Jayan Pothencode :: കവിതയിലെ ഒറ്റയാൻ

Views:
 

കരൂർ ശശി കടന്നുപോയി. കാലത്തിന്‍റെ തിരശ്ശീലയ്ക്ക് പിന്നിലേക്ക്. അനുഭവങ്ങളുടെ തീക്ഷ്ണതയും വൈവിധ്യങ്ങളുമുള്ള കവിതകളാൽ മലയാളികളുടെ ഹൃദയത്തോടു ചേർന്നു നിന്നു ആർ.ശശിധരൻ നായർ എന്ന കരൂർ ശശി.

അപ്രിയ സത്യങ്ങളും അനിഷേധ്യ യാഥാർത്ഥ്യങ്ങളും വെട്ടിത്തുറന്നു പറയുകയും എഴുതുകയും ചെയ്യുന്ന പ്രകൃതമായിരുന്നു കരൂർ ശശിയുടേത്. കവിതയ്ക്കും പത്രപ്രവർത്തനത്തിനും വേണ്ടിയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. സത്യാത്മകമായി ജീവിക്കുവാനും സത്യാത്മകമായി എഴുതാനുമാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. നേടിയെടുക്കുക ലക്ഷ്യമല്ലാത്തതു കൊണ്ട് നഷ്ടങ്ങളിൽ ഒരിക്കലും അദ്ദേഹം പരിതപിച്ചു കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ കവിതയിൽ എന്നും ഒറ്റയാനായി നിലകൊണ്ടു.

മലയാള കവിതയ്ക്ക് ആധുനിക കാലഘട്ടത്തിൽ കൈമോശം വന്ന അനുഭൂതിതലം  വീണ്ടെടുത്ത കവിയാണ് കരൂർ ശശി. സംജ്ഞകൾക്കും സിദ്ധാന്തങ്ങൾക്കുമപ്പുറം കവിതയുടെ സൂക്ഷ്മാനുഭൂതിതലം തേടുന്ന കവിതകളാണ് ഒട്ടുമിക്കതും. കവിതയും ജീവിതവും ഒന്നാണെന്ന് തിരിച്ചറിയുന്ന അമൂല്യമുഹൂർത്തങ്ങളുടെ നേർക്കാഴ്ചകൾ കരൂർ ശശിയുടെ മിക്ക കവിതകളിലും നിറഞ്ഞു നിൽക്കുന്നു.

നാല് നോവലുകളും പത്ത് കാവ്യസമാഹാരങ്ങളും ഒരു ഖണ്ഡകാവ്യവും കൂടാതെ നിരവധി വിവർത്തന ഗ്രന്ഥങ്ങളും അദ്ദേഹം കൈരളിക്ക് സമ്മാനിച്ചു.

തിരുവനന്തപുരം ജില്ലയിൽ പോത്തൻകോട് കരൂർ രാമപുരത്തു വീട്ടിൽ കെ. രാഘവൻ പിള്ളയുടെയും ജി. മാധവി അമ്മയുടെയും തൃതീയപുത്രനായി ജനിച്ച ശശി കോളേജ് വിദ്യാഭ്യാസ കാലത്തു തന്നെ കവിതയെഴുത്തും തുടങ്ങി. അടുത്തുള്ള വായനശാലകൾ കവിതയോട് കൂടുതൽ അടുക്കുവാൻ പ്രേരണയായി. ഒരിടത്തരം കുടുംബത്തിൽ പിറന്ന കരൂർ ശശിക്ക് ബാല്യകാലത്ത് സൗഭാഗ്യത്തിന്‍റെ സൗകര്യമേൽക്കാനുള്ള കനകാവസരങ്ങൾ ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസകാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് നന്നേ തിരിച്ചറിഞ്ഞു. 

കെ.കാർത്തികേയന്‍റെ 'പൊതുജനം' സായാഹ്നപത്രത്തിൽ സബ് എഡിറ്ററായാണ് തുടക്കം. തുടർന്ന് NSS നടത്തിയിരുന്ന 'മലയാളി' യിൽ എഡിറ്ററായി. 'സിന്ദൂരം' എന്ന വാരിക സ്വന്തമായി ആരംഭിച്ചു. തനിനിറം, കേരളപത്രിക എന്നീ പത്രങ്ങളിലും പ്രവർത്തിച്ചു. 1975 ൽ വീക്ഷണം പത്രത്തിൽ സബ് എഡിറ്ററായി. 1980 മുതൽ മാതൃഭൂമി തിരുവനന്തപുരം എഡിഷനിൽ ചീഫ് സബ് എഡിറ്ററായി 21 വർഷം സേവനമനുഷ്ഠിച്ചു. തുടർന്ന് പത്രം വാരികയുടെ റസിഡന്റ് എഡിറ്ററായി.

ആദ്യകാലങ്ങളിൽ വാരാന്തപ്പതിപ്പുകളിൽ കഥ എഴുതിയെങ്കിലും കെ.ബാലകൃഷ്ണന്‍റെ കൗമുദി ആഴ്ചപ്പതിപ്പിൽ കവിതകൾ എഴുതി തുടങ്ങിയതോടെയാണ് കരൂർ ശശി എന്ന കവി ശ്രദ്ധേയനായത്. മലയാളരാജ്യം, മാതൃഭൂമി എന്നീ ആഴ്ചപ്പതിപ്പുകളിലും കവിതകളെഴുതി. സാഹിത്യ നിരൂപണം, ചലച്ചിത്ര നിരൂപണം, ചിത്രകലാ നിരൂപണം എന്നീ രംഗങ്ങളിലും ശ്രദ്ധേയനായിരുന്നു. ആകാശവാണിയിലൂടെ കവി, ഗാനരചയിതാവ് എന്നീ രംഗങ്ങളിലും തിളങ്ങിയിട്ടുണ്ട്. കേരളീയ സാംസ്കാരികസാമൂഹികരാഷ്ട്രീയ രംഗങ്ങളിലെ അപചയങ്ങൾക്കെതിരെ കരൂർ ശശിയുടെ തൂലിക ചലിച്ചു. അദ്ദേഹത്തിന്‍റെ അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും ആറ് സമാഹാരങ്ങൾ അതിന് തെളിവാണ്. കരൂർ ശശി യുടെ കവിതകൾ കന്നഡ യിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.


കരൂർ ശശിയെ ശ്യാമപക്ഷത്തിന്‍റെ കവി എന്നാണ് വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ ആദ്യഭാര്യ പ്രശസ്ത എഴുത്തുകാരി പി.ആർ. ശ്യാമളയുടെ സ്മരണയ്ക്കും സ്ത്രീ സമൂഹത്തിനും വേണ്ടി സമർപ്പിച്ച  'ശ്യാമപക്ഷം' മലയാളത്തിലെ മുന്തിയ വിലാപകാവ്യവും പ്രേമ കാവ്യവുമാണ്. ശ്യാമപക്ഷം കരൂർ ശശിയുടെ ഹൃദയത്തിന്‍റെ സ്നേഹസാക്ഷ്യമാണ്. 
പി.ആർ ശ്യാമളയുടെ മരണശേഷം സാഹിത്യ അക്കാദമിയിലെ സീനിയർ സ്റ്റാഫംഗം മാധവിക്കുട്ടി കരൂർ ശശിയുടെ ജീവിത പങ്കാളിയായി. തുടർന്ന് 2006 ൽ തിരുവനന്തപുരത്തു നിന്ന് തൃശൂർക്ക് താമസം മാറ്റി.

കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം 2013 ൽ കരൂർ ശശിക്ക് ലഭിച്ചു. 'അറിയാമൊഴികൾ' എന്ന കവിതാ സമാഹാരത്തിന് ചങ്ങമ്പുഴ അവാർഡും പുത്തേഴൻ അവാർഡും ലഭിച്ചു.  'മഹാനദി 'എന്ന കാവ്യസമാഹാരത്തിന് മൂടാടി ദാമോദരൻ അവാർഡും 'ശ്യാമപക്ഷത്തിന് തോപ്പിൽ രവി അവാർഡും ലഭിച്ചു. 

നഗരം, തികച്ചും വ്യക്തിപരം, മെതിയടിക്കുന്ന്, നടപ്പാത എന്നിവ അദ്ദേഹത്തിന്‍റെ ശ്രദ്ധേയനോവലുകളാണ്. കൂടാതെ ഞാനല്ലാത്തൊരാൾ, വിജനതീരത്തിൽ, അവസാനത്തെ വാതിൽ, മണക്കും കല്ലുകൾ, നൈമിഷികം, ഭാവസ്ഥിരാണി, ഇന്ദ്രനീലം തുടങ്ങിയ കാവ്യസമാഹാരങ്ങളും അദ്ദേഹത്തിന്‍റേതായിട്ടുണ്ട്. ശ്രാവസ്തയിലെ സീത എന്ന ഖണ്ഡകാവ്യം ഏറെ അനുവാചക പ്രശംസ നേടി. കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും ജനറൽ കൗൺസിൽ അംഗമായിരുന്നു കരൂർ ശശി. കേരള ഫിലിം അവാർഡ് കമ്മിറ്റിയിൽ രണ്ടു തവണ അംഗമായി.

കരൂർ ശശിക്ക് ജീവിതവും കവിതയും ഒന്നു തന്നെയാണ്.കവിക്കു പറയാനുള്ളതു പറയണം, പാടാനുള്ളത് പാടണം; അറിയാമൊഴികൾ എന്ന കവിതയിൽ കരൂർ ശശി കുറിച്ചിരിക്കുന്നത് പോലെ
പറയുവാൻ ചിലതുണ്ടു
ചോദിക്കുവാനുണ്ടു
പകൽ വെളിച്ചത്തിനുമെനിക്കും
കവിത എഴുതുക മാത്രമല്ല, കവിതയിലൂടെ ജീവിച്ചു കാട്ടുക കൂടി ചെയ്തിട്ടുള്ള കവിയാണ് കരൂർ ശശി.





No comments: