Anandakuttan Muraleedharan :: ആമയും മുയലും വീണ്ടും

Views:


 
ആമയും മുയലും വീണ്ടും.

"ആമയും മുയലും തമ്മിലുള്ള മത്സര ഓട്ടത്തിന്‍റെ കഥ എല്ലാവർക്കും അറിയാവുന്നതാണല്ലോ " .
ക്ലാസ്സിൽ അദ്ധ്യാപിക കുട്ടികളോട് ചോദിച്ചു.
"അറിയാം". - കുട്ടികൾ മറുപടി പറഞ്ഞു.
"ശരി, ഈ കഥ നിങ്ങളുടെ ഭാവനക്കനുസരിച്ച് മാറ്റി എഴുതാമോ?
നാളെ വരുമ്പോൾ ഓരോരുത്തരും എഴുതിയ കഥ എന്നെ കാണിക്കണേ. ക്ലാസിൽ അവതരിപ്പിക്കുകയും വേണം". 

പിറ്റേ ദിവസം കുട്ടികൾ കഥ എഴുതി അവതരിപ്പിച്ചു. 

ഉണ്ണിക്കുട്ടന്‍റെ കഥ ഇങ്ങനെ. 

അവൻ കഥ വായിച്ചു.
"കുഞ്ഞനാമയും പാണ്ടൻ മുയലും വീണ്ടും മത്സരത്തിനായി എത്തി. 

'ഇത്തവണ ഞാൻ തന്നെ ജയിക്കും. പണ്ട് ഞാൻ മത്സരത്തിനിടയിൽ ഉറങ്ങിപ്പോയെന്ന  പേരുദോഷം മാറ്റണം.' പാണ്ടൻ മുയൽ മനസിൽ കരുതി.

മത്സരം തുടങ്ങി. കുറേ നേരം കഴിഞ്ഞു.
അത്ഭുതമെന്നു പറയട്ടേ, കുഞ്ഞനാമ തന്നെ വീണ്ടും വിജയിച്ചു.
കുഞ്ഞനെ എല്ലാവരും പ്രശംസിച്ചു. 

'ആ ഉറക്കം തൂങ്ങി പാണ്ടൻ വീണ്ടും ഉറങ്ങിക്കാണും'. കാണികൾ പാണ്ടനെ പരിഹസിച്ചു. 'അഹങ്കാരി. അങ്ങനെ തന്നെ വേണം'.

സമ്മാനത്തുക ഏറ്റു വാങ്ങുമ്പോൾ കുഞ്ഞനാമയുടെ കണ്ണുകൾ നിറഞ്ഞു. അവൻ പറഞ്ഞു.
"സത്യത്തിൽ ഈ സമ്മാനം എനിക്കർഹതപ്പെട്ടതല്ല. എന്‍റെ പ്രിയ സുഹൃത്ത് പാണ്ടനാണ് യഥാർത്ഥ വിജയി. അവൻ എനിക്ക് വേണ്ടി തോൽക്കുകയായിരുന്നു." 

കൂടി നിന്നവർക്ക് ആകാംഷയായി. 
കുഞ്ഞനാമ തുടർന്നു. 

"പാണ്ടൻ എന്നേക്കാൾ ബഹുദൂരം മുന്നിലായിരുന്നു. ഓട്ടത്തിനിടെ പാണ്ടൻ തിരിഞ്ഞു നോക്കിയപ്പോൾ എന്നെ കാണാനില്ല. കുറേ നേരം കാത്തു നിന്നിട്ടും എന്നെ കാണാത്തതിനാൽ അവൻ തിരികെ ഓടി എന്‍റെ അടുത്തെത്തി. ഞാൻ വഴിയരികിൽ തളർന്ന് അവശനായി കിടക്കുകയായിരുന്നു. ഞാൻ എന്തെങ്കിലും ആഹാരം കഴിച്ചിട്ട് രണ്ടു ദിവസമായി. അവൻ എന്നെ താങ്ങി എടുത്ത് ഒരു മരത്തണലിൽ ഇരുത്തി. എനിക്ക് കുടിക്കാൻ വെള്ളം തന്നു. അവന് കഴിക്കാൻ കരുതിയിരുന്ന ആഹാരവും എനിക്ക് തന്നു .എന്‍റെ ക്ഷീണം മാറിയപ്പോൾ ഞങ്ങൾ വീണ്ടും മത്സരം ആരംഭിച്ചു. അവൻ വളരെ സാവധാനത്തിലാ ഓടിയത്. അതുകൊണ്ടാണ് ഞാൻ വിജയി ആയത് ".
കുഞ്ഞനാമ പറഞ്ഞു നിർത്തി. അവന്‍റെ കണ്ണുകളിൽ നിന്ന് കണ്ണീർ ഒഴുകി. അവന്‍റെ ശബ്ദം ഇടറി.

"എനിക്ക് കിട്ടിയ സമ്മാനത്തുക കൊണ്ട് വീട്ടിലേക്ക് ഒരു മാസത്തേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാമല്ലോ. എന്‍റെ അച്ഛനും അമ്മയും സുഖമില്ലാതെ കിടപ്പിലാണ്. വീട്ടിൽ എന്നും പട്ടിണിയാണ്. എന്‍റെ കൂട്ടുകാരന് എങ്ങനെ നന്ദി പറയണമെന്നറിയില്ല'' 

"ഉണ്ണിക്കുട്ടന്‍റെ കഥ എല്ലാവർക്കും ഇഷ്ടപ്പെട്ടോ "? അദ്ധ്യാപിക ചോദിച്ചു.
കുട്ടികൾ ഉച്ചത്തിൽ കൈയ്യടിച്ചു.

"ആട്ടെ, കുട്ടികളെ നിങ്ങൾക്കാരെയാ കൂടുതൽ ഇഷ്ടം , കുഞ്ഞനാമയേയോ, പാണ്ടൻ മുയലിനേയോ "?

"പാണ്ടനെയാ ഞങ്ങൾക്കിഷ്ടം". കുട്ടികൾ മറുപടി പറഞ്ഞു.
മിന്നുക്കുട്ടി ഒന്നും മിണ്ടിയില്ല.

" മിന്നുക്കുട്ടിക്ക് ആരെയാ ഇഷ്ടം."?

"എനിക്ക് കുഞ്ഞനാമയെയാ കൂടുതൽ ഇഷ്ടം".

"അതെന്താ "?

"കുഞ്ഞനാമയേപ്പോലെ ആയാൽ എനിക്ക് പാണ്ടനെപ്പോലെ ഒരു കൂട്ടുകാരനെ കിട്ടുമല്ലോ". 
എല്ലാവരും ഒന്നടങ്കം വീണ്ടും കൈയ്യടിച്ചു.





No comments: