Views:
ചാണകക്കുഴിയിലെ കടുവ
(ഓണം ഓർമ്മകൾ)
എം.ജി ബിജുകുമാർ, പന്തളം
കേരളത്തിലെ തനതായ ഒരു കലാരൂപമാണ് പുലികളി എന്നു പറയാമെങ്കിലും തൃശൂരിന്‍റെ പുലിക്കളിയാണ് ഏറെ പ്രസിദ്ധം. എങ്കിലും കേരളത്തിലെ മിക്ക ഗ്രാമങ്ങളിലും പുലികളി ഓണാഘോഷത്തിന്‍റെ ഒരു ഭാഗം തന്നെയാണ്. ഞങ്ങളുടെ നാട്ടിൽ ഇത് കടുവാകളി എന്നാണ് അറിയപ്പെടുന്നത്. എന്നാൽ തലമുറകളായി തുടര്‍ന്നുപോരുന്ന തൃശൂരിലെ പുലികളിയ്ക്ക് പൂരത്തോളം സ്‌ഥാനമാണുള്ളത്. നാലാമോണം വൈകിട്ട് മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളില്‍ നിന്ന് ചാടിയിറങ്ങുന്ന നൂറുകണക്കിന് പുലികളാണ് പുലിക്കൊട്ടിന്‍റെ ചടുലതാളത്തിനൊത്ത് ചുവടുവച്ച് അരമണികിലുക്കി കുടവയര്‍ കുലുക്കി നഗരം വിറപ്പിക്കുക. പുലിക്കൂട്ടങ്ങള്‍ ശക്തന്‍റെ രാജവീഥി നിറയുന്നതിന് മുമ്പ് നടുവിലാല്‍ ഗണപതിക്ക് മുമ്പില്‍ നാളീകേരമുടച്ച് പുലി കളി തുടങ്ങുക എന്ന കീഴ്‌വഴക്കം ഇന്നും നിലനില്ക്കുന്നുണ്ട്.
തൃശൂരിലെ പുലിക്കളിയ്‌ക്കുള്ള ചരിത്രപ്രാധാന്യം ടിപ്പുവിന്‍റെ ആക്രമണകാലത്ത് തൃശൂരിലെത്തിയ പഠാണികളില്‍ നിന്നാണ് ഈ കലാരൂപത്തിന്‍റെ ഉദയം എന്നതു തന്നെയാണ്. ഈ അറിവുകളൊക്കെ നാം വായിച്ചു മനസ്സിലാക്കിയിട്ടുള്ളതാണ്.
ഞങ്ങളുടെ ഗ്രാമത്തിലെ കടുവാകളി എന്ന പുലികളി ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.
ഉണങ്ങിയ വാഴയില ശേഖരിച്ച് ദേഹത്ത് വെച്ച് വരിഞ്ഞുകെട്ടിയാണ് ഇവിടെ കടുവയെ കെട്ടുന്നത്. ഇതു പോലെ കെട്ടിയ ഒന്നോ രണ്ടോ കടുവകൾ ഒക്കെ കാണും. തൊപ്പി വെച്ച് തോക്കുമായി ഒരു വേട്ടക്കാരനും. പാളയിൽ വരച്ചെടുക്കുന്ന, കണ്ണിൻ്റെ ഭാഗവും വായുടെ ഭാഗവും ദ്വാരമിടുന്ന, മുഖം മൂടിയായിരുന്നു കടുവയുടെ മുഖത്ത് വെച്ചു കെട്ടുന്നത്. ചകിരി പിരിച്ച് കറുത്ത ചായം കൊടുത്തുണ്ടാക്കുന്ന മീശയായിരുന്നു വേട്ടക്കാരന്.ചെണ്ടയോ, ഡോലക്കോ, ഗഞ്ചിറയോ കൊട്ടി കൂടെയുള്ളവർ പാട്ടു പാടി ഓരോ വീട്ടിലും കയറുമായിരുന്നു. പാട്ടിനും മേളത്തിനുമനുസരിച്ച് കടുവയും വേട്ടക്കാരനും നൃത്തം ചെയ്യുകയും രസകരമായി ഓടുകയും ചാടുകയുമൊക്കെ ചെയ്യും. അവസാനം വേട്ടക്കാരൻ കടുവയ്ക്ക് നേരെ വെടി വെക്കുമ്പോൾ കടുവ താഴെ വീഴുന്നതായി അഭിനയിക്കും. അതിനു ശേഷം വീട്ടുകാർ നൽകുന്ന പണമോ, ഉപ്പേരിയോ ഒക്കെ വാങ്ങി അടുത്ത വീട്ടിലേക്ക് പോവുകയും ചെയ്യും. കിട്ടുന്ന പണം ഓണാഘോഷങ്ങൾക്ക് മുതൽക്കൂട്ട് ആക്കുകയുമാണ് പതിവ്.
അങ്ങനെ പഠന കാലത്ത് കടുവയെ കെട്ടിയതിനെ രസകരമായ ഒരു ഓർമയാണ് പങ്കുവെക്കുന്നത്. ഒരു ഉത്രാട ദിനത്തിൽ സന്ധ്യ കഴിഞ്ഞ് ഞങ്ങളുടെ കൂട്ടത്തിൽ ഒരാളെ ഒരു മണിക്കൂറാേളം സമയമെടുത്ത് കടുവയെ കെട്ടി. വാഴക്കച്ചി (ഉണങ്ങിയ വാഴയില) ഒക്കെ ചേർത്ത് വെച്ച് ചണച്ചരട് കൊണ്ട് നന്നായി വരിഞ്ഞ്, തുള്ളിയാലും ഇളകാത്ത രീതിയിൽ മുറുക്കി കെട്ടി. മുഖം മൂടിയും ധരിപ്പിച്ചു. വേട്ടക്കാരനെയും കൂട്ടി ഓരോ വീടുകളിൽ കയറി കടുവകളി ആരംഭിച്ചു.
വീട്ടിലുള്ളവരുടെയും കുട്ടികളുടെയുമൊക്കെ അടുത്തേക്ക് കടുവ ഓടിച്ചെന്ന് പേടിപ്പിക്കാൻ ശ്രമിക്കുന്നത് ഇതിലെ ഒരു രസകരമായ കാഴ്ചയാണ്. അങ്ങനെ കടുവ ഓടിയ കൂട്ടത്തിൽ ഒരു വീടിന്‍റെ വശത്തേക്ക് ഓടിയപ്പോൾ വീണത് ഒരു ചെറിയ ചാണകക്കുഴിയിൽ ആയിരുന്നു. അവൻ അതിൽ നിന്നും എഴുന്നേറ്റ് വന്നപ്പോഴാണ് കൂടെയുള്ളവരെല്ലാം കാര്യമറിയുന്നത്. അടുത്തേക്കു വന്നപ്പോൾ ആകെ ചാണകത്തിന്‍റെ ഗന്ധവും. അടുത്തവീട്ടിൽ കയറും മുമ്പ് എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലായി എല്ലാവരും. എല്ലാം അഴിച്ചു കളഞ്ഞ് വേറെ വഴക്കച്ചി എടുത്ത് വീണ്ടും കെട്ടുക എന്നത് രാത്രിയായതിനാലും ഏറെ സമയമെടുക്കുമെന്നതിനാലും പ്രാവർത്തികമല്ലാത്തതിനാൽ മറ്റു മാർഗ്ഗം തേടി.
ഒടുവിൽ ടാപ്പിൽ നിന്നും നീളമുള്ള പൈപ്പിലൂടെ വെള്ളം ചീറ്റിച്ച് കടുവയുടെ ദേഹത്തേക്ക് ഒഴിച്ചു. എന്നിട്ട് കടുവാകളി പുനരാരംഭിച്ചു. ആദ്യം കയറിയ വീട്ടിൽനിന്ന് ഉപ്പേരിയോടൊപ്പം ഒരു സോപ്പും തന്നു. അടുത്ത വീട്ടിൽ കയറിയപ്പോഴും അവിടെനിന്നും കിട്ടി പൈസയോടൊപ്പം ഒരു സോപ്പ്. ഓണക്കാലത്ത് എന്തെങ്കിലും സാധനങ്ങൾ വാങ്ങിയപ്പോൾ ഫ്രീ കിട്ടിയതായിരിക്കും, അതാവും ഞങ്ങൾക്ക് തരുന്നത് എന്നാണ് ആദ്യം കരുതിയത്. എന്നാൽ അടുത്ത വീട്ടിൽ കയറി കടുവകളി ആരംഭിച്ച് ആ വീടിന്‍റെ പോർച്ചിൽ നിന്ന വീട്ടുകാരുടെ അടുത്തേക്ക് ഓടിച്ചെന്നപ്പോൾ അവിടുത്തെ ചേട്ടൻ പാട്ട് നിർത്താൻ ഉറക്കെപ്പറഞ്ഞു. എന്താണ് കാര്യമെന്നറിയാതെ എല്ലാവരും നിശബ്ദരായി. അദ്ദേഹം വീടിനുള്ളിലേക്ക് കയറിയിട്ട് പുറത്തേക്ക് വന്ന് ഇരുപതു രൂപയും രണ്ടു സോപ്പും ഞങ്ങളെ ഏൽപ്പിച്ചു.(അന്ന് ഇരുപത് രൂപയ്ക്ക് ഇന്നത്തെ ഇരുനൂറ് രൂപയുടെ മൂല്യമുണ്ടായിരുന്നു) എന്നിട്ടൊരു ഡയലോഗും.
"ചാണകക്കുഴിയിൽ വീണവരെയെല്ലാം ആറ്റിൽ പോയി കുളിച്ചിട്ടു ഇനി കടുവ കളിച്ചാൽ മതി, വാട കൊണ്ട് ഇവിടെ നിൽക്കാൻ പറ്റുന്നില്ല."
ഇതു കേട്ടപ്പോൾ മുമ്പ് സോപ്പ് കിട്ടിയതിന്‍റെ കാരണം എല്ലാവർക്കും മനസ്സിലായി.
ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ അനിയനോട് "കുളിച്ചിട്ട് വേഗം വീട്ടിൽ കയറിക്കോ, നിന്‍റെ കടുവകളി ഇവിടെവെച്ച് നിർത്തിക്കോ, ഇനിയിതിന്‍റെ പിറകേ പോകണ്ട" എന്നാരു ആക്രോശവും. എന്നിട്ട് പുള്ളിക്കാരൻ മൂക്ക് പൊത്തി അകത്തേക്ക് കയറി.
അങ്ങനെ അന്നത്തെ കടുവാകളി അവിടെ നിർത്തി. പുഴ അടുത്തായതിനാൽ എല്ലാവരും പുഴയിലേക്ക് നടന്നു. വാഴക്കച്ചിയഴിച്ച് കടുവയും കൂടെയുള്ള മറ്റു ചിലരും പുഴയിൽ കുളിച്ച് വീട്ടിലേക്ക് പോയി.
കാലം മാറിയപ്പോൾ വാഴക്കച്ചി മാറി ടീഷർട്ടിൽ പുലിയുടെ ചായം തേച്ചാണ് ഇപ്പോൾ ഓണക്കാലത്ത് കടുവ പ്രത്യക്ഷപ്പെടുന്നത്. കടുവയുടെ മുഖത്ത് റെഡിമെയ്ഡ് മുഖംമൂടിയാണിപ്പോൾ ധരിക്കുന്നത് എന്നതും മാറ്റത്തിന്‍റെ നേർക്കാഴ്ച്ചയാണ്. ഡോലക്കിനും ഗഞ്ചിറയ്ക്കും പകരം ചിലയിടത്തൊക്കെ ചെണ്ടയും നാസിക് ഡോളുമാണ് വാദ്യമായി ഉപയോഗിക്കുന്നത്. ഓണാഘോഷ പരിപാടികൾക്ക് കോട്ടം സംഭവിച്ചപ്പോൾ, പുതിയ തലമുറ മൊബൈൽ ഗെയിമുകളിൽ ചേക്കേറിയപ്പോൾ ഇതിനൊക്കെ കുറവു വന്നെങ്കിലും പ്രധാന നിരത്തുള്ളിലെ കടകളിലെല്ലാം കയറി പണം വാങ്ങുന്ന കടുവാകളിക്കാരെ ചിലയിടങ്ങളിൽ കാണാറുണ്ട്.
1 comment:
👍🏻
Post a Comment