Bijukumar M G :: കഥ :: ഇന്ദീവരം

Views:
 


ഇന്ദീവരം 
എം.ജി.ബിജുകുമാർ, പന്തളം

"സദാ പാലയ സാരസാക്ഷി... " എന്ന ഗാനം മൊബൈലിൽ റിങ് ടോണായി വീണ്ടും വീണ്ടും മുഴങ്ങിയപ്പോൾ ഇന്ദു തോരൻ വെക്കാനായി അരിഞ്ഞു കൊണ്ടിരുന്ന ബീൻസ് ടേബിളിൽ വെച്ചിട്ട് ഫോൺ എടുക്കാനായി ഫ്രിഡ്ജിനടുത്തേക്ക് നടന്നു.

മുമ്പ് ഫോൺ വന്നപ്പോൾ സംസാരിച്ചിട്ട് അതിനു മുകളിൽ വെച്ചതാണ്. അത്യാവശ്യക്കാരാരെങ്കിലുമാകുമെന്ന് മനസ്സിൽ കരുതി ഫോൺ എടുത്തു.

ഡിസ്പ്ളേയിൽ "Nandan" എന്ന പേര് കണ്ട് ഇന്ദു ഫോൺ അറ്റൻഡ് ചെയ്തു സംസാരിച്ചു തുടങ്ങി...

''ആ.. പറയെടാ... "
"പറ അല്ല ചങ്ങഴി ... നിന്നോടൊക്കെ എന്തുകാര്യം പറഞ്ഞാലും ഒരു പ്രയോജനവുമില്ല."
നന്ദൻ പരിഭവത്തോടെ പറഞ്ഞു.

"നീ കാര്യം പറയെടാ.. അപ്പോഴറിയാമല്ലോ എന്തെങ്കിലും കാര്യമുണ്ടാകുമോന്ന്.. "
ഇന്ദു ചിരിച്ചു കൊണ്ട് പറഞ്ഞു.
"അവസാനമായി നിന്നെ വിളിച്ച രണ്ടു കോളിലും നിന്നോട് ഞാൻ എന്താണ് പറഞ്ഞിരുന്നതെന്ന് ഓർമ്മയുണ്ടോ ?"
നന്ദന്‍റെ ചോദ്യം കേട്ട് അവനെന്തായിരുന്നു പറഞ്ഞതെന്ന് ഇന്ദു ഓർത്തെടുക്കാൻ ശ്രമിച്ചു.

"എടാ അത്... എനിക്ക് ഭയങ്കര മറവിയാ... നീ പറയെടാ... "
അവൾ ചമ്മലോടെ പറഞ്ഞപ്പോൾ നന്ദന് ശുണ്ഠിയായി.
" മറന്നെങ്കിൽ ജ്യോതിഷ് ബ്രഹ്മി വാങ്ങിത്തരാൻ പറയ് നിന്‍റെ കണവനോട്.... എന്നിട്ട് ഒന്നു ശരിക്കോർത്ത് നോക്ക് ഞാൻ നാളെ വിളിക്കാം.... "
ഇന്ദു മറുപടി പറയും മുമ്പ് നന്ദൻ ഫോൺ കട്ട് ചെയ്തു.

"ശ്ശെടാ... ഇവനിതെന്തായിയിരുന്നു എന്നോട് പറഞ്ഞത്..., ഓർക്കുന്നുമില്ലല്ലാേ....!"
അവളത് ഓർക്കാൻ ശ്രമിച്ചു കൊണ്ട് അരിഞ്ഞു വെച്ച ബീൻസിരുന്ന ടേബിളിനടുത്തേക്ക് ചെന്നിരുന്നു.

സ്വപ്നങ്ങളുടെ വർണ ലോകത്ത് അഭിരമിച്ചിരുന്ന കോളേജ് പഠനകാലത്തേക്ക് ഓർമ്മകൾ ഇന്ദുവിനെ കൂട്ടിക്കൊണ്ടുപോയി.

നന്ദൻ കോളേജിലെ തന്‍റെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്നു. 
അന്ന് ട്യൂഷൻ ക്ളാസിലെ അധ്യാപകനായ ശിവകുമാർ സാറുമായി താൻ പ്രണയത്തിലായിരുന്നെന്ന് അറിയാമായിരുന്ന ഏക വ്യക്തി നന്ദനായിരുന്നു.
അധ്യയനമൊക്കെ കഴിഞ്ഞ് വിവാഹാലോചനകൾ വന്നപ്പോൾ പ്രണയത്തെപ്പറ്റി വീട്ടിൽ പറയുകയും രണ്ടു വീട്ടുകാരും എതിർക്കുകയും ചെയ്തപ്പോൾ രണ്ടു പേരെയും വിളിച്ച് അവന്‍റെ ഗ്രാമത്തിലെ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്തിത്തരുകയും ചെയ്തത് നന്ദനാണ്. രണ്ടു വർഷക്കാലം വാടക വീട്ടിൽ താമസിക്കുകയും ശിവേട്ടന് അധ്യാപകനായി ജോലി കിട്ടുകയും ചെയ്തപ്പോൾ മലപ്പുറത്തേക്ക്ക്ക് പോരുകയും ചെയ്തു. അപ്പോഴേക്കും
നന്ദനാകട്ടെ ഡെൽഹിയിൽ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു.

ഒഴിവു സമയങ്ങളിൽ ആനുകാലികങ്ങളിലേക്ക് കഥയെഴുതുകയായിരുന്നു അവന്‍റെ പ്രധാന ഹോബി. ചിലതൊക്കെ അച്ചടിച്ചു വരുമ്പോൾ അയച്ചു തരാറുമുണ്ടായിരുന്നു. 

നാട്ടിലെത്തുമ്പോൾ പല പ്രാവശ്യം ഇരുവീട്ടുകാരെയും കൊണ്ട് ഒത്തുതീർപ്പിലെത്തിക്കാൻ നന്ദൻ പരിശ്രമിച്ചിരുന്നെങ്കിലും പുകഞ്ഞ കൊള്ളി പുറത്തെന്ന നിലപാടായിരുന്നു രണ്ടു പേരുടെയും വീട്ടുകാർക്ക്.
മേഘങ്ങളുടെയും മഴയുടെയും ശോകമാർന്ന താളം പോലെ ഓർമ്മകളിൽ വീട്ടുകാരുടെ മുഖങ്ങൾ നിറഞ്ഞു നിൽക്കേ വർഷങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.

കഴിഞ്ഞ ഓണക്കാലത്ത് ലീവിനു വന്നപ്പോൾ നന്ദൻ ഇവിടെ വരികയും ചെയ്തിരുന്നുവെന്ന് ഇന്ദുഓർത്തു. അഞ്ചു വയസുകാരി അദ്വൈതയുടെയും ഒരു വയസ്സുകാരൻ അശ്വിന്‍റെയും ഫോട്ടോയെടുത്ത് പ്രിന്‍റ് എടുത്ത്  രണ്ടു വീട്ടുകാർക്കും തപാലിൽ അയച്ചുകൊടുക്കുകയും ചെയ്തു. 

ആഴ്ചകൾ കടന്നു പോയി.

ആകാശം വിയർത്തു പൊടിഞ്ഞ് ചേമ്പിലയിൽ തങ്ങി നിന്ന സ്ഫടികമുത്തുകൾ കൗതുകത്തോടെ തൊട്ടുകൊണ്ടിരുന്നപ്പോൾ  വീട്ടിൽ നിന്ന് ഫോണിൽ അമ്മയുടെ വിളിയെത്തി. പരിഭവങ്ങളും തേങ്ങലും നിറഞ്ഞ നിമിഷങ്ങൾ. 
അടുത്ത ക്രിസ്തുമസ് വെക്കേഷന് വീട്ടിലെത്തുമെന്ന് അമ്മയ്ക്കും അച്ഛനും ഉറപ്പുകൊടുക്കുകയും ചെയ്തു. ഇരു വീടുകളിൽ നിന്നും ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഇപ്പാൾ ഫോണിൽ വിഡിയോകോൾ എത്താറുമുണ്ട്.

ഇതൊക്കെ മനസിലൂടെ മിന്നി മറഞ്ഞിട്ടും പക്ഷേ നന്ദൻ എന്താണ് ആവശ്യപ്പെട്ടിരുന്നതെന്നു മാത്രം അവൾ ഓർക്കാൻ കഴിഞ്ഞില്ല. 
"ശിവേട്ടനെ വിളിച്ചു ചോദിച്ചാലോ..ചേട്ടൻ ഓർക്കുന്നുണ്ടാവുമോ..." 
എന്ന ചിന്തയും അവൾക്കുണ്ടായി.

ഉറങ്ങിക്കിടക്കുന്ന മകനുണർന്നോന്ന് നോക്കിയിട്ട് ഇന്ദു അടുക്കളിയിലേക്ക് പോയി.
ഫോണെടുത്ത് വാട്ട്സ് ആപ്പിൽ " മറന്നിട്ടാടാ.. നന്ദാ.. എന്തെകിലുമൊരു hind താടാ.. ഞാൻ ഓർത്തു പറയാം" എന്ന് മെസേജ് അയച്ചു.
"പോടീ.. അലവലാതി... ആ ഐശുവിനോട് പറഞ്ഞിരുന്നാൽ മതിയായിരുന്നു. 
എങ്കിൽ അവൾ ഇടയ്ക്കിടെ നിന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നേനേം...!"
നന്ദന്‍റെ മറുപടി.
പിന്നാലെ  കുറച്ച്  ഇമോജികളും. 
ചീത്ത വിളിയാണെന്ന് മനസ്സിലായ ഇന്ദു പുഞ്ചിരിച്ചു.
 
മകൾക്ക് നന്ദനിട്ട പേരാണ് ഐശു. ഇപ്പോൾ എല്ലാവരും അവളെ അങ്ങനെയാണ് വിളിക്കാറ്.
"എടാ.. പ്ളീസ്.. മറന്നു പോയിട്ടാ"
അവൾ ഒന്നുകൂടി മെസേജയച്ചു.

ഒന്നുരണ്ട് നിമിഷം കഴിഞ്ഞപ്പോൾ "ഇന്ദീവരം " എന്ന് മറുപടി വന്നു. അവൻ ഓഫ് ലൈൻ ആവുകയും ചെയ്തു.

ആ വാക്ക് കണ്ടപ്പോഴാണ് അവൾക്ക് നന്ദൻ പറഞ്ഞിരുന്നതെന്തിനെക്കുറിച്ചാണെന്ന് ഓർമ്മ വന്നത്. അവൻ എഴുതുന്ന സ്ത്രീപക്ഷ നോവലാണ് ഇന്ദീവരം. ഒരു മധ്യവയസ്ക്കയുടെ വീക്ഷണത്തിലൂടെ  നീങ്ങുന്ന കഥയിൽ ഉൾപ്പെടുത്താൻ വ്യത്യസ്ഥമായ സ്വഭാവസവിശേഷതകളുള്ള പെൺകുട്ടികളുടെയോ സ്ത്രീകളുടെയോ രീതികളോ അവരുമായി ബന്ധപ്പെട്ട കാര്യങ്ങളോ സംഘടിപ്പിച്ചു തരണമെന്ന് പല തവണയായി അവൻ പറയാറുണ്ടായിരുന്നു.

ഒന്നു രണ്ടു പേരുടെ കാര്യങ്ങളൊക്കെ പറഞ്ഞെങ്കിലും അതൊക്കെ സാധാരണമാണെന്ന് പറഞ്ഞ് വ്യത്യസ്തമായതുകിട്ടാനായി വീണ്ടും വീണ്ടും  അവൻ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. വ്യത്യസ്തതയില്ലാതെ ദിവസങ്ങൾ കടന്നു പോകുമ്പോഴും ഇന്ദുവിന്‍റെ ചിന്ത ഇന്ദീവരത്തെപ്പറ്റിയായിരുന്നു.

ഒടുവിൽ വളരെ വ്യത്യസ്തമായ സ്വഭാവ സവിശേഷതകൾ തേടി ചെന്നു നിന്നത് സഹപാഠിയായിരുന്ന റീനയിലായിരുന്നു.

കാണാൻ തരക്കേടില്ലാത്ത  റീനയും, ലേഖയും ആയിരുന്നു ഇന്ദുവിന്‍റെ അടുത്ത സുഹൃത്തുക്കൾ. ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നു വന്ന റീന അവളുടെ നാട്ടിലെ വിശേഷങ്ങൾ പറയുകയും വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങൾ കൊണ്ടുവന്നു തരുന്നതും പതിവായിരുന്നു. ഹോസ്റ്റലിൽ നിന്നു പഠിക്കുന്നതിനാൽ വളരെ താത്പര്യത്തോടെയത് വാങ്ങുകയും ചെയ്യുമായിരുന്നു. ബിരുദപഠനത്തിന്‍റെ രണ്ടാം വർഷം അവസാനിക്കാറായപ്പോഴാണ് അവളുടെ പ്രണയത്തെപ്പറ്റി വെളിപ്പെടുത്തുന്നത്. നാട്ടിലുള്ള ചെറുപ്പക്കാരനായ പ്രകാശ് എന്ന സുമുഖനോട് പ്രണയം തോന്നിയ റീന ആദ്യമൊക്കെ നോട്ടത്തിലൂടെയും ചിരിയിലൂടെയും പിന്നെ  സംസാരത്തിലൂടെയും പലതവണ അവനെ തന്‍റെ പ്രണയം അറിയിച്ചുവെങ്കിലും അത് മനസിലായിട്ടും അവൻ തന്‍റെ ഉള്ളു തുറന്നില്ല.

പുഴക്കരയിൽ വിടരുകയും മറയുകയും ചെയ്യുന്ന നീർക്കുമിള പോലെ തന്‍റെ പ്രണയം ഉപേക്ഷിക്കാൻ റീന തയ്യാറായില്ല.

ഒടുവിൽ തന്‍റെ ഇഷ്ടം അവനോട് തുറന്നു പറയുകയും, തന്നെ വിവാഹം കഴിക്കണമെന്ന് അഭ്യർത്ഥിക്കുയും ചെയ്തു.

പ്രകാശിന് ഇഷ്ടക്കുറവൊന്നുമുണ്ടായിരുന്നില്ലെങ്കിലും വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരും സാമ്പത്തികമായി അന്തരമുള്ളതിനാലും ഇരു കുടുംബങ്ങളും വിവാഹത്തിന് സമ്മതിക്കില്ലെന്ന് അയാൾ വെളിപ്പെടുത്തി.. 
വീട്ടുകാരെ ധിക്കരിച്ച് ഒരു ജീവിതത്തിന് താൻ തയ്യാറല്ലെന്നു അവൻ തുറന്നു പറഞ്ഞപ്പോൾ അവൾക്ക് വിഷമമായി.പിന്നീടത് ദേഷ്യവും പകയുമൊക്കെയായി മാറി.

നിരവധി കാർമേഘങ്ങൾ റീനയുടെ ചിന്തകളായ ആകാശത്തിൽ നിറഞ്ഞു കൊണ്ടേയിരുന്നു.

പ്രകാശിന്‍റെ അനുജൻ ദീപനായിരുന്നു റീനയുടെ വീട്ടിലെത്തി ഇരട്ട സഹോദരങ്ങൾക്ക് ട്യൂഷനെടുത്തിരുന്നത്. പ്രകാശിനോടുള്ള പക തീർക്കാൻ ദീപനെ പ്രണയിച്ച് വശത്താക്കാൻ റീന തീരുമാനിച്ചുറപ്പിച്ചു. 

ഒരു മാസം കൊണ്ട് തന്നെ അവൾക്കതിനു സാധിക്കുകയും ചെയ്തു. അവന്‍റെയൊപ്പം വീടിനു പിറകിലൂടെയുള്ള വാഴത്തോപ്പിലൂടെ വയലിലേക്ക് നടക്കുമ്പോൾ കെട്ടിപ്പിടിച്ചും ചുംബനങ്ങൾ നൽകിയും  ബന്ധം ദൃഢമാക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു.

ദിവസങ്ങൾ കഴിഞ്ഞു പോകുന്തോറും അവരുടെ ബന്ധവും വളർന്നു. രാത്രികാലങ്ങളിൽ വയലും വാഴത്തോപ്പും കടന്ന് ദീപൻ റീനയുടെ കിടക്കയിലെ പങ്കാളിയായി മാറി. അങ്ങനെയാകുമ്പോൾ ഒരിക്കലും ദീപന് തന്നെ ഒഴിവാക്കാൻ സാധിക്കില്ലെന്ന് റീന കണക്കുകൂട്ടി. ക്ലാസിൽ വരുമ്പോൾ ഒഴിവു സമയങ്ങളിൽ അവരുടെ രാത്രി സംഗമങ്ങൾ വർണ്ണിക്കുന്നതിൽ റീന അഭിമാനം കൊണ്ടിരുന്നു. കേട്ടാൽ ദഹിക്കാത്ത ചില കാര്യങ്ങൾ അനുഭൂതിയായി പറയുമ്പോൾ താൻ ഓക്കാനമോ വെറുപ്പോ ഒക്കെ തോന്നുന്നെന്ന് പറയുമ്പോൾ അവൾ ഹരം കൊണ്ട് ചിരിക്കുമായിരുന്നു. 

അവളുടെ ഏകാന്ത രാവുകളിൽ മാനത്ത് നക്ഷത്ര വിളക്കുകളില്ലാത്ത തണുത്ത രാത്രികളിൽ റീനയുടെ പുതപ്പിനുള്ളിൽ ദീപൻ അവളുടെ വികാരങ്ങൾക്ക് ദീപമായ് മാറുന്നത് തുടർന്നു കൊണ്ടേയിരുന്നു.

കോളേജ് പഠനകാലമൊക്കെ കഴിഞ്ഞപ്പോഴേക്കും അവരുടെ ബന്ധം വീട്ടിലറിഞ്ഞു. വീട്ടുകാർ തമ്മിൽ വാക്കേറ്റവും വഴക്കും   പതിവായി. അവരെതിർത്തെങ്കിലും ദീപന്‍റെ കുഞ്ഞ് തന്‍റെ ഉദരത്തിൽ തുടിച്ചു തുടങ്ങിയെന്ന് പറഞ്ഞപ്പോൾ അവസാനം ഇരു വീട്ടുകാരും ചേർന്ന് അർദ്ധ സമ്മതത്തോടെ അവരുടെ വിവാഹം നടത്തിക്കൊടുത്തു.

വിവാഹശേഷം ദീപന്‍റെ വീട്ടിലെത്തിയ റീന പ്രകാശിനോടും ഭാര്യയോടും വൈരാഗ്യബുദ്ധിയോടെയാണ് പെരുമാറിയിരുന്നത്. ക്രമേണ അത് സഹോദരങ്ങൾ തമ്മിലുള്ള വഴക്കിലാണ് കലാശിച്ചത്. പ്രകാശിന് റീനയുടെ പ്രവർത്തിയുടെ പിന്നിലെ ചേതോവികാരം ദീപനോട് പറയാൻ മനസ്സു വന്നില്ല. അവന്‍റെ മനസ്സു തകരുമെന്ന് പ്രകാശിനുറപ്പായിരുന്നു. ഗത്യന്തരമില്ലാതെ വന്നപ്പോൾ പ്രകാശ് സഹികെട്ട് സജലങ്ങളായ മിഴികളോടെ വീടുവിട്ട് കുടുംബത്തോടെ വാടകവീടെടുത്ത് താമസമായി.

അവളിൽ നിന്നു തന്നെ ഇതൊക്കെ പറഞ്ഞു കേട്ടപ്പോൾ തെറ്റാണിതെന്നും തിരുത്തണമെന്നുമൊക്കെ ഉപദേശിച്ചെങ്കിലും അവളതിനൊരുക്കമായിരുന്നില്ല.
അതിനു ശേഷം പരിചിതങ്ങളായ മുഖങ്ങൾക്കിടയിൽ അപരിചിതയായി നിൽക്കും പോലെ റീനയിൽ നിന്നും അല്പം അകലം പാലിച്ചു തുടങ്ങി.

ലേഖയുടെ വിവാഹത്തിനു വരുമോന്നറിയാനാണ് അവസാനമായി റീനയെ താൻ വിളിച്ചതെന്ന് ഇന്ദു ഓർത്തു. എന്നാൽ വിവാഹത്തലേന്ന് വന്നിട്ടു പോകുമെന്നാണ് മറുപടി പറഞ്ഞത്. 

"കുറേക്കാലമായല്ലോ തമ്മിൽ കണ്ടിട്ട്,  മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലല്ലോ, വിവാഹദിനത്തിൽ വന്നു കൂടേ.."
പല തവണ ഇങ്ങനെ പറഞ്ഞെങ്കിലും അന്നു വരാൻ അവൾ തയ്യാറായില്ല. 
ഒത്തിരി നിർബന്ധിച്ചപ്പോൾ അവൾ പറഞ്ഞ കാരണം കേട്ട് താൻ ഞെട്ടിയത് ഇന്നും ഓർക്കുന്നു. 

"ലേഖയുടെ വീട്ടുകാർക്ക് ധാരാളം പണമുള്ളതിനാൽ നൂറിലേറെ പവനും കാറുമൊക്കെ കൊടുത്തുള്ള കല്യാണം ആഘോഷപൂർവ്വം നടത്തുന്നത് കണ്ടാൽ തനിക്കത്രയും കിട്ടാത്തതിന്  ദീപന് നിരാശ തോന്നും ... പിന്നെ അത് ദേഷ്യമാകും...
തമ്മിൽ വഴക്കിലെത്തും... "
ഇങ്ങനെ കരുതിയാണത്രേ കല്യാണദിവസം വരാതിരിക്കുന്നത് എന്നണവൾ പാഞ്ഞത് ഇന്നും മറന്നിട്ടില്ല.

വളരെ വ്യത്യസ്തമായ സ്വഭാവസവിശേഷതയുള്ളതായി തനിക്ക് തോന്നിയിട്ടുള്ളത് റീനയുടെ സ്വഭാവത്തെപ്പറ്റിയാണെങ്കിലും അത് നന്ദനോട് പറയണോ വേണ്ടയോ എന്ന് അവൾ സംശയിച്ചു. കാരണം എന്‍റെ ഒരു സുഹൃത്ത് എന്ന നിലയിൽ അവനോട്  പറഞ്ഞാലും  അത് റീനയാണെന്ന് അവന് വേഗത്തിൽ മനസ്സിലാകുമെന്നവൾക്ക് ഉറപ്പായിരുന്നു.

പ്രവർത്തികൾ മോശമെങ്കിലും തന്‍റെ കൂട്ടുകാരിയുടെ സ്വഭാവം അടുത്ത സുഹൃത്തെങ്കിലും നന്ദനോട് പറയാൻ അവളുടെ മനസ്സ് മടിച്ചു.

മാനവും മണ്ണും ഉച്ചവെയിലിന്‍റെ കാഠിന്യത്തിൽ മയങ്ങുമ്പോഴും ഇന്ദുവിന്‍റെ ചിന്തകളിൽ മാനസിക സംഘർഷം നിറഞ്ഞു കൊണ്ടിരുന്നു.
എത്ര ആലോചിച്ചിട്ടും പറയണോ വേണ്ടയോ എന്ന കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ അവൾക്ക് കഴിഞ്ഞില്ല. 

രണ്ടു പേരും അടുത്ത സുഹൃത്തുക്കളായിരുന്നതിനാൽ കഥയിലേക്കാണെങ്കിലും രഹസ്യങ്ങൾ വെളിപ്പെടുത്തണോ വേണ്ടയോ എന്നതിൽ ഒരു തീരുമാനത്തിലെത്താൻ ഇന്ദുവിനായില്ല.  

ചിന്തകൾ കാടുകയറുമ്പോൾ എന്തായാലും ശിവേട്ടനുമായി ആലോചിച്ചൊരു തീരുമാനത്തിലെത്തിയാലോ എന്ന നിഗമനത്തിലെത്തിയെങ്കിലും വീണ്ടും വീണ്ടും ചിന്തയിലേക്ക് ഊർന്നു വീഴുമ്പോൾ റീനയുടെ രഹസ്യം നന്ദനോട് പറയേണ്ടതില്ല എന്നും ഇന്ദുവിന് തോന്നി. പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന നിലയിൽ അന്തിമമായൊരു നിഗമനത്തിലെത്തുന്നതിന്  മുമ്പ് മകൻ ഉണർന്നു കരഞ്ഞു തുടങ്ങി.

ചിന്തകളവസാനിപ്പിച്ച് അവൾ മകന്‍റെയടുത്തേക്ക് നടന്നു.

എം. ജി. ബിജുകുമാർ, പന്തളം
9846300490



No comments: