോ.
അനിയന്‍റെ ബർമുഡയെടുത്തിട്ടതിനാൽ മതിലിൻ മുകളിലൂടെ അപ്പുറത്തേക്ക് ചാടാൻ സൗകര്യവുമായിരുന്നു. ടെലിവിഷനിൽ കണ്ടു കൊണ്ടിരുന്ന ആര്യൻ സിനിമയിലെ കള്ളക്കടത്ത് രംഗങ്ങളുടെ തരിപ്പായിരുന്നു അപ്പോൾ. അവരുടെ വീടിനോട് ചേർന്നുള്ള മതിലു ചാടി അപ്പുറത്തേക്ക് ഇറങ്ങിയപ്പോൾ പിറക് ഭാഗത്ത് ലൈറ്റു തെളിഞ്ഞു. ദൈവമേ പണിയായല്ലോ എന്നു മനസ്സിൽ കരുതി വീടിനോട് കുറച്ച് ഓരം ചേർന്ന് നീങ്ങി നിന്നു. അപ്പോൾ അറിയാതെ ജനാലയിൽ തട്ടി ചെറിയ ശബ്ദം കേട്ടു .അപ്പോൾ ഒരു ജനൽ പാളി മെല്ലെ തുറന്നു. അൽപം വെളിച്ചം അതിലൂടെ വെളിയിലേക്ക് വന്നു. എന്നെ കാണാതിരിക്കാൻ ഞാൻ പരമാവധി ഒതുങ്ങി നിന്നു.
അനിയന്‍റെ ബർമുഡയെടുത്തിട്ടതിനാൽ മതിലിൻ മുകളിലൂടെ അപ്പുറത്തേക്ക് ചാടാൻ സൗകര്യവുമായിരുന്നു. ടെലിവിഷനിൽ കണ്ടു കൊണ്ടിരുന്ന ആര്യൻ സിനിമയിലെ കള്ളക്കടത്ത് രംഗങ്ങളുടെ തരിപ്പായിരുന്നു അപ്പോൾ. അവരുടെ വീടിനോട് ചേർന്നുള്ള മതിലു ചാടി അപ്പുറത്തേക്ക് ഇറങ്ങിയപ്പോൾ പിറക് ഭാഗത്ത് ലൈറ്റു തെളിഞ്ഞു. ദൈവമേ പണിയായല്ലോ എന്നു മനസ്സിൽ കരുതി വീടിനോട് കുറച്ച് ഓരം ചേർന്ന് നീങ്ങി നിന്നു. അപ്പോൾ അറിയാതെ ജനാലയിൽ തട്ടി ചെറിയ ശബ്ദം കേട്ടു .അപ്പോൾ ഒരു ജനൽ പാളി മെല്ലെ തുറന്നു. അൽപം വെളിച്ചം അതിലൂടെ വെളിയിലേക്ക് വന്നു. എന്നെ കാണാതിരിക്കാൻ ഞാൻ പരമാവധി ഒതുങ്ങി നിന്നു.
"വരണ്ടെന്ന് നിന്നോടു ഞാൻ സന്ധ്യക്ക് പറഞ്ഞതല്ലേ. പിന്നെ മെസേജും അയച്ചു" അപ്പോൾ മെറിന്‍റെ അടക്കിപ്പിടിച്ചുള്ള ശബ്ദം.
"ആഹാ നീ കൊള്ളാമല്ലോടീ, അപ്പോൾ നിനക്ക് കാമുകനും സമാഗമവുമൊക്കെയുണ്ടല്ലേ" ഞാൻ മനസിൽ പറഞ്ഞു.
''നീയെന്താ മിണ്ടാത്തത്, പൊക്കോ ഞാൻ പറഞ്ഞതിൽ യാതൊരു മാറ്റവുമില്ല." അവളുടെ അടക്കിപ്പിടിച്ചുള്ള സംസാരം വീണ്ടും.
എന്നാലുമവൻ ആരായിരിക്കും ഇത്രയടുത്തായിട്ടു പോലും ഞാനിതുവരെ ഇങ്ങനൊരു കാമുകനെ കണ്ടിട്ടില്ലല്ലോ എന്ന് മനസിലോർത്തു.
പിറകിലെ ലൈറ്റ് കെട്ടിട്ടില്ല. തോമാച്ചന്‍റെ ഭാര്യ അലീസമ്മാമ്മ കോഴിക്കൂട് അടയ്ക്കാനും പശുവിന് പുല്ലോ വൈക്കോലോ കൊടുക്കുവാനുമൊക്കെ പുറകുവശത്തേക്കിറങ്ങിയതാണെന്നു തോന്നുന്നു.
അവൾ ജനാല സ്വല്പം കൂടി തുറന്നു എന്നെ കാണാതിരിക്കാൻ ഞാൻ പരമാവധി ഒതുങ്ങി നിന്നു.
"ടാ...! നീയെന്താ മിണ്ടാത്തത്, തിരിച്ചു പൊക്കോ നിന്നെപ്പോലയല്ല, എന്‍റെ വാക്കിനു മാറ്റമില്ല. എണ്ണൂറു രൂപ കടമുണ്ട്. അത് തീരട്ടെ എന്നിട്ടാലോചിക്കാം" അവൾ വീണ്ടും പറഞ്ഞു.
എന്നാലും നീയാള് തരക്കേടില്ലല്ലോടീ കാശും വാങ്ങി രാത്രിയിലിങ്ങനെയൊക്കെ ചെയ്യാൻ." എന്ന ചിന്തയിൽ ഞാനൊന്നനങ്ങിയപ്പോൾ എന്‍റെ ടീഷർട്ടിന്‍റെ കൈയ്യുടെ ഭാഗം അവൾ കണ്ടു.
"ടാ..വിനു....! നീ പോകുന്നോ അതോ ഞാൻ നീ നിൽക്കുന്ന ഭാഗത്തെ ലൈറ്റിടണോ?" അവളുടെ ചോദ്യം.
"ആഹാ അപ്പോൾ എന്‍റനിയനെ ആയിരുന്നോ ഇവൾ വലവീശിപ്പിടിച്ചത്.
ഇവളുടെയും ഡയാനയുടെയും കല്യാണം ആലീസമ്മാമ്മയുടെ ബന്ധുവിന്‍റെ മക്കളുമായി നേരത്തെ പറഞ്ഞുറപ്പിച്ചിട്ടുള്ളതാണെന്ന് കേട്ടിട്ടുണ്ട്. എന്നിട്ടുമിവൾ...?"
ഞാൻ ജനലിന്‍റെ വാതിൽക്കലേക്ക് സ്വല്പം നീങ്ങിയിട്ട്
"എടീ ഞാൻ വിനുവല്ല... അവന്‍റെ ചേട്ടൻ വിച്ചുവാ... നിന്‍റെ പരിപാടി ഇതോടെ ഞാൻ നിർത്തും... നോക്കിക്കോ" ഞാൻ പതുക്കെ അവളോട് പറഞ്ഞു.
"പിന്നെ നീയെന്നെ പറ്റിക്കാനൊന്നും നോക്കണ്ട നിന്‍റെ ടീഷർട്ട് ഞാൻ കണ്ടതാ." അവളുടെ മറുപടി.
"ഞാനിട്ടിരിക്കുന്ന ടീ ഷർട്ട് വിനുവിന്‍റേതാണെന്ന് ഞാനപ്പോഴാണ് ശ്രദ്ധിച്ചത് .
ഞാൻ കുറച്ചു കൂടി നീങ്ങിയപ്പോൾ അവൾ ജനാല തുറന്നു.
വെളിയിലേക്ക് നോക്കിയപ്പോൾ എന്നെക്കണ്ട് മാസ്ക് വെച്ചിരുന്ന അവൾ കണ്ണുമിഴിച്ചു.
"എന്നാലും നീയിത്തരക്കാരിയാണെന്ന് ഞാൻ കരുതിയില്ല.നേരമൊന്നു വെളുക്കട്ടെ. കണ്ടാൽ നിങ്ങൾ പരസ്പരം നോക്കുക പോലുമില്ല, എന്നിട്ടും ഇങ്ങനെയൊരു ബന്ധം നിങ്ങൾക്കുണ്ടായിരുന്നെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല."
ഞാനവളോട് പറഞ്ഞു.
"അനാവശ്യം പറയരുത്" അവൾ സ്വല്പം കടുപ്പിച്ചു പറഞ്ഞു.
"നിനക്ക് കാണിക്കാം, പക്ഷേ പറയരുതല്ലേ... കാശും വാങ്ങി പാവം എന്‍റെ അനിയനെ നീ വഴി തെറ്റിച്ചു." ഞാൻ രോഷത്തോടെ പറഞ്ഞു.
"ഞാൻ വല്ല തെറിയും വിളിച്ചു പറയും,വിച്ചുവേട്ടനെന്തറിഞ്ഞിട്ടാ ഈ പറയുന്നത്. നിങ്ങളുദ്ദേശിക്കുന്നതു പോലെയുള്ള കാര്യമല്ലിത് '' അവൾ ദേഷ്യത്തോടെ പറഞ്ഞു.
"അല്ലെങ്കിൽ പിന്നെന്താ കാശും വാങ്ങി അവനുമായി ഇടപാട്...? ഞാൻ ചോദിച്ചു.
"ആഹാ.. അതോ...! അത് സ്വല്പം അബ്കാരി ബിസിനസ്സാ " അവൾ ചിരിച്ചു
എനിക്കൊന്നും മനസിലായില്ല.
"നീ കാര്യം തെളിച്ചു പറയ് "എനിക്ക് ശുണ്ഠി കയറി.
പപ്പായ്ക്ക് മിലട്ടറി കാന്‍റീനിൽ നിന്ന് 12 കുപ്പി കിട്ടും. അത് 15 ദിവസം കൊണ്ട് കുടിച്ചു തീർക്കും. അതിനിടയ്ക്ക് പപ്പ അറിയാതെ അതിൽ നിന്ന് കുറേശ്ശെ എടുത്ത് ഞാൻ സൂക്ഷിച്ചു വെച്ചിട്ടുള്ള ഒഴിഞ്ഞ കുപ്പിയിലൊഴിച്ചു വെക്കും. എന്നിട്ട് പപ്പയുടെ കുപ്പിയിൽ സ്വല്പം വെള്ളമൊഴിച്ച് വെക്കും. ഒരാഴ്ച കൊണ്ട് എന്‍റെ കുപ്പി നിറയും. ഞാനത് വിനുവിന് കൊടുക്കും. അവനത് കൂട്ടുകാർക്ക് വിൽക്കും.
അവൾ പറഞ്ഞു നിർത്തി.
"ആഹാ കൊള്ളാമല്ലോ പരിപാടി, വിനു കുടിക്കുമോ ?"
എനിക്ക് സംശയം.
"ഏയ് ഇല്ല, അവൻ കുടിക്കില്ല വില്പന മാത്രമേയുള്ളു. കുടിക്കാത്തതു കൊണ്ടാണ് അവനെ ഞാൻ മീഡിയേറ്ററാക്കിയിരിക്കുന്നത് " അവൾ പറഞ്ഞു.
"വിറ്റാൽ അവനെന്താ കിട്ടുക? എന്‍റെ ചോദ്യത്തിന് അവൾ അവരുടെ ലാഭവിഹിതക്കണക്ക് വെളിപ്പെടുത്തി.
"550 രൂപയ്ക്ക് വിൽക്കും 400 എനിക്ക് .150 വിനുവിന്. മുമ്പ് കൊടുത്തതിന്‍റെ 800 രൂപ കിട്ടാനുണ്ട്.അതു തരാതെ ഇനി വില്പനയില്ലെന്ന് ഞാൻ സന്ധ്യക്കവനോട് കട്ടായം പറഞ്ഞിരുന്നതാ. പക്ഷേ വരും തന്നേ പറ്റുവെന്ന് അവൻ പറഞ്ഞു. വന്നാലും തരില്ലെന്ന് ഞാൻ 9 മണിക്കും മെസേജ് അയച്ചതാ" അവൾ രഹസ്യം വെളിപ്പെടുത്തി.
"വിച്ചുവേട്ടനെന്തിനാ മതിലു ചാടിയത്....?' അവളുടെ ചോദ്യം കേട്ട് ഞാൻ അമ്പരന്നു.
"അത്... അത്.... ഞാൻ." എന്ത് പറയണമെന്നറിയാതെ ഞാൻ വിക്കി.
"പറഞ്ഞോ..! സാരമില്ല.ഞാൻ ആരോടും പറയില്ല." അവൾ പറഞ്ഞു.
"രണ്ടു പൈനാപ്പിൾ ഒടിച്ചെടുക്കാൻ വന്നതാ.കഴിഞ്ഞ ദിവസം നൂറു രൂപയ്ക്ക് മൂന്നെണ്ണം വാങ്ങിയിരുന്നു. പക്ഷേ ഒരെണ്ണം പോലും കൊള്ളില്ലായിരുന്നു.
ഇതാവുമ്പോൾ മരുന്നാെന്നും തളിക്കാത്ത നാടൻ ആണല്ലോ." ഞാൻ ചിരിച്ചു.
"യൂ ട്യൂബിൽ കണ്ട ഒരു പരീക്ഷണം നടത്താനാ, ലോക് ഡൗൺ വന്നതിൽ പിന്നെ അതൊക്കെയല്ലേ പരിപാടി." ഞാൻ പറഞ്ഞു നിർത്തി.
അവൾ ചിരിച്ചു.
"മോഷണമത്ര നല്ലതല്ല എന്നു പറയണമെന്നുണ്ട് എന്‍റെ സീക്രട്ട് അറിഞ്ഞ സ്ഥിതിക്ക് ഇനിയെങ്ങനെ പറയാനാ?" മെറിന്‍റെ കുമ്പസാരം.
"ഏയ് !മോഷണമൊന്നുമില്ല. ഇതൊരത്യാവശ്യ ഘട്ടത്തിൽ പറിച്ചെടുക്കുന്നെന്നു മാത്രം. വില തരാനും തയ്യാറാ. പക്ഷേ ശത്രുതയിലുള്ള തോമാച്ചനോട് ചെന്ന് ചോദിക്കാൻ പറ്റുമോ " ഞാൻ പറഞ്ഞു.
"ഏയ് ! ഇതിനു വിലയൊന്നും വേണ്ട. നാലോ അഞ്ചോ ഒടിച്ചെടുത്തോ, ഞാൻ പിറകിലെ ലൈറ്റ് കെടുത്തിത്തരാം.
പിന്നെ ഇതിനെപ്പറ്റിയൊന്നും വിനുവിനോട് പറയല്ലേ.
അവന് വിച്ചുവേട്ടനെ നല്ല പേടിയും ബഹുമാനവുമൊക്കെയാ." അവൾ പതുക്കെ പറഞ്ഞു.
"ശരി! പിന്നെയൊരു കാര്യം, ഈ കള്ളു കച്ചവടത്തിൽ കിട്ടുന്ന പൈസയൊക്കെയെന്തിനാ...?
എന്‍റെ സംശയം അവളോട് മടികൂടാതെ ചോദിച്ചു.
"ഒരു ഹച്ച് ഡോഗിനെ വാങ്ങാനായിരുന്നു ഉദ്ദേശം. പക്ഷേ തൽക്കാലം ആ ആഗ്രഹം മാറ്റിവെച്ചു. അവളുടെ മറുപടി.
"അതെന്താ മാറ്റി വെച്ചത്..." ?
എന്‍റെ ചോദ്യം കേട്ടപ്പോൾ അവൾ വീണ്ടും അടുത്ത രഹസ്യം കൂടി വെളുപ്പെടുത്തി.
"സാംസ്കാരിക വേദി പ്രവർത്തകർ ഇവിടെ വന്ന് വീട്ടിൽ ടെലിവിഷൻ ഇല്ലാത്ത രണ്ട് കുട്ടികൾക്ക് അത് വാങ്ങി നൽകാൻ പപ്പയോട് സഹായം ചോദിച്ചു. ഇഷ്ടം പോലെ പണമുണ്ടായിട്ടും പിശുക്കനായ പപ്പ ഒന്നും കൊടുത്തില്ല. അപ്പോൾ കരുതി പട്ടിയെ വാങ്ങുന്നതിനു പകരം ആ പണം കുട്ടികൾക്ക് ടെലിവിഷൻ വാങ്ങാനായി കൊടുക്കാമെന്ന്. കിട്ടാനുള്ള എണ്ണൂറ് രൂപ
കൂടി ആയാൽ പതിനായിരം രൂപയാകും. അപ്പോളത് സാംസ്കാരിക വേദി പ്രവർത്തകരെ ഏൽപ്പിക്കും." അവൾ പറഞ്ഞു നിർത്തി.
അവളുടെ നല്ല മനസ്സിന് ഞാൻ ഉള്ളാലെ നന്ദി പറഞ്ഞു.
അവൾ പോയി പിറകുവശത്തെ ലൈറ്റ് കെടുത്തി.ഞാൻ സഞ്ചിയിൽ നാലഞ്ച് പൈനാപ്പിൾ ഒടിച്ചിട്ട് ജനലിന് അടുത്തെത്തി.അവൾ അവിടെത്തന്നെ നിൽപ്പുണ്ട്.
"ഞാൻ ഇന്ന് പൈനാപ്പിൾ ഒടിച്ചെടുത്തെന്നു കരുതി നാളെ മോഷണം പോയാൽ എന്നെ സംശയിച്ചേക്കരുത്." ഞാൻ പതുക്കെ പറഞ്ഞു.
"ഏയ് അത് കച്ചവടക്കാർക്ക് വിറ്റതാ , നാളെ രാവിലെ അവർ വന്ന് മുഴുവൻ കൊണ്ടു പോകും" അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഭാഗ്യം...! ഞാൻ അറിയാതെ പറഞ്ഞു.
"അതെന്താ... ഭാഗ്യമെന്ന് പറഞ്ഞത് ? അവൾക്കായി സംശയം.
"ഇന്നു തന്നെ ഞാനിത് ഒടിച്ചെടുക്കാൻ വന്നതും നാളെ മുഴുവൻ കച്ചവടക്കാർ ഒടിച്ചു കൊണ്ടു പോകുന്നതും" ഞാൻ ഇത് പറഞ്ഞിട്ട് ചിരിച്ചു കൊണ്ട് തിരിച്ചു മതിലു ചാടാനായി ഭാവിക്കുമ്പോൾ
"രഹസ്യങ്ങൾ രഹസ്യങ്ങളായിരിക്കട്ടെ കേട്ടോ.. " അവൾ ഓർമ്മിപ്പിച്ചു.
"ഈശോ മിശിഹയ്ക്ക് സ്തുതിയായിരിക്കട്ടെ... " എന്നു പറഞ്ഞ് ഞാൻ മതിലു ചാടി വീട്ടിലേക്ക് നടന്നു.
ചിരിച്ചു കൊണ്ട് മെറിൻ ജനാലയടച്ച് ഉറങ്ങാൻ കിടന്നു.
എം.ജി.ബിജുകുമാർ, പന്തളം
9846300490
1 comment:
രസകരമായ അവതരണം. കഥ ഇഷ്ടമായി. 👌👌👌
Post a Comment